അടിമത്തത്തിന്റെ നിന്ദ്യമായ ഗതകാലത്തേക്ക് ഒരു എത്തിനോട്ടം
സെനെഗൽ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ തീരത്തു നിന്ന് അധികം അകലെയല്ലാതെ ഡക്കാർ എന്ന നഗരത്തോടു ചേർന്നാണ് ഇൽ ദെ ഗോറേ സ്ഥിതിചെയ്യുന്നത്. 1848 വരെയുള്ള 312 വർഷക്കാലം ഈ ദ്വീപ് തഴച്ചുവളരുന്ന മനുഷ്യക്കച്ചവടത്തിന്റെ കേന്ദ്രസ്ഥാനമായി വർത്തിച്ചിരുന്നു. 1763-നും 1775-നും ഇടയ്ക്കു മാത്രമായി 1,03,000 അടിമകൾ ഗോരേയിൽ നിന്ന് നാന്റ്സ് തുറമുഖത്തിലൂടെ കയറ്റി അയയ്ക്കപ്പെട്ടിരുന്നതായി ഫ്രാൻസിലെ നാന്റ്സ് തുറമുഖത്തിൽ നിന്നുള്ള രേഖകൾ വെളിപ്പെടുത്തുന്നു.
ഇന്ന് പ്രതിദിനം ശരാശരി 200 സന്ദർശകർ, മേസൊൻ ഡേസെസ്ക്ലാവ് എന്ന അടിമ ഭവന കാഴ്ചബംഗ്ലാവ് സന്ദർശിക്കുന്നു. നിസ്സഹായരായ ആ അടിമകൾ അനുഭവിച്ച ഘോരയാതനകളിൽ ചിലത് ടൂർ ഗൈഡായ ഷോസെഫ് ഇൻഡയ് വിവരിച്ചു: “ഞങ്ങളുടെ പൂർവികർ നാടുകടത്തപ്പെട്ടു, കുടുംബാംഗങ്ങൾ തമ്മിൽ വേർപെടുത്തപ്പെട്ടു, കന്നുകാലികളുടെ ദേഹത്ത് എന്ന പോലെ അവരുടെ ത്വക്കുകളിൽ ചുട്ടുപഴുപ്പിച്ച ലോഹംകൊണ്ടു മുദ്രകുത്തപ്പെട്ടു.” കുടുംബങ്ങളെ മൊത്തമായി ചങ്ങലയിട്ടാണ് അവിടേക്കു കൊണ്ടുവന്നിരുന്നത്. “അമ്മയെ അമേരിക്കയിലേക്ക് അയച്ചെങ്കിൽ അച്ഛനെ ബ്രസീലിലേക്കും മക്കളെ ആന്റിലിസിലേക്കും കൊണ്ടുപോയി,” ആ ടൂർ ഗൈഡ് വിശദീകരിച്ചു.
“തൂക്കം നോക്കിയശേഷം പുരുഷന്മാർ പ്രായവും കുലവും അനുസരിച്ചു വേർതിരിക്കപ്പെട്ടു. ചില വംശീയ കൂട്ടങ്ങൾക്ക് അവരുടെ കരുത്ത് അല്ലെങ്കിൽ സന്താനോത്പാദന ശേഷി കണക്കിലെടുത്തു കൂടുതൽ മൂല്യം കൽപ്പിച്ചിരുന്നു. ഉദാഹരണത്തിന്, യൊരൂബ വംശജർ ‘വിത്തുകുതിരകൾ’ എന്ന പോലെ അഭിലഷണീയം ആയിരുന്നു,” ഇൻഡയ് വിശദീകരിച്ചു.
തൂക്കം കുറഞ്ഞ അടിമകളെ ലേലം വിളിക്കുന്നതിനു മുമ്പ് പന്നികളെ പോലെ കൊഴുപ്പിക്കുമായിരുന്നു. അടിമ വ്യാപാരികൾ നിത്യവും രാത്രിയിൽ ലൈംഗിക തൃഷ്ണ ശമിപ്പിക്കാൻ യുവതികളെ തിരഞ്ഞെടുത്തു. മത്സരികളായ അടിമകളെ കഴുത്തിൽ കയറുകെട്ടി തൂക്കിക്കൊല്ലുന്നതിനു പകരം, ദീർഘനേരം വേദന തിന്നു മരിക്കത്തക്കവണ്ണം നെഞ്ചിൽ കയറുകെട്ടി തൂക്കിക്കൊല്ലുമായിരുന്നു.
1992-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഗോറേ സന്ദർശിക്കുകയുണ്ടായി. “അടിമ വ്യാപാരത്തെപ്രതി അദ്ദേഹം ക്ഷമ ചോദിച്ചു. ആഫ്രിക്കൻ ജനതയുടെ അടിമത്തത്തെ ഒരു സാധാരണ സംഗതിയായി അംഗീകരിച്ച കത്തോലിക്കാ മിഷനറിമാർ ഉൾപ്പെടെ അതിൽ പങ്കുണ്ടായിരുന്ന സകലർക്കും വേണ്ടി അദ്ദേഹം ക്ഷമാപണം നടത്തി” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
എന്നിരുന്നാലും, സംഭവിച്ചതെല്ലാം അംഗീകരിക്കാൻ വിസമ്മതിക്കുന്നവരും ഉണ്ട്. വർഷം തോറും 200-നും 500-നും ഇടയ്ക്ക് അടിമകളെ മാത്രമേ ഗോറേയിൽവെച്ച് വിറ്റിരുന്നുള്ളൂ എന്ന് നാന്റ്സ് രേഖകൾ കണ്ടെത്തുന്നതിനു രണ്ടര വർഷം മുമ്പ് ഒരു ഫ്രഞ്ച് ജസ്യൂട്ട് തറപ്പിച്ചു പറഞ്ഞു. “ഈ ക്രൂരതയുടെ കാഠിന്യം തിരിച്ചറിയാനോ അതുമായി പൊരുത്തപ്പെടാനോ [ഇന്നോളം] ലോകത്തിനു കഴിഞ്ഞിട്ടില്ല” എന്ന് ശ്രീ. ഇൻഡയ് അഭിപ്രായപ്പെട്ടു.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Gianni Dagli Orti/Corbis
Yann Arthus-Bertrand/Corbis
Reproduced from DESPOTISM—A Pictorial History of Tyranny