പാഠം 11
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?
മെക്സിക്കോ
ജർമനി
ബോട്സ്വാന
നിക്കരാഗ്വ
ഇറ്റലി
ഈ ആളുകൾ ഇത്ര സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ഒരു സമ്മേളനത്തിൽ പരിപാടികൾ ആസ്വദിക്കുകയാണ് ഇവർ. വർഷത്തിൽ മൂന്നു തവണ വലിയ കൂട്ടങ്ങളായി കൂടിവരാൻ പുരാതന കാലത്തെ തന്റെ ജനത്തോടു ദൈവം ആവശ്യപ്പെട്ടിരുന്നു. (ആവർത്തനം 16:16) അവരെപ്പോലെ വലിയ കൂട്ടങ്ങളായി ഒന്നിച്ചുകൂടാൻ ഞങ്ങളും താത്പര്യത്തോടെ കാത്തിരിക്കുന്നു. ഓരോ വർഷവും ഞങ്ങൾക്ക് മൂന്നു സമ്മേളനമുണ്ട്: ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേളനവും, മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേഖലാ കൺവെൻഷനും. ഈ സമ്മേളനങ്ങളിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?
ഞങ്ങളുടെ ക്രിസ്തീയസാഹോദര്യം ബലിഷ്ഠമാക്കുന്നു. “സമ്മേളനങ്ങളിൽ” യഹോവയെ സ്തുതിക്കുന്നത് ഇസ്രായേല്യർക്കു സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു; ഞങ്ങൾക്കും അത് അങ്ങനെതന്നെയാണ്. (സങ്കീർത്തനം 26:12, അടിക്കുറിപ്പ്; 111:1) മറ്റു സഭകളിൽനിന്നു മാത്രമല്ല, മറ്റു ദേശങ്ങളിൽനിന്നുപോലുമുള്ള യഹോവയുടെ സാക്ഷികളെ കാണാനും അവരോടു സഹവസിക്കാനും ഉള്ള നല്ല അവസരങ്ങളാണ് ഈ സമ്മേളനങ്ങൾ. ഉച്ചയ്ക്ക് സഹവിശ്വാസികളുടെകൂടെ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും ഒരു സന്തോഷമാണ്; അതു സമ്മേളനങ്ങളിലെ സന്തോഷം ഒന്നുകൂടി കൂട്ടുന്നു. (പ്രവൃത്തികൾ 2:42) ലോകമെമ്പാടുമുള്ള ഞങ്ങളുടെ “സഹോദരസമൂഹത്തെ” ഒറ്റക്കെട്ടാക്കി നിറുത്തുന്ന ക്രിസ്തീയസ്നേഹം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു അവസരംകൂടെയാണ് ഈ സമ്മേളനങ്ങൾ.—1 പത്രോസ് 2:17.
ആത്മീയമായി പുരോഗമിക്കാൻ ഞങ്ങളെ സഹായിക്കുന്നു. വിശദീകരിച്ചുകൊടുത്ത തിരുവെഴുത്തുകൾ “ജനത്തിനു മനസ്സിലായതുകൊണ്ട്” അവർക്കു പ്രയോജനം ചെയ്തു. (നെഹമ്യ 8:8, 12) സമ്മേളനങ്ങളിലൂടെ കിട്ടുന്ന, തിരുവെഴുത്തുനിർദേശങ്ങൾ ഞങ്ങളും വിലമതിക്കുന്നു. സമ്മേളനത്തിലെ ഓരോ പരിപാടിയും ഒരു തിരുവെഴുത്തു വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ നടക്കുന്ന പ്രസംഗങ്ങളിലൂടെയും സിമ്പോസിയങ്ങളിലൂടെയും പുനരവതരണങ്ങളിലൂടെയും ദൈവത്തിന്റെ ഇഷ്ടം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്നു ഞങ്ങൾ പഠിക്കുന്നു. ഈ ദുഷ്കരനാളുകളിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങൾ കേൾക്കുന്നതും ഞങ്ങൾക്കു പ്രോത്സാഹനം പകരുന്നു. ബൈബിൾ വിവരണങ്ങളെ ജീവസ്സുറ്റതാക്കുന്ന നാടകങ്ങൾ ഞങ്ങളുടെ മേഖലാ കൺവെൻഷനുകളിലെ പ്രധാനസവിശേഷതയാണ്. പ്രായോഗികമായ പല പാഠങ്ങളും ഈ നാടകങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാനപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും എല്ലാ സമ്മേളനങ്ങളിലുമുണ്ട്.
സമ്മേളനങ്ങൾ സന്തോഷത്തിന്റെ വേളകളായിരിക്കുന്നത് എന്തുകൊണ്ട്?
സമ്മേളനത്തിൽ പങ്കെടുക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കിട്ടും?