ഭക്തിപൂർവകമായ കീഴ്പ്പെടൽ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്
“ദൈവത്തിനു കീഴടങ്ങുവിൻ.”—യാക്കോബ് 4:7.
1. നാം ആരാധിക്കുന്ന ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് എന്തു പറയാൻ കഴിയും?
യഹോവ എന്തൊരു അത്യത്ഭുതവാനായ ദൈവമാണ്! വളരെയധികം വിധങ്ങളിൽ എതിരില്ലാത്തവനും കിടയററവനും അതുല്യനും അനുപമനും! അവിടുന്ന് അത്യുന്നതനും സാർവത്രിക പരമാധികാരിയുമാണ്. തന്നിലാണ് യഥാർത്ഥമായ സകല അധികാരവും സ്ഥിതിചെയ്യുന്നത്. അവിടുന്ന് നിത്യതമുതൽ നിത്യതവരെ ഉള്ളവനാണ്, യാതൊരു മനുഷ്യനും അവിടുത്തെ കണ്ടശേഷം ജീവിച്ചിരിക്കുക സാദ്ധ്യമല്ലാത്തവണ്ണം അവിടുന്ന് അത്ര തേജസ്വിയുമാണ്. (പുറപ്പാട് 33:20; റോമർ 16:26) അവിടുന്നു ശക്തിയിലും ജ്ഞാനത്തിലും അതിരററവനും നീതിയിൽ തികച്ചും പൂർണ്ണനും സ്നേഹത്തിന്റെ മൂർത്തിമദ്ഭാവംതന്നെയുമാണ്. അവിടുന്നു നമ്മുടെ സ്രഷ്ടാവും നമ്മുടെ ന്യായാധിപനും നമ്മുടെ നിയമദാതാവും നമ്മുടെ രാജാവുമാണ്. സകല നല്ല വരവും പൂർണ്ണതയുള്ള സകല സമ്മാനവും തന്നിൽനിന്നു വരുന്നു.—സങ്കീർത്തനം 100:3; യെശയ്യാവ് 33:22; യാക്കോബ് 1:17.
2. ഭക്തിപൂർവകമായ കീഴ്പ്പെടലിൽ ഏതു കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
2 ഈ വസ്തുതകളുടെയെല്ലാം വീക്ഷണത്തിൽ, ദൈവത്തിനു കീഴ്പ്പെട്ടിരിക്കാനുള്ള നമ്മുടെ കടപ്പാടുസംബന്ധിച്ചു സംശയമുണ്ടായിരിക്കാവുന്നതല്ല. എന്നാൽ ഇതിൽ നമുക്കുവേണ്ടി എന്താണുൾപ്പെട്ടിരിക്കുന്നത്? പല കാര്യങ്ങളുണ്ട്. നമുക്കു വ്യക്തിപരമായി യഹോവയാം ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് അവിടുത്തോടുള്ള കീഴ്പ്പെടലിൽ ഒരു അഭ്യസ്തമനഃസാക്ഷിയുടെ ശബ്ദം അനുസരിക്കുന്നതും ദൈവത്തിന്റെ ഭൗമികസ്ഥാപനത്തോടു സഹകരിക്കുന്നതും ലൗകിക അധികാരങ്ങളെ അംഗീകരിക്കുന്നതും കുടുംബവൃത്തത്തിൽ ശിരഃസ്ഥാനതത്ത്വത്തെ ആദരിക്കുന്നതും ഉൾപ്പെടുന്നു.
ഒരു നല്ല മനഃസാക്ഷി നിലനിർത്തൽ
3. നല്ല മനഃസാക്ഷി നിലനിർത്തുന്നതിന്, നാം ഏതു നിരോധനങ്ങൾ അനുസരിക്കണം?
3 ഒരു നല്ല മനഃസാക്ഷി നിലനിർത്തുന്നതിന്, നടപ്പിലാക്കാൻ കഴിയാത്തവയെ—അതായതു മനുഷ്യർക്കു പ്രാബല്യത്തിലാക്കാൻ കഴിയാത്ത നിയമങ്ങൾ അല്ലെങ്കിൽ തത്ത്വങ്ങൾ—നാം അനുസരിക്കണം. ദൃഷ്ടാന്തത്തിന്, പത്തു കല്പനകളിൽ ദുരാഗ്രഹത്തിനെതിരെ തിരിച്ചുവിട്ട പത്താമത്തെ കല്പന മാനുഷാധികാരങ്ങൾക്കു നടപ്പിലാക്കാൻ കഴിയാത്തതായിരുന്നു. സാന്ദർഭികമായി, ഇതു പത്തു കല്പനകളുടെ ദിവ്യ ഉത്ഭവത്തെ തെളിയിക്കുന്നു, എന്തുകൊണ്ടെന്നാൽ യാതൊരു മാനുഷ നിയമനിർമ്മാണ സ്ഥാപനവും ലംഘനത്തിനുള്ള ശിക്ഷകൾ മുഖേന നടപ്പിലാക്കാൻ കഴിയാത്ത ഒരു നിയമം ഉണ്ടാക്കുമായിരുന്നില്ല. ഈ നിയമം മുഖാന്തരം യഹോവയാം ദൈവം നല്ല മനഃസാക്ഷി ഉണ്ടായിരിക്കാനാഗ്രഹിക്കുന്ന ഓരോ ഇസ്രയേല്യനും സ്വന്തം നിയമപാലകനായിരിക്കാനുള്ള ഉത്തരവാദിത്വം കൊടുത്തു. (പുറപ്പാടു 20:17) സമാനമായി, ദൈവരാജ്യത്തെ അവകാശപ്പെടുത്തുന്നതിൽനിന്ന് ഒരുവനെ തടയുന്ന ജഡത്തിന്റെ പ്രവൃത്തികളിൽ “അസൂയ”യും “സ്പർദ്ധകളും” ഉൾപ്പെടുന്നു—ഇവ ശിക്ഷ നടപ്പിലാക്കാൻ മനുഷ്യന്യായാധിപൻമാർക്കു കഴിയാത്ത പ്രതികരണങ്ങളാണ്. (ഗലാത്യർ 5:19-21, NW) എന്നാൽ ഒരു നല്ല മനഃസാക്ഷി നിലനിർത്തുന്നതിനു നാം അവ ഒഴിവാക്കണം.
4. നല്ല മനഃസാക്ഷി നിലനിർത്തുന്നതിന്, നാം ഏതു ബൈബിൾതത്ത്വങ്ങളനുസരിച്ചു ജീവിക്കണം?
4 അതെ, നാം ബൈബിൾതത്ത്വങ്ങളനുസരിച്ചു ജീവിക്കണം. അങ്ങനെയുള്ള തത്ത്വങ്ങൾ മോശൈകനിയമസംഹിതയിലെ ഏററവും വലിയ കല്പന ഏതാണെന്നുള്ള ചോദ്യത്തിനുത്തരമായി യേശുക്രിസ്തു പറഞ്ഞ രണ്ടു കല്പനകളിൽ സംഗ്രഹിക്കാൻ കഴിയും. “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ, NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. . . . കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:36-40) ഈ കല്പനകളിൽ രണ്ടാമത്തേതിൽ ഉൾപ്പെട്ടിരിക്കുന്നതിനെ വിശദമാക്കുന്നതാണു മത്തായി 7:12-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ; ന്യായപ്രമാണവും പ്രവാചകൻമാരും ഇതുതന്നെ.”
5. നമുക്കു യഹോവയാം ദൈവവുമായി നല്ല ബന്ധം എങ്ങനെ നിലനിർത്താൻ കഴിയും?
5 ശരിയാണെന്നു നമുക്കറിയാവുന്നതു നാം ചെയ്യുകയും തെററാണെന്നു നമുക്കറിയാവുന്നതു ചെയ്യാതിരിക്കുകയും വേണം, മററുള്ളവർ കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും. നാം ചെയ്യേണ്ടതു ചെയ്യാതിരുന്നാലും അല്ലെങ്കിൽ നാം ചെയ്യരുതാത്തതു ചെയ്താലും നമുക്കു രക്ഷപെടാൻ കഴിഞ്ഞേക്കാമെങ്കിൽപോലും ഇതു അങ്ങനെതന്നെയാണ്. അതിന്റെ അർത്ഥം നമ്മുടെ സ്വർഗ്ഗീയപിതാവിനോട് നല്ല ബന്ധം പുലർത്തുകയും എബ്രായർ 4:13-ൽ അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചിരിക്കുന്ന മുന്നറിയിപ്പ് ഓർത്തിരിക്കുകയും ചെയ്യുകയെന്നാണ്: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവന്നുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” ശരി ചെയ്യുന്നതിൽ സ്ഥിരനിഷ്ഠ പാലിക്കുന്നതു പിശാചിന്റെ കുതന്ത്രങ്ങളോടു പോരാടുന്നതിനും ലോകത്തിന്റെ സമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കുന്നതിനും സ്വാർത്ഥതയിലേക്കുള്ള പാരമ്പര്യപ്രവണതയോടു മല്ലിടുന്നതിനും നമ്മെ സഹായിക്കും.—എഫേസ്യർ 6:11 താരതമ്യപ്പെടുത്തുക.
ദൈവത്തിന്റെ സ്ഥാപനത്തോടുള്ള കീഴ്പ്പെടൽ
6. ക്രിസ്തീയപൂർവ കാലങ്ങളിൽ ഏത് ആശയവിനിമയ സരണികൾ യഹോവ ഉപയോഗിച്ചു?
6 നമ്മുടെ ജീവിതത്തിൽ എങ്ങനെ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കണമെന്നു വ്യക്തിപരമായി തീരുമാനിക്കാനുള്ള അവകാശം യഹോവയാം ദൈവം നമുക്കു നൽകിയിട്ടില്ല. മനുഷ്യവർഗ്ഗത്തിന്റെ ആരംഭംമുതൽ ദൈവം ആശയവിനിമയ സരണികളായി മനുഷ്യരെ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ, ആദാം ഹവ്വക്കുവേണ്ടിയുള്ള ദൈവത്തിന്റെ വക്താവായിരുന്നു. ഹവ്വ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പു വിലക്കപ്പെട്ട ഫലത്തെക്കുറിച്ചുള്ള കല്പന ആദാമിനു കൊടുത്തിരുന്നു, അതുകൊണ്ടു ഹവ്വക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് ആദാം അവളെ അറിയിച്ചിരിക്കണം. (ഉല്പത്തി 2:16-23) നോഹ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രളയത്തിനു മുമ്പത്തെ ലോകത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ പ്രവാചകനായിരുന്നു. (ഉല്പത്തി 6:13; 2 പത്രോസ് 2:5) അബ്രഹാം അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ വക്താവായിരുന്നു. (ഉല്പത്തി 18:19) ഇസ്രയേൽ ജനതക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രവാചകനും ആശയവിനിമയ സരണിയും മോശയായിരുന്നു. (പുറപ്പാട് 3:15, 16; 19:3, 7) അദ്ദേഹത്തിനുശേഷം തന്റെ ജനത്തോടു തന്റെ ഇഷ്ടം അറിയിക്കാൻ ദൈവം യോഹന്നാൻസ്നാപകൻവരെ അനേകം പ്രവാചകൻമാരെയും പുരോഹിതൻമാരെയും രാജാക്കൻമാരെയും ഉപയോഗിച്ചു.
7, 8. (എ) മിശിഹായുടെ വരവോടെ, ആർ ദൈവത്തിന്റെ വക്താവായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു? (ബി) ഭക്തിപൂർവകമായ കീഴ്പ്പെടൽ യഹോവയുടെ സാക്ഷികളിൽനിന്ന് ഇന്ന് എന്താവശ്യപ്പെടുന്നു?
7 മിശിഹായായ യേശുക്രിസ്തുവിന്റെ വരവോടെ ദൈവം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളായ അപ്പോസ്തലൻമാരെയും ശിഷ്യൻമാരെയും തന്റെ വക്താക്കളായി സേവിക്കാൻ ഉപയോഗിച്ചു. പിന്നീട്, തങ്ങളുടെ ജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു യഹോവയുടെ ജനത്തെ അറിയിക്കുന്നതിനു യേശുക്രിസ്തുവിന്റെ അഭിഷിക്ത വിശ്വസ്താനുഗാമികൾ ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യായി സേവിക്കണമായിരുന്നു. ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ അർത്ഥം യഹോവയാം ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണത്തെ അംഗീകരിക്കുകയെന്നാണ്.—മത്തായി 24:45-47, NW; എഫേസ്യർ 4:11-14.
8 ഇന്നു “വിശ്വസ്തനും വിവേകിയുമായ അടിമ” യഹോവയുടെ സാക്ഷികളോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സാക്ഷികളുടെ ഭരണസംഘത്താൽ പ്രതിനിധാനംചെയ്യപ്പെടുന്നുവെന്നും വസ്തുതകൾ പ്രകടമാക്കുന്നു. പ്രാദേശികതലത്തിൽ വേലയെ നയിക്കുന്നതിന്, ആ സംഘം, ക്രമത്തിൽ, മൂപ്പൻമാരും സഞ്ചാരപ്രതിനിധികളും പോലെയുള്ള വിവിധസ്ഥാനങ്ങളിൽ മേൽവിചാരകൻമാരെ നിയമിക്കുന്നു. ഭക്തിപൂർവകമായ കീഴ്പ്പെടൽ എബ്രായർ 13:17-നു ചേർച്ചയിൽ ഓരോ സമർപ്പിതസാക്ഷിയും ഈ മേൽവിചാരകൻമാർക്കു കീഴ്പ്പെട്ടിരിക്കേണ്ടതാവശ്യമാക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കുബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”
ശിക്ഷണം സ്വീകരിക്കൽ
9. ഭക്തിപൂർവകമായ കീഴ്പ്പെടലിൽ മിക്കപ്പോഴും എന്താണുൾപ്പെട്ടിരിക്കുന്നത്?
9 ഭക്തിപൂർവകമായ കീഴ്പ്പെടൽ മിക്കപ്പോഴും മേൽവിചാരകൻമാരായി സേവിക്കുന്നവരിൽനിന്നു ശിക്ഷണം സ്വീകരിക്കുന്നതിന്റെ ഒരു സംഗതിയാണ്. നാം നമുക്കുതന്നെ ആവശ്യമായിരിക്കുന്ന ശിക്ഷണം എല്ലായ്പ്പോഴും കൊടുക്കുന്നില്ലെങ്കിൽ, നമ്മുടെ സഭാമൂപ്പൻമാരെപ്പോലെ അനുഭവജ്ഞാനവും അധികാരവുമുള്ളവർ നമുക്കു ബുദ്ധിയുപദേശവും ശിക്ഷണവും നൽകേണ്ടയാവശ്യമുണ്ടായിരിക്കാം. അങ്ങനെയുള്ള ശിക്ഷണം സ്വീകരിക്കുന്നതു ജ്ഞാനമാർഗ്ഗമാണ്.—സദൃശവാക്യങ്ങൾ 12:15; 19:20.
10. ശിക്ഷണം കൊടുക്കുന്നവർക്ക് എന്തു കടപ്പാടുണ്ട്?
10 പ്രസ്പഷ്ടമായി, ശിക്ഷണം കൊടുക്കുന്ന മൂപ്പൻമാർതന്നെ ഭക്തിപൂർവകമായ കീഴ്പ്പെടലിൽ മാതൃകയായിരിക്കണം. എങ്ങനെ? ഗലാത്യർ 6:1 അനുസരിച്ച്, ബുദ്ധ്യുപദേശം കൊടുക്കുന്നതിനുള്ള നല്ല രീതി അവർക്കുണ്ടായിരിക്കണമെന്നു മാത്രമല്ല അവർ മാതൃകായോഗ്യരുമായിരിക്കണം: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” മററുവാക്കുകളിൽ പറഞ്ഞാൽ, മൂപ്പന്റെ ബുദ്ധ്യുപദേശം അദ്ദേഹത്തിന്റെ മാതൃകക്കൊത്തവണ്ണമായിരിക്കണം. അത് 2 തിമൊഥെയൊസ് 2:24, 25-ലും തീത്തൊസ്1:9-ലും നൽകിയിരിക്കുന്ന ബുദ്ധ്യുപദേശത്തിനു ചേർച്ചയിലാണ്. അതെ, ശാസനയോ തിരുത്തലോ കൊടുക്കുന്നവർ ഒരിക്കലും പരുഷരാകാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അവർ എല്ലായ്പ്പോഴും സൗമ്യരും ദയയുള്ളവരും, അതേസമയം ദൈവവചനത്തിലെ തത്ത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ദൃഢതയുള്ളവരുമായിരിക്കണം. അവർ നിഷ്പക്ഷമായി ശ്രദ്ധിക്കുന്നവരായിരിക്കണം, അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും നവോൻമേഷപ്രദരും ആയിരിക്കണം.—മത്തായി 11:28-30 താരതമ്യപ്പെടുത്തുക.
ശ്രേഷ്ഠാധികാരങ്ങളോടുള്ള കീഴ്പ്പെടൽ
11. ലൗകികാധികാരങ്ങളുമായുള്ള ക്രിസ്ത്യാനികളുടെ ബന്ധങ്ങൾസംബന്ധിച്ച് അവരിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
11 ഭക്തിപൂർവകമായ കീഴ്പ്പെടൽ ലൗകികാധികാരങ്ങളെ അനുസരിക്കാനും നമ്മോടാവശ്യപ്പെടുന്നു. റോമർ 13:1-ൽ നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചിരിക്കുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ. ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” ഈ വാക്കുകൾ, മററുള്ളവയുടെ കൂട്ടത്തിൽ, ഗതാഗതനിയമങ്ങൾ അനുസരിക്കണമെന്നും, റോമർ 13:7-ൽ അപ്പൊസ്തലനായ പൗലോസ് സൂചിപ്പിക്കുന്നതുപോലെ, നികുതികളും കപ്പങ്ങളും കൊടുക്കുന്നതിൽ മനഃസാക്ഷിബോധമുള്ളവരായിരിക്കണമെന്നും നമ്മോടാവശ്യപ്പെടുന്നു.
12. കൈസറോടുള്ള നമ്മുടെ കീഴ്പ്പെടൽ ഏതർത്ഥത്തിൽ ആപേക്ഷികമായിരിക്കുന്നു?
12 എന്നിരുന്നാലും, കൈസർക്കുള്ള അത്തരം സകല കീഴ്പ്പെടലുകളും ആപേക്ഷികമായിരിക്കണമെന്നു വ്യക്തമാണ്. മത്തായി 22:21-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുക്രിസ്തു പ്രസ്താവിച്ച തത്ത്വം നാം എല്ലായ്പ്പോഴും ഓർത്തിരിക്കണം: “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” ഓക്സ്ഫോർഡ് നിവ് [പുതിയ അന്താരാഷ്ട്ര പരിഭാഷ] സ്കോഫീൽഡ് സ്ററഡി ബൈബിൾ റോമർ 13:1-നു കൊടുത്തിരിക്കുന്ന ഒരു അടിക്കുറിപ്പ് ഇങ്ങനെ പ്രസ്താവിക്കുന്നു: “അയാൾ അധാർമ്മികമോ ക്രിസ്തീയവിരുദ്ധമോ ആയ നിബന്ധനകൾ അനുസരിക്കേണ്ടതാണെന്ന് ഇതിനർത്ഥമില്ല. അങ്ങനെയുള്ള കേസുകളിൽ, മനുഷ്യരെക്കാളുപരി ദൈവത്തെ അനുസരിക്കുകയെന്നത് അയാളുടെ കർത്തവ്യമാണ് (പ്രവൃത്തികൾ 5:29; cp. ദാനി. 3:16-18; 6:10ff).”
കുടുംബവൃത്തത്തിനുള്ളിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ
13. കുടുംബവൃത്തത്തിനുള്ളിലെ ഭക്തിപൂർവകമായ കീഴ്പ്പെടൽ അതിലെ അംഗങ്ങളിൽനിന്ന് എന്താവശ്യപ്പെടുന്നു?
13 കുടുംബവൃത്തത്തിനുള്ളിൽ ഭർത്താവും പിതാവുമായവൻ തലവനായി സേവിക്കുന്നു. ഇതു ഭാര്യ എഫെസ്യർ 5:22, 23-ൽ നൽകപ്പെട്ടിരിക്കുന്ന ബുദ്ധ്യുപദേശം അനുസരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.”a കുട്ടികളെസംബന്ധിച്ചാണെങ്കിൽ, അവർ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാതെ പിതാവിനോടും മാതാവിനോടുമുള്ള ഭക്തിപൂർവകമായ കീഴ്പ്പെടലിനു കടപ്പെട്ടിരിക്കുന്നു, എഫെസ്യർ 6:1-3-ൽ പൗലോസ് വിശദീകരിക്കുന്നതുപോലെ, “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പനയാകുന്നു.”
14. ഭക്തിപൂർവകമായ കീഴ്പ്പെടൽ കുടുംബത്തലവൻമാരിൽനിന്ന് എന്താവശ്യപ്പെടുന്നു?
14 തീർച്ചയായും, ഭർത്താക്കൻമാരും പിതാക്കൻമാരുംതന്നെ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുമ്പോൾ അതു ഭാര്യമാർക്കും മക്കൾക്കും അങ്ങനെയുള്ള ഭക്തിപൂർവകമായ കീഴ്പ്പെടൽ കാണിക്കുന്നതു കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. അവർ എഫെസ്യർ 5:28, 29-ലും 6:4-ലും കാണപ്പെടുന്നവപോലുള്ള ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയായി ശിരഃസ്ഥാനം പ്രയോഗിച്ചുകൊണ്ട് ഇതു ചെയ്യുന്നു: “അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.” “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ [യഹോവയുടെ, NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററിവളർത്തുവിൻ.”
ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിൽ സഹായം
15. ആത്മാവിന്റെ ഏതു ഫലം ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിനു നമ്മെ സഹായിക്കും?
15 ഈ വിവിധ മണ്ഡലങ്ങളിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിനു നമ്മെ എന്തു സഹായിക്കും? ഒന്നാമതായി, നിസ്വാർത്ഥസ്നേഹമുണ്ട്—യഹോവയാം ദൈവത്തോടും അവിടുന്നു നമ്മുടെമേൽ ആക്കിവെച്ചിരിക്കുന്നവരോടുമുള്ള സ്നേഹം. “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല” എന്ന് 1 യോഹന്നാൻ 5:3-ൽ നമ്മോടു പറഞ്ഞിരിക്കുന്നു. യേശു യോഹന്നാൻ 14:15-ൽ അതേ ആശയം പ്രസ്താവിച്ചു: “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.” സത്യമായി, സ്നേഹം—ആത്മാവിന്റെ അതിപ്രധാനമായ ഫലം—യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനെയെല്ലാം വിലമതിക്കാനും അങ്ങനെ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കാനും നമ്മെ സഹായിക്കും.—ഗലാത്യർ 5:22.
16. ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിനു ഭക്തിപൂർവകമായ ഭയം എന്തു സഹായം നൽകും?
16 രണ്ടാമതായി, ഭക്തിപൂർവകമായ ഭയമുണ്ട്. യഹോവയാം ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം നമ്മെ സഹായിക്കും, എന്തുകൊണ്ടെന്നാൽ അതിന്റെ അർത്ഥം “ദോഷത്തെ വെറുക്കു”ന്നുവെന്നാണ്. (സദൃശവാക്യങ്ങൾ 8:13) നിസ്സംശയമായി, യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം മനുഷ്യഭയം നിമിത്തം വിട്ടുവീഴ്ച ചെയ്യുന്നതിൽനിന്നു നമ്മെ തടയും. ഏതു പ്രയാസങ്ങളെ തരണംചെയ്യേണ്ടതുണ്ടെങ്കിലും ദൈവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനും അതു നമ്മെ സഹായിക്കും. കൂടാതെ, ദുഷ്പ്രവൃത്തിക്കുള്ള പ്രലോഭനങ്ങൾക്ക് അല്ലെങ്കിൽ ചായ്വുകൾക്കു വഴങ്ങുന്നതിൽനിന്നു നമ്മെ അതു തടയും. തന്റെ പ്രിയപുത്രനായ ഇസ്ഹാക്കിനെ ബലിയർപ്പിക്കാൻ മുതിരുന്നതിന് അബ്രഹാമിനെ പ്രാപ്തനാക്കിയതു യഹോവാഭയമായിരുന്നുവെന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. പോത്തീഫറിന്റെ ഭാര്യയുടെ അധാർമ്മികമുന്നേററങ്ങളെ വിജയകരമായി ചെറുത്തുനിൽക്കാൻ യോസേഫിനെ പ്രാപ്തനാക്കിയതു യഹോവാഭയമായിരുന്നു.—ഉല്പത്തി 22:12; 39:9.
17. നാം ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിൽ വിശ്വാസം വഹിക്കുന്ന പങ്കെന്ത്?
17 മൂന്നാമത്തെ സഹായം യഹോവയാം ദൈവത്തിലുള്ള വിശ്വാസമാണ്. സദൃശവാക്യങ്ങൾ 3:5, 6 നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം അനുസരിക്കുന്നതിനു വിശ്വാസം നമ്മെ പ്രാപ്തരാക്കും: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” നാം അന്യായമായി കഷ്ടപ്പെടുന്നതായി അല്ലെങ്കിൽ നമ്മുടെ വർഗ്ഗമോ ദേശീയത്വമോ നിമിത്തമോ ഏതെങ്കിലും വ്യക്തിത്വഭിന്നതനിമിത്തമോ വിവേചനം കാട്ടപ്പെടുന്നതായി തോന്നുമ്പോൾ വിശ്വാസം വിശേഷാൽ നമ്മെ സഹായിക്കും. ഒരു മൂപ്പനായോ ശുശ്രൂഷാദാസനായോ സേവിക്കാൻ ശുപാർശചെയ്യാത്തപ്പോൾ തങ്ങളെ തെററായി അവഗണിച്ചതാണെന്നും ചിലർ വിചാരിച്ചേക്കാം. നമുക്കു വിശ്വാസമുണ്ടെങ്കിൽ, തന്റെ തക്ക സമയത്തു കാര്യങ്ങൾ നേരെയാക്കാൻ യഹോവക്കായി നാം കാത്തിരിക്കും. ഇതിനിടയിൽ നാം ക്ഷമാപൂർവകമായ സഹിഷ്ണുത നട്ടുവളർത്തേണ്ടതുണ്ടായിരിക്കാം.—വിലാപങ്ങൾ 3:26.
18. ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിനുള്ള നാലാമത്തെ സഹായമെന്താണ്?
18 നാലാമത്തെ സഹായം താഴ്മയാണ്. താഴ്മയുള്ള ഒരാൾക്കു ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കാൻ പ്രയാസമില്ല, എന്തുകൊണ്ടെന്നാൽ ‘മനസ്സിന്റെ എളിമയോടെ മററുള്ളവർ തന്നേക്കാൾ ശ്രേഷ്ഠരാണെന്ന് അയാൾ പരിഗണിക്കുന്നു.’ താഴ്മയുള്ള ഒരാൾ “ഒരു ചെറിയവൻ” ആയി വർത്തിക്കാൻ സന്നദ്ധനാണ്. (ഫിലിപ്പിയർ 2:2-4; ലൂക്കോസ് 9:48, NW) എന്നാൽ അഹങ്കാരിയായ വ്യക്തി കീഴ്പ്പെട്ടിരിക്കുന്നതിൽ നീരസപ്പെടുകയും അതിൽ പ്രകോപിതനാകുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാൾ വിമർശനത്താൽ ദോഷംഭവിക്കാതെ സഹായിക്കപ്പെടുന്നതിലുപരി പ്രശംസയാൽ വഷളാക്കപ്പെടുമെന്നു പറയപ്പെട്ടിരിക്കുന്നു.
19. വാച്ച്ടവർ സൊസൈററിയുടെ ഒരു മുൻ പ്രസിഡണ്ട് താഴ്മയുടെ എന്തു നല്ല മാതൃക വെച്ചു?
19 താഴ്മയുടെയും ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെയും നല്ല മാതൃക വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറ് വെക്കുകയുണ്ടായി. ഹിററ്ലർ ജർമ്മനിയിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചപ്പോൾ തങ്ങളുടെ യോഗങ്ങളിൻമേലും പ്രസംഗപ്രവർത്തനത്തിൻമേലുമുള്ള നിരോധനത്തിന്റെ വീക്ഷണത്തിൽ തങ്ങൾ എന്തു ചെയ്യണമെന്ന് അവിടത്തെ സഹോദരൻമാർ അദ്ദേഹത്തോട് എഴുതി ചോദിച്ചു. അദ്ദേഹം ഇതു ബെഥേൽ കുടുംബത്തോടു പറയുകയും ജർമ്മൻസഹോദരങ്ങളോടു എന്തു പറയണമെന്നു തനിക്കറിയില്ലെന്നു തുറന്നുസമ്മതിക്കുകയും ചെയ്തു, വിശേഷിച്ച് ഉൾപ്പെട്ടിരുന്ന കഠിനശിക്ഷകളുടെ വീക്ഷണത്തിൽ. അവരോട് എന്തു പറയണമെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ അതു കേൾക്കാൻ തനിക്കു സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തൊരു താഴ്മയുള്ള മനോഭാവം!b
ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ
20. ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിൽനിന്ന് ഏതനുഗ്രഹങ്ങൾ ലഭിക്കുന്നു?
20 ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ എന്താണെന്ന് ഉചിതമായി ചോദിക്കപ്പെട്ടേക്കാം. തീർച്ചയായും നിരവധിയാണ്. നാം, സ്വതന്ത്രമായി പ്രവർത്തിക്കുന്നവരുടെ ഭാഗധേയമായ ഉത്ക്കണ്ഠകളും നൈരാശ്യങ്ങളും ഒഴിഞ്ഞുപോകുന്നു. നാം യഹോവയാം ദൈവവുമായുള്ള നല്ല ബന്ധം ആസ്വദിക്കുന്നു. നമുക്കു നമ്മുടെ ക്രിസ്തീയസഹോദരൻമാരുമായുള്ള ഏററവും നല്ല സഹവാസമുണ്ട്. കൂടാതെ, നാം നിയമാനുസൃതം പെരുമാറുന്നതിന്റെ ഫലമായി ലൗകികാധികാരങ്ങളുമായി അനാവശ്യമായി കുഴപ്പത്തിലാകുന്നതൊഴിവാക്കുന്നു. നാം ഭർത്താക്കൻമാരും ഭാര്യമാരും എന്ന നിലയിൽ, മാതാപിതാക്കൻമാരും മക്കളുമെന്ന നിലയിൽ, സന്തുഷ്ട കുടുംബജീവിതവും ആസ്വദിക്കുന്നു. മാത്രവുമല്ല, ഭക്തിപൂർവകമായ കീഴ്പ്പെടൽ നിലനിർത്തുന്നതിനാൽ നാം സദൃശവാക്യങ്ങൾ 27:11-ൽ നൽകിയിരിക്കുന്ന ബുദ്ധ്യുപദേശത്തിന് അനുയോജ്യമായി പ്രവർത്തിക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”
[അടിക്കുറിപ്പുകൾ]
a ഒരു പയനിയർ ശുശ്രൂഷകൻ തന്റെ ഭാര്യയുടെ ആദരവിനെയും സ്നേഹപൂർവകമായ പിന്തുണയെയും കുറിച്ചു ഒരു അവിവാഹിത പയനിയറോടു ശ്ലാഘിച്ചുപറഞ്ഞു. തന്റെ സുഹൃത്ത് അയാളുടെ ഭാര്യയുടെ മററു ഗുണങ്ങളെക്കുറിച്ചും എന്തെങ്കിലും പറയേണ്ടതാണെന്ന് അവിവാഹിത പയനിയർ വിചാരിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം അവിവാഹിത പയനിയർതന്നെ വിവാഹിതനായപ്പോൾ വൈവാഹികസന്തുഷ്ടിക്കു ഭാര്യയുടെ ഭാഗത്തെ സ്നേഹപൂർവകമായ പിന്തുണ എത്ര മർമ്മപ്രധാനമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
b വളരെയധികം പ്രാർത്ഥനക്കും ദൈവവചനപഠനത്തിനും ശേഷം ജർമ്മനിയിലെ സഹോദരങ്ങൾക്കു കൊടുക്കേണ്ട മറുപടി ജോസഫ് റതർഫോർഡ് വ്യക്തമായി കണ്ടു. അവർ എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും പറയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നില്ല. ഒന്നിച്ചുകൂടുന്നതും സാക്ഷീകരിക്കുന്നതും സംബന്ധിച്ചു തങ്ങൾ എന്തു ചെയ്യണമെന്ന് അവരോടു വ്യക്തമായി പറയുന്ന ദൈവവചനം അവർക്കുണ്ടായിരുന്നു. അതുകൊണ്ടു ജർമ്മൻ സഹോദരൻമാർ ഒളിവിൽ പോയെങ്കിലും ഒന്നിച്ചുകൂടാനും തന്റെ നാമത്തെയും രാജ്യത്തെയും കുറിച്ചു സാക്ഷീകരിക്കാനുമുള്ള യഹോവയുടെ കല്പനകൾ അവർ അനുസരിച്ചുകൊണ്ടിരുന്നു.
പുനരവലോകന ചോദ്യങ്ങൾ
◻ ദൈവം ഏതു മനുഷ്യരെ ആശയവിനിമയ സരണിയായി ഉപയോഗിച്ചിട്ടുണ്ട്, അവിടത്തെ ദാസൻമാർക്ക് അവരോട് എന്തു കടപ്പാടുണ്ടായിരുന്നു?
◻ ഏതു വിവിധ ബന്ധങ്ങളിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ ബാധകമാകുന്നു?
◻ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിന് ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും?
◻ ഭക്തിപൂർവകമായ കീഴ്പ്പെടൽ ഏതനുഗ്രഹങ്ങളിൽ കലാശിക്കുന്നു?
[16-ാം പേജിലെ ചിത്രം]
ദൈവം തന്റെ ജനത്തെ തന്റെ ഇഷ്ടം അറിയിക്കുന്നതിനു യെരൂശലേമിലെ ആലയസ്ഥാപനത്തെ ഉപയോഗിച്ചു
[18-ാം പേജിലെ ചിത്രം]
നമുക്കു ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കാൻ കഴിയുന്ന മണ്ഡലങ്ങൾ