ബൈബിളിന്റെ വീക്ഷണം
മൃഗങ്ങളോടുള്ള ക്രൂരത—അതു തെറ്റാണോ?
മധ്യ അമേരിക്കയിലെ ഒരു പോർക്കളം. എല്ലാ കണ്ണുകളും ചെമപ്പും വെള്ളയും നിറങ്ങളിലുള്ള രണ്ടു പൂവൻകോഴികളിൽ തറച്ചിരിക്കുകയാണ്. കാലിൽ കെട്ടിവെച്ചിരിക്കുന്ന മൂർച്ചയേറിയ ബ്ലേഡുകൊണ്ടു ചെമന്ന പൂവൻ വെള്ള പൂവനെ ആക്രമിക്കവേ കാണികൾ ആർപ്പുവിളിക്കുന്നു. ഒരു റെഫറി രണ്ടു പൂവൻകോഴികളെയും എടുത്തു പിടിക്കുന്നു. വെള്ളപ്പൂവൻ തളർന്നു കുഴഞ്ഞ് ചത്തു വീണിരുന്നു, അതിന്റെ ശരീരത്തിൽ നിന്ന് അപ്പോഴും രക്തം ഇറ്റിറ്റു വീഴുന്നുണ്ട്. അതോടെ കോഴിപ്പോര് കഴിഞ്ഞു.
ഫിലിപ്പീൻസിന്റെ തെക്ക്, രണ്ടു വിത്തു കുതിരകളെ പോരിന് ഇറക്കുന്നു. കുതിരകൾ ചെവികളിലും കഴുത്തിലും മൂക്കിലും മറ്റു ശരീര ഭാഗങ്ങളിലും കടിച്ചു പരസ്പരം മുറിവ് ഏൽപ്പിക്കുമ്പോൾ കാണികൾ ആ ഘോര ദൃശ്യം കണ്ട് ആനന്ദിക്കുന്നു. ഒരുപക്ഷേ ആ കുതിരകൾ രണ്ടും ജീവനോടെ പോർക്കളം വിട്ടേക്കാം. എന്നാൽ, അതിൽ ഒരു കുതിരയ്ക്കെങ്കിലും അംഗഭംഗം സംഭവിക്കുകയോ കാഴ്ച നഷ്ടപ്പെടുകയോ ജീവഹാനിക്ക് ഇടയാക്കുന്ന മുറിവുകൾ ഉണ്ടാകുകയോ ചെയ്യുന്നു.
റഷ്യയിൽ രണ്ടു നായ്ക്കൾ അന്യോന്യം കടിപിടി കൂടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ണുകൾ മാന്തിപ്പറിക്കുകയും ചെവികൾ കടിച്ചു പറിക്കുകയും ചെയ്യുന്നു. അവ ഇപ്പോൾ ഞൊണ്ടി ഞൊണ്ടിയാണു നടക്കുന്നത്. ആഴത്തിലുള്ള മുറിവുകളിൽ നിന്നു രക്തം വാർന്നൊഴുകുന്നുമുണ്ട്.
നൂറ്റാണ്ടുകളായി, മനുഷ്യർ വിനോദത്തിന്റെ പേരിൽ മൃഗങ്ങളെ പോരിന് ഇറക്കിയിട്ടുണ്ട്. എന്നാൽ, ചൂതാട്ടമാണു മിക്കപ്പോഴും അതിനു പിന്നിലെ പ്രേരണാ ഘടകം. കാളപ്പോര്, കുറുക്കൻ വേട്ട, ചിലന്തിപ്പോര് എന്നിവയും അക്കൂട്ടത്തിൽ പെടും. അതിനു പുറമേ, അനേകം മൃഗങ്ങൾ ശാസ്ത്ര പരീക്ഷണങ്ങളുടെ പേരിലും യാതന അനുഭവിക്കുന്നുണ്ട്. അസംഖ്യം മൃഗങ്ങൾ അവയുടെ ഉടമസ്ഥന്റെ അവഗണനയ്ക്ക്—മനപ്പൂർവമോ അല്ലാതെയോ—പാത്രമാകുന്നു.
ചില ദേശങ്ങളിൽ, മൃഗങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ചു നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ട്. മൃഗങ്ങളോടു ക്രൂരത കാട്ടുന്നത് അവിടങ്ങളിൽ നിയമ വിരുദ്ധമാണ്. 1641-ൽ മസ്സാച്ചുസെറ്റ്സ് ബേ കോളനി രൂപീകരിച്ച “ദ ബോഡി ഓഫ് ലിബർട്ടീസ്” എന്ന നിയമ സംഹിത ഇങ്ങനെ പ്രസ്താവിച്ചു: “ഒറ്റ മനുഷ്യനും ഒരു മൃഗത്തെ പോലും ദ്രോഹിക്കുകയോ അതിനോടു ക്രൂരത കാട്ടുകയോ ചെയ്യരുത്. അവ പൊതുവേ മനുഷ്യന്റെ ഉപയോഗത്തിന് ഉള്ളവയാണ്.” അന്നു മുതൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതി വരുത്താൻ നിയമങ്ങൾ പാസ്സാക്കുകയും സംഘടനകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും, വിനോദത്തിനായി മേൽപ്പറഞ്ഞ തരത്തിലുള്ള മൃഗ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്ന അനേകരും തങ്ങൾ മൃഗങ്ങളോടു ക്രൂരമായി പെരുമാറുന്നതായി കരുതുന്നില്ല. കൊടിയ യാതന അനുഭവിക്കാനോ ചത്തുപോകാനോ അനുവദിക്കുന്ന ആ മൃഗങ്ങളെ തങ്ങൾ സ്നേഹിക്കുന്നു എന്ന് ചിലർ അവകാശ വാദം നടത്തുന്നു. കോഴിപ്പോരിൽ നിർവൃതി അടയുന്നവർ പറയുന്നത് തങ്ങളുടെ കോഴികൾക്കു സാധാരണ ഇറച്ചിക്കോഴികളെക്കാൾ ആയുസ്സുണ്ട് എന്നാണ്—എന്തൊരു പൊള്ളയായ വാദഗതി!
ക്രൂരത തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
മൃഗങ്ങളിൽ നിന്നു പ്രയോജനം അനുഭവിക്കാൻ ദൈവം നമ്മെ അനുവദിക്കുന്നു. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടിയും ആത്മരക്ഷാർഥവും മൃഗങ്ങളെ കൊല്ലാൻ ബൈബിൾ തത്ത്വങ്ങൾ നമ്മെ അനുവദിക്കുന്നുണ്ട്. (ഉല്പത്തി 3:21; 9:3; പുറപ്പാടു 21:28) എന്നുവരികിലും, ദൈവത്തെ സംബന്ധിച്ചിടത്തോളം ജീവൻ പവിത്രമാണ്. ജീവനോട് ആദരവു കാണിച്ചുകൊണ്ട്, സമനിലയോടെ ആയിരിക്കണം നാം മൃഗങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നത്. കേവലം ഹരത്തിനായി മൃഗങ്ങളെ വേട്ടയാടിയ, ഒരുപക്ഷേ മനുഷ്യരെ പോലും കൊന്നൊടുക്കിയ, നിമ്രോദ് എന്ന മനുഷ്യനെ കുറിച്ചു ബൈബിൾ അപലപിച്ചു സംസാരിക്കുന്നുണ്ട്.—ഉല്പത്തി 10:9, NW.
ദൈവത്തിനു മൃഗങ്ങളോടുള്ള താത്പര്യം യേശു ഈ വാക്കുകളിൽ അവതരിപ്പിച്ചു: “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.” (ലൂക്കൊസ് 12:6) കൂടാതെ, ദുഷ്പ്രവൃത്തിക്കാരെക്കൊണ്ടു നിറഞ്ഞ ഒരു നഗരം നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യത്തിന്, അവർ അനുതാപം പ്രകടമാക്കിയതിനാൽ, മാറ്റം വരുത്തിക്കൊണ്ടു ദൈവം ഇങ്ങനെ പറഞ്ഞു: “ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ”? (യോനാ 4:11) തോന്നും പോലെ കൊന്നു നശിപ്പിക്കാൻ ഉള്ളവയായി അവൻ മൃഗങ്ങളെ വീക്ഷിക്കുന്നില്ല എന്നതു വ്യക്തമാണ്.
ഇസ്രായേല്യർക്കു ന്യായപ്രമാണം നൽകിയപ്പോൾ മൃഗങ്ങളെ വേണ്ടുംവണ്ണം പരിപാലിക്കാനും ദൈവം അവരെ പഠിപ്പിച്ചു. വഴിതെറ്റിയ മൃഗത്തെ അതിന്റെ ഉടമസ്ഥനെ ഏൽപ്പിക്കാനും കഷ്ടത അനുഭവിക്കുന്ന മൃഗത്തെ സഹായിക്കാനും അവൻ നിഷ്കർഷിച്ചിരുന്നു. (പുറപ്പാടു 23:4, 5) മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും ശബത്തിന്റെ പ്രയോജനം അനുഭവിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. (പുറപ്പാടു 23:12) ഉഴവു മൃഗങ്ങളെ ശരിയാംവണ്ണം പരിചരിക്കാൻ നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നു. (ആവർത്തനപുസ്തകം 22:10; 25:4) മൃഗങ്ങളെ ചൂഷണം ചെയ്യാതെ പരിപാലിക്കുകയും കാത്തു സംരക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു എന്നതു വ്യക്തമാണ്.
സദൃശവാക്യങ്ങൾ 12:10 [ഓശാന ബൈബിൾ] ദൈവത്തിന്റെ വീക്ഷണം ഇങ്ങനെ സ്പഷ്ടമാക്കുന്നു: “ധർമ്മിഷ്ഠൻ തന്റെ മൃഗത്തിന്റെ ജീവൻ വിലമതിക്കുന്നു, ദുഷ്ടന്റെ കരുണയോ, ക്രൂരമാണ്.” ഒരു ബൈബിൾ ഭാഷ്യം ആ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “നീതിമാൻ മിണ്ടാപ്രാണികളോടും ദയ കാണിക്കുന്നു. എന്നാൽ ദുഷ്ടനോ, താൻ അങ്ങേയറ്റം ദയ ഉള്ളവനാണെന്നു കരുതുമ്പോഴും ക്രൂരനാണ്.’—വിശ്വാസിയുടെ ബൈബിൾ ഭാഷ്യം (ഇംഗ്ലീഷ്), വില്യം മക്ഡോണാൾഡിനാൽ ഉള്ളത്.
നീതിമാൻ മൃഗങ്ങളോടു ദയയോടെ പെരുമാറുന്നു, അവയുടെ ആവശ്യങ്ങളും കണ്ടറിയുന്നു. ഒരു ദുഷ്ട വ്യക്തി മൃഗങ്ങളോടു തനിക്കു സ്നേഹം ഉണ്ടെന്നു പറഞ്ഞേക്കാം. എന്നാൽ, അയാളുടെ ‘കരുണാ’ പ്രവൃത്തികൾ വാസ്തവത്തിൽ ക്രൂരത മുറ്റിയവയാണ്. അയാളുടെ പ്രവൃത്തികൾ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്വാർഥ ലക്ഷ്യം വെളിച്ചത്തു കൊണ്ടു വരുന്നു. പണ സമ്പാദനത്തിനായി മൃഗങ്ങളെ പോരിന് ഇറക്കുന്നവരുടെ കാര്യത്തിൽ ഈ വസ്തുത എത്രയോ വാസ്തവമാണ്!
മൃഗങ്ങൾക്ക് ആശ്വാസം
മനുഷ്യർ “സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴ”ണം എന്നതായിരുന്നു ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം എന്നതു ശരിതന്നെ. (ഉല്പത്തി 1:28) എന്നാൽ, ആ ഉദ്ദേശ്യത്തിൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കു യാതൊരു സ്ഥാനവുമില്ല. മൃഗങ്ങളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നെന്നും തുടരുകയില്ല. സകലവിധ അനാവശ്യ കഷ്ടപ്പാടുകൾക്കും ദൈവം അറുതി വരുത്തും എന്നു വിശ്വസിക്കാൻ നമുക്കു കാരണമുണ്ട്. എന്നാൽ അവൻ അത് എങ്ങനെ ചെയ്യും?
ദുഷ്ടരും ക്രൂരരും ആയ വ്യക്തികളെ ഛേദിച്ചുകളയും എന്നു ദൈവം ഉറപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 2:22) മൃഗങ്ങളെ കുറിച്ച് ഹോശേയ 2:18 ഇങ്ങനെ പറയുന്നു: “അന്നാളിൽ ഞാൻ . . . കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; . . . അവരെ നിർഭയം വസിക്കുമാറാക്കും.” സമാധാനപൂർണമായ ചുറ്റുപാടുകൾ നേരുള്ള മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും പ്രയോജനം ചെയ്യുന്ന ആ കാലത്തു ജീവിക്കുന്നത് എത്ര വിസ്മയജനകം ആയിരിക്കും!
[26-ാം പേജിലെ ചിത്രം]
“ഒരു ഗ്രാമത്തിലെ കാളപ്പോര്,” ഫ്രാൻസിസ്കോ ഗോയയുടെ രചന