ഞങ്ങളുടെ സമ്പന്നമായ ആത്മീയ പൈതൃകം
ഫിലിപ് എഫ്. സ്മിത്ത് പറഞ്ഞപ്രകാരം
“ഇരുൾമൂടിയ ആഫ്രിക്കയിൽ പ്രകാശം വിതറാൻ ഒരു ദീപം കൊളുത്തിയിരിക്കുന്നു.” മുകളിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ യഹോവയുടെ സാക്ഷികളുടെ 1992 വാർഷിക പുസ്തകത്തിന്റെ 75-ാം പേജിൽ വായിച്ചപ്പോൾ ഞങ്ങൾ എത്ര ആനന്ദപുളകിതരായി! ഞങ്ങളുടെ വല്യപ്പനായ ഫ്രാങ്ക് ഡബ്ലിയു. സ്മിത്ത് വാച്ച്ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റതർഫോർഡ് സഹോദരന് 1931-ൽ അയച്ച കത്തിലെഴുതിയിരുന്ന വാക്കുകളായിരുന്നു അവ. വല്യപ്പനും അദ്ദേഹത്തിന്റെ സഹോദരനും നടത്തിയ പ്രസംഗപര്യടനത്തെപ്പറ്റി റിപ്പോർട്ടു ചെയ്തുകൊണ്ട് എഴുതിയതായിരുന്നു അത്.
പിൻവരുന്ന വിധം 1992-ലെ വാർഷിക പുസ്തകം വിശദീകരിച്ചു: “കേപ്പ് ടൗൺ [ദക്ഷിണ ആഫ്രിക്ക]യിൽനിന്നുള്ള ധീരരായ പയനിയർ ശുശ്രൂഷകരായിരുന്ന ഗ്രേ സ്മിത്തും അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഫ്രാങ്കും സുവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടി ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയിലേക്കു യാത്ര തിരിച്ചു. താമസസൗകര്യമുണ്ടാക്കിയ ഒരു ഡി സോത്തോ കാറും (കാർ ഭവനം) 40 പുസ്തക കാർട്ടനും കൂടി കപ്പലിൽ കയറ്റി അവർ കെനിയയുടെ തുറമുഖമായ മൊമ്പാസയിലേക്കു യാത്രയായി.”
റതർഫോർഡ് സഹോദരനുള്ള കത്തിൽ വല്യപ്പൻ മൊമ്പാസയിൽനിന്നു കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കുള്ള യാത്രയെപ്പറ്റി വിശദീകരിച്ചു: “ഞാൻ നടത്തിയിട്ടുള്ള വാഹനയാത്രയിൽ ഏറ്റവും ദുഷ്കരമായ യാത്രയോടെയായിരുന്നു ഞങ്ങളുടെ തുടക്കം. 580 കിലോമീറ്റർ യാത്രചെയ്യുന്നതിനു നാലു ദിവസമെടുത്തു . . . ഓരോ മൈൽ കഴിയുമ്പോഴും, മൺവെട്ടി ഉപയോഗിച്ച് വരമ്പുപോലെ ഉയർന്നുനിന്നിരുന്ന മണ്ണു നിരപ്പാക്കുന്നതിനും കുഴികൾ നികത്തുന്നതിനും ചെളിനിറഞ്ഞ പാതയിൽ വണ്ടിയുടെ ചക്രത്തിനു പിടുത്തം കിട്ടേണ്ടതിനു കോരപ്പുല്ലും മറ്റു മരങ്ങളും വെട്ടിയിടുന്നതിനുമായി എനിക്കു വണ്ടിയിൽ നിന്നിറങ്ങേണ്ടിവന്നു.”
നെയ്റോബിയിലെത്തിയശേഷം, ഫ്രാങ്കും ഗ്രേയും തങ്ങളുടെ ബൈബിൾ സാഹിത്യം വിതരണം ചെയ്യുന്നതിന് 21 ദിവസം തുടർച്ചയായി പ്രവർത്തിച്ചു. “ഞങ്ങൾ കേട്ടറിഞ്ഞ പ്രകാരം, മതഭക്തിയുള്ള നെയ്റോബിയെ പ്രസംഗവേല തകിടംമറിച്ചിരിക്കയാണ്.” അതിനുശേഷം, വല്യപ്പനു വീട്ടിൽ തന്റെ രണ്ടുവയസ്സുള്ള മകനായ ഡോണാവന്റെയും ഭാര്യ ഫിലസിന്റെയും അടുത്തേക്കു തിരിച്ചെത്താൻ തിടുക്കമായി. ഭാര്യ രണ്ടാമത്തെ കുട്ടിയെ, ഞങ്ങളുടെ പിതാവായ ഫ്രാങ്കിനെ, ഗർഭംധരിച്ചിരിക്കയായിരുന്നു. വല്യപ്പൻ മൊമ്പാസയിൽനിന്നു ലഭ്യമായ ആദ്യത്തെ കപ്പൽ കയറി, എങ്കിലും വീട്ടിലെത്തുന്നതിനുമുമ്പു മലമ്പനി പിടിപെട്ടു മരിച്ചുപോയി.
ഞാനും എന്റെ സഹോദരിയും സഹോദരനും വാർഷിക പുസ്തകത്തിലെ ആ വിവരത്തെപ്പറ്റി ആലോചിച്ചപ്പോൾ ഞങ്ങളുടെ ചിന്ത മരിച്ചുപോയ ഞങ്ങളുടെ പിതാവിനെക്കുറിച്ചായി. 1992-ലെ വാർഷിക പുസ്തകം കൈപ്പറ്റുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് 1991-ൽ അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്കുശേഷമുണ്ടായ കുഴപ്പങ്ങൾ നിമിത്തം മരിച്ചുപോയിരുന്നു. അദ്ദേഹം തന്റെ പിതാവിനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും യഹോവയോടു പിതാവിനുണ്ടായിരുന്ന അതേ ആഴമായ സ്നേഹം അദ്ദേഹം പങ്കിട്ടു. 28 വർഷത്തിനു ശേഷം 1959-ൽ തന്റെ മകൻ ഒരു ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിൽ തന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് പൂർവ ആഫ്രിക്കയിലേക്കു പോകുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ വല്യപ്പൻ എത്രമാത്രം സന്തോഷിക്കുമായിരുന്നു!
പിതാവിന്റെ ആദ്യകാല ജീവിതം
ഞങ്ങളുടെ പിതാവ് 1931 ജൂലൈ 20-ന്, അതായത് അദ്ദേഹത്തിന്റെ പിതാവു മരിച്ചു രണ്ടു മാസം കഴിഞ്ഞ്, കേപ്പ് ടൗണിൽ ജനിച്ചു. അദ്ദേഹത്തിനു വല്യപ്പന്റെ പേരിടുകയുണ്ടായി. ഡാഡി ചെറുപ്പം മുതൽക്കേ യഹോവയോടു തനിക്കുള്ള സ്നേഹം പ്രകടമാക്കി. വെറും ഒമ്പതു വയസ്സുള്ളപ്പോൾ അദ്ദേഹം കേപ്പ് ടൗണിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ പ്ലാക്കാർഡു പിടിച്ചുകൊണ്ടു സാക്ഷീകരണം നടത്തവേ കൂട്ടുകാർ അദ്ദേഹത്തെ കളിയാക്കുമായിരുന്നു. 11-ാം വയസ്സിൽ അദ്ദേഹം യഹോവയോടുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ചിലപ്പോഴൊക്കെ ഒരു തെരുവു മുഴുവൻ സാക്ഷ്യം നൽകുന്നതിനു ഡാഡിയെ നിയമിക്കുകയുണ്ടായി. അദ്ദേഹത്തിനു 18 വയസ്സുള്ളപ്പോൾ കേപ്പ് ടൗണിലുള്ള ഒരു പട്ടണപ്രാന്തത്തിൽ പ്രായംചെന്ന ക്രിസ്തീയ സ്ത്രീകളുടെ ഒരു കൂട്ടത്തോടൊപ്പം അദ്ദേഹം വീക്ഷാഗോപുര അധ്യയനം നടത്തിയിരുന്നു.
പിറ്റേ വർഷം യൂറോപ്പിലുടനീളം അന്താരാഷ്ട്ര കൺവെൻഷനുകൾ നടക്കാനിരിക്കുന്നതായി വാച്ച് ടവർ സൊസൈറ്റി 1954-ൽ വിളംബരം ചെയ്തു. ഡാഡിക്കു പോകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ കേപ്പ് ടൗണിൽനിന്നു യാത്രപുറപ്പെടാൻ മതിയായ പണം അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. തൻമൂലം, ഉത്തര റൊഡേഷ്യയിലുള്ള (ഇപ്പോഴത്തെ സാംബിയ) താമ്ര ഖനികളിൽ മൂന്നു മാസം ജോലി ചെയ്യുന്നതിന് അദ്ദേഹം കോൺട്രാക്റ്റ് എടുത്തു. ധാതുലവണങ്ങൾ ശുദ്ധിചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ആഫ്രിക്കൻ കാടുകളിലായിരുന്നു.
ഉത്തര റൊഡേഷ്യയിൽ അനേകം സാക്ഷികൾ ഉള്ളകാര്യം ഡാഡിക്കറിയാമായിരുന്നു. തൻമൂലം അദ്ദേഹം അവിടെ എത്തിച്ചേർന്ന ഉടനെ അവരെ തിരഞ്ഞുപിടിക്കുകയും യോഗങ്ങൾ എവിടെയാണു നടത്തിയിരുന്നതെന്നു മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹത്തിനു പ്രാദേശിക ഭാഷ വശമില്ലായിരുന്നെങ്കിലും അവരോടൊപ്പം സഹവസിക്കുകയും ഖനന പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ സഭയിൽ യോഗങ്ങൾക്കു ക്രമമായി ഹാജരാകുകയും ചെയ്തു. ഖനനസ്ഥലത്തുള്ള യൂറോപ്പുകാർ വംശീയ മുൻവിധിയുള്ളവരായിരുന്നു, ആഫ്രിക്കക്കാരെ മിക്കപ്പോഴും അസഭ്യം പറഞ്ഞുകൊണ്ട് അവരോടു തങ്ങൾക്കുള്ള മുൻവിധി പ്രകടമാക്കുമായിരുന്നു. എന്നിരുന്നാലും, ഡാഡി എല്ലായ്പോഴും ദയയുള്ളവനായിരുന്നു.
മൂന്നു മാസത്തിന്റെ ഒടുവിൽ, സാക്ഷിയല്ലാതിരുന്ന ഒരു ആഫ്രിക്കൻ തൊഴിലാളി ഡാഡിയെ സമീപിച്ചിട്ടു ചോദിച്ചു: “താങ്കളെ ഞങ്ങൾ എന്താണു വിളിക്കുന്നതെന്നറിയാമോ?” ആ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങൾ താങ്കളെ ബ്വാണ [മിസ്റ്റർ] വാച്ച്ടവർ എന്നാണു വിളിക്കുന്നത്.”
1955-ൽ യൂറോപ്പിൽ “ജൈത്ര രാജ്യ” സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു ഡാഡിക്കു കഴിഞ്ഞു. അവിടെവച്ച് അദ്ദേഹം മറീ സാഹാറ്യൂവിനെ കണ്ടുമുട്ടി. പിറ്റേ വർഷം അദ്ദേഹം അവരെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം അവർ യു.എസ്.എ., ഒഹായോയിലെ പർമയിൽ താമസമുറപ്പിച്ചു.
പൂർവ ആഫ്രിക്കയിലേക്ക്
ഐക്യനാടുകളിൽ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടന്നപ്പോൾ കൺവെൻഷനിൽ പങ്കെടുത്തവർക്ക് ഒരു ക്ഷണം നൽകുകയുണ്ടായി, ശുശ്രൂഷകരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനുള്ള ക്ഷണം. ഞങ്ങളുടെ മാതാപിതാക്കൾ പൂർവ ആഫ്രിക്കയിലേക്കു പോകാൻ തീരുമാനിച്ചു. വാച്ച് ടവർ സൊസൈറ്റി നിർദേശിച്ചപോലെതന്നെ അവർ ചെയ്തു. ഡാഡിക്ക് ഒരു ജോലി തരപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി പോയിവരുന്നതിനുവേണ്ട ടിക്കറ്റു പണം അവർ സൊരുക്കൂട്ടി. കാരണം തൊഴിലിൽ പ്രവേശിക്കുന്നതിനു പെർമിറ്റുള്ളവർക്കേ ആ പ്രദേശത്തു താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
പാസ്പോർട്ടും വിസയും പ്രതിരോധ കുത്തിവയ്പും ലഭിച്ചശേഷം 1959 ജൂലൈയിൽ ഡാഡിയും മമ്മിയും ന്യൂയോർക്ക് സിറ്റിയിൽനിന്നും മൊമ്പാസയ്ക്ക് കേപ്പ് ടൗൺ വഴി ഒരു വാണിജ്യ കപ്പലിൽ യാത്ര തിരിച്ചു. നാലാഴ്ച നീണ്ടുനിന്ന യാത്രയായിരുന്നു അത്. ആവശ്യമധികമുള്ളിടത്തു സേവിക്കാൻ അവർക്കു മുമ്പായി എത്തിച്ചേർന്ന ക്രിസ്തീയ സഹോദരൻമാർ മൊമ്പാസയിലെ കപ്പൽത്തുറയിൽ അവർക്ക് ഊഷ്മള സ്വാഗതമരുളി. അവർ നെയ്റോബിയിൽ എത്തിച്ചേർന്നപ്പോൾ ഒരു കത്തു തന്നെക്കാത്തു കിടക്കുന്നതു ഡാഡി കണ്ടു. ഉഗാണ്ടയിലെ എന്റെബയിലുള്ള ജിയോളജിക്കൽ സർവേ ഡിപ്പാർട്ടുമെൻറിൽ ഒരു കെമിസ്റ്റായി ജോലിചെയ്യുന്നതിനുള്ള ഡാഡിയുടെ അപേക്ഷയ്ക്കുള്ള മറുപടിയായിരുന്നു അത്. ഡാഡിയും മമ്മിയും ഉഗാണ്ടയിലുള്ള കംപാലയ്ക്കു ട്രെയിൻ കയറി, അവിടെവച്ചു ഡാഡിയെ അഭിമുഖം നടത്തുകയും ജോലിക്ക് എടുക്കുകയും ചെയ്തു. ആ സമയത്ത് എന്റെബാ-കംപാല പ്രദേശത്ത് ജോർജ് കാഡൂ എന്ന ഒറ്റ സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ.
പ്രാദേശിക ഭാഷയായ ലൂഗാണ്ട ഡാഡിയെ പഠിപ്പിക്കുന്നതിനു കൊളോണിയൽ ഗവൺമെൻറു പണം മുടക്കി. അതിൽ അദ്ദേഹം മതിമറന്നു സന്തോഷിച്ചു, കാരണം ശുശ്രൂഷയിൽ ഫലപ്രദനായിരിക്കാൻ എങ്ങനെയെങ്കിലും ഭാഷ പഠിച്ചെടുക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. പിന്നീട്, “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകം ലൂഗാണ്ടയിലേക്കു തർജമ ചെയ്യുന്നതിനുപോലും ഡാഡി സഹായിച്ചു.
മറ്റുള്ളവർക്കു സാക്ഷ്യം നൽകുന്ന കാര്യത്തിൽ ഡാഡിക്കു തെല്ലും ഭയമില്ലായിരുന്നു. തന്റെ ഡിപ്പാർട്ടുമെൻറിലുള്ള സകല യൂറോപ്യൻമാരോടും അദ്ദേഹം സംസാരിച്ചു, കൂടാതെ ഉഗാണ്ടക്കാർക്കു സാക്ഷ്യം നൽകുന്നതിന് അദ്ദേഹം പ്രസംഗവേലയിൽ ക്രമമായി പങ്കെടുത്തു. അദ്ദേഹം ഉഗാണ്ടയുടെ ആഫ്രിക്കൻ അറ്റോർണി ജനറലിനുപോലും സാക്ഷ്യം നൽകി. ആ വ്യക്തി രാജ്യ സന്ദേശം ശ്രവിക്കുക മാത്രമല്ല ഡാഡിയെയും മമ്മിയെയും അത്താഴത്തിനു ക്ഷണിക്കുകപോലുമുണ്ടായി.
1960-ൽ എന്റെ സഹോദരി ആൻതീ പിറന്നു, ഞാൻ 1965-ലും. തലസ്ഥാന നഗരിയായ കംപാലയിലെ ചെറുതെങ്കിലും വളർന്നുവരുന്ന സഭയിലെ സഹോദരങ്ങളുമായി ഞങ്ങളുടെ കുടുംബം ഉറ്റബന്ധം പുലർത്തി. എന്റെബയുടെ സമീപത്തു വെള്ളക്കാരായ സാക്ഷികളായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തൻമൂലം ഞങ്ങൾക്കു രസകരമായ ചില അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ ഡാഡിയുടെ ഒരു സുഹൃത്ത് അപ്രതീക്ഷിതമായി എന്റെബയിൽ തങ്ങാനിടയായി, അദ്ദേഹം ഡാഡിയുമായി സമ്പർക്കം പുലർത്താൻ ശ്രമിച്ചു. “ഇവിടെ താമസിക്കുന്ന യഹോവയുടെ സാക്ഷികളായ യൂറോപ്യൻ ദമ്പതികളെ നിങ്ങൾക്കറിയാമോ?” എന്നു ചോദിച്ചപ്പോൾ മാത്രമേ അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചുള്ളൂ. ആ വ്യക്തി അദ്ദേഹത്തെ നേരെ വീട്ടിൽ മമ്മിയുടെയും ഡാഡിയുടെയും അടുത്ത് എത്തിച്ചു.
ഞങ്ങൾക്ക്, രണ്ടു സായുധ കലഹങ്ങളെ അതിജീവിക്കേണ്ടിവന്നതുൾപ്പെടെ, പ്രയാസകരമായ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരു സമയത്തു ഗവൺമെൻറിന്റെ സൈന്യം ഒരു പ്രത്യേക വംശീയ വിഭാഗത്തിൽപ്പെട്ട ഏതൊരാളെയും വെടിവെച്ചുകൊണ്ടിരുന്നു. രാവും പകലും നിർത്താതെ വെടിവെയ്പു നടന്നു. കർഫ്യൂവിന്റെ സമയം വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയായിരുന്നതിനാൽ എന്റെബയിൽ എന്റെ മാതാപിതാക്കളുടെ വീട്ടിൽവെച്ച് ഉച്ചകഴിഞ്ഞാണു യോഗങ്ങൾ നടത്തിയിരുന്നത്.
പിന്നീട്, കർഫ്യൂ മാറ്റിയപ്പോൾ വീക്ഷാഗോപുര അധ്യയനത്തിനായി ഡാഡി ഞങ്ങളെ കംപാലയ്ക്കു കൊണ്ടുപോയി. ഒരു പടയാളി ഞങ്ങളുടെ നേർക്കു തോക്കു ചൂണ്ടി കാർ നിർത്തിച്ചു, ഞങ്ങൾ എവിടെ പോവുകയാണെന്ന് അറിയണംപോലും. അന്നു ഞാൻ കേവലം ഒരു ശിശുവായിരുന്നു. ആൻതീക്ക് അഞ്ചു വയസ്സുണ്ടായിരുന്നു. പടയാളിയെ ബൈബിളും സാഹിത്യങ്ങളും കാണിച്ചുകൊണ്ടു ഡാഡി ശാന്തനായി വിശദീകരിച്ചപ്പോൾ അയാൾ ഞങ്ങളെ പോകാൻ അനുവദിച്ചു.
ഉഗാണ്ടയിൽ എട്ടു വർഷത്തോളം ചെലവഴിച്ചശേഷം ആരോഗ്യപരമായ പ്രശ്നങ്ങളും കുടുംബ ഉത്തരവാദിത്വങ്ങളും നിമിത്തം 1967-ൽ ഐക്യനാടുകളിലേക്കു തിരിച്ചുപോകാൻ ഞങ്ങളുടെ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ഒഹായോയിലെ കാൻഫീൽഡ് സഭയുടെ ഭാഗമായി. ഡാഡി അവിടെ മൂപ്പനായി സേവനമനുഷ്ഠിച്ചു. കംപാലയിലെ ചെറിയ സഭയിലെ സഹോദരങ്ങളെ സ്നേഹിച്ചിരുന്നപോലെതന്നെ അവിടത്തെ സഹോദരങ്ങളെയും എന്റെ മാതാപിതാക്കൾ സ്നേഹിക്കാൻ തുടങ്ങി.
സ്നേഹനിർഭരമായ ക്രിസ്തീയ വളർത്തൽ
1971-ൽ എന്റെ സഹോദരൻ ഡേവിഡ് പിറന്നു. സ്നേഹവും ഊഷ്മളതയും തിങ്ങിനിറഞ്ഞ ഒരു ഭവനാന്തരീക്ഷത്തിലാണു ഞങ്ങൾ വളർന്നുവന്നത്. അതു ഞങ്ങളുടെ മാതാപിതാക്കൾ പരസ്പരം ആസ്വദിച്ചിരുന്ന സ്നേഹബന്ധത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് എന്നതിൽ യാതൊരു സംശയവുമില്ല.
ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ, കിടക്കാൻ നേരം എല്ലായ്പോഴും ഡാഡി ഞങ്ങൾക്ക് ഒരു ബൈബിൾ കഥ പറഞ്ഞു തരികയും പ്രാർഥിക്കുകയും ചെയ്യുമായിരുന്നു, പിന്നീട് സ്വർണ നിറമുള്ള ഫോയിൽ കടലാസിൽ പൊതിഞ്ഞ ഒരു ചോക്ലേറ്റ് മമ്മി അറിയാതെ ഞങ്ങൾക്കു തരുമായിരുന്നു. എവിടെ ആയിരുന്നാലും വേണ്ടില്ല ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചു വീക്ഷാഗോപുരം പഠിക്കുമായിരുന്നു. കുടുംബ അവധിക്കുപോയപ്പോൾ ഒരിക്കൽ മലയോരപ്രദേശത്തിരുന്നും മറ്റൊരു സന്ദർഭത്തിൽ സമുദ്രത്തെ വീക്ഷിച്ചുകൊണ്ടും ഞങ്ങൾ പഠിച്ചു. അവ തന്റെ ഏറ്റവും സന്തോഷകരമായ സ്മരണകളിൽ ചിലതാണെന്നു ഡാഡി മിക്കപ്പോഴും പറയുമായിരുന്നു. ഒരു കുടുംബ അധ്യയനത്തിനു കൈവരുത്താനാവുന്ന വലിയ സന്തോഷം അനുഭവിക്കാൻ അവസരം ലഭിക്കാത്തവരോടു തനിക്കു സഹതാപം തോന്നുന്നുവെന്നു ഡാഡി പറഞ്ഞു.
യഹോവയോടുള്ള സ്നേഹം പ്രകടമാക്കേണ്ട സന്ദർഭത്തിൽ ഡാഡി അതു മാതൃകയിലൂടെ പഠിപ്പിച്ചു. വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ ഒരു പ്രതി അല്ലെങ്കിൽ മറ്റൊരു വാച്ച്ടവർ പ്രസിദ്ധീകരണം കൈപ്പറ്റുമ്പോൾ ഡാഡി അതു മൊത്തം അരിച്ചുപെറുക്കി വായിക്കുമായിരുന്നു. ബൈബിൾ സത്യം നിസ്സാരമായി കരുതരുത് മറിച്ച്, ഒരു വിലയേറിയ നിധിയായി കണക്കാക്കണമെന്നു ഞങ്ങൾ അദ്ദേഹത്തിൽനിന്നു പഠിച്ചു. ഞങ്ങളുടെ ഏറ്റവും വിലയേറിയ സമ്പാദ്യങ്ങളിലൊന്നാണു ഡാഡിയുടെ റഫറൻസ് ബൈബിൾ. തന്റെ പഠനത്തിലൂടെ ശേഖരിച്ചെടുത്ത കുറിപ്പുകൾകൊണ്ടു മിക്കവാറും എല്ലാപേജുംതന്നെ നിറഞ്ഞിരിക്കുകയാണ്. അദ്ദേഹം മാർജിനിൽ എഴുതിയിരിക്കുന്ന അഭിപ്രായത്തിൽനിന്ന് ഇപ്പോൾ ഞങ്ങൾ വായിക്കുമ്പോൾ ഞങ്ങളെ ബുദ്ധ്യുപദേശിക്കുന്നതായി ഇപ്പോഴും ഞങ്ങൾക്കു കേൾക്കാൻ കഴിയുന്നുണ്ട്.
അന്ത്യത്തോളം വിശ്വസ്തൻ
1991 മേയ് 16-ാം തീയതി വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഡാഡിക്കു ഹൃദയസ്തംഭനമുണ്ടായി. ആഴ്ചകൾക്കു ശേഷം, വിജയപ്രദമെന്നു തോന്നിച്ച, ഹൃദയം തുറന്നുള്ള ഒരു ശസ്ത്രക്രിയ നടത്തുകയുണ്ടായി. എന്നിരുന്നാലും, ശസ്ത്രക്രിയ കഴിഞ്ഞ അതേ രാത്രിയിൽ ഞങ്ങൾക്ക് ആശുപത്രിയിൽനിന്ന് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഡാഡിക്കു രക്തവാർച്ച ഉണ്ടായി, ഡോക്ടർമാർ ഉത്കണ്ഠാകുലരായിരുന്നു. അന്നു രാത്രി അദ്ദേഹത്തെ രണ്ടു പ്രാവശ്യം ശസ്ത്രക്രിയക്കായി കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഡാഡിയുടെ രക്തം കട്ടപിടിക്കുന്നില്ലായിരുന്നു.
അടുത്ത ദിവസം ഡാഡിയുടെ നില ഗണ്യമായ രീതിയിൽ ക്ഷയിക്കുകയുണ്ടായി. ഡാഡിക്കു രക്തപ്പകർച്ച നടത്താൻ സമ്മർദം ചെലുത്തിക്കൊണ്ടു ഡോക്ടർമാർ ആദ്യം മമ്മിയോടും പിന്നീട് എന്റെ ഇളയ സഹോദരനോടും രഹസ്യമായി സംസാരിച്ചു. എന്നാൽ, ഏതൊരു സാഹചര്യത്തിലും താൻ രക്തപ്പകർച്ച സ്വീകരിക്കുകയില്ലെന്നു ഡാഡി നേരത്തെതന്നെ ഡോക്ടർമാരോടു പറഞ്ഞിരുന്നു. താൻ രക്തം നിരസിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ കാരണങ്ങൾ അദ്ദേഹം അവരോടു വിശദീകരിച്ചു, എന്നാൽ രക്തരഹിത പകര ചികിത്സകൾ താൻ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.—ലേവ്യപുസ്തകം 17:13, 14; പ്രവൃത്തികൾ 15:28, 29.
അടിസ്ഥാനപരമായി ആശുപത്രി ജീവനക്കാരിൽ അനേകരുടെയും പക്ഷത്തുനിന്നുണ്ടായ വിദ്വേഷം ഐസിയുവിൽ (അത്യാഹിത വിഭാഗത്തിൽ) വളരെ പിരിമുറക്കം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു. അതും ഒപ്പം ഡാഡിയുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയും ഞങ്ങൾക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നു ചിലപ്പോഴൊക്കെ തോന്നി. ഞങ്ങൾ സഹായത്തിനായി യഹോവയോട് അപേക്ഷിച്ചു, കൂടാതെ ഞങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രായോഗിക നിർദേശങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിച്ചു. തൻമൂലം, ഐസിയു സന്ദർശിക്കുമ്പോൾ ഞങ്ങൾ എല്ലായ്പോഴും നല്ലവണ്ണം വസ്ത്രം ധരിക്കുകയും ആശുപത്രി ജീവനക്കാരോടു വളരെ ആദരവോടെ പെരുമാറുകയും ചെയ്തു. അർഥവത്തായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു ഞങ്ങൾ ഡാഡിയുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമെടുത്തു, ഡാഡിയെസംരക്ഷിക്കുന്നതിലേർപ്പെട്ടിരുന്ന ഓരോ ജീവനക്കാർക്കും ഞങ്ങൾ നന്ദി പറഞ്ഞു.
ഞങ്ങളുടെ ശ്രമം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. ഏതാനും ദിവസങ്ങൾകൊണ്ട് സംഘർഷപൂരിതമായ അന്തരീക്ഷം ദയാപരമായ ഒന്നായിത്തീർന്നു. ഡാഡിയെ പരിചരിച്ചുകൊണ്ടിരുന്ന നേഴ്സുമാർ, മേലാൽ പരിചരിക്കേണ്ടതില്ലാഞ്ഞിട്ടും അദ്ദേഹത്തിന്റെ പുരോഗതി പരിശോധിച്ചുകൊണ്ടിരുന്നു. ഞങ്ങളോടു വളരെ പരുക്കൻരീതിയിൽ പെരുമാറിക്കൊണ്ടിരുന്ന ഒരു ഡോക്ടർ, അതിനെ മമ്മി എങ്ങനെ നേരിടുന്നുവെന്നു ചോദിക്കാൻ പോന്നവണ്ണം മയമുള്ളവനായി. ഞങ്ങളുടെ സഭയും ബന്ധുക്കളും സ്നേഹപൂർവം ഞങ്ങളെ പിന്തുണച്ചു. അവർ ഭക്ഷണവും അനേകം ആശ്വാസ കാർഡുകളും അയച്ചു, കൂടാതെ അവർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ദുഃഖകരമെന്നു പറയട്ടെ, ഡാഡി ചികിത്സയോടു പ്രതികരിച്ചില്ല. ആദ്യത്തെ ശസ്ത്രക്രിയ നടത്തി പത്തു ദിവസം ആയപ്പോൾ അദ്ദേഹം മരിച്ചു. ഡാഡിയുടെ മരണത്തിൽ ഞങ്ങൾക്ക് ആഴമായ ദുഃഖമുണ്ട്. ചിലപ്പോഴൊക്കെ ആ നഷ്ടബോധം ആകുലചിത്തരാക്കുന്നു. ‘താൻ നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കു’മെന്നു നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് അനുഗ്രഹമാണ്. കൂടാതെ, എന്നത്തെക്കാളധികം അവനിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു.—സങ്കീർത്തനം 68:19.
യഹോവയെ വിശ്വസ്തതയോടെ സേവിക്കുമെന്ന കാര്യത്തിൽ ഞങ്ങളെല്ലാവരും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, തൻമൂലം പുതിയ ലോകത്തിൽ ഡാഡിയെ കാണുന്നതിലുള്ള സന്തോഷം ഞങ്ങൾക്കുണ്ടാകും.—മർക്കൊസ് 5:41, 42; യോഹന്നാൻ 5:28; പ്രവൃത്തികൾ 24:15.
[21-ാം പേജിലെ ചിത്രം]
ഫ്രാങ്ക് സ്മിത്ത് കേപ്പ് ടൗണിൽ അമ്മ ഫിലിസിനോടൊപ്പം
[22-ാം പേജിലെ ചിത്രം]
ഡാഡിയും മമ്മിയും അവരുടെ വിവാഹ സമയത്ത്
[23-ാം പേജിലെ ചിത്രം]
എന്റെബയിലെ ആദ്യത്തെ സ്നാപനത്തിനു സഹോദരങ്ങൾ ഒരു ആഫ്രിക്കക്കാരൻ മുഖ്യന്റെ കുളം വാടകയ്ക്കെടുത്തു
[23-ാം പേജിലെ ചിത്രം]
ആചാരപ്രകാരമുള്ള അഭിവാദനം
[24-ാം പേജിലെ ചിത്രം]
ഡാഡിയുടെ മരണത്തിനു തൊട്ടു മുമ്പ് ഡാഡിയും മമ്മിയും