പ്രകാശഗോപുര സൂക്ഷിപ്പുകാർ—തിരോധാനംചെയ്യുന്ന ഒരു തൊഴിൽ
കാനഡയിലെ ഉണരുക! ലേഖകൻ
“ഞാൻ ഇതിലും ഇഷ്ടപ്പെടുന്ന മറ്റൊരു ജോലിയില്ല” എന്ന് പ്രകാശഗോപുര സൂക്ഷിപ്പുകാർ പലയാവർത്തി പറഞ്ഞിട്ടുണ്ട്. 106 വർഷം പഴക്കമുള്ള ഒരു പ്രകാശഗോപുരത്തിന്റെ സൂക്ഷിപ്പുകാരൻ ആകുന്നതിനുവേണ്ടി കാനഡയിലെ ടൊറൊന്റോയിലുള്ള പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ മാനേജർ സ്ഥാനം ഉപേക്ഷിച്ച ഒരു മനുഷ്യൻ പറഞ്ഞത് തനിക്ക് “10 വയസ്സു കുറവു” തോന്നാൻ ആ തൊഴിൽ ഇടയാക്കി എന്നാണ്.
ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരന്റെ പ്രാഥമിക ഉത്തരവാദിത്വം നാവികരെ സ്പഷ്ടമായ വെളിച്ചം കാണിക്കുക എന്നതാണ്. മൂടൽമഞ്ഞു ഹോണുകൾ പ്രവർത്തിപ്പിക്കുക, അവയുടെ കേടുപോക്കുക, മീൻപിടുത്തക്കാർക്കും കടന്നുപോകുന്ന യാനപാത്രങ്ങൾക്കും റേഡിയോയിലൂടെ കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുനൽകുക എന്നിവയും അദ്ദേഹത്തിന്റെ ജോലികളിൽപ്പെടുന്നു.
പോയകാലങ്ങളിൽ, പ്രകാശഗോപുര സൂക്ഷിപ്പുകാർക്ക് വിളക്കുകളിൽ എണ്ണയൊഴിക്കുകയും തിരി കൊളുത്തുകയും വിളക്കുകളുടെ പുകപിടിച്ചിരിക്കുന്ന ചില്ലുകൾ വൃത്തിയാക്കുകയും ചെയ്യേണ്ടിയിരുന്നു. ലൈറ്റുകൾ പെട്ടെന്നു നന്നാക്കിയെടുക്കാൻ കഴിയാതെവരുമ്പോൾ കപ്പലുകളെ സുരക്ഷിത സ്ഥാനത്തേക്കു നയിക്കുന്നതിനായി സൂക്ഷിപ്പുകാർ രാത്രി മുഴുവനും അടയാളദീപം കൈകൊണ്ട് കറക്കിക്കൊണ്ടിരിക്കുകയോ മൂടൽമഞ്ഞു ഹോൺ പ്രവർത്തിക്കാതാകുമ്പോൾ രാത്രി മുഴുവനും മൂടൽമഞ്ഞു മണിയിൽ ഒരു ചുറ്റികകൊണ്ട് അടിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നത് സാധാരണമായിരുന്നു!
കൊടുങ്കാറ്റിനെ അതിജീവിക്കൽ
കൊടുങ്കാറ്റ് ഒരു വലിയ പ്രശ്നമാണ്. ഒരിക്കൽ ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരൻ തള്ളിക്കയറുന്ന ഒരു തിരമാല കണ്ട് അതൊരു “വലിയ വെണ്മേഘ”മാണെന്നു ധരിച്ചു! ആ തിരമാല 15 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ പാറയുടെ മുകളിലുള്ള സൂക്ഷിപ്പുകാരന്റെ താമസമുറി വരെയെത്തി. ആ ഒരൊറ്റ തിരമാല ഒരു കൊടുങ്കാറ്റിന്റെയത്രയും വിനാശം വിതച്ചു.
മറ്റൊരു സന്ദർഭത്തിൽ, ചൂളംകുത്തി വീശിയടിച്ച കൊടുങ്കാറ്റിൽ ഉറഞ്ഞുതുള്ളിയ തിരമാലകൾ നോവ സ്കോഷയിലെ പുബ്നിക്കോ തുറമുഖത്തുള്ള പ്രകാശഗോപുരത്തെ രാത്രിമുഴുവനും ആക്രമിച്ചുകൊണ്ടിരുന്നു. സൂക്ഷിപ്പുകാരനും കുടുംബത്തിനും ആപത്തൊന്നും വരില്ലെന്നു പ്രത്യാശിച്ച് അവിടെയിരിക്കുകയല്ലാതെ യാതൊരു നിവൃത്തിയുമില്ലായിരുന്നു. പ്രഭാതമായപ്പോൾ കൊടുങ്കാറ്റു ശമിച്ചു. എന്നാൽ സൂക്ഷിപ്പുകാരൻ പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. പ്രകാശഗോപുരത്തിനു ചുറ്റുമുണ്ടായിരുന്ന കരപ്രദേശം അപ്രത്യക്ഷമായിരിക്കുന്നു. അവർക്കു വൻകരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു!
ഏകാന്തതയും വിരസതയും
ഏകാന്തതയെക്കുറിച്ചു ചോദിച്ചപ്പോൾ ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരൻ ചിരിയടക്കിക്കൊണ്ടു പറഞ്ഞു: “‘നിങ്ങൾക്കെങ്ങനെ ഏകാന്തത സഹിക്കാനാകുന്നു?’ എന്ന് ആളുകൾ ഞങ്ങളോടു ചോദിക്കാറുണ്ട്. അപ്പോൾ ഞങ്ങൾ അവരോട് ഒരു മറുചോദ്യം ചോദിക്കും, ‘നഗരത്തിലെ ഒച്ചയും ബഹളവുമൊക്കെ നിങ്ങൾക്കെങ്ങനെ സഹിക്കാനാകുന്നു?’”
മുമ്പ്, ഐക്യനാടുകളിലെ കൂടുതൽ ഒറ്റപ്പെട്ട പ്രകാശഗോപുരങ്ങളിൽ പുസ്തകങ്ങളുടെ ചെറു ശേഖരങ്ങൾ ലഭ്യമാക്കിയിരുന്നു. അങ്ങനെ, 1885 ആയപ്പോഴേക്കും 420 ഗ്രന്ഥശാലകൾ ഉപയോഗത്തിലുണ്ടായിരുന്നു. പ്രകാശഗോപുര സൂക്ഷിപ്പുകാർ നല്ല വായനക്കാരായിത്തീർന്നുവെന്നു വ്യക്തം.
തിരോധാനംചെയ്യുന്ന ഒരു തൊഴിൽ
മനുഷ്യസഹായത്താൽ പ്രവർത്തിക്കുന്ന കല്ലുകൊണ്ടുള്ള പ്രകാശഗോപുരങ്ങൾ അടുത്തകാലത്ത് ശക്തമായ മിന്നും വെളിച്ചങ്ങളോടുകൂടിയതും ഉരുക്കു ജാലകപ്പണികളുള്ളതും മനുഷ്യസഹായം കൂടാതെ പ്രവർത്തിക്കുന്നതുമായ ഗോപുരങ്ങൾക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. അടയാളദീപത്തിന്റെ അരണ്ട വെളിച്ചത്തിനോ വ്യക്തമായി കാണാൻ കഴിയാത്ത ഒരു തീനാളത്തിനോ വേണ്ടി കടൽയാത്രക്കാർക്ക് മേലാൽ ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കേണ്ടതില്ല. ഇന്ന്, ശക്തിയേറിയ ടങ്സ്റ്റൺ ഹാലോജൻ വിളക്കുകളും തുളച്ചുകയറുന്ന, ഉച്ചത്തിലുള്ള മൂടൽമഞ്ഞു സിഗ്നലുകളും നാവികനെ കടലിലെ ആപത്തുകൾ സംബന്ധിച്ചു ജാഗരൂകനാക്കുന്നു.
പ്രകാശഗോപുരങ്ങളിൽനിന്നുള്ള സൂചനകൾ സ്വീകരിക്കുന്നതിന് സജ്ജീകൃതമായ യാനപാത്രങ്ങൾക്ക് ഇപ്പോൾ, മൂടൽമഞ്ഞ് എത്ര കനത്തതാണെങ്കിലും അവയുടെ സ്ഥാനം അറിയാൻ കഴിയും. അപകടകാരികളായ മണൽത്തിട്ടകളും പവിഴപ്പുറ്റുനിരകളും തീരത്തിനടുത്തുള്ള ഒളിഞ്ഞുകിടക്കുന്ന പാറകളും ഒഴിവാക്കാൻ കഴിയുമെന്ന ഉറപ്പോടെ തീരംതോറും സഞ്ചരിക്കാൻ ആധുനിക സാങ്കേതികവിദ്യ നാവികനെ സഹായിക്കുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ ഫലമായി പ്രകാശഗോപുര സൂക്ഷിപ്പുകാർ ലോകരംഗത്തുനിന്ന് ത്വരിതഗതിയിൽ തിരോധാനംചെയ്യുകയാണ്. ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരൻ 25 വർഷക്കാലം തന്റെ ഭവനമായിരുന്ന ദ്വീപു വിട്ടുപോകവേ സങ്കടത്തോടെ ഇങ്ങനെ അനുസ്മരിച്ചു: “ഇവിടുത്തെ ജീവിതം സന്തോഷപ്രദമായിരുന്നു. ഇവിടം വിട്ടുപോകാൻ വാസ്തവത്തിൽ ഞങ്ങളൊരിക്കലും ആഗ്രഹിച്ചില്ല.” ജീവിതത്തിലെ ആ കാലഘട്ടം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തോന്നലായിരുന്നു അദ്ദേഹത്തിന്.
എങ്കിലും ഭ്രമണ വിളക്കുകൾ, അനുബന്ധ വിളക്കുകൾ, എമർജൻസി വിളക്കുകൾ, ശബ്ദ സിഗ്നലുകൾ, റഡാർ ട്രാൻസ്മിറ്ററുകൾ എന്നിവയ്ക്കും പ്രകാശഗോപുരങ്ങൾക്കും പരിചരണം ആവശ്യമാണ്. സഞ്ചാര ടെക്നീഷ്യൻമാരാണ് ഇപ്പോൾ പ്രകാശഗോപുരങ്ങളുടെ പരിചരണം നിർവഹിക്കുന്നത്.
പ്രകാശഗോപുര സൂക്ഷിപ്പുകാരുടെ അനേകവർഷത്തെ സേവനത്തെ വിലമതിക്കുന്ന ആളുകൾ മെയ്നിലെ ഓഗസ്റ്റയിലുള്ള ഒരു മനുഷ്യന്റെ അതേ വികാരങ്ങൾ പങ്കിടുന്നു. അദ്ദേഹം ഇങ്ങനെ വിലപിച്ചു: “ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് കമ്പ്യൂട്ടറാണെന്നും മനുഷ്യരാരും അവിടെയില്ലെന്നും അറിഞ്ഞുകൊണ്ട് പ്രകാശഗോപുരത്തിലേക്കു നോക്കുമ്പോൾ ഒരു രസവും തോന്നുകയില്ല.”
[11-ാം പേജിലെ ചതുരം]
ആദ്യത്തെ പ്രകാശഗോപുരം
രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പ്രകാശഗോപുരത്തിന്റെ പണിപൂർത്തിയായത് ഈജിപ്തിലെ ടോളമി രണ്ടാമന്റെ ഭരണകാലത്താണ്. ഏതാണ്ട് പൊ.യു.മു. 300-ലാണ് അതു നിർമിക്കപ്പെട്ടത്. ഇപ്പോഴത്തെ അലക്സാൻഡ്രിയ തുറമുഖ കവാടത്തിന് തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപിലായിരുന്നു അതിന്റെ സ്ഥാനം. 20 വർഷംകൊണ്ടാണ് അതിന്റെ പണിപൂർത്തിയായത്, അതിനു വേണ്ടിവന്ന ചെലവാകട്ടെ 25 ലക്ഷം ഡോളറും.
അതിന് 90 മീറ്ററിലധികം ഉയരമുണ്ടായിരുന്നതായി ചരിത്ര ലേഖനങ്ങൾ സൂചിപ്പിക്കുന്നു. അതിന്റെ മുകളിലത്തെ അറയ്ക്ക് കടലിലേക്ക് ദർശനമുള്ള ജാലകങ്ങളുണ്ടായിരുന്നു. വിറകുതീയോ ഒരുപക്ഷേ തീപ്പന്തങ്ങളോ ഒക്കെ വെച്ചിരുന്നത് ആ ജനാലയ്ക്കലായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച് ഏതാണ്ട് 50 കിലോമീറ്റർ അകലെനിന്ന് ആ വെളിച്ചം കാണാൻ കഴിയുമായിരുന്നു.
ആ വൻ ശിലാ ഗോപുരം ലോകത്തിലെ ഏഴത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു. അതിലെ തീജ്ജ്വാല 1,600 വർഷക്കാലം മുന്നറിയിപ്പിൻ ദീപമായി വർത്തിച്ചു. എന്നാൽ ഒടുവിൽ, സകല സാധ്യതയുമനുസരിച്ച് ഒരു ഭൂകമ്പത്താൽ അതു നശിപ്പിക്കപ്പെട്ടു.
നൂറ്റാണ്ടുകൾ കടന്നുപോയതോടെ വ്യത്യസ്ത വലുപ്പത്തിലും മാതൃകകളിലുമുള്ള ആയിരക്കണക്കിന് പ്രകാശഗോപുരങ്ങൾ ലോകമെമ്പാടുമുള്ള തുറമുഖങ്ങളിൽ സ്ഥാനംപിടിച്ചു. കല്ലുകൊണ്ടുള്ള പഴയ പ്രകാശഗോപുരങ്ങൾ ദേശീയ-സംസ്ഥാന-പ്രവിശ്യാ-നഗര പാർക്കുകളിൽ കാഴ്ചബംഗ്ലാവുകളായും വിനോദസഞ്ചാരികൾക്ക് ആകർഷണമായും ഇപ്പോഴും നിലകൊള്ളുന്നു. ലക്ഷക്കണക്കിനാളുകളാണ് അവ കണ്ടു മടങ്ങുന്നത്.
[10-ാം പേജിലെ ചിത്രം]
കാനഡയിലെ ന്യൂഫൗണ്ട്ലൻഡിലുള്ള കേപ്പ് സ്പിയർ പ്രകാശഗോപുരം