കുട്ടികൾ നിങ്ങളുടെ നായ്ക്കരികിൽ സുരക്ഷിതരാണോ?
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
രണ്ടു വയസ്സുകാരൻ സിഡ്നി, അക്രമസ്വഭാവമുള്ള ഒരു റോട്ട്വെയ്ലറിനെ പൂട്ടിയിട്ടിരുന്നതിനു വളരെ അടുത്തായി ചുറ്റിപ്പറ്റിനിന്നു. നായ അവനെ ആക്രമിച്ചു. അത് അവന്റെ ഉച്ചി മാന്തിപ്പറിച്ചു, അവന്റെ ഇടതുചെവി ഏതാണ്ട് കടിച്ചുപറിച്ചെടുത്തു. നിരവധി പ്രാവശ്യം അവന് ചർമം ഒട്ടിച്ചുചേർക്കുന്ന ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവരും.
സംരക്ഷണത്തിനായി ആളുകൾ നായ്ക്കളെ വളർത്തുന്നതു വർധിച്ചുവരവേ, നായ്ക്കൾ കുട്ടികളെ ആക്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും വർധിച്ചുവരുന്നു. കുട്ടികളെ കടിക്കുന്നതായി അറിയപ്പെടുന്ന ചില നായ്ക്കൾ റോട്ട്വെയ്ലറുകൾ, ഡോബർമാൻ, ബുൾമാസ്റ്റിഫുകൾ, അൾസേഷ്യനുകൾ (ജർമൻ ഷെപ്പേർഡുകൾ), ബുൾടെറിയറുകൾ എന്നിവയാണ്. പരിശോധനാവിധേയമായ കേസുകളിൽ, കടിയേറ്റ കുട്ടികളിൽ ഭൂരിഭാഗവും ആക്രമിക്കപ്പെട്ടത് അവർക്കു പരിചയമുള്ള നായ്ക്കളാലാണെന്ന് ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. ഇവരിൽ പകുതിയോളം അയൽക്കാരുടെ നായ്ക്കളാലും കാൽഭാഗം സ്വന്തം നായ്ക്കളാലുമായിരുന്നു ആക്രമിക്കപ്പെട്ടത്. അലഞ്ഞുനടക്കുന്ന നായ്ക്കളാൽ ആക്രമിക്കപ്പെട്ടത് വെറും 10 ശതമാനം മാത്രം. ആക്രമണത്തിനിരയായവർ മിക്കവാറും ഏതെങ്കിലും വിധത്തിൽ, ഒരുപക്ഷേ അറിയാതെതന്നെ, നായെ ചൊടിപ്പിച്ചിരുന്നു. നായ്ക്കളിൽനിന്നുള്ള പല ആക്രമണങ്ങളും, മാതാപിതാക്കളോ നായുടെ ഉടമസ്ഥരോ ചില അടിസ്ഥാന മുൻകരുതലുകൾ എടുത്താൽ ഒഴിവാക്കാവുന്നതേയുള്ളു എന്നു സ്പഷ്ടം.
കുട്ടിയെ പരിശീലിപ്പിക്കുക
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കൊച്ചു കുട്ടികളെയും നായ്ക്കളെയും തനിച്ചാക്കി പോകരുതെന്ന് പല നായ പരിശീലകരും ഊന്നിപ്പറയുന്നു. മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്നു കൊച്ചു കുട്ടികൾക്ക് അറിയില്ല. അവരെ അതു പഠിപ്പിക്കണം. അതുകൊണ്ട്, ചുമതലയുള്ള മുതിർന്നവരുടെ അസാന്നിധ്യത്തിൽ നായ്ക്കളെയും കൊച്ചു കുട്ടികളെയും ഒരുമിച്ചായിരിക്കാൻ അനുവദിക്കരുതെന്ന നിയമം ഒട്ടേറെ ആളുകൾ ബാധകമാക്കുന്നു. നിങ്ങളുടെ നായെ കുട്ടികളുമായി ഇണങ്ങാൻ പഠിപ്പിക്കൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പരിശീലകനായ ബ്രയൻ കിൽക്കോമൺസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഞങ്ങൾ കേൾക്കുന്ന വിവരണങ്ങളിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത്, ഭൂരിഭാഗം പ്രശ്നങ്ങളുമുണ്ടാകുന്നത് മുതിർന്നവരുടെ ശ്രദ്ധ പാളിപ്പോയ അവസരങ്ങളിലാണെന്നാണ്.”
മിക്കപ്പോഴും മൃഗങ്ങൾക്കു കുട്ടികളിൽനിന്നു സംരക്ഷണം ആവശ്യമാണ്! ഒരു വീട്ടിലെ വളർത്തുനായ കുട്ടിയെ കടിക്കാനൊരുമ്പെട്ടപ്പോൾ വീട്ടുകാർ സഹായത്തിനായി കിൽക്കോമൺസിനെ വിളിച്ചു. രണ്ടര വയസ്സുള്ള മകൻ ഓടിച്ചെന്ന് ഉറങ്ങിക്കിടന്ന നായെ ആഞ്ഞുതൊഴിച്ചെന്ന് പരിഭ്രാന്തനായ പിതാവു വിവരിച്ചു. വേദനിച്ചപ്പോൾ നായ കുട്ടിയെ കടിക്കാനൊരുമ്പെട്ടു. ഈ സാഹചര്യത്തിൽ നായ കുട്ടിയെ കടിക്കാതിരുന്നതു ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഈ പരിശീലകൻ മാതാപിതാക്കളെ ഇങ്ങനെ ഉപദേശിക്കുന്നു: “മറ്റൊരു കുട്ടിയോടു ചെയ്യാൻ അനുവദിക്കുകയില്ലാത്ത കാര്യം ഒരു നായോടു ചെയ്യാനും നിങ്ങളുടെ കുട്ടിയെ അനുവദിക്കരുത്.”
മൃഗങ്ങളോടു ദയാപൂർവം പെരുമാറേണ്ടതെങ്ങനെയെന്നു നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. നായെ ഒരിക്കലും കളിയാക്കരുതെന്ന് അവനെ പഠിപ്പിക്കുക. കുട്ടികളും നായ്ക്കളും ഒരുമിച്ചായിരിക്കുന്ന സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏത് അപകടങ്ങളുടെ കാര്യത്തിലും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. നായ കുട്ടിയുടെ അരികിൽനിന്നു മാറിപ്പോകാനോ ഒളിക്കാനോ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അതിനെ പിന്തുടരുന്നതിൽനിന്നു കുട്ടിയെ തടയുക. കുട്ടി നായെ പിന്തുടർന്ന് അതിന്റെ വഴിമുട്ടിച്ചാൽ അവശേഷിക്കുന്ന ഏക പ്രതിരോധമാർഗം കുരയ്ക്കുകയോ മുരളുകയോ കടിക്കുകയോ ആണ്. മാതാവോ പിതാവോ പറയുന്നത് അനുസരിക്കണമെന്നു കുട്ടിയും നായും മനസ്സിലാക്കത്തക്കവിധം മാതാപിതാക്കൾ ക്രമമായി ശിക്ഷണം നൽകേണ്ടതാണ്.
നായെ വേണ്ടാത്ത വസ്തുവായി കാണരുത്. നായെ വളർത്തുന്ന ഒരു വിവാഹിത ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കുമ്പോൾ നായെ അവഗണിക്കാനും വീടിന്റെ പിൻമുറ്റത്തേക്കു തള്ളാനുമുള്ള ഒരു പ്രവണത ഉണ്ടായേക്കാം. മുൻകരുതലുകൾ എടുക്കുന്നതു ബുദ്ധിയായിരിക്കുമെങ്കിലും പരിശീലകനായ റിച്ചാർഡ് സ്റ്റബ്സ് ഉപദേശിക്കുന്നു: “നായെ ഒരു വേണ്ടാത്ത വസ്തുവായി കാണരുത്. മറിച്ച്, നായ്ക്ക് ദിവസവും ചെയ്തുകൊടുക്കാറുള്ള കാര്യങ്ങളിൽ വീഴ്ച വരുത്താതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കുക, അതിന് ഉചിതമായ ശ്രദ്ധ നൽകുക.”
നിങ്ങളുടെ കുട്ടികൾ പരിചയമില്ലാത്ത നായ്ക്കളോടു പ്രതികരിക്കുന്ന വിധം വീക്ഷിക്കുക. ഒരപരിചിതൻ ഒരു നായെ തെരുവിലൂടെ നടത്തിക്കൊണ്ടുപോകുമ്പോൾ അവൻ എന്തു ചെയ്യും? നായെ ഓമനിക്കാൻ ഒന്നും ആലോചിക്കാതെ ഓടിച്ചെല്ലുമോ? അങ്ങനെ ചെയ്യരുതെന്ന് അവനെ പഠിപ്പിക്കുക. ആദ്യം അവൻ ഉടമസ്ഥന്റെ അനുവാദം വാങ്ങണം. എന്നിട്ട്, ഉടമസ്ഥൻ സമ്മതിക്കുകയാണെങ്കിൽ നായെ ഭയപ്പെടുത്താതെ സാവധാനം അവന് അതിന്റെ അരികിലേക്കു ചെല്ലാം. അൽപ്പം മാറിനിന്ന് നായോടു ശാന്തമായി സംസാരിച്ചുകൊണ്ട് അവനു സ്വയം പരിചയപ്പെടുത്താവുന്നതാണ്. സൗഹൃദമുള്ള നായ നിങ്ങളുടെ കുട്ടിയുടെ അരികിലേക്കു ചെല്ലും. തെരുവിലൂടെ അലഞ്ഞുനടക്കുന്ന നായെ സമീപിക്കാതിരിക്കുന്നതാണ് നല്ലത്.—22-ാം പേജിലെ, “നായുടെ ശരീരഭാഷ” എന്ന ചതുരം കാണുക.
നായെ പരിശീലിപ്പിക്കുക
എപ്പോഴും നിങ്ങളുടെ നായെ പ്രശംസിക്കുക, അതിന് പ്രോത്സാഹനം നൽകുക. ശിക്ഷയോ പരുഷമായ വാക്കുകളോ പഠനത്തെ ത്വരിതപ്പെടുത്തുകയില്ല. മറിച്ച് അത് വിപരീത ഫലമായിരിക്കും ഉളവാക്കുക. വിളിച്ചാൽ വരാനും “ഇരിക്ക്!” എന്നതുപോലുള്ള അടിസ്ഥാന ആജ്ഞകൾ അനുസരിക്കാനും ഒരു നായ പഠിക്കുന്നത് ഉചിതമാണ്. യജമാനനു കീഴ്പെട്ടിരിക്കാൻ നായ പഠിക്കുന്നു. ദുഷ്കരമായേക്കാവുന്ന ഘട്ടങ്ങളിൽ ഉടമസ്ഥനു നായുടെ മേൽ മെച്ചമായ നിയന്ത്രണമുണ്ടായിരിക്കാൻ ഇതുമൂലം സാധിക്കുന്നു. ലളിതമായ വാക്കുകളും വാചകങ്ങളും ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഒരേ വാക്കുകൾതന്നെ എപ്പോഴും ഉപയോഗിക്കുക. നായ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ചെയ്യുമ്പോൾ ഉടനടി പ്രശംസയുടെയോ തലോടലിന്റെയോ ഭക്ഷണനുറുക്കിന്റെയോ രൂപത്തിൽ സമ്മാനം നൽകുക. നിങ്ങൾ ആഗ്രഹിക്കുന്ന ഫലം ഉളവാകാൻ പ്രവൃത്തി കഴിഞ്ഞ ഉടനെ സമ്മാനം നൽകണം. നായ ആ ശീലം പതിവാക്കുന്നതുവരെ അത് ആവർത്തിക്കുന്നതാണ് അടുത്ത പ്രധാന ഘടകം.
നിങ്ങൾ ഒരു നായെ—നായ്ക്കുട്ടിയെയോ വളർച്ചയെത്തിയ നായെയോ—വാങ്ങിച്ചാൽ കുട്ടികളുമായി ഇണങ്ങാൻ അതിനു സഹായം ആവശ്യമായിരിക്കാം. കുട്ടികളുടെ പ്രതികരണം മുതിർന്ന ആളുകളുടേതിൽനിന്നു വ്യത്യസ്തമാണ്. അവർ കൂടുതൽ ഒച്ചവെക്കും, അവർ കൂടുതൽ സാഹസപ്രകൃതിക്കാരാണ്. അവർ ഒരു നായുടെ അരികിലേക്കു പാഞ്ഞുചെന്നേക്കാം. ഇതു നായെ ഭയപ്പെടുത്തിയേക്കാം. അത്തരം ചപല സ്വഭാവങ്ങളോടു പൊരുത്തപ്പെടാൻ നിങ്ങളുടെ ഓമനമൃഗത്തെ പരിശീലിപ്പിക്കുന്നതു നല്ലതാണ്. കുട്ടികൾ അടുത്തില്ലാത്തപ്പോൾ പെട്ടെന്നുള്ള ഒച്ചയോട് ഇണങ്ങാൻ നായെ പരിശീലിപ്പിക്കുക. പരിശീലനം ഒരു വിനോദമാക്കുക. ഉച്ചത്തിൽ ഒരു ആജ്ഞ നൽകിയശേഷം പെട്ടെന്ന് നായുടെ അടുക്കലേക്കു പാഞ്ഞുചെല്ലുക. പിന്നെ ഉടനടി നായ്ക്ക് ഒരു സമ്മാനം നൽകുക. നിങ്ങളുടെ ഒച്ച പടിപടിയായി ഉയർത്തുക. എപ്പോഴും ഒടുവിൽ അതിനെ ഓമനിക്കാൻ ശ്രമിക്കുക. താമസിയാതെ അത് ഈ വിനോദം ആസ്വദിച്ചു തുടങ്ങും.
കൊച്ചു കുട്ടികൾക്കു നായ്ക്കളെ കെട്ടിപ്പിടിക്കാൻ ഇഷ്ടമാണ്. എന്നാൽ അങ്ങനെ ചെയ്യരുതെന്ന് അവരെ പഠിപ്പിക്കണം. കാരണം അത്തരം അടുത്ത സമ്പർക്കത്തിൽ വരുന്നത് ചില നായ്ക്കളെ ഭയപ്പെടുത്തും. നിങ്ങളുടെ കുട്ടികൾ നായെ കെട്ടിപ്പിടിക്കാറുണ്ടെങ്കിൽ അത് അനുവദിച്ചുകൊടുക്കാൻ അതിനെ പരിശീലിപ്പിക്കുന്നതിനു സാധിക്കും. അൽപ്പസമയം നിങ്ങളുടെ നായെ കെട്ടിപ്പിടിക്കുക. എന്നിട്ട് എന്തെങ്കിലും ഭക്ഷണനുറുക്കു നൽകുകയും പ്രശംസിക്കുകയും ചെയ്യുക. സമയദൈർഘ്യം ക്രമേണ കൂട്ടുക. നിങ്ങളുടെ നായ മൂളുകയോ മുരളുകളോ ചെയ്യുന്നെങ്കിൽ യോഗ്യതയുള്ള ഒരു പരിശീലകനിൽനിന്നു സഹായം സ്വീകരിക്കുക.
അക്രമസ്വഭാവമുള്ള നായ
ചില നായ്ക്കൾ പ്രകൃത്യാ അക്രമസ്വഭാവമുള്ളവയായിരിക്കും. കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം അവ അപകടകാരികളായേക്കാം. അക്രമസ്വഭാവം കൂടുതൽ പ്രകടിപ്പിച്ചേക്കാവുന്നത് ആൺപട്ടികളായിരിക്കും.
മേധാവിത്വ സ്വഭാവമുള്ള നായ്ക്കൾക്കു തങ്ങളെ സ്പർശിക്കുന്നത് ഇഷ്ടമായിരിക്കുകയില്ല, വിശേഷിച്ച് മുഖവും കഴുത്തുംപോലുള്ള സംവേദനക്ഷമമായ ഭാഗങ്ങളിൽ. എങ്കിലും മറ്റു സമയങ്ങളിൽ നായ നിങ്ങളെ സമീപിച്ച് മുട്ടിയുരുമ്മുകയോ അല്ലെങ്കിൽ ശ്രദ്ധ “ആവശ്യപ്പെട്ടുകൊണ്ട്” അതിന്റെ കാൽ നിങ്ങളുടെ മടിയിൽ വെക്കുകപോലുമോ ചെയ്തേക്കാം. വീട്ടിലെ പ്രത്യേക സ്ഥലങ്ങൾ അത് കൈയടക്കിയേക്കാം, കുടുംബാംഗങ്ങളെപ്പോലും അവിടെ പ്രവേശിക്കാൻ അനുവദിച്ചെന്നു വരില്ല. മിക്കപ്പോഴും കളിപ്പാട്ടങ്ങൾപോലുള്ള വസ്തുക്കൾ അത് കൈയടക്കി വെച്ചേക്കാം. അതുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും അടുത്തേക്കു ചെന്നാൽ അത് മുരളുകയോ കളിപ്പാട്ടം കടിക്കുന്നതു നിർത്തുകയോ ചെയ്തേക്കാം.
തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതിനുവേണ്ടി അത്തരം നായ്ക്കൾ പരിചയമുള്ള ആജ്ഞകൾ മനപ്പൂർവം അവഗണിച്ചേക്കാം. കുട്ടികളെ തള്ളിമാറ്റുകയോ വാതിലിലൂടെ ആദ്യം കടന്നുപോകാൻ ശ്രമിക്കുകയോ ചെയ്തേക്കാം. ആളുകളുടെ പുറത്തു കയറാനുള്ള പ്രവണതയും അവ കാട്ടിയേക്കാം. ഇത് “മേധാവിത്വം കാട്ടാനുള്ള ഒരു ശ്രമമാണ്” അല്ലാതെ ഇതിന് “ലൈംഗികതയുമായി ബന്ധമൊന്നുമില്ല” എന്ന് ബ്രയൻ കിൽക്കോമൺസ് പറയുന്നു. അദ്ദേഹം മുന്നറിയിപ്പു നൽകുന്നു: ഇത് “എപ്പോഴും, താനാണ് അധികാരി എന്നു നായ വിചാരിക്കുന്നതിന്റെ ഒരു സൂചനയാണ്. തീർച്ചയായും ഇതിൽ അപകടം പതിയിരിപ്പുണ്ട്.” ശ്രദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം ഉടമസ്ഥന്റെ കൈ വായിലാക്കുന്ന ശീലവും നായ വളർത്തിയെടുത്തേക്കാം.
അക്രമസ്വഭാവത്തിന്റെ ഇത്തരം സൂചനകൾ അവഗണിക്കാൻ പാടില്ല. അക്രമസ്വഭാവം തനിയെ മാറില്ല; അതു വർധിക്കാനുള്ള സാധ്യതയുണ്ട്. വീട്ടിലെ കുട്ടികൾ അപകടത്തിലാകാൻ ഇടയുണ്ട്. അത്തരം ഒരു നായുടെ—അത് ഏതു ലിംഗത്തിൽപ്പെട്ടതായാലും—പ്രത്യുത്പാദനശേഷി നശിപ്പിക്കാൻ പല പരിശീലകരും ശുപാർശ ചെയ്യുന്നു. കാരണം ഇത് പൊതുവേ അക്രമസ്വഭാവം കുറയ്ക്കുമത്രേ.
യജമാനൻ ആരെന്നു കാണിക്കത്തക്കവണ്ണം അക്രമസ്വഭാവമുള്ള ഒരു നായെ വെല്ലുവിളിക്കുന്നത് ബുദ്ധിയായിരിക്കുകയില്ല. അക്രമവും പരുക്കൻമട്ടിലുള്ള ശിക്ഷണവും വാസ്തവത്തിൽ അപകടകരമായേക്കാം. കൂടുതൽ തന്ത്രപരമായ രീതികളിലൂടെ യജമാനൻ ആരാണെന്നുള്ളതു നായ്ക്കു കാണിച്ചുകൊടുക്കാൻ സാധിക്കും.
അക്രമസ്വഭാവമുള്ള ഒരു നായ ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളെ സമീപിക്കുമ്പോഴെല്ലാം നിങ്ങൾ അതു നൽകുകയാണെങ്കിൽ യജമാനൻ താനാണെന്ന നായുടെ വിശ്വാസത്തെ അതു ബലപ്പെടുത്തും. അതുകൊണ്ട് അത്തരമൊരു നായ ശ്രദ്ധ ആവശ്യപ്പെടുമ്പോൾ അത് അവഗണിക്കുക. മുഴുകുടുംബവും ഇതിനോടു സഹകരിക്കണം. ആദ്യമൊക്കെ നായ അമ്പരന്ന് കുരയ്ക്കുകയും നിങ്ങളെ കൗതുകത്തോടെ നോക്കുകയും ചെയ്തേക്കാം. എന്നാൽ അതിനു വശംവദരാകാനുള്ള പ്രേരണയെ ചെറുത്തുനിൽക്കുക. അത് പിന്മാറി ഒരുപക്ഷേ ഒരു മൂലയിൽചെന്നു കിടക്കും. അൽപ്പം ശ്രദ്ധ നൽകാനുള്ള സമയം അതാണ്. നിങ്ങളാണ് യജമാനൻ എന്നും ശ്രദ്ധ കൊടുക്കേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുന്നതു നിങ്ങളാണെന്നും ഇപ്രകാരം നായ മനസ്സിലാക്കുന്നു.
വടംവലിയും മൽപ്പിടിത്തവും പോലെയുള്ള അക്രമാസക്തമായ കളികൾ നായുടെ മേധാവിത്വ വാസനയെ ഉത്തേജിപ്പിച്ചേക്കാം. അതുകൊണ്ട്, അത്തരം വിനോദങ്ങൾ ഒഴിവാക്കേണ്ടതാണ്. പകരം അക്രമസ്വഭാവമില്ലാത്ത വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്.
നായ നിങ്ങളുടെ കിടപ്പറയിൽ കിടന്നുറങ്ങാതിരിക്കുന്നതാണു നല്ലത്. കിടപ്പറ വിശിഷ്ടമായ ഒരു സ്ഥലമാണ്. അവിടെ കിടന്നുറങ്ങുന്നതുകൊണ്ട് വീട്ടിലെ കുട്ടികളെക്കാൾ പദവി തനിക്കുണ്ടെന്ന് നായ്ക്കു തോന്നിയേക്കാം. പകരം നായുടെ കിടപ്പ് വരാന്തയിലോ പുറത്തുള്ള കൂട്ടിലോ ആക്കണം. മിക്കപ്പോഴും തങ്ങളുടെ കിടപ്പറയിൽവെച്ചാണ് അക്രമസ്വഭാവമുള്ള നായിൽനിന്ന് ഉടമസ്ഥർക്ക് ആദ്യമായി കടിയേൽക്കുന്നത്.
നായ നിങ്ങളുടെ ശ്രമങ്ങളോടു പ്രതികരിക്കുന്നില്ലെങ്കിലോ പരിശീലിപ്പിക്കുന്നതിനിടയ്ക്ക് അല്ലെങ്കിൽ ഏതെങ്കിലും സമയത്ത് നിങ്ങൾക്കു ഭീഷണി നേരിടുന്നെങ്കിലോ വിദഗ്ധനായ ഒരു നായ പരിശീലകനിൽനിന്നു സഹായം സ്വീകരിക്കുക. നിങ്ങളുടെ മൃഗഡോക്ടർക്ക് ഒരാളെ ശുപാർശ ചെയ്യാൻ കഴിഞ്ഞേക്കും. ആദ്യംതന്നെ അയാളുടെ പരിശീലന രീതികളെക്കുറിച്ച് അയാളുമായി സംസാരിച്ച്, നിയമിക്കുന്നതിനുമുമ്പായി അയാളുടെ കഴിവുകളിൽ നിങ്ങൾ സന്തുഷ്ടനാണെന്ന് ഉറപ്പു വരുത്തുക. പരിശീലകനായ റിച്ചാർഡ് സ്റ്റബ്സ് മുന്നറിയിപ്പു നൽകുന്നു: “വിദഗ്ധനായ ഒരു പരിശീലകനോട് നായ പ്രതികരിച്ചേക്കാമെങ്കിലും ഉടമസ്ഥനോടും അപ്രകാരംതന്നെയായിരിക്കുമെന്ന് ഉറപ്പിക്കാൻ വയ്യ.” നിർണായക സാഹചര്യങ്ങളിൽ തന്റെ നായെ നിയന്ത്രിക്കാൻ തനിക്കു കഴിയുമെന്ന് ഉടമസ്ഥന് ഉറപ്പുണ്ടായിരിക്കണം.
ഏറ്റവും നല്ല പരിശീലനം ലഭിച്ചശേഷംപോലും ചില നായ്ക്കൾ അക്രമസ്വഭാവം കൈവെടിയുകയില്ല. അത്തരം നായ്ക്കളെ വീട്ടിൽ വെച്ചുകൊണ്ടിരിക്കുന്നത് അപകടകരമായേക്കാം. കഴിവിന്റെ പരമാവധി ശ്രമിച്ചശേഷം, അപകടം ക്ഷണിച്ചുവരുത്തുന്നതിലും നല്ലത് അത്തരം നായെ ഉപേക്ഷിക്കുന്നതാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. ഉപദേശത്തിനായി ഒരു മൃഗഡോക്ടറെയോ പരിശീലകനെയോ സമീപിക്കുന്നതായിരിക്കും ബുദ്ധി. നിങ്ങളുടെ നായ്ക്ക് മറ്റൊരു ഭവനം നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ നായിൽനിന്നു നിങ്ങൾ നേരിട്ടിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പുതിയ ഉടമസ്ഥനോടു പറയാൻ സ്വാഭാവികമായും നിങ്ങൾ ബാധ്യസ്ഥനാണ്.
പരിശീലകനായ പീറ്റർ നെവൽ ഇപ്രകാരം ഉപദേശിക്കുന്നു: “മേധാവിത്വ സ്വഭാവമുള്ള നായ്ക്കളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധാപൂർവമായ മാർഗനിർദേശത്തിൻ കീഴിലായിരിക്കണം. അപകടത്തിലാകുന്നത് ആരെന്നും എത്രത്തോളം അപകടം പതിയിരിപ്പുണ്ടെന്നും ശ്രദ്ധാപൂർവം വിശകലനം ചെയ്യണം. ഭവനത്തിൽ, അപകടത്തിന് ഏറ്റവും കൂടുതൽ വിധേയമാകാൻ സാധ്യതയുള്ള വ്യക്തിക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കുകയില്ലെങ്കിൽ അതിനെ പുതിയ ഉടമസ്ഥനു കൈമാറുന്നതോ കൊല്ലുന്നതോ ആയിരിക്കും നല്ലത്. പുതിയ ഉടമസ്ഥനെ തിരഞ്ഞുപിടിക്കുന്നതും ശ്രദ്ധിച്ചുവേണം.”
നായ്ക്കളെ ഓമനമൃഗങ്ങളാക്കുന്നതിൽനിന്നു കുട്ടികൾക്കു പഠിക്കാനും വൈകാരികമായ പ്രയോജനം അനുഭവിക്കാനും സാധിക്കും. മാതാപിതാക്കൾ ഉത്തരവാദിത്വത്തോടെ മേൽനോട്ടം വഹിച്ചാൽ തങ്ങളുടെ ഓമനമൃഗങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ഓർമകളെല്ലാം മധുരമുള്ളതാക്കാൻ സാധിക്കും.
[22-ാം പേജിലെ ചതുരം]
നായുടെ ശരീരഭാഷ
അക്രമസ്വഭാവമുള്ള നായുടെ പെരുമാറ്റത്തിൽ സൗഹൃദത്തിന്റേതല്ലാത്ത സൂചനകൾ പ്രകടമായിരിക്കും. നായുടെ ഈ ശരീരഭാഷ തിരിച്ചറിയാൻ കുട്ടിയെ പഠിപ്പിക്കുന്നതുവഴി അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ തക്കവണ്ണം നിങ്ങൾക്ക് അവനെ സഹായിക്കാൻ സാധിക്കും.
● അക്രമസ്വഭാവമുള്ള നായ വലുപ്പക്കൂടുതലുള്ളതായി തോന്നിപ്പിക്കാൻ ശ്രമിക്കും. അതിന്റെ കഴുത്തിനു പുറകിലുള്ള രോമം എഴുന്നുനിന്നേക്കാം. നായ വാൽ മുകളിലേക്കാക്കി മുരളുകയോ കുരയ്ക്കുകയോ ചെയ്തേക്കാം. വാൽ വടിപോലെയാക്കി തുടരെത്തുടരെ ചലിപ്പിക്കുകയാണെങ്കിൽ അത് സൗഹൃദത്തെയല്ല പ്രകടമാക്കുന്നത്. നായെ വെറുതേ വിടുന്നതായിരിക്കും നല്ലത്.
● പേടിയുള്ള നായ അതിന്റെ തലയും ചെവിയും താഴോട്ടാക്കി വാൽ കാലുകൾക്കിടയിൽ തിരുകി പതുങ്ങിക്കിടന്നേക്കാം. ഈ നായെ ആരെങ്കിലും സമീപിക്കുകയാണെങ്കിൽ പേടിമൂലം അത് അക്രമാസക്തമായേക്കാം. അതിനെ വെറുതേ വിടുക.
● ശാന്തനായി നിൽക്കുന്ന ഒരു നായ തല നേരേ പിടിച്ചിരിക്കും. വായ് തുറന്നും വാൽ അൽപ്പം താഴ്ത്തിയും പിടിച്ചിരിക്കും. പക്ഷേ വാൽ താഴേക്കു വീണുകിടക്കുകയില്ല. വാലാട്ടുന്നതു സൗഹൃദത്തിന്റെ സൂചനയാണ്. ഈ നായുമായി സൗഹൃദത്തിലേർപ്പെടുന്നതിൽ പൊതുവേ അപകടമൊന്നുമില്ല.
(ബ്രയൻ കിൽക്കോമൺസും സാറ വിൽസണും രചിച്ച നിങ്ങളുടെ നായെ കുട്ടികളുമായി ഇണങ്ങാൻ പഠിപ്പിക്കൽ എന്ന പുസ്തകത്തിൽനിന്നു സ്വീകരിച്ചത്.)
[23-ാം പേജിലെ ചതുരം]
നായ്ക്കളിൽനിന്നു സുരക്ഷ
1. കൊച്ചു കുട്ടികളുടെയും നായ്ക്കളുടെയും മേൽ കണ്ണുണ്ടായിരിക്കുക.
2. നായെ ഒരിക്കലും കളിയാക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കുക.
3. പരിചയമില്ലാത്ത ഒരു നായെ ഓമനിക്കുന്നതിനുമുമ്പ് അതിന്റെ ഉടമസ്ഥനിൽനിന്ന് അനുവാദം വാങ്ങുക.
4. അടിസ്ഥാന ആജ്ഞകൾ അനുസരിക്കാൻ നിങ്ങളുടെ നായെ പരിശീലിപ്പിക്കുക.
5. നിങ്ങളുടെ നായെ കെട്ടിപ്പിടിക്കുന്നതുമായി പരിചിതമാക്കുക.
6. അക്രമസ്വഭാവമുള്ള കളികൾ ഒഴിവാക്കുക.