മൃഗശാല—വന്യജീവികളുടെ അവസാന പ്രത്യാശയോ?
ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിലെ ഏറെ പുരോഗമനോന്മുഖമായ മൃഗശാലകളിൽ കൊട്ടിഘോഷിക്കപ്പെടാത്ത ഒരു വിപ്ലവം തന്നെ നടന്നിരിക്കുന്നു. “പ്രകൃതിദൃശ്യത്തിന്റെ അപ്പാടെയുള്ള പകർത്തൽ”—ചെടികൾ, കല്ലുകൾ, വള്ളിച്ചെടികൾ, മൂടൽമഞ്ഞ്, ശബ്ദം എന്നിവയും സാഹചര്യത്തിനിണങ്ങുന്ന മറ്റു ജന്തുക്കളും പക്ഷികളും എല്ലാം സഹിതം, ജന്തുക്കളുടെ സ്വാഭാവിക പരിതഃസ്ഥിതിയുടെ പകർത്തൽ—എന്ന കൂടുതൽ മനുഷ്യത്വപരമായ ആശയത്തിനനുരൂപമായി അവർ പ്രദർശനവസ്തുക്കൾക്ക് രൂപഭേദം വരുത്തിയിരിക്കുന്നത് ഇതിന്റെ ഒരു ബാഹ്യ തെളിവാണ്. ചെലവേറിയതാണെങ്കിലും—മൃഗശാലകളും അക്വേറിയങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഐക്യനാടുകളിൽ മാത്രമായി വർഷംതോറും ഏതാണ്ട് 120 കോടി രൂപ ചെലവഴിക്കപ്പെടുന്നു—മൃഗശാലകൾ നിർവഹിക്കാൻ ലക്ഷ്യംവെച്ചിരിക്കുന്ന പുതിയ ധർമത്തിന്റെ വീക്ഷണത്തിൽ മാറ്റങ്ങൾ അനിവാര്യമായി കണക്കാക്കപ്പെടുന്നു.
അടുത്ത നൂറ്റാണ്ടിലെ ദൗത്യം
ജീവജാലങ്ങളുടെ അഭാവം ഗ്രഹത്തെ ഭീഷണിപ്പെടുത്തുന്നതിന്റെ വീക്ഷണത്തിൽ ലോകത്തിലെ പ്രമുഖ മൃഗശാലകൾ സംരക്ഷണത്തെയും വിദ്യാഭ്യാസത്തെയും ശാസ്ത്രീയ ഗവേഷണത്തെയും 21-ാം നൂറ്റാണ്ടിലെ തങ്ങളുടെ ദൗത്യമായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. വെല്ലുവിളിയാൽ പ്രചോദനംകൊണ്ടും അടിയന്തിരതയാൽ പ്രേരിതരായും ചില മൃഗശാലകൾ മൃഗശാല എന്ന പേരുതന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. പകരം ഇപ്പോൾ അവയുടെ പേര് “വന്യജീവി സങ്കേതം” എന്നോ “സംരക്ഷണോദ്യാനം” എന്നോ ഒക്കെ ആണ്.
ലോക മൃഗശാലാ സംരക്ഷണ പദ്ധതി (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഈ പുതിയ ദിശയിൽ വഴിവെളിച്ചമാണ്. “മൃഗശാലാ സമുദായം ഉണ്ടാക്കിയിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖ” എന്ന് ഒരു എഴുത്തുകാരൻ വർണിച്ച പദ്ധതി വാസ്തവത്തിൽ ഒരു ജന്തുശാസ്ത്ര ശാസനസംഹിതയാണ്: “ലോകമെമ്പാടുമുള്ള വിവിധയിനം വന്യജീവികളുടെ സംരക്ഷണത്തിൽ ലോകത്തിലെ മൃഗശാലകൾക്കും അക്വേറിയങ്ങൾക്കുമുള്ള ഉത്തരവാദിത്വങ്ങളെയും അവസരങ്ങളെയും” അതു “നിർവചിക്കുന്നു.” പുതിയ മനോഭാവത്തെക്കുറിച്ചുള്ള ഏതു സംശയങ്ങളെയും ദൂരീകരിച്ചുകൊണ്ട് പദ്ധതി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വാസ്തവത്തിൽ ഒരു മൃഗശാലയോ അക്വേറിയമോ നിലനിൽപ്പ് അർഹിക്കുന്നുവോ എന്നത് അത് വന്യജീവി സംരക്ഷണത്തിന് എന്തു സംഭാവന ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.”
പ്രത്യേകിച്ചും കൂട്ടിലടയ്ക്കപ്പെട്ട ജന്തുക്കളുടെ പ്രജനനത്തെക്കുറിച്ചുള്ള പൊതു വിദ്യാഭ്യാസവും ശാസ്ത്രീയ ഗവേഷണവും ഈ പുതിയ ധർമം നിർവഹിക്കുന്നതിന് അനിവാര്യമാണ്. ഇന്നത്തെ യുവാക്കളിൽ ചിലർ നാളെ മൃഗശാലാപരിപാലകർ ആകാനുള്ളവരാണ്. വനത്തിൽ നാമാവശേഷമായ ജീവിവർഗങ്ങളുടെ പട്ടിക വലുതായിക്കൊണ്ടിരിക്കുന്നു. എന്നാൽ ആ പട്ടികയിൽപ്പെട്ട, മൃഗശാലയിൽ ശേഷിക്കുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവരുടേതാണ്. അവർ ജ്ഞാനത്തോടും അർപ്പണ മനോഭാവത്തോടും കൂടി ഈ ചുമതല നിർവഹിക്കുമോ? മനുഷ്യവർഗം പൊതുവേ പ്രകൃതിയെ കൂടുതൽ പ്രബുദ്ധമായ വീക്ഷണത്തോടെ കാണുമോ? ഈ ലക്ഷ്യത്തിൽ, ഒരു പ്രബോധകനായിത്തീരാൻ, “ആളുകളുടെ മനഃസാക്ഷി ഉണർത്തുന്ന ഒരു ലോകവ്യാപക ശൃംഖല”യുടെ ഭാഗമായി സ്വയം കാണാൻ, പദ്ധതി ഓരോ മൃഗശാലയെയും പ്രോത്സാഹിപ്പിക്കുന്നു.
മൃഗശാലകൾ ഒരു ആഗോള ശൃംഖലയായി ഏകീകരിക്കപ്പെടുന്നു
കൃത്യം ഭാരിച്ചതാകയാൽ അനേകം മൃഗശാലകളും ഒരു ആഗോള ശൃംഖലയായി ഏകീകരിച്ചു പ്രവർത്തിക്കുന്നു. ഈ ശൃംഖലയിൽ ഇപ്പോൾ 1,000-ത്തോളം മൃഗശാലകൾ ഉണ്ട്. ലോക മൃഗശാലാ സംഘടന, പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിനായുള്ള അന്തർദേശീയ യൂണിയൻ തുടങ്ങിയ അന്തർദേശീയ സംഘടനകൾ ഈ മൃഗശാലകളെ ഒന്നിപ്പിച്ച് ഏകോപനവും മാർഗനിർദേശവും പ്രദാനം ചെയ്യുന്നു.
അത്തരം സഹകരണത്തിനുള്ള ഒരു നിർബന്ധിത കാരണത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട് മൃഗശാല—ആധുനിക പെട്ടകം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇപ്രകാരം പറയുന്നു: “ഒളിഞ്ഞിരിക്കുന്ന ആക്രമണകാരിയായ അന്തഃപ്രജനനത്തെ [inbreeding] നിയന്ത്രിക്കണമെങ്കിൽ ഒരു മൃഗശാലയ്ക്ക് അതിന്റെ ഒരു ചെറിയ കൂട്ടം ജന്തുക്കളെക്കൊണ്ട്, ഉദാഹരണമായി എടുത്താൽ സൈബീരിയൻ കടുവകളെക്കൊണ്ട്, മേലാൽ തൃപ്തിപ്പെടാൻ കഴിയില്ല. മറിച്ച്, ഒരു ഭൂഖണ്ഡത്തിലെ—അല്ലെങ്കിൽ മുഴു ലോകത്തിലെയും—എല്ലാ മൃഗശാലകളിലുമുള്ള സൈബീരിയൻ കടുവകളെ ഒറ്റ ജീവിഗണമായി കരുതേണ്ടതുണ്ട്.” അതേ, അന്തഃപ്രജനനം—വന്ധ്യതയുടെയും വംശനാശത്തിന്റെയും ഒരു മുന്നോടി—കുറയ്ക്കാൻ അല്ലെങ്കിൽ നീക്കംചെയ്യാൻ ഓരോ വർഗത്തിലും പെടുന്ന നൂറു കണക്കിന് ജീവികൾ ഉണ്ടായിരിക്കേണ്ട ആവശ്യമുണ്ട്. ഇത് ഒരൊറ്റ മൃഗശാലയിൽ കൊള്ളാവുന്നതിലധികമാണെന്നതു വ്യക്തം. പദ്ധതി ഇങ്ങനെ പറയുന്നു: “നമ്മുടെ ഭൂമിയുടെ ജീവമണ്ഡലത്തിന് . . . സാധ്യമായിരിക്കുന്നതിൽ വെച്ച് ഏറ്റവും നല്ല അതിജീവന സാധ്യത പ്രദാനംചെയ്യാൻ ലഭ്യമായ എല്ലാ വിഭവങ്ങളും ഇങ്ങനെ വലിയ അളവിൽ ഒരുമിച്ചുകൂട്ടേണ്ടത് ആവശ്യമായിരിക്കും. നമുക്കു മറ്റു ജീവിവർഗങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കു നമ്മെത്തന്നെയും സംരക്ഷിക്കാൻ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു.” തീർച്ചയായും, ഈ പ്രതിലോമ മനോഭാവം ഒരു പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസാ ഭൂമിയെ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെ കണക്കിലെടുക്കുന്നില്ല.—വെളിപ്പാടു 11:18; 21:1-5.
മൃഗശാലകളുടെ വിജയത്തിനു സഹായകമായ ഉപകരണങ്ങൾ
മൃഗങ്ങളെ കൂട്ടിലടച്ചു പ്രജനനം നടത്തുന്നതിനു സഹായിക്കുന്ന ഉയർന്ന സാങ്കേതികവിദ്യയിലുള്ളതും അന്തർദേശീയമായി ലഭിക്കുന്നതുമായ ചില സാമഗ്രികളുടെ നിർമാണത്തിനും വംശനാശ പ്രതിസന്ധി പ്രചോദനമേകിയിരിക്കുന്നു: സങ്കരയിനങ്ങളല്ലാത്ത ജന്തുക്കളുടെ വംശപരമ്പര കാണിക്കുന്ന ഔദ്യോഗിക രേഖകൾ, അന്തർദേശീയ മൃഗശാലാ വാർഷികപുസ്തകം (ഐഇസഡ്വൈ), കമ്പ്യൂട്ടർ അധിഷ്ഠിതമായ അന്തർദേശീയ ജീവിവർഗ വിവര സംവിധാനം (ഐഎസ്ഐഎസ്) എന്നിവയാണ് ആ സാമഗ്രികൾ.
പ്രസ്തുത ജന്തുശാസ്ത്ര ഔദ്യോഗിക രേഖയിലോരോന്നും, ഒരു പ്രത്യേക ജീവിവർഗത്തിലെ മൃഗശാലയിൽ കഴിയുന്ന എല്ലാ അംഗങ്ങളുടെയും—അവ ലോകത്തെവിടെയായിരുന്നാലും—വിശദാംശങ്ങൾ പട്ടികപ്പെടുത്തുന്നു. ഒരു അന്തർദേശീയ രേഖ എന്ന നിലയിൽ അത് ആരോഗ്യകരമായ ജീൻ ശേഖരം പരിരക്ഷിക്കുന്നതിനും അന്തഃപ്രജനനം എന്ന ‘ഒളിഞ്ഞിരിക്കുന്ന ആക്രമണകാരിയെ’ നിയന്ത്രിക്കുന്നതിനുമുള്ള മുഖ്യോപാധി ആണ്. പ്രസ്തുത ഔദ്യോഗിക രേഖ ഏറ്റവുമാദ്യം ഉണ്ടാക്കിയത് ബെർലിൻ മൃഗശാലയാണ്. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി വംശനാശത്തിന്റെ വക്കിലെത്തിയ വിസെൻറിനെ അഥവാ യൂറോപ്യൻ കാട്ടുപോത്തിനെ 1923-ൽ ആ മൃഗശാല പ്രജനനം നടത്തി തുടങ്ങിയപ്പോഴായിരുന്നു അത്.
പ്രസ്തുത ഔദ്യോഗിക രേഖകൾ, ഐഇസഡ്വൈ, ജനസംഖ്യാശാസ്ത്രപരമായ ഡേറ്റാ തുടങ്ങിയ ശാസ്ത്രീയ ഡേറ്റായുടെ ആഗോള വിതരണം സാധ്യമാക്കുന്നതിന് ഐഎസ്ഐഎസ് 1974-ൽ ഐക്യനാടുകളിൽ പ്രവർത്തനക്ഷമമായി. അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് നെറ്റ്വർക്കും വർധിച്ചുകൊണ്ടേയിരിക്കുന്ന ബൃഹത്തായ കമ്പ്യൂട്ടർ ഡേറ്റാശേഖരവും സഹകരിച്ചു പ്രവർത്തിക്കുന്ന അനേകം മൃഗശാലകൾ ഉണ്ടായിരിക്കുക എന്ന ആശയത്തെ യാഥാർഥ്യമാക്കിമാറ്റുന്നതിനായി മൃഗശാലകളെ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ സഹായിക്കുന്നു.
ഡിഎൻഎ ഫിംഗർപ്രിൻറിങ്, ഭ്രൂണ പ്രതിരോപണം, കൃത്രിമ പരിതഃസ്ഥിതിയിലെ ബാഹ്യ ബീജസങ്കലനം, നിമ്നതാപവിജ്ഞാനം (ബീജങ്ങളെയും ഭ്രൂണങ്ങളെയും ശീതീകരിക്കൽ) തുടങ്ങിയവയാണ് മൃഗശാലകൾ കൈനീട്ടി വാങ്ങിയിട്ടുള്ള ജീവശാസ്ത്ര ഉപകരണങ്ങൾ. ഡിഎൻഎ ഫിംഗർപ്രിൻറിങ്, പിതൃജീവിയെ 100 ശതമാനം കൃത്യതയോടെ കണ്ടെത്താൻ മൃഗശാലകളെ സഹായിക്കുന്നു. പിതൃജീവി ഏതെന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള, പറ്റങ്ങളായി ജീവിക്കുന്ന മൃഗങ്ങളെപ്പോലെയുള്ള ജീവിവർഗങ്ങളിൽ അന്തഃപ്രജനനം നിയന്ത്രിക്കാൻ ഇത് അനിവാര്യമാണ്. അതേസമയം, ഭ്രൂണ പ്രതിരോപണവും കൃത്രിമ പരിതഃസ്ഥിതിയിലെ ബാഹ്യ ബീജസങ്കലനവും പ്രത്യുത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. അവ ഇതു നിർവഹിക്കുന്ന ഒരു വിധം വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളിലെ “ജനകരുടെ” എണ്ണം വർധിപ്പിച്ചുകൊണ്ടാണ്. ആ ജീവികളുടെ ഭ്രൂണങ്ങൾ അടുത്ത ബന്ധമുള്ള മൃഗങ്ങളുടെ—വളർത്തു മൃഗങ്ങളുടെ പോലും—ഗർഭാശയത്തിൽ സ്ഥാപിക്കാൻ കഴിയും, അങ്ങനെ അവ വാടക മാതാക്കളായി സേവിക്കുന്നു. ഈ സമ്പ്രദായത്തിന്റെ ഫലമായി ഒരു ഹോൾസ്റ്റെയിൻ പശു ഒരു ഗൗറിനും (കാട്ടുകാള) ഒരു വീട്ടുപൂച്ച ഉയർന്ന വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ മരുപ്പൂച്ചയ്ക്കും ജന്മം നൽകി. പ്രജനനം നടത്തിക്കൊണ്ടിരിക്കുന്ന, വംശനാശഭീഷണി നേരിടുന്ന കന്നുകാലികളെ സ്ഥലംമാറ്റുന്നതിലുൾപ്പെട്ടിരിക്കുന്ന ചെലവും അപകടസാധ്യതയും ക്ലേശവും അതു കുറയ്ക്കുകയും ചെയ്യുന്നു. ഈ മാർഗം അവലംബിക്കുമ്പോൾ ഭ്രൂണങ്ങളുടെയോ ശീതീകരിച്ച ബീജങ്ങളുടെയോ ഒരു പൊതി മാത്രം കൊണ്ടുപോയാൽ മതിയാകും.
ചില ജീവിവർഗങ്ങൾ പാടേ അപ്രത്യക്ഷമാകുന്നതിനുള്ള സാധ്യതയുള്ളതിനാൽ അനേകം മൃഗശാലകൾ നിമ്നതാപവിജ്ഞാനത്തിലേക്ക്—ദീർഘനാൾ സൂക്ഷിച്ചുവെക്കുന്നതിനായി ബീജങ്ങളെയും ഭ്രൂണങ്ങളെയും ശീതീകരിക്കൽ—ശ്രദ്ധ തിരിച്ചിട്ടുണ്ട്. ശീതീകരിച്ച ഈ മൃഗശാല, വംശനാശം സംഭവിച്ച് പതിറ്റാണ്ടുകളോ ഒരുപക്ഷേ നൂറ്റാണ്ടുകളോ കഴിഞ്ഞുപോലും സന്താനം ജനിക്കുന്നതിനുള്ള പ്രതീക്ഷ വാഗ്ദാനം ചെയ്യുന്നു! അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും “ഉറപ്പായ അവസാന ആശ്രയം” എന്ന് അതിനെ വിളിച്ചിരിക്കുന്നു.
കാട്ടിലെ പഠനങ്ങൾ കൂടുതൽ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ മൃഗശാലകളെ സഹായിക്കുന്നു
സ്വാഭാവിക ചുറ്റുപാടുകളിലെ ജന്തുക്കളുടെ പെരുമാറ്റമുൾപ്പെടെ, ജന്തുക്കളെ സംബന്ധിച്ച ഒരു ശാസ്ത്രീയ പഠനം അവയെ കൂട്ടിലടച്ചു പ്രജനനം നടത്തുന്നതിന് അനിവാര്യമാണ്. മാത്രമല്ല, അത്തരം പഠനം ‘പ്രകൃതിദൃശ്യത്തെ അപ്പാടെ പകർത്തി’ക്കൊണ്ട് പ്രദർശനവസ്തുക്കൾ നിർമിക്കുന്നതിനുള്ള പ്രേരകഘടകവും കൂടിയാണ്. ജന്തുക്കൾ ആരോഗ്യമുള്ളവരായിരിക്കുകയും പ്രജനനം നടത്തുകയും ചെയ്യണമെങ്കിൽ മൃഗശാലകൾ അവയുടെ സഹജവാസനകൾ കണക്കിലെടുക്കുകയും അവയെ “സന്തോഷമുള്ളവരാക്കി” നിലനിർത്തുകയും ചെയ്യണം.
ഉദാഹരണത്തിന്, ആൺ, പെൺ ചീറ്റപ്പുലികൾ കാട്ടിൽ പരസ്പരം കാണാതെയാണു കഴിഞ്ഞുകൂടുന്നത്. മലമൂത്ര ഗന്ധത്തിലൂടെ മാത്രമാണ് അവ ആശയവിനിയമം നടത്തുന്നത്. പെൺ ചീറ്റ ഇണചേരാൻ തയ്യാറായിരിക്കുമ്പോൾ ആൺ ചീറ്റ അതു മണത്തറിയുന്നു. അപ്പോൾ അവൻ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രം അവളോടൊത്തു കഴിയുന്നു. മൃഗശാലകൾ ഈ പെരുമാറ്റം മനസ്സിലാക്കിയപ്പോൾ, ഹ്രസ്വമായ ഇണചേരൽ കാലയളവിലൊഴികെ ബാക്കിയെല്ലാ സമയത്തും ഇണകൾ പരസ്പരം കാണാതിരിക്കത്തക്കവണ്ണം കൂടുകൾക്കു വ്യത്യാസം വരുത്തി. അതു ഫലിച്ചു; കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്തു.
ഇണയെ കുറെനാൾ കാണാതിരിക്കുമ്പോൾ ചീറ്റയ്ക്ക് സ്നേഹം കൂടുമെങ്കിലും ഫ്ളമിംഗോയുടെ കാര്യമങ്ങനെയല്ല. മിക്ക മൃഗശാലകൾക്കും ഉൾക്കൊള്ളാനാകാത്തവിധം വലിയ പറ്റമായിരിക്കുമ്പോൾ മാത്രമേ അത് ഇണ ചേരുന്നുള്ളൂ. അതുകൊണ്ട് ഇംഗ്ലണ്ടിലെ ഒരു മൃഗശാല ഒരു പരീക്ഷണം നടത്തി—ഒരു വലിയ ദർപ്പണം വെച്ച് അത് പറ്റത്തിന്റെ വലുപ്പം “ഇരട്ടിപ്പിച്ചു.” അന്നാദ്യമായി, പക്ഷികൾ തങ്ങളുടെ നാടകീയമായ വിവാഹാഭ്യർഥനാ ചടങ്ങ് ആരംഭിച്ചു! ഭൂമിയിലെ വന്യജീവികൾ എത്രമാത്രം സങ്കീർണമാണെന്ന് ഈ ഉദാഹരണങ്ങൾ നിങ്ങൾക്കു സൂചന തരുന്നില്ലേ? സുനിശ്ചിതമായും മൃഗശാലകൾക്കു ശക്തമായ ഒരു വെല്ലുവിളിയാണുള്ളത്.
ജന്തുജാലങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യം എത്രമാത്രം യാഥാർഥ്യബോധത്തോടെയുള്ളതാണ്?
കൂട്ടിൽവെച്ചു പ്രജനനം നടത്തപ്പെട്ട ചില ജീവിവർഗങ്ങളെ ഇതിനോടകം അവയുടെ സ്വാഭാവിക ചുറ്റുപാടുകളിലേക്ക് തിരിച്ചു കൊണ്ടുപോയിവിട്ടിരിക്കുന്നത് പുതിയ പരിപാടി ഫലപ്രദമാണെന്നുള്ളതിന്റെ സൂചനയാണ്. കാലിഫോർണിയ കോൺഡർ, യൂറോപ്യൻ കാട്ടുപോത്ത്, അമേരിക്കൻ കാട്ടുപോത്ത്, അറേബ്യൻ ഒറിക്സ്, സുവർണ സിംഹ അണ്ണാൻകുരങ്ങ്, പർഷിവാൾസ്കൈയുടെ കുതിര എന്നിവ ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, വിദൂര ഭാവിപ്രതീക്ഷകൾ ഇരുൾമൂടിയതാണ്.
“പ്രകൃതിയെയും പരിതഃസ്ഥിതിയെയും സംബന്ധിച്ച അവബോധവും താത്പര്യവും വളർന്നിട്ടുണ്ടെങ്കിലും വിനാശകമായ അനേകം പ്രക്രിയകളും അവസാനിപ്പിക്കാൻ കഴിയാത്തവിധം മനുഷ്യ സമുദായം വളരെ സങ്കീർണവും ലോകത്തിലെ പ്രശ്നങ്ങൾ വളരെ അസംഖ്യവുമാണ്” എന്ന് പദ്ധതി പറയുന്നു. അതുകൊണ്ട്, “വരുമെന്നു പ്രതീക്ഷിക്കുന്ന ദുർഘട കാലഘട്ടത്തെ ചെറുത്തുനിൽക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്താൻ പരിസ്ഥിതിസംരക്ഷണവാദികൾ സജ്ജരായിരിക്കണം” എന്ന് അതു കൂട്ടിച്ചേർക്കുന്നു. സ്വാഭാവികമായും, ഇത് സമൂഹത്തിന്റെ എല്ലാ തലത്തിൽനിന്നും സഹകരണം ആവശ്യമാക്കിത്തീർക്കുന്നു. ഇപ്പോഴുള്ള സഹകരണം “ആവശ്യമായിരിക്കുന്നതിലും തീരെ കുറവാണ്” എന്ന് ഒരു ശാസ്ത്ര ലേഖകൻ എഴുതുന്നു. “നാശത്തിനു പ്രേരിപ്പിക്കുന്ന ശക്തികളെ നീക്കംചെയ്യാതെ ദുർബലമാക്കുക മാത്രമേ ചെയ്യുന്നുള്ളുവെങ്കിൽ ഏറ്റവും നല്ല ശ്രമങ്ങൾകൊണ്ടുപോലും ഫലമില്ലാതെ വന്നേക്കാം. സാക്ഷാലുള്ള പൂർണ ആവാസങ്ങൾ—അന്തഃപ്രജനനത്തിന് ഇടയാക്കുന്ന ഒറ്റപ്പെട്ട ചെറിയ പ്രദേശങ്ങളല്ല—സൃഷ്ടിക്കണം. അപ്പോൾ മാത്രമേ മൃഗശാലകൾക്ക് തങ്ങളുടെ സംരക്ഷണയിൻ കീഴിലുള്ള ജന്തുക്കളെ വനത്തിലേക്ക് ഉറപ്പോടെ തിരിച്ചയയ്ക്കാൻ പറ്റൂ. എന്നാൽ അത്തരമൊരു പ്രത്യാശ യാഥാർഥ്യബോധത്തോടെയുള്ളതാണോ അതോ വെറുമൊരു സങ്കൽപ്പമാണോ?
ഗോളമെമ്പാടുമുള്ള മൃഗശാലകളെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നത് പ്രശ്നപരിഹാരമാകുമെന്നുള്ളതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. “ഇന്ന് ലോകത്തിലുള്ള എല്ലാ മൃഗശാലകൾക്കുംകൂടി ഏറിവന്നാൽ, സസ്തനങ്ങളുടെയും പക്ഷികളുടെയും ഉരഗങ്ങളുടെയും ഉഭയജീവികളുടെയും 2,000 വർഗങ്ങളെ മാത്രമേ പരിരക്ഷിക്കാൻ കഴിയുകയുള്ളു എന്നതാണ് ദാരുണ സത്യം” എന്ന് പ്രൊഫസർ എഡ്വേർഡ് വിൽസൺ പറയുന്നു—അത് ഹിമരാശിയുടെ അഗ്രം മാത്രമാണ്. അങ്ങനെ, ഏതെല്ലാം ജീവിവർഗങ്ങളെ സംരക്ഷണത്തിനായി തിരഞ്ഞെടുക്കണമെന്നും ഏതിനെയെല്ലാം വിസ്മരിക്കപ്പെടാനുള്ളവയുടെ നീണ്ട പട്ടികയിൽ പെടുത്തണമെന്നും തീരുമാനിക്കേണ്ടിയിരിക്കുന്ന അഭികാമ്യമല്ലാത്ത ജോലിയാണ് മൃഗശാലകൾക്കുള്ളത്.
ഈ മേഖലയിലെ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഇത് അനിഷ്ടസൂചകമായ ഒരു ചോദ്യം ഉയർത്തുന്നു: എല്ലാ ജീവജാലങ്ങളുടെയും പരസ്പരാശ്രയത്വം കണക്കിലെടുക്കുമ്പോൾ, ഒന്നിനു പുറകേ ഒന്നായി ജീവികൾ വംശനാശത്തിനിരയായി മനുഷ്യവർഗം ഉൾപ്പെടെ ഭൂമിയിൽ അവശേഷിക്കുന്ന മിക്ക ജീവികളും നാമാവശേഷമാകത്തക്കവിധം ജീവവൈവിധ്യം ഒരു നിർണായക അളവിൽ കുറയുന്നത് എപ്പോഴായിരിക്കും? ശാസ്ത്രജ്ഞന്മാർക്ക് അതിനെക്കുറിച്ച് ഊഹിക്കാൻ മാത്രമേ കഴിയൂ. “ഒന്നോ രണ്ടോ അമ്പതോ ജീവിവർഗങ്ങളുടെ നാശം നമുക്കു മുൻകൂട്ടിപ്പറയാൻ കഴിയാത്ത തരം ഫലങ്ങൾ ഉളവാക്കും. നാം ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുമ്പുതന്നെ വംശനാശങ്ങൾ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്” എന്ന് മൃഗശാലാ ഗ്രന്ഥത്തിൽ ലിൻഡ കോബ്നർ പറയുന്നു. അതേസമയം, മൃഗശാല—ആധുനിക പെട്ടകം എന്ന ഗ്രന്ഥം ഇപ്രകാരം പറയുന്നു: “ജീവികളെ കുറേശ്ശെ കുറേശ്ശെയായി കൊന്നൊടുക്കുന്ന ഒരു ആഗോള യുദ്ധത്തിൽ—വ്യാപ്തി മുൻകൂട്ടിപ്പറയാൻ കഴിയാത്തതും എന്നാൽ ഭാവി തലമുറകൾ നമ്മെ പൂർണ ഉത്തരവാദികളായി കണക്കാക്കാൻ പോകുന്നതുമായ ഒരു യുദ്ധം—ജീവന്റെ ഏറ്റവും പ്രധാനപ്പെട്ട ദുർഗങ്ങളിൽ ഒന്നായി മൃഗശാലകൾ നിലകൊള്ളുന്നു.”
അതുകൊണ്ട്, പ്രത്യാശയ്ക്ക് എന്തെങ്കിലും വകയുണ്ടോ? അതോ വംശനാശവും പ്രതീക്ഷിച്ച് ജീവവൈവിധ്യമൊന്നുമില്ലാത്ത ഒരു ലോകത്തിൽ കഴിഞ്ഞുകൂടാനാണോ വരും തലമുറകളുടെ വിധി?
[7-ാം പേജിലെ ചിത്രം]
മനുഷ്യനാണ് ഇവയുടെ ഏറ്റവും വലിയ ശത്രു
[കടപ്പാട്]
Tiger and Elephants: Zoological Parks Board of NSW
[8-ാം പേജിലെ ചിത്രം]
വംശനാശഭീഷണി നേരിടുന്ന ചില ജന്തുക്കൾ—കാട്ടുപോത്ത്, ചീറ്റപ്പുലികൾ, കറുത്ത കാണ്ടാമൃഗം
[കടപ്പാട്]
Bison and Cheetahs: Zoological Parks Board of NSW
Rhinoceros: National Parks Board of South Africa