സ്ത്രീകളെയും അവരുടെ ജോലിയെയും വിലമതിക്കൽ
മൂവായിരം വർഷംമുമ്പ് ലെമൂവേൽ എന്നൊരാൾ പ്രാപ്തയായ ഭാര്യയെക്കുറിച്ച് ഒരു ഉജ്ജ്വല വർണന നൽകുകയുണ്ടായി. സദൃശവാക്യങ്ങളുടെ 31-ാം അധ്യായത്തിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. സവിശേഷ ഗുണങ്ങൾക്ക് അവന്റെ അഭിനന്ദനം നേടിയ ആ സ്ത്രീ തീർച്ചയായും തിരക്കുള്ളവളായിരുന്നു. അവൾ തന്റെ കുടുംബം പരിപാലിച്ചു, ചന്തയിൽ വ്യാപാരം നടത്തി, സ്ഥലം വാങ്ങുകയും വിൽക്കുകയും ചെയ്തു, കുടുംബാംഗങ്ങൾക്കുവേണ്ടി വസ്ത്രം നെയ്തുണ്ടാക്കി, വയലിൽ പണിയെടുത്തു.
ഈ സ്ത്രീയുടെ വേല നിസ്സാരമായി കണക്കാക്കപ്പെട്ടില്ല. ‘അവളുടെ മക്കൾ അവളെ അനുഗൃഹീത എന്നു വിളിക്കുന്നു; അവളുടെ ഭർത്താവ് അവളെ പ്രശംസിക്കുന്നു.’ അത്തരമൊരു ഭാര്യ ഒരു നിധിയാണ്. “അവൾ മാണിക്യത്തെക്കാൾ വിലയേറിയതാണ്” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 31:10-28, ന്യൂ ഇൻറർനാഷണൽ വേർഷൻ.
ലെമൂവേലിന്റെ കാലംമുതൽ സ്ത്രീകളുടെ ജോലി കൂടുതൽ സങ്കീർണമായിരിക്കുന്നു. 20-ാം നൂറ്റാണ്ടിൽ അവർക്ക് ഭാര്യമാരുടെയും അമ്മമാരുടെയും ആരോഗ്യപരിപാലകരുടെയും അഹോവൃത്തിക്കു വകതേടുന്നവരുടെയും കൃഷിക്കാരുടെയും ധർമങ്ങൾ നിർവഹിക്കേണ്ടിവരുന്നു—എല്ലാം ഒരേ സമയത്തുതന്നെ. അസംഖ്യം സ്ത്രീകൾ തങ്ങളുടെ മക്കൾക്ക് വേണ്ടത്ര ആഹാരം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വലിയ ത്യാഗങ്ങൾ സഹിക്കുന്നു. ഈ സ്ത്രീകളും അംഗീകാരവും പ്രശംസയും അർഹിക്കുന്നില്ലേ?
കുടുംബം പുലർത്തുന്ന സ്ത്രീകൾ
ഇന്ന് കുടുംബം പുലർത്തുന്നതിൽ സഹായിക്കാൻ മുമ്പെന്നത്തെക്കാളധികം സ്ത്രീകൾക്ക് വീടിനു വെളിയിൽപ്പോയി ജോലി ചെയ്യേണ്ടിവരുന്നു. ഒരുപക്ഷേ കുടുംബത്തിന്റെ ഏക ആശ്രയംപോലും അവരായിരിക്കാം. സ്ത്രീകളും ലോകസാമ്പത്തിക പ്രതിസന്ധിയും എന്ന ഇംഗ്ലീഷ് പുസ്തകം ഇപ്രകാരമുള്ള ഒരു റിപ്പോർട്ട് ഉദ്ധരിക്കുകയുണ്ടായി: “ഗൃഹജോലി മാത്രമല്ല സ്ത്രീകൾ ചെയ്യുന്നത്. ‘ഒരു വീട്ടമ്മ മാത്രമാണ്’ എന്ന് അവകാശപ്പെടാൻ സാധിക്കുന്ന സ്ത്രീകൾ ലോകത്തിൽ താരതമ്യേന കുറവാണ്.” തന്നെയുമല്ല, സ്ത്രീകളുടെ ജോലികൾ മിക്കപ്പോഴും ഗ്ലാമറുള്ളതല്ല. മാഗസിനുകളിലോ ടെലിവിഷൻ സോപ്പ് സീരിയലുകളിലോ സ്ത്രീകളെ വലിയ ഓഫീസുകളിലെ എക്സിക്യൂട്ടീവുകളൊക്കെയായി ചിത്രീകരിക്കുമെങ്കിലും പലപ്പോഴും വാസ്തവം നേരേമറിച്ചാണ്. ലോകത്തിലെ ബഹുഭൂരിഭാഗം സ്ത്രീകളും തുച്ഛമായ ശമ്പളത്തിനായി ദീർഘനേരം ജോലി ചെയ്യുന്നു.
കോടിക്കണക്കിനു സ്ത്രീകൾ കൃഷിപ്പണി ചെയ്യുകയോ സ്വന്തം പറമ്പിൽ പണിയെടുക്കുകയോ കന്നുകാലികളെ വളർത്തുകയോ ചെയ്യുന്നു. പൊതുവേ ശരിക്കുള്ള കൂലി ലഭിക്കാത്ത അല്ലെങ്കിൽ കൂലി ഒട്ടും ലഭിക്കാത്ത ഇത്തരം തൊഴിലിൽനിന്നാണ് ലോകത്തിലെ പകുതിയിലേറെ ജനങ്ങൾക്ക് ആഹാരം ലഭിക്കുന്നത്. “ആഫ്രിക്കയിൽ ആഹാര സാധനങ്ങളുടെ 70 ശതമാനവും ഏഷ്യയിൽ 50-60 ശതമാനവും ലാറ്റിൻ അമേരിക്കയിൽ 30 ശതമാനവും നട്ടുണ്ടാക്കുന്നത് സ്ത്രീകളാണ്” എന്ന് സ്ത്രീകളും പരിസ്ഥിതിയും എന്ന ഇംഗ്ലീഷ് പുസ്തകം റിപ്പോർട്ടു ചെയ്യുന്നു.
സ്ത്രീകൾക്കു വേതനം ലഭിക്കുന്ന ജോലിയുണ്ടെങ്കിൽത്തന്നെ സാധാരണഗതിയിൽ പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനമേ അവർക്കു ലഭിക്കാറുള്ളൂ, സ്ത്രീകളായതുകൊണ്ടു മാത്രം. കുടുംബത്തെ പോറ്റേണ്ടതിന്റെ മുഴുവൻ ചുമതലയും വഹിക്കുന്ന ഒരമ്മയെ സംബന്ധിച്ചിടത്തോളം നേരിടേണ്ടിവരുന്ന കയ്പേറിയ ഒരനുഭവമാണിത്. ഇന്നാകട്ടെ സ്ത്രീകൾ കുടുംബം പുലർത്തേണ്ടിവരുന്ന അവസ്ഥ കൂടിവരികയുമാണ്. ആഫ്രിക്കയിലെയും കരീബിയയിലെയും ലാറ്റിൻ അമേരിക്കയിലെയും 30-നും 50-നും ഇടയ്ക്ക് ശതമാനം കുടുംബങ്ങളുടെ മുഖ്യ ആശ്രയം സ്ത്രീകളാണ്. ഏറെ വികസിതമായ ദേശങ്ങളിൽപ്പോലും ഈ സ്ഥിതിവിശേഷം വർധിച്ചുവരികയാണ്.
മിക്ക വികസ്വര രാജ്യങ്ങളിലെയും ഗ്രാമങ്ങളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ദാരിദ്ര്യം ഈ പ്രവണത വർധിപ്പിക്കുന്നു. കുടുംബത്തെ പോറ്റാൻ പാടുപെടുന്ന ഭർത്താവ് അടുത്തുള്ള നഗരത്തിലോ രാജ്യത്തോ ജോലി തേടി പോകാൻ തീരുമാനിച്ചെന്നുവരാം. കുടുംബഭാരം അയാൾ ഭാര്യയുടെ മേൽ കെട്ടിവെക്കുന്നു. ഒരു ജോലി കിട്ടിയാൽ അയാൾ വീട്ടിലേക്കു പണമയയ്ക്കും. അയാൾക്ക് സദുദ്ദേശ്യമൊക്കെയുണ്ടായിരിക്കുമെങ്കിലും മിക്കപ്പോഴും അത് അധികനാൾ തുടരാൻ സാധിക്കാറില്ല. അയാൾ ഇട്ടിട്ടുപോയ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ആണ്ടുപോയേക്കാം. ഇപ്പോൾ കുടുംബത്തിലുള്ളവരുടെ ക്ഷേമം അമ്മയെ ആശ്രയിച്ചിരിക്കുന്നു.
“ദാരിദ്ര്യത്തിന്റെ സ്ത്രൈണവത്കരണം” എന്ന് ഉചിതമായി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ വിഷമവൃത്തം ദശലക്ഷക്കണക്കിനു സ്ത്രീകളുടെമേൽ വലിയ ഭാരം കെട്ടിവെക്കുന്നു. “സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ—ലോകമെമ്പാടുമുള്ള കുടുംബങ്ങളിൽ മൂന്നിലൊന്ന് ഇത്തരത്തിലുള്ളതാണെന്നു കണക്കാക്കപ്പെടുന്നു—പുരുഷന്മാരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യത്തിലാണ്ടു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം കുടുംബങ്ങളുടെ എണ്ണമാകട്ടെ വർധിച്ചുകൊണ്ടിരിക്കുകയാണുതാനും,” സ്ത്രീകളും ആരോഗ്യവും എന്ന ഇംഗ്ലീഷ് പുസ്തകം വിവരിക്കുന്നു. ആഹാരത്തിനു വക കണ്ടെത്തുക ബുദ്ധിമുട്ടുള്ളതുതന്നെയാണെങ്കിലും അതു മാത്രമല്ല സ്ത്രീകൾ നേരിടുന്ന വെല്ലുവിളി.
അമ്മമാരും അധ്യാപികമാരും
അമ്മയ്ക്ക് മക്കളുടെ വൈകാരിക ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച്—ഭൗതിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനോളംതന്നെ പ്രധാനമായിരിക്കാവുന്ന പാഠങ്ങൾ—പഠിക്കാൻ ഒരു കുട്ടിയെ സഹായിക്കുന്നതിൽ അവൾ മർമപ്രധാനമായ പങ്കു വഹിക്കുന്നു. മുതിർന്നു കഴിയുമ്പോൾ സന്തുലിത വീക്ഷണമുള്ള ഒരാളായിത്തീരാൻ കുട്ടിക്ക് ഊഷ്മളവും സുരക്ഷിതവുമായ ഒരു ചുറ്റുപാട് ആവശ്യമാണ്. വീണ്ടും അമ്മയുടെ ധർമം നിർണായകമാകുന്നു.
വളരുന്ന കുട്ടി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഹെലൻ ബീ എഴുതുന്നു: “സ്നേഹമുള്ള ഒരു മാതാവോ പിതാവോ തന്റെ കുട്ടിയുടെ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുന്നു, വാത്സല്യം പ്രകടിപ്പിക്കുന്നു, മിക്കപ്പോഴും അല്ലെങ്കിൽ നിരന്തരം കുട്ടിയുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകുന്നു, കുട്ടിയുടെ പ്രവൃത്തികളിൽ താത്പര്യം പ്രകടിപ്പിക്കുന്നു, കുട്ടിയുടെ വികാരങ്ങളോട് ആർദ്രതയോടും സഹാനുഭൂതിയോടുംകൂടെ പ്രതികരിക്കുന്നു.” കരുതലുള്ള ഒരു അമ്മയിൽനിന്ന് അത്തരം ഊഷ്മള സ്നേഹം ലഭിച്ചിട്ടുള്ള കുട്ടികൾ തീർച്ചയായും അവളോടു വിലമതിപ്പു പ്രകടിപ്പിക്കേണ്ടതാണ്.—സദൃശവാക്യങ്ങൾ 23:22.
മുലയൂട്ടുന്നതിലൂടെ പല അമ്മമാരും തന്റെ കുട്ടിക്കു ജനനംമുതൽ ഊഷ്മളമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. ദരിദ്ര കുടുംബങ്ങളിൽ വിശേഷിച്ചും, ഒരമ്മയ്ക്ക് തന്റെ നവജാതശിശുവിന് നൽകാൻ കഴിയുന്ന അമൂല്യമായ സമ്മാനമാണ് മുലപ്പാൽ. (10-ഉം 11-ഉം പേജുകളിലെ ചതുരം കാണുക.) രസാവഹമായി, അപ്പോസ്തലനായ പൗലൊസ് തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികളോടുള്ള തന്റെ ഊഷ്മളമായ ആർദ്രതയെ ‘തന്റെ കുഞ്ഞുങ്ങളെ പോറ്റുന്ന ഒരമ്മ’യുടേതിനോടു താരതമ്യം ചെയ്തതായി ബൈബിൾ നമ്മോടു പറയുന്നു.—1 തെസ്സലൊനീക്യർ 2:7, 8.
മക്കളെ ഊട്ടുന്നതിനും പരിപാലിക്കുന്നതിനും പുറമേ, ഒരമ്മ മിക്കപ്പോഴും അവരുടെ പ്രധാന അധ്യാപികകൂടെയാണ്. “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു,” എന്ന് മക്കളെ പ്രബോധിപ്പിക്കുന്നതിൽ അമ്മയ്ക്കുള്ള വലിയ പങ്കിനെ പരാമർശിച്ചുകൊണ്ട് ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 1:8) സംസാരിക്കാനും പിച്ചവെക്കാനും ഗൃഹജോലികളുൾപ്പെടെ മറ്റനേകം കാര്യങ്ങൾ ചെയ്യാനും കുട്ടിയെ ക്ഷമാപൂർവം പഠിപ്പിക്കുന്നത് പ്രധാനമായും അമ്മയോ അമ്മൂമ്മയോ ആണ്.
സഹാനുഭൂതി അത്യാവശ്യം
ഒരു സ്ത്രീക്ക് തന്റെ കുടുംബത്തിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാണ്. കുടുംബാംഗങ്ങളിലൊരാൾക്ക് രോഗം വരുമ്പോൾ അമ്മ മിക്കപ്പോഴും ഒരു നേഴ്സിന്റെ ധർമം ഏറ്റെടുക്കുന്നു, അപ്പോഴും മറ്റ് ഉത്തരവാദിത്വങ്ങളിലും അവൾ ശ്രദ്ധിക്കുന്നു. “വാസ്തവത്തിൽ ലോകത്തിലെ ആരോഗ്യപരിപാലനത്തിൽ ഏറിയപങ്കും നിർവഹിക്കുന്നത് സ്ത്രീകളാണ്,” സ്ത്രീകളും ആരോഗ്യവും എന്ന പുസ്തകം പറയുന്നു.
മക്കൾക്ക് കഴിക്കാൻ ആഹാരമുണ്ടാകേണ്ടതിന് അരപ്പട്ടിണി കിടക്കാൻപോലും സഹാനുഭൂതി ഒരു അമ്മയെ പ്രേരിപ്പിച്ചേക്കാം. വികലപോഷിതരായിരിക്കുമ്പോൾപ്പോലും തങ്ങൾ ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നുണ്ടെന്നു കരുതുന്ന ചില സ്ത്രീകളുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ആഹാരത്തിന്റെ വലിയൊരു പങ്ക് ഭർത്താവിനും മക്കൾക്കും നീക്കിവെക്കുന്ന രീതിയുമായി അത്രയ്ക്ക് ഇഴുകിച്ചേർന്നതിനാൽ ജോലി ചെയ്യാനുള്ള ആരോഗ്യമുള്ളിടത്തോളം കാലം താൻ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അവർ കരുതുന്നു.
ചിലപ്പോൾ സ്ത്രീയുടെ സഹാനുഭൂതി അവളുടെ പ്രദേശത്തിന്റെ പരിസ്ഥിതി സംബന്ധിച്ച ഉത്കണ്ഠയിലൂടെ വെളിപ്പെട്ടേക്കാം. ആ പരിസ്ഥിതി അവൾക്കു പ്രധാനമാണ്. കാരണം വരൾച്ചയും മരുഭൂവത്കരണവും വനനശീകരണവും മറ്റും ആ പ്രദേശത്തെ ദാരിദ്ര്യത്തിലാഴ്ത്തുമ്പോൾ അത് അവളെയും ബാധിക്കുന്നു. ഇന്ത്യയിലെ ഒരു പട്ടണത്തിൽ, ഒരു തടിവ്യവസായ കമ്പനി അടുത്തുള്ള കാട്ടിലെ 2,500 മരങ്ങൾ വെട്ടിയിടാൻ പോകുകയാണെന്നു മനസ്സിലാക്കിയപ്പോൾ സ്ത്രീകൾ രോഷാകുലരായി. ആഹാരത്തിനും ഇന്ധനത്തിനും ആടുമാടുകളെ തീറ്റുന്നതിനും അവർ ആ വൃക്ഷങ്ങളെ ആശ്രയിച്ചിരുന്നു. മരംവെട്ടുകാർ വന്നപ്പോഴേക്കും സ്ത്രീകൾ സ്ഥലത്തെത്തിയിരുന്നു. മരങ്ങളെ സംരക്ഷിക്കാനായി അവർ അവയ്ക്കു ചുറ്റും കൈകോർത്തു പിടിച്ചു നിന്നിരുന്നു. ‘മരം വെട്ടണമെങ്കിൽ ആദ്യം ഞങ്ങളുടെ തല വെട്ടണം,’ സ്ത്രീകൾ മരംവെട്ടുകാരോടു പറഞ്ഞു. അങ്ങനെ വനം സംരക്ഷിക്കപ്പെട്ടു.
“അവളുടെ അധ്വാനഫലം അവൾക്കു നൽകൂ”
ഒരു സ്ത്രീ, അഹോവൃത്തിക്കു വകതേടുന്നവളുടെയോ അമ്മയുടെയോ അധ്യാപികയുടെയോ ധർമം നിർവഹിക്കുന്നവളോ സഹാനുഭൂതിയുടെ അക്ഷയസ്രോതസ്സോ ആയിരുന്നുകൊള്ളട്ടെ, അവളുടെ ജോലിയെപ്പോലെതന്നെ അവളും ആദരവിനും പരിഗണനയ്ക്കും അർഹയാണ്. പ്രാപ്തയായ ഒരു ഭാര്യയെക്കുറിച്ച് പ്രശംസിച്ചു പറഞ്ഞ ജ്ഞാനിയായ ലെമൂവേൽ ഒരു സ്ത്രീയുടെ ജോലിയെയും ഉപദേശത്തെയും വിലമതിച്ചു. വാസ്തവത്തിൽ, അവന്റെ സന്ദേശത്തിന്റെ ഏറിയപങ്കും അമ്മ നൽകിയ പ്രബോധനത്തെ ആസ്പദമാക്കിയുള്ളതാണെന്നു ബൈബിൾ വിശദമാക്കുന്നു. (സദൃശവാക്യങ്ങൾ 31:1) കർത്തവ്യബോധമുള്ള ഒരു ഭാര്യയെയും അമ്മയെയും വിലകുറച്ചു കാണരുതെന്ന് ലെമൂവേൽ ഉറച്ചു വിശ്വസിച്ചിരുന്നു. “അവളുടെ അധ്വാനഫലം അവൾക്കു നൽകൂ,” അവൻ എഴുതി. “അവളുടെ സ്വന്ത പ്രവൃത്തികൾ അവൾക്ക് പ്രശംസ കൈവരുത്തുന്നു.”—സദൃശവാക്യങ്ങൾ 31:31, പുതിയ അന്താരാഷ്ട്ര പരിഭാഷ.
ലെമൂവേൽ രേഖപ്പെടുത്തിയ ആ വീക്ഷണങ്ങൾ വെറും മാനുഷിക കാഴ്ചപ്പാടുകളായിരുന്നില്ല. അവ ദൈവവചനമായ ബൈബിളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്.’ (2 തിമൊഥെയൊസ് 3:16) സ്ത്രീകളെ സംബന്ധിച്ച സർവശക്തനായ ദൈവത്തിന്റെ കാഴ്ചപ്പാടാണ് ആ ആശയങ്ങളിൽ പ്രതിഫലിക്കുന്നത്. കാരണം, നമ്മെ പ്രബോധിപ്പിക്കാനാണ് ബൈബിളിലെ ആ വരികൾ അവൻ നിശ്വസ്തമാക്കിയത്.
അതിലുപരി, ഭർത്താക്കന്മാർ ‘[തങ്ങളുടെ ഭാര്യമാർക്ക്] ബഹുമാനം കൊടു’ക്കേണ്ടതാണെന്ന് ദൈവത്തിന്റെ നിശ്വസ്ത വചനം പറയുന്നു. (1 പത്രൊസ് 3:7) മാത്രമല്ല, എഫെസ്യർ 5:33-ൽ ഭർത്താവിനോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്നേഹിക്കേണം.” എഫെസ്യർ 5:25 പറയുന്നു: “ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” അതേ, തന്റെ അനുഗാമികൾക്കുവേണ്ടി മരിക്കാൻ സന്നദ്ധനായിക്കൊണ്ട് ക്രിസ്തു അത്തരം സ്നേഹം പ്രകടമാക്കി. ഭർത്താക്കന്മാർക്കായി എത്ര നല്ല, നിസ്വാർഥമായ മാതൃകയാണ് അവൻ വെച്ചത്! തന്നെയുമല്ല, യേശു പഠിപ്പിക്കുകയും പിൻപറ്റുകയും ചെയ്ത മാനദണ്ഡങ്ങൾ ദൈവത്തിന്റെതന്നെ മാനദണ്ഡങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. അവ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാൽ, പല മേഖലകളിലും കഠിനമായി അധ്വാനിച്ചിട്ടും പല സ്ത്രീകൾക്കും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് വിരളമായേ പ്രശംസ ലഭിക്കാറുള്ളൂ. തങ്ങളുടെ ജീവിതാവസ്ഥ ഇപ്പോൾപ്പോലും അവർക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും? കൂടാതെ, അവരോടുള്ള മനോഭാവങ്ങളിൽ മാറ്റം വരാനുള്ള സാധ്യതയുണ്ടോ? സ്ത്രീകൾക്കുള്ള ഭാവിപ്രതീക്ഷ എന്താണ്?
[10, 11 പേജുകളിലെ ചതുരം/ചിത്രം]
തന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഒരു സ്ത്രീക്ക് ചെയ്യാനാകുന്ന മൂന്നു പടികൾ
വിദ്യാഭ്യാസം. ലോകത്തിൽ നിരക്ഷരരായ ഏതാണ്ട് 60 കോടി സ്ത്രീകളുണ്ട്. ഇവരിൽ മിക്കവർക്കും സ്കൂളിൽ പോകാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. നിങ്ങൾക്കും കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരിക്കാം. എന്നാൽ നിങ്ങൾക്ക് സ്വയം പ്രബുദ്ധരാകാൻ സാധിക്കില്ലെന്ന് അതിനർഥമില്ല. അത് എളുപ്പമല്ലെങ്കിലും പല സ്ത്രീകളും അതിൽ വിജയിച്ചിരിക്കുന്നു. “സാക്ഷരത നേടാൻ മുതിർന്നവരെ പ്രചോദിപ്പിക്കുന്നതിൽ മതപരമായ കാരണങ്ങൾ ഒരു സുപ്രധാന പങ്കു വഹിച്ചേക്കാം,” സ്ത്രീകളും സാക്ഷരതയും (ഇംഗ്ലീഷ്) എന്ന പുസ്തകം വിവരിക്കുന്നു. ബൈബിൾ വായിക്കാൻ സാധിക്കുന്നത് വായിക്കാൻ പഠിക്കുന്നതിനുള്ള നല്ലൊരു പ്രതിഫലമാണ്. എന്നാൽ, ഇതുകൂടാതെ മറ്റു പല പ്രയോജനങ്ങളുമുണ്ട്.
അക്ഷരാഭ്യാസമുള്ള അമ്മയ്ക്ക് സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ കൂടുതൽ അവസരമുണ്ടെന്നു മാത്രമല്ല, നല്ല ആരോഗ്യശീലങ്ങളെക്കുറിച്ചു പഠിക്കാനും അവൾക്കു സാധിക്കും. ഇന്ത്യയിലെ കാര്യമെടുക്കുകയാണെങ്കിൽ, സാക്ഷരതകൊണ്ടുള്ള പ്രയോജനങ്ങളെ കേരളം നന്നായി ദൃഷ്ടാന്തീകരിക്കുന്നു. വരുമാനത്തിന്റെ കാര്യത്തിൽ ഈ സംസ്ഥാനം ശരാശരിക്കു താഴെയാണെങ്കിലും സ്ത്രീകളിൽ 87 ശതമാനം സാക്ഷരരാണ്. ശ്രദ്ധേയമായി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംസ്ഥാനത്ത് ശിശുമരണനിരക്ക് അഞ്ചിലൊന്നു മാത്രമാണ്; സ്ത്രീകൾ ശരാശരി 15 വർഷം കൂടുതൽ ജീവിക്കുന്നു; എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകുന്നു.
സ്വാഭാവികമായും, അക്ഷരാഭ്യാസമുള്ള ഒരമ്മ മക്കളിൽ പഠിക്കാനുള്ള താത്പര്യം നട്ടുവളർത്തുന്നു. അത് നിസ്സാര കാര്യമൊന്നുമല്ല. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നത് നല്ല ഒരു നിക്ഷേപമാണ്. കുടുംബത്തിന്റെ ആരോഗ്യവും സ്ത്രീകളുടെ ജീവിതവും മെച്ചപ്പെടുത്താൻ ഇതിനോളം മറ്റൊന്നിനും കഴിയില്ല എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (യുനിസെഫ്) പ്രസിദ്ധീകരണമായ 1991-ൽ ലോകത്തിലെ കുട്ടികളുടെ അവസ്ഥ (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു. എഴുതാനും വായിക്കാനുമുള്ള കഴിവ് നിങ്ങളെ ഒരു മെച്ചപ്പെട്ട അമ്മയും ആശ്രിതാവും ആയിത്തീരാൻ സഹായിക്കുമെന്നതിനു സംശയമില്ല.a
ആരോഗ്യം. അമ്മയെന്നനിലയിൽ നിങ്ങൾ നിങ്ങൾക്കുതന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്, വിശേഷിച്ചും നിങ്ങൾ ഗർഭിണിയോ മുലയൂട്ടുന്നവളോ ആണെങ്കിൽ. നിങ്ങളുടെ ആഹാരക്രമം മെച്ചപ്പെടുത്താനാകുമോ? ആഫ്രിക്കയിലെയും തെക്കുപടിഞ്ഞാറൻ ഏഷ്യയിലെയും ഗർഭിണികളിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗത്തിന് രക്തക്കുറവുള്ളതായി ആശുപത്രി പരിശോധനകൾ തെളിയിക്കുന്നു. രക്തക്കുറവ് നിങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്നു മാത്രമല്ല, പ്രസവത്തോടനുബന്ധിച്ചുള്ള അപകടങ്ങളും മലമ്പനി പിടിപെടാനുള്ള സാധ്യതയും വർധിപ്പിക്കും. മത്സ്യമാംസാദികൾ കിട്ടാൻ പ്രയാസമോ അവയ്ക്ക് വിലക്കൂടുതലോ ആണെങ്കിൽ മുട്ടയും ഇരുമ്പു ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ലഭ്യമായിരിക്കാം. അന്ധവിശ്വാസം മൂലം പോഷകസമ്പന്നമായ ആഹാരം കഴിക്കാതിരിക്കുകയോ നിങ്ങളുടെ പ്രദേശത്തെ രീതിയാണെന്നു പറഞ്ഞ് കുടുംബത്തിൽ വെക്കുന്ന ആഹാരത്തിൽ നിങ്ങൾക്കുള്ള പങ്ക് കഴിക്കാൻ മടിക്കുകയോ അരുത്.b
മുലയൂട്ടുന്നത് നിങ്ങൾക്കും കുഞ്ഞിനും നല്ലതാണ്. മുലപ്പാൽ പണച്ചെലവില്ലാത്തതും കൂടുതൽ ശുദ്ധിയുള്ളതും മറ്റേതൊരു വസ്തുക്കളെക്കാളും പോഷകസമൃദ്ധവുമാണ്. ആദ്യത്തെ നാലുമുതൽ ആറുവരെ മാസങ്ങളിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുകയാണെങ്കിൽ വർഷംതോറും പത്തുലക്ഷം കുട്ടികളുടെ മരണം തടയാനാകുമെന്ന് യുനിസെഫ് കണക്കാക്കുന്നു. തീർച്ചയായും, മുലപ്പാലിലൂടെ പകരുന്ന തരം എന്തെങ്കിലും രോഗം അമ്മയ്ക്കുണ്ടെങ്കിൽ സുരക്ഷിതമായ മറ്റെന്തെങ്കിലും മാർഗത്തിലൂടെ കുട്ടിയെ ഊട്ടേണ്ടതാണ്.
അടുക്കളയിൽ വേണ്ടത്ര വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം. “പുകയും വിഷലിപ്തമായ പാചകവാതകങ്ങളുമാണ് ഒരുപക്ഷേ ജോലിയോടു ബന്ധപ്പെട്ട് ഇന്നറിയപ്പെടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യാപകടങ്ങൾ വരുത്തിവെക്കുന്നത്,” സ്ത്രീകളും ആരോഗ്യവും എന്ന പുസ്തകം മുന്നറിയിപ്പു നൽകുന്നു.
എന്തു സമ്മർദമുണ്ടായാലും പുകവലിക്കരുത്. വികസ്വര രാഷ്ട്രങ്ങളിലെ വഴിതെറ്റിക്കുന്ന സിഗരറ്റ് പരസ്യങ്ങൾ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണ്. പുകവലി അന്തസ്സിന്റെ പ്രതീകമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ അവ ശ്രമിക്കുന്നു. ഇതിൽ ഒട്ടും വാസ്തവമില്ല. പുകവലി നിങ്ങളുടെ കുട്ടികൾക്ക് ദോഷം ചെയ്യും, അത് നിങ്ങളെ കൊല്ലും. പുകവലിക്കാരിൽ നാലിലൊരു ഭാഗത്തിന്റെ മരണകാരണം പുകവലിയോടുള്ള ആസക്തിയാണെന്ന് കണക്കാക്കപ്പെടുന്നു. അതിലുപരി, ആദ്യമായി പുകവലിക്കുന്ന ഒരാൾക്ക് പുകവലിയോട് ആസക്തിയുണ്ടാകാനുള്ള സാധ്യത അങ്ങേയറ്റം ഉയർന്നതാണെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ശുചിത്വം. ശുചിത്വം സംബന്ധിച്ച് നിങ്ങൾ വെക്കുന്ന മാതൃകയും നൽകുന്ന ഉപദേശവും നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ജീവനുവേണ്ട വസ്തുതകൾ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം നല്ല ശുചിത്വം പാലിക്കുന്നതിന് പിൻവരുന്ന അടിസ്ഥാന പടികൾ നിർദേശിക്കുന്നു:
• വിസർജ്യവസ്തുക്കളുമായി സമ്പർക്കത്തിൽ വന്ന ശേഷവും ഭക്ഷണവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കുട്ടികൾ കൈകൾ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
• കക്കൂസ് ഉപയോഗിക്കുക, അത് വൃത്തിയായി മൂടി സൂക്ഷിക്കുക. അത് സാധ്യമല്ലെങ്കിൽ, നിങ്ങളുടെ വീട്ടിൽനിന്ന് സാധിക്കാവുന്നിടത്തോളം ദൂരെ പോയി മലവിസർജനം നടത്തുക, വിസർജ്യം ഉടനടി കുഴിച്ചുമൂടുക.—ആവർത്തനപുസ്തകം 23:12, 13 താരതമ്യം ചെയ്യുക.
• വീട്ടാവശ്യങ്ങൾക്ക്, ശുദ്ധമായ ജലം ഉപയോഗിക്കുക. ഇതിനായി കിണറുകൾ മൂടി സൂക്ഷിക്കുക, വെള്ളം കൊണ്ടുവരാൻ വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കുക.
• ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക. തിളപ്പിക്കാത്ത വെള്ളം ശുദ്ധമാണെന്നു തോന്നിയാലും അതിൽ മാലിന്യം അടങ്ങിയിരിക്കാം.
• വേവിക്കാത്ത ഭക്ഷണം രോഗാണുക്കളെ പകർത്തുമെന്ന കാര്യം മറക്കരുത്. വേവിക്കാതെ കഴിക്കേണ്ട ആഹാരസാധനങ്ങൾ കഴുകിയശേഷം എത്രയും വേഗം ഭക്ഷിക്കണം. മറ്റ് ആഹാരസാധനങ്ങൾ, വിശേഷിച്ചും കോഴിയിറച്ചിയും മറ്റു മാംസവും, നന്നായി വേവിക്കണം.
• പ്രാണികളോ മറ്റു ജീവികളോ കടക്കാതിരിക്കേണ്ടതിന് ഭക്ഷണം വൃത്തിയായി അടച്ചുസൂക്ഷിക്കുക.
• വീട്ടിലെ ചപ്പുചവറുകൾ കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.c
[അടിക്കുറിപ്പുകൾ]
a തങ്ങളുടെ വിപുലമായ ബൈബിൾ പഠനപദ്ധതിയുടെ ഭാഗമെന്നനിലയിൽ യഹോവയുടെ സാക്ഷികൾ സൗജന്യ സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
b ചില ദേശങ്ങളിൽ ഗർഭസ്ഥ ശിശുവിന് ദോഷം വരാതിരിക്കാൻ സ്ത്രീകൾ ഗർഭകാലത്ത് മത്സ്യമോ മുട്ടയോ കോഴിയിറച്ചിയോ കഴിക്കാൻ പാടില്ലെന്ന അന്ധവിശ്വാസം നിലവിലുണ്ട്. ചിലയിടങ്ങളിൽ, ഭർത്താവും ആൺമക്കളും ഭക്ഷിച്ചശേഷം ബാക്കിയുള്ളത് സ്ത്രീ ഭക്ഷിക്കുക എന്ന രീതിയാണുള്ളത്.
c കൂടുതൽ വിവരങ്ങൾക്ക് 1995 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ 6-11 പേജുകൾ കാണുക.
[8-ാം പേജിലെ ചിത്രം]
പാശ്ചാത്യലോകത്തിലെ പല സ്ത്രീകളും ഓഫീസുകളിൽ ജോലി ചെയ്യുന്നവരാണ്
[8, 9 പേജുകളിലെ ചിത്രം]
പല സ്ത്രീകൾക്കും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടിവരുന്നു
[കടപ്പാട്]
Godo-Foto
[9-ാം പേജിലെ ചിത്രം]
അമ്മമാർ വീട്ടിലെ അധ്യാപികമാരാണ്