‘വീണുകിടക്കുന്നവൻ എങ്കിലും നശിപ്പിക്കപ്പെടുന്നില്ല’
ഉൾഫ് ഹെൽഗെസൻ പറഞ്ഞപ്രകാരം
“ഇദ്ദേഹം ഉണർന്നല്ലോ!” 1983 ജൂലൈയിൽ, എന്റെ നേരെ കുനിഞ്ഞുനിന്ന ഡോക്ടർമാർ പറഞ്ഞു. 15 മണിക്കൂർ നീണ്ടുനിന്ന ദുഷ്കരമായ ഓപ്പറേഷനിലൂടെ എന്റെ സുഷുമ്നാനാഡിയിൽനിന്നു 12 സെൻറീമീറ്റർ നീളമുള്ള മുഴ എടുത്തു കളഞ്ഞിരുന്നു. അതോടെ എനിക്കു മുഴുവനായി തളർച്ച ബാധിച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞു ദക്ഷിണ സ്വീഡനിലുള്ള, എന്റെ ജന്മനാടായ ഹെൽസിൻബോർഗിൽനിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് എന്നെ മാറ്റി. അവിടെ ഞാൻ ഒരു പൂർവാരോഗ്യ പുനഃസ്ഥിതീകരണ പരിപാടിയിൽ ചേർന്നു. അത് അങ്ങേയറ്റം പ്രയാസകരമായിരിക്കും എന്നു ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞെങ്കിലും അതു തുടങ്ങാൻ എനിക്കു ധൃതിയായിരുന്നു. വാസ്തവത്തിൽ എനിക്കു വീണ്ടും നടക്കാൻ കഴിഞ്ഞാൽ മതിയെന്നേയുണ്ടായിരുന്നുള്ളൂ. ദിവസം അഞ്ചു മണിക്കൂർ നീണ്ടുനിന്ന വ്യായാമ പരിപാടിയിൽ ഉത്സാഹപൂർവം പങ്കുപറ്റിക്കൊണ്ടു ഞാൻ ദ്രുതഗതിയിൽ പുരോഗതി നേടി.
ഒരു മാസത്തിനുശേഷം സഞ്ചാരമേൽവിചാരകൻ ഞങ്ങളുടെ സഭയെ സേവിച്ചപ്പോൾ അദ്ദേഹവും മറ്റു ക്രിസ്തീയ മൂപ്പന്മാരും സഭാമൂപ്പന്മാരുടെ യോഗം നടത്തുന്നതിനു ദീർഘദൂരം യാത്രചെയ്ത് ആശുപത്രിയിലെ എന്റെ മുറിയിൽ വന്നു. സാഹോദര്യ സ്നേഹത്തിന്റെ ഈ സാക്ഷ്യത്തിൽ എന്റെ ഹൃദയം എത്രമാത്രം ആനന്ദിച്ചു! യോഗത്തിനുശേഷം വാർഡിലുണ്ടായിരുന്ന നേഴ്സുമാർ മുഴു കൂട്ടത്തിനും ചായയും ലഘുഭക്ഷണവും വിളമ്പി.
എന്റെ പുരോഗതിയിൽ ഡോക്ടർമാർ ആദ്യമൊക്കെ വിസ്മയഭരിതരായി. മൂന്നു മാസത്തിനുശേഷം എനിക്കു വീൽചെയറിൽ ഇരിക്കാൻ കഴിഞ്ഞെന്നുമാത്രമല്ല ഏതാനും നിമിഷങ്ങൾ നിൽക്കാൻപോലും കഴിഞ്ഞു. ഞാൻ സന്തുഷ്ടനായിരുന്നു, വീണ്ടും നടക്കണമെന്ന നിശ്ചയദാർഢ്യമുള്ളവനും. എന്റെ കുടുംബാംഗങ്ങളും സഹക്രിസ്ത്യാനികളും അവരുടെ സന്ദർശനവേളകളിൽ എനിക്ക് ഏറെ പ്രോത്സാഹനമേകി. ചുരുങ്ങിയ കാലാവധികളിലായി വീട്ടിൽ പോകുന്നതിനുപോലും എനിക്കു കഴിഞ്ഞു.
ഒരു യഥാർഥ തിരിച്ചടി
എന്നുവരികിലും, അതിനുശേഷം എനിക്ക് ഒട്ടും പുരോഗതി ഉണ്ടായില്ല. പെട്ടെന്നുതന്നെ ഫിസിയോതെറാപ്പിസ്റ്റ് എനിക്ക് ആ വേദനാജനകമായ സന്ദേശം നൽകി: “ഇതിൽകൂടുതൽ നിങ്ങൾ ഒട്ടും പുരോഗമിക്കാൻ പോകുന്നില്ല!” ഒരു വീൽചെയറിൽ തനിയെ അങ്ങുമിങ്ങും നീങ്ങാൻ എന്നെ സഹായിക്കുകയായിരുന്നു അപ്പോഴത്തെ ലക്ഷ്യം. എനിക്കെന്തു സംഭവിക്കുമെന്ന ചിന്തയിലായിരുന്നു ഞാൻ. ഭാര്യ എങ്ങനെ കാര്യങ്ങൾ നടത്തും? ഒരു വലിയ ഓപ്പറേഷൻ കഴിഞ്ഞ അവൾക്ക് എന്റെ സഹായം ആവശ്യമായിരുന്നു. എനിക്ക് ഒരു സ്ഥാപനത്തിൽനിന്നുള്ള സഹായം സദാ വേണ്ടിവരുമോ?
ഞാൻ ആഴമായി വിഷാദചിത്തനായി. എന്റെ ബലവും ധൈര്യവും ശക്തിയും വറ്റിപ്പോയി. ദിനങ്ങൾ കൊഴിഞ്ഞു, ഞാൻ ചലനമറ്റവനായി കഴിഞ്ഞു. ശാരീരികമായ തളർച്ച മാത്രമല്ല വൈകാരികവും ആത്മീയവുമായ മരവിപ്പും എന്നെ ബാധിച്ചു. ഞാൻ ‘വീണുകിടന്നു.’ ആത്മീയമായി ബലമുള്ളവനായിട്ടാണു ഞാൻ എന്നെ എല്ലായ്പോഴും കണ്ടിരുന്നത്. എനിക്കു ദൈവരാജ്യത്തിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസമുണ്ടായിരുന്നു. (ദാനീയേൽ 2:44; മത്തായി 6:10) ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ സകലവിധ രോഗങ്ങളും അപാകതകളും സുഖം പ്രാപിക്കുമെന്നും അവിടെ മുഴു മനുഷ്യവർഗവും പൂർണതയിലേക്കു തിരികെ വരുത്തപ്പെടുമെന്നുമുള്ള ബൈബിൾ വാഗ്ദത്തത്തിൽ എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. (യെശയ്യാവു 25:8; 33:24; 2 പത്രൊസ് 3:13) ഇപ്പോൾ എനിക്കു ശാരീരികമായി മാത്രമല്ല ആത്മീയമായും തളർച്ച ബാധിച്ചതുപോലെ അനുഭവപ്പെട്ടു. ‘നശിപ്പിക്കപ്പെടുന്ന’തുപോലെ എനിക്കു തോന്നി.—2 കൊരിന്ത്യർ 4:9.
കൂടുതൽ മുന്നോട്ടു പോകുന്നതിനുമുമ്പ് എന്റെ പശ്ചാത്തലത്തെപ്പറ്റി നിങ്ങളോട് അൽപ്പമൊന്നു പറഞ്ഞോട്ടെ.
ഒരു സന്തുഷ്ട കുടുംബം
1934-ലാണു ഞാൻ പിറന്നത്. എനിക്ക് എല്ലായ്പോഴും നല്ല ആരോഗ്യമുണ്ടായിരുന്നു. 1950-കളുടെ ആരംഭത്തിൽ ഞാൻ ഇൻഗ്രഡിനെ കണ്ടുമുട്ടി. 1958-ൽ ഞങ്ങൾ വിവാഹിതരായി, മധ്യ സ്വീഡനിലെ അർസ്റ്റർസൻഡ് പട്ടണത്തിൽ താമസമാക്കി. 1963 ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു, അന്നു ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും ഞങ്ങൾക്കു മൂന്നു കൊച്ചു കുട്ടികൾ ഉണ്ടായിരുന്നു—എയ്വാ, ബ്യോൺ, ലെയ്ന. പെട്ടെന്നുതന്നെ ഞങ്ങളുടെ മുഴു കുടുംബവും അധ്യയനം നടത്തുകയും ബൈബിൾ സത്യങ്ങളുടെ അറിവിൽ നന്നായി പുരോഗതി പ്രാപിക്കുകയുമായിരുന്നു.
അധ്യയനം തുടങ്ങി ഉടൻതന്നെ ഞങ്ങൾ ഹെൽസിൻബോർഗിലേക്കു താമസം മാറ്റി. അവിടെവെച്ചു ഞാനും ഭാര്യയും യഹോവയ്ക്കു സമർപ്പിക്കുകയും 1964-ൽ സ്നാപനമേൽക്കുകയും ചെയ്തു. ഞങ്ങളുടെ മൂത്തമകൾ എയ്വാ 1968-ൽ സ്നാപനമേറ്റപ്പോൾ ഞങ്ങളുടെ സന്തോഷം വർധിച്ചു. ഏഴു വർഷത്തിനുശേഷം, 1975-ൽ ബ്യോണും ലെയ്നയും സ്നാപനമേറ്റു. പിറ്റേവർഷം ക്രിസ്തീയ സഭയിലെ ഒരു മൂപ്പനായി ഞാൻ നിയമിതനായി.
കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നതിന് എന്റെ ലൗകിക ജോലി എന്നെ പ്രാപ്തനാക്കി. ബ്യോണും ലെയ്നയും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ ഞങ്ങളുടെ സന്തോഷം വർധിച്ചു. യഹോവയുടെ സാക്ഷികളുടെ ആർബൂഗയിലുള്ള ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കുന്നതിനു ബ്യോണിനു പെട്ടെന്നുതന്നെ ക്ഷണം ലഭിച്ചു. ജീവിതം ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നതുപോലായിരുന്നു. പിന്നീട്, 1980-ന്റെ ആരംഭത്തിൽ മുഴയുടെ കുഴപ്പങ്ങൾ ശരീരത്തിൽ അനുഭവപ്പെടാൻ തുടങ്ങി, അതാണ് ഒടുവിൽ 1983-ലെ ആ വലിയ ഓപ്പറേഷനിൽ എടുത്തുകളഞ്ഞത്.
ആത്മീയ തളർവാതത്തെ അതിജീവിക്കുന്നു
എനിക്കു വീണ്ടും നടക്കാനാവില്ലെന്ന് എന്നോടു പറഞ്ഞപ്പോൾ എന്റെ മുന്നിൽ ജീവിതം വഴിമുട്ടുന്നതുപോലെ തോന്നി. ഞാൻ എങ്ങനെയാണ് ആത്മീയബലം വീണ്ടെടുത്തത്? അതു വിചാരിച്ചതിലും എളുപ്പമായിരുന്നു. ബൈബിൾ എടുത്തു വായിക്കാൻ തുടങ്ങി, അത്രമാത്രം. എത്രയധികം വായിച്ചുവോ അത്രയധികം ആത്മീയബലം എനിക്കു ലഭിച്ചു. സർവോപരി, യേശുവിന്റെ ഗിരിപ്രഭാഷണത്തെപ്പറ്റി ഞാൻ അത്യന്തം വിലമതിക്കാൻ ഇടയായി. ഞാൻ അതു വീണ്ടും വീണ്ടും വായിക്കുകയും അതേപ്പറ്റി ധ്യാനിക്കുകയും ചെയ്തു.
ജീവിതത്തെക്കുറിച്ചുള്ള എന്റെ സന്തോഷപൂരിതമായ വീക്ഷണഗതി പുനഃസ്ഥാപിക്കപ്പെട്ടു. വായനയിലൂടെയും ധ്യാനത്തിലൂടെയും ഞാൻ തടസ്സങ്ങൾക്കു പകരം അവസരങ്ങൾ കാണാൻ തുടങ്ങി. മറ്റുള്ളവരുമായി ബൈബിൾ സത്യം പങ്കിടുന്നതിനുള്ള എന്റെ ആഗ്രഹം പുനരുജ്ജീവിപ്പിക്കപ്പെട്ടു. ആശുപത്രി ജീവനക്കാരോടും ഞാൻ കണ്ടുമുട്ടിയ മറ്റുള്ളവരോടും സാക്ഷീകരിച്ചുകൊണ്ട് ആ ആഗ്രഹത്തെ ഞാൻ തൃപ്തിപ്പെടുത്തി. എന്റെ കുടുംബം എനിക്കു മുഴു പിന്തുണയും നൽകി, എന്നെ പരിരക്ഷിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചു. ഒടുവിൽ എനിക്ക് ആശുപത്രിയിൽനിന്നു പോകാൻ കഴിഞ്ഞു.
ഒടുവിലങ്ങനെ ഞാൻ വീട്ടിലെത്തി. ഞങ്ങൾക്കെല്ലാവർക്കും അത് എത്ര സന്തുഷ്ടമായ ദിനമായിരുന്നു! എന്റെ സംരക്ഷണമുൾക്കൊള്ളുന്ന ഒരു പട്ടിക കുടുംബാംഗങ്ങൾ തയ്യാറാക്കി. എന്റെ മകൻ ബ്യോൺ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലെ വേല ഉപേക്ഷിക്കുന്നതിനു തീരുമാനിച്ചു, എന്റെ സംരക്ഷണത്തിനായി അവൻ വീട്ടിൽ തിരിച്ചെത്തി. എന്റെ കുടുംബത്തിൽനിന്നുള്ള അത്തരം സ്നേഹത്തിനു പാത്രീഭൂതനാകുക എന്നത് അത്യന്തം ആശ്വാസദായകമായിരുന്നു.
മറ്റൊരു തിരിച്ചടിയെ നേരിടുന്നു
എന്നിരുന്നാലും, സമയം പിന്നിട്ടതോടെ എന്റെ ആരോഗ്യവും ക്ഷയിക്കാൻ തുടങ്ങി. എനിക്ക് അനങ്ങുകപോലും പ്രയാസമായിരുന്നു. ഒടുവിൽ, എന്റെ കുടുംബത്തിന്റെ അർപ്പിത ശ്രമങ്ങളെല്ലാമുണ്ടായിട്ടും വീട്ടിൽ താമസിപ്പിച്ച് എന്നെ പരിരക്ഷിക്കാൻ അവർക്കു കഴിയാതെ വന്നു. തന്മൂലം ഒരു ആതുരാലയത്തിലേക്കു മാറുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് എനിക്കു തോന്നി. അതു വീണ്ടും വെല്ലുവിളികളും പുതിയ ദിനചര്യകളും ആവശ്യമാക്കിത്തീർത്തു. എന്നാൽ അതിനെ ഒരു ആത്മീയ വിലങ്ങുതടിയാവാൻ ഞാൻ അനുവദിച്ചില്ല.
ഞാനെന്റെ ബൈബിൾ വായനയ്ക്കും ഗവേഷണത്തിനും മുടക്കം വരുത്തിയില്ല. എനിക്കു ചെയ്യാവുന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത, അല്ലാതെ ചെയ്യാനാവാത്തതിനെക്കുറിച്ചല്ലായിരുന്നു. യഹോവയുടെ സാക്ഷികൾക്കെല്ലാമുള്ള ആത്മീയ അനുഗ്രഹങ്ങളെപ്പറ്റി ഞാൻ ധ്യാനിച്ചു. ഞാൻ പ്രാർഥനയിൽ യഹോവയോട് അടുത്തുവരികയും മറ്റുള്ളവരോടു പ്രസംഗിക്കാൻ ലഭിച്ച ഓരോ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്തു.
ഞാൻ ഇപ്പോൾ രാത്രികൾ മുഴുവനും പകൽസമയം ഭാഗികമായും ആതുരാലയത്തിൽ ചെലവഴിക്കുന്നു. ഉച്ചതിരിഞ്ഞ സമയങ്ങളും വൈകുന്നേരവും ഒന്നുകിൽ വീട്ടിൽ അല്ലെങ്കിൽ ഞങ്ങളുടെ ക്രിസ്തീയ യോഗങ്ങൾക്കായി ചെലവഴിക്കുന്നു. ഒരു സാമൂഹിക സേവന പ്രസ്ഥാനം എനിക്കു യോഗങ്ങൾക്കും വീട്ടിലേക്കും പോയിവരുന്നതിനുവേണ്ടി ക്രമമായി വാഹന സൗകര്യമൊരുക്കിത്തരുന്നു. എന്റെ അർപ്പിത കുടുംബവും സഭയിലെ സഹോദരങ്ങളും ആതുരാലയത്തിലെ ജീവനക്കാരും ഒരു അത്ഭുതകരമായ വിധത്തിൽ എന്നെ സംരക്ഷിക്കുന്നു.
എനിക്കു ചെയ്യാവുന്നതു ചെയ്യുന്നു
ഞാൻ ദുർബലനാണെന്നു സ്വയം കരുതുന്നില്ല. എന്റെ കുടുംബാംഗങ്ങളോ എന്റെ ക്രിസ്തീയ സഹോദരങ്ങളോ ആ രീതിയിൽ എന്നോടു പെരുമാറുന്നുമില്ല. സ്നേഹനിർഭരമായ വിധത്തിൽ ഞാൻ പരിരക്ഷിക്കപ്പെടുന്നു. ഒരു മൂപ്പനെന്ന നിലയിൽ ഫലപ്രദമായ വിധത്തിൽ തുടർന്നു സേവിക്കാൻ അതെന്നെ സഹായിക്കുന്നു. ഞാൻ വാരംതോറും ഒരു പുസ്തകാധ്യയനവും രാജ്യഹാളിൽ വീക്ഷാഗോപുര അധ്യയനവും നിർവഹിക്കുന്നു. ബൈബിളിന്റെ താളുകൾ മറിക്കുന്നതിൽ എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് യോഗങ്ങളിൽ അതിനായി എന്നെ സഹായിക്കുന്നതിന് ഒരാളെ നിയോഗിച്ചിരിക്കയാണ്. വീൽചെയറിലിരുന്നുകൊണ്ടു ഞാൻ യോഗങ്ങളും പ്രസംഗങ്ങളും നടത്തുന്നു.
അങ്ങനെ, ഇടയ സന്ദർശനമുൾപ്പെടെ മുമ്പു സസന്തോഷം ചെയ്തിരുന്ന കാര്യങ്ങളിൽ പലതും ഇപ്പോഴും എനിക്കു ചെയ്യാൻ കഴിയുന്നുണ്ട്. (1 പത്രൊസ് 5:2) സഹോദരീസഹോദരന്മാർ എന്റെയടുക്കൽ സഹായത്തിനോ ബുദ്ധ്യുപദേശത്തിനോ വരുമ്പോഴാണു ഞാൻ അതു ചെയ്യുന്നത്. മറ്റുള്ളവർക്കു ഫോൺ ചെയ്യുന്നതിൽ മുൻകൈ എടുത്തുകൊണ്ടു ഞാൻ ടെലഫോണും ഉപയോഗിക്കുന്നു. അതു പരസ്പര പ്രോത്സാഹനത്തിൽ കലാശിക്കുന്നു. (റോമർ 1:11, 12) ഒരു സുഹൃത്ത് അടുത്തകാലത്തു പറഞ്ഞു: “എന്റെ മനസ്സിടിയുന്ന സന്ദർഭത്തിൽ എന്നെ സന്തോഷിപ്പിക്കാൻ താങ്കൾ ഫോൺ വിളിക്കുന്നു.” എന്നാൽ, യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നുവെന്ന് അറിയുമ്പോൾ ഞാനും പ്രോത്സാഹിതനാണ്.
യോഗങ്ങൾക്കു മുമ്പും പിമ്പും സഭയിലുള്ള കുട്ടികളുമായി ഞാൻ നന്നായി സഹവസിക്കുന്നു. ഞാൻ വീൽചെയറിൽ ഇരിക്കുന്നതുകൊണ്ട് ഞങ്ങൾക്കു മുഖാമുഖം സംസാരിക്കാൻ കഴിയുന്നു. അവരുടെ ആത്മാർഥതയും പരമാർഥതയും ഞാൻ വിലമതിക്കുന്നു. ഒരു പയ്യൻ ഒരിക്കൽ എന്നോടു പറഞ്ഞു: “താങ്കൾ അസാധാരണമാംവിധം സുമുഖനായ രോഗിയാണ്!”
എനിക്കു ചെയ്യാനാവാത്തതിൽ പരിതപിക്കുന്നതിനു പകരം എനിക്കു ചെയ്യാവുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു യഹോവയെ സേവിക്കുന്നതിൽ ഞാൻ ആനന്ദമടയുന്നു. എനിക്കു സംഭവിച്ചതിൽനിന്ന് അനേകം കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നാം അനുഭവിക്കുന്ന പീഡനങ്ങളിലൂടെ നാം പരിശീലനവും കരുത്തും ആർജിക്കുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.—1 പത്രൊസ് 5:10.
ആരോഗ്യമുള്ള അനേകരും നമ്മുടെ സ്വർഗീയ പിതാവിന്റെ ആരാധന എല്ലായ്പോഴും ഗൗരവമായെടുക്കണമെന്നു തിരിച്ചറിയാൻ പരാജയപ്പെട്ടിരിക്കുന്നതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. നാം അതു ഗൗരവമുള്ളതായി കണക്കാക്കാത്തപക്ഷം പഠനത്തിനും യോഗങ്ങൾക്കും വയൽസേവനത്തിനുമുള്ള നമ്മുടെ പട്ടിക വെറും പതിവുപരിപാടി മാത്രമായിത്തീരും. ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിച്ചു ദൈവത്തിന്റെ വാഗ്ദത്ത ഭൗമിക പറുദീസയിലേക്കു പ്രവേശിക്കുന്നതിന് ഈ കരുതലുകൾ ജീവത്പ്രധാനമായി ഞാൻ കണക്കാക്കുന്നു.—സങ്കീർത്തനം 37:9-11, 29; 1 യോഹന്നാൻ 2:17.
ദൈവത്തിന്റെ വരാൻപോകുന്ന പുതിയ ലോകത്തിലെ ജീവന്റെ പ്രത്യാശ നമ്മുടെ ഹൃദയങ്ങളിൽ എല്ലായ്പോഴും ഉണർവുള്ളതാക്കിവയ്ക്കണം. (1 തെസ്സലൊനീക്യർ 5:8) നിരുത്സാഹിതനായിത്തീരാനുള്ള ഏതു പ്രവണതയ്ക്കെതിരെയുമുള്ള പോരാട്ടത്തിൽ തളർന്നു പിന്മാറാതിരിക്കുന്നതിനും ഞാൻ പഠിച്ചു. യഹോവയെ എന്റെ പിതാവായി കാണുന്നതിനും അവന്റെ സ്ഥാപനത്തെ എന്റെ മാതാവായി കാണുന്നതിനും ഞാൻ പഠിച്ചിരിക്കുന്നു. നാം ശ്രമം ചെലുത്തുന്നപക്ഷം യഹോവയ്ക്കു നമ്മിലാരെയും തന്റെ ഫലപ്രദനായ സേവകനായി ഉപയോഗിക്കാൻ കഴിയുമെന്നും ഞാൻ തിരിച്ചറിയാൻ ഇടയായി.
ചിലപ്പോഴൊക്കെ “വീണുകിടക്കുന്നവ”നെന്നവണ്ണം എനിക്കു തോന്നിയിട്ടുണ്ടെങ്കിലും ‘ഞാൻ നശിപ്പിക്കപ്പെട്ടിട്ടില്ല.’ യഹോവയും അവന്റെ സ്ഥാപനവും എന്നെ ഒരിക്കലും കൈവെടിഞ്ഞിട്ടില്ല, അതുപോലെതന്നെ എന്റെ കുടുംബാംഗങ്ങളും ക്രിസ്തീയ സഹോദരങ്ങളും. ബൈബിളെടുത്തു വായിക്കാൻ കഴിയുന്നതിന്റെ ഫലമായി ഞാൻ ആത്മീയാരോഗ്യം പുനരാർജിക്കുന്നു. നാം യഹോവയാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ “സാധാരണയിൽ കവിഞ്ഞ ശക്തി” നമുക്കു പ്രദാനംചെയ്യുന്ന അവനോടു ഞാൻ നന്ദിയുള്ളവനാണ്.—2 കൊരിന്ത്യർ 4:7, NW.
യഹോവയിലുള്ള ദൃഢവിശ്വാസത്തോടും പൂർണ ആശ്രയത്തോടുംകൂടെ ഞാൻ ഭാവിയിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഈ ഭൂമിയിൽ പുനഃസ്ഥാപിതമായ ഒരു പറുദീസയോടൊപ്പം അത്ഭുതാവഹമായ അനുഗ്രഹങ്ങൾ കൈവരുത്തുമെന്ന യഹോവയാം ദൈവത്തിന്റെ വാഗ്ദത്തം വളരെ പെട്ടെന്നുതന്നെ നിവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.—വെളിപ്പാടു 21:3, 4.