ദൈവവചനത്തിൽ നിന്നു ആശ്വാസം തേടുക
യഹോവ, “നമ്മുടെ കഷ്ടങ്ങളിലെല്ലാം നമ്മെ ആശ്വസിപ്പിക്കുന്ന സർവ്വാശ്വാസത്തിന്റെയും ദൈവവും മൃദുല കാരുണ്യങ്ങളുടെ പിതാവും” ആണ്. (2 കൊരിന്ത്യർ 1:3, 4) അതുകൊണ്ട് യാതനകളുടെ സന്ദർഭങ്ങളിൽ അവനിലേക്കും അവന്റെ വചനത്തിലേക്കും ആണ് യഥാർത്ഥ സാന്ത്വനങ്ങൾക്കും സ്വാസ്ഥ്യത്തിനുമായി നാം തിരിയേണ്ടത്.—റോമർ 15:4.
നാം ദൈവത്തോട് വിശ്വസ്തരാണെങ്കിൽ, അവൻ ‘ഒരു പ്രകാരത്തിലും നമ്മെ കൈവെടിയുകയോ ഉപേക്ഷിക്കുകയോ ഇല്ല.’ അതുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ നമുക്കിങ്ങനെ പറയാം: “യഹോവയത്രെ എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യനെന്നോട് എന്തുചെയ്യാനാണ്?” (എബ്രായർ 13:5, 6; സങ്കീർത്തനങ്ങൾ 37:39, 40; 145:20) തീർച്ചയായും അതുകൊണ്ട് കൊടും യാതന അനുവദിക്കുമ്പോഴും നാം വിഷാദമഗ്നരോ നിരുത്സാഹികളോ ആയിരിക്കേണ്ടതില്ല.
നമ്മുടെ നാളുകളിൽ നിറവേറിക്കൊണ്ടിരിക്കുന്ന യേശുവിന്റെ മഹത്തായ പ്രവചനത്തിന്റെ ഭാഗമായി അവൻ ഇങ്ങനെ പറഞ്ഞു: “മാതാപിതാക്കളാലും സഹോദരങ്ങളാലും സ്നേഹിതരാലും ബന്ധുക്കളാലും നിങ്ങൾ എൽപ്പിക്കപ്പെടും; നിങ്ങളിൽ ചിലരെ അവർ കൊല്ലിക്കുകയും ചെയ്യും; എന്റെ നാമം നിമിത്തം സകല ആളുകളുടെയും മുമ്പാകെ നിങ്ങൾ വിദ്വേഷപാത്രങ്ങളായിത്തീരുകയും ചെയ്യും.” എന്നാൽ അതിന് തൊട്ട് പിന്നാലെ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “എങ്കിലും നിങ്ങളുടെ ശിരസ്സുകളിലെ ഒരു രോമം പോലും ഏതെങ്കിലും പ്രകാരത്തിൽ നശിക്കുകയില്ല.” (ലൂക്കോസ് 21:16-18) അതെങ്ങനെയായിരിക്കും? അപ്പോസ്തലനായ പൗലോസിനെ നിലനിർത്തിയ അതേ പുനരുത്ഥാന പ്രത്യാശ നിമിത്തം തന്നെ (യോഹന്നാൻ 5:28, 29; 2 കൊരിന്ത്യർ 1:9, 10) ഭാവിയിലേക്കുള്ള നമ്മുടെ അത്ഭുതപ്രത്യാശയെ മരണത്തിനുപോലും എടുത്തുകളയാൻ കഴിയുകയില്ല. എന്നറിയുന്നത് ആശ്വാസദായകമല്ലേ?
ശാരീരിക ദണ്ഡനം അനുഭവിക്കുന്ന പീഡിതരായ ക്രിസ്ത്യാനികൾക്കും ക്രൂരതകൾ മൂലം അംഗഭംഗമോ മുടന്തോ നേരിട്ടവർക്കും ബലാൽസംഗത്തിനിരയായ ദൈവഭക്തകളായ സ്ത്രീകൾക്കും തങ്ങളുടെ കുട്ടികളിൽ നിന്ന് ബലാൽ വേർപ്പെടുത്തപ്പെട്ട മാതാപിതാക്കൾക്കും ഈ പ്രത്യാശയും അതോടൊപ്പമുള്ള ദൈവത്തിന്റെ സഹായ വാഗ്ദാനങ്ങളും കൈവരുത്തുന്ന ആശ്വാസത്തെക്കുറിച്ച് ചിന്തിക്കുക. അതെ, യഹോവയുടെ വചനത്തിൽ, മഹോപദ്രവത്തിങ്കൽ പോലും ആഹ്ളാദിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന സാന്ത്വനങ്ങളുടെയും ഉറപ്പുകളുടെയും നിരവധി പ്രയോഗങ്ങൾ നമുക്ക് കാണാൻ കഴിയും.—മത്തായി 5:10-12.
പ്രതിഫലം മനസ്സിൽ പിടിക്കുക
കഷ്ടതകളും യാതനകളും അനുവദിക്കുമ്പോൾ മററു ദൈവദാസൻമാർക്ക് സംഭവിച്ചിട്ടില്ലത്ത യാതൊന്നും നമുക്ക് ഭവിക്കുന്നില്ല എന്നോർക്കുക. അപ്പോസ്തലനായ പൗലോസ് എന്തിന് പ്രേരിപ്പിച്ചുവോ അതു നാം ചെയ്യുന്നുവെങ്കിൽ യഹോവയെ നാം സേവിക്കുന്നത് നിർത്തുന്നതിനുള്ള സാത്താന്റെ തന്ത്രങ്ങളെ ചെറുക്കുന്നതിന് നമുക്ക് കഴിയും. അവൻ ഇങ്ങനെ പറഞ്ഞു: “ലോകത്തിലുള്ള നിങ്ങളുടെ സഹോദരങ്ങളുടെ മുഴു സമൂഹത്തിൻമേലും കഷ്ടതകളുടെ രൂപത്തിൽ ഇതേ കാര്യങ്ങൾ നിറവേറുന്നു എന്നറിഞ്ഞുകൊണ്ട് വിശ്വാസത്തിൽ ദൃഢതയോടെ [പിശാചിനെതിരെ] നിങ്ങൾ നിലകൊള്ളുക.” (1 പത്രോസ് 5:9) അതെ, മററു ക്രിസ്ത്യാനികൾ അനുരജ്ഞനത്തിന് മുതിരാതെ സമാനമായ പരിശോധനകൾ സുവാർത്തയെ പ്രതി സഹിക്കുന്നു. നമുക്കും അതുതന്നെ ചെയ്യാൻ കഴിയും.
നാം ഉറച്ചുനിന്നവരെപ്പററി മാത്രമല്ല അവർക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചും കുറിക്കൊള്ളേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന്: ഇയ്യോബ് യഹോവയെ സേവിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങളെ പ്രതിമാത്രമാണ് എന്ന് തെളിയിക്കാനുള്ള അശ്രാന്തപരിശ്രമത്തിൽ സാത്താൻ ഈ ദൈവപുരുഷന്റെമേൽ ഒന്നിനു പിറകെ ഒന്നായി യാതനകൾ വരുത്തി. ആദ്യം അവന്റെ കന്നുകാലികൾ നശിപ്പിക്കപ്പെട്ടു, തുടർന്ന് അവന്റെ ദാസൻമാർ, ഒടുവിൽ അവന്റെ പത്തുമക്കൾ പോലും. അതുകൊണ്ട് മതിയാകാതെ “അവന്റെ ഉള്ളങ്കാൽ മുതൽ നെറുകവരെ ദുഷിച്ച വൃണങ്ങളാൽ” സാത്താൻ ഇയ്യോബിനെ ബാധിച്ചു. (ഇയ്യോബ് 1, 2 അദ്ധ്യായങ്ങൾ) ഈ ക്ലേശങ്ങൾ നിമിത്തം ഇയ്യോബ് ദൈവത്തോടുള്ള നിർമ്മലത ഉപേക്ഷിച്ചോ?
ഇല്ല അവൻ അങ്ങനെ ചെയ്തില്ല. പ്രതിഫലം സംബന്ധിച്ചെന്ത്? കൊള്ളാം, അവനുണ്ടായിരുന്ന സകലത്തിന്റെയും “ഇരട്ടി” നൽകികൊണ്ട് യഹോവ ഇയ്യോബിന്റെ ആരോഗ്യത്തെ പുനസ്ഥിതീകരിക്കുകയും അവന് സംതൃപ്തികരമായ ഒരു നീണ്ട ആയുസ്സ് നൽകുകയും ചെയ്തു. (ഇയ്യോബ് 42:10-17) ഈ പ്രതിഫലങ്ങൾക്ക് പുറമേ പരദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടുകൂടിയ പുനരുത്ഥാനമെന്ന വലുതായ മറെറാന്നും കൂടിയുണ്ട്. (ഇയ്യോബ് 14:13-15) തീർച്ചയായും, ഇയ്യോബിന്റെ അനുഭവങ്ങൾ യാതന അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് ഇന്ന് ആശ്വാസവും ശക്തിയും പകർന്നു തരുന്നു.
“യഹോവ തുണക്കുന്നു”
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിലെ തടങ്കൽപാളയങ്ങളിൽ അനേകവർഷക്കാലത്തെ ദുരിതം സഹിക്കേണ്ടിവന്ന ഒരു ക്രിസ്തീയ സ്ത്രീയുടെ കാര്യം പരിഗണിക്കുക. ഘോരമായ ജീവിതസ്ഥിതിക്കും നിഷ്ഠൂരമായ പീഡനത്തിനും പരിമിതികൾക്കും പുറമേ തന്റെ ഭർത്താവിനും കുട്ടിക്കും എന്തു സംഭവിക്കുന്നുവെന്നറിയാൻ നിവൃത്തി ഇല്ലാത്തവിധം അഞ്ച് വർഷക്കാലത്തേക്ക് അവർ ബലംപ്രയോഗിച്ച് അവളിൽ നിന്നും വേർപെടുത്തപ്പെടുകയും ചെയ്തു. ഒടുവിൽ വർഷങ്ങൾ നീണ്ടുനിന്ന വിശ്വസ്തമായ സഹിച്ചു നിൽപ്പിനുശേഷം അവൾ തന്റെ ഭർത്താവിനോടും കുട്ടിയോടും വീണ്ടും ഒന്നിച്ചു ചേരുകയും അന്നുമുതൽ എല്ലായ്പ്പോഴും അവർ മൂവരും യഹോവയെ വിശ്വസ്തമായി സേവിച്ചു പോരുകയും ചെയ്യുന്നു. തന്റെ അനുഭവം സംബന്ധിച്ചുള്ള അവളുടെ അഭിപ്രയങ്ങൾ ശ്രദ്ധിക്കുക:
“ജർമ്മൻ തടങ്കൽ പാളയങ്ങളിലെ എന്റെ വർഷങ്ങൾ എന്നെ ഒരു വിശേഷമായ പാഠം പഠിപ്പിച്ചു. നിങ്ങൾ അതിതീവ്രമായ പരിശോധനക്ക് വിധേയമാകുമ്പോൾ യഹോവയുടെ ആത്മാവിന് എത്ര മഹത്തായ വിധമാണ് നിങ്ങളെ സഹായിക്കാൻ കഴിയുന്നത് എന്ന് തന്നെ! എന്നെ അറസ്ററ് ചെയ്യുന്നതിന് മുമ്പ് ഞാൻ ഒരു സഹോദരിയുടെ കത്തിൽ, കഠിനമായ പീഡനങ്ങൾ നേരിടുമ്പോൾ യഹോവയുടെ ആത്മാവ് നമ്മെ ഒരു പ്രശാന്തത വന്നു പൊതിയുന്നതിന് ഇടയാക്കുന്നു എന്ന് ഞാൻ വായിച്ചിരുന്നു. അവൾ അൽപ്പം അതിശയോക്തി കലർത്തുകയാണ് എന്ന് ഞാൻ കരുതി. പക്ഷെ ഞാൻ സ്വയം പരിശോധനകളിലൂടെ കടന്നപ്പോൾ അവൾ പറഞ്ഞത് സത്യമായിരുന്നു എന്നു ഞാൻ അറിഞ്ഞു. അതു യഥാർത്ഥത്തിൽ അങ്ങനെ തന്നെ സംഭവിക്കുന്നു. അങ്ങനെ സങ്കൽപ്പിക്കുക ബുദ്ധിമുട്ടാണ്, നിങ്ങൾ അതു അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിൽ. എന്നാൽ അതു എനിക്ക് വാസ്തവത്തിൽ അനുഭവപ്പെട്ടു. യഹോവ തുണക്കുന്നു.”
ഈ വാക്കുകൾ നിങ്ങൾക്ക് ആശ്വാസവും ശക്തിയും പകർന്നു തരുന്നില്ലേ? പരിശോധനയിൻ കീഴെ തന്റെ നിർമ്മലത കാത്തുരക്ഷിച്ചതു മൂലം ഈ ക്രിസ്തീയ വനിത അവളുടെ കുടുംബത്തോടൊത്ത് അവളുടെ നിത്യജീവന്റെ പ്രത്യാശ സാക്ഷാത്കരിക്കുന്നതും കാത്ത് മുന്നോട്ട് നോക്കിപ്പാർത്തിരിക്കുന്നു. (എബ്രായർ 10:39) വിശ്വസ്തതക്ക് എത്ര മഹത്തായ ഒരു പ്രതിഫലം!
വർഷങ്ങളോളം പരിശോധനകൾ അനുഭവിച്ചശേഷം നമ്മുടെ സഹോദരനായ പൗലോസിന് എന്തുതോന്നി? നിരുത്സാഹമോ? നിരാശയോ? വിഷാദമോ? ഒരിക്കലുമില്ല. തനിക്ക് സഹിച്ചു നിൽക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് അവന് ശുഭാപ്തിവിശ്വാസവും, പ്രത്യാശയും സന്തോഷവുമാണ് അനുഭവപ്പെട്ടത് “ഞാൻ നല്ലപോർ പൊരുതി, ഞാൻ ഓട്ടം തികച്ചു ഞാൻ വിശ്വാസം കാത്തുമിരിക്കുന്നു” എന്നു പൗലോസ് പറഞ്ഞു. “ആ നാളിൽ നീതിയുള്ള ന്യായാധിപനായ കർത്താവ് ഒരു പ്രതിഫലമായി എനിക്കുന്ന തരുന്ന നീതിയുടെ കിരീടം ഈ സമയം മുതൽ എനിക്കായി വെച്ചിരിക്കുന്നു.” (2 തിമൊഥെയോസ് 4:7, 8) പൗലോസ് അവന്റെ ഗതി പതറാതെ കാത്തു, അവന് സ്വർഗ്ഗീയ പ്രതിഫലം ലഭിക്കുകയും’ ചെയ്തു. (ഫിലിപ്യർ 3:4-14) അത്തരം ഉത്തമ ദൃഷ്ടാന്തത്താൽ ആരാണ് ആശ്വസിപ്പിക്കപ്പെടാത്തത്? നമുക്കും അതുപോലെ യാതന സഹിച്ച്, തിരുവെഴുത്തുകളിൽ നിന്ന് ആശ്വാസം ഉൾക്കൊണ്ട് നമ്മുടെ സ്നേഹവാനായ യഹോവയാം ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാം. (w85 9/15)
[7-ാം പേജിലെ ചിത്രം]
ഇയ്യോബിന്റെ അനുഭവം ഇന്നത്തെ കഷ്ടതയനുഭവിക്കുന്ന
ക്രിസ്ത്യാനികൾക്ക് ശക്തി നൽകുന്നു