എന്റെ കുട്ടിയുമായി ആശയവിനിയമം നടത്താൻ ഞാൻ മറ്റൊരു ഭാഷ പഠിച്ചു
ആയിരത്തിത്തൊള്ളായിരത്തിയെൺപത്തിരണ്ട് ആഗസ്റ്റിൽ, ഞങ്ങളുടെ മകൻ സ്പെൻസർ ജനിച്ചു. അതു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നു. പൂർണ ആരോഗ്യവാനായ ഒരു ശിശു ആയിരുന്നു അവൻ! എന്റെ ഭർത്താവും ഞാനും ഞങ്ങളുടെ ആദ്യത്തെ കുട്ടി ജനിക്കുന്നതിനുമുമ്പ്, ഒരു അഞ്ചു വർഷത്തെ കാത്തിരിപ്പിൻ കാലാവധി ആസൂത്രണം ചെയ്തിരുന്നു. അവന്റെ ജനനത്തിനു ശേഷം മാസങ്ങൾ കടന്നുപോകവേ അവൻ വളരുന്നതു കാണുന്നതു ഞങ്ങൾക്ക് എത്ര ആനന്ദദായകമായിരുന്നു! ഡോക്ടറുടെ ഓഫീസിലെ മാസാമാസമുള്ള പതിവുപരിശോധനകൾ എല്ലായ്പോഴും നല്ല ഫലങ്ങൾ കാണിച്ചു. ഇതുപോലെ അത്ഭുതകരമായ ഒരു അനുഗ്രഹത്തിനായി ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു.
എന്നാൽ, സ്പെൻസറിന് ഒമ്പതു മാസം പ്രായമായതോടെ എന്തോ കുഴപ്പമില്ലേ എന്ന ശങ്ക എനിക്കുണ്ടായിത്തുടങ്ങി. അവൻ ശബ്ദങ്ങളോടും ചിലതരം ഒച്ചകളോടും പ്രതികരിക്കുന്നില്ലായിരുന്നു. അവന്റെ കേൾവി പരിശോധിക്കാനായി, ഞാൻ അവനു കാണാൻകഴിയാത്ത ഒരു സ്ഥാനത്തു നിന്നുകൊണ്ടു പാത്രങ്ങളിലോ മറ്റെന്തെങ്കിലും വസ്തുക്കളിലോ തട്ടി ശബ്ദമുണ്ടാക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവൻ തിരിഞ്ഞുനോക്കും, പക്ഷേ എപ്പോഴും ആ പ്രതികരണമുണ്ടായില്ല. അവന്റെ ഒമ്പതാംമാസത്തെ പരിശോധനയിൽ, ഞാൻ എന്റെ ഉത്കണ്ഠകൾ ഡോക്ടറുമായി ചർച്ചചെയ്തു. എങ്കിലും, എന്റെ മകനു കുഴപ്പമൊന്നുമില്ലെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് അദ്ദേഹം എനിക്ക് ഉറപ്പുതന്നത്. എന്നിരുന്നാലും, മാസങ്ങൾ കടന്നുപോയിട്ടും അവൻ പ്രതികരിക്കുകയോ എന്തെങ്കിലും സ്വരം പുറപ്പെടുവിക്കുകയോ ചെയ്തില്ല.
അവന് ഒരു വയസ്സായപ്പോൾ നടത്തിയ പരിശോധനാസമയത്ത്, ഡോക്ടറോടു ഞാൻ വീണ്ടും എന്റെ വേവലാതികൾ പ്രകടിപ്പിച്ചു. അദ്ദേഹത്തിന് അപ്പോഴും കുഴപ്പമൊന്നും കണ്ടെത്താനായില്ല. എങ്കിലും ഒരു ശ്രവണവിദഗ്ധന്റെ അടുക്കൽ പോകാൻ അദ്ദേഹം ഞങ്ങളോടു നിർദ്ദേശിച്ചു. ഞാൻ സ്പെൻസറിനെ പരിശോധനയ്ക്കായി അവിടെ കൊണ്ടുപോയെങ്കിലും പരിശോധനാഫലങ്ങൾ തൃപ്തികരമായിരുന്നില്ല. രണ്ടാമതും മൂന്നാമതും ഞാൻ അവിടെ മടങ്ങിച്ചെന്നെങ്കിലും, ഫലങ്ങൾ തൃപ്തികരമല്ലെന്നാണ് എന്നോടു പറഞ്ഞത്. സ്പെൻസർ വളർന്നുവരുമ്പോൾ മെച്ചപ്പെട്ട ഫലങ്ങൾ കൈവരിക്കുമെന്നു ഡോക്ടർ വിചാരിച്ചു. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ മൂന്നു വർഷം ഭാഷ വികസിപ്പിച്ചെടുക്കുന്നതിനുള്ള നിർണായകദശയാണ്. ഞാൻ അങ്ങേയറ്റം ഉത്കണ്ഠാകുലയാകുകയായിരുന്നു. ഒരു നിഗമനത്തിലെത്താൻ സഹായകമാവുംവിധമുള്ള പരിശോധനകൾ നടത്തുന്നതിനെപ്പറ്റി ഞാൻ ശ്രവണവിദഗ്ധനോടു ചോദിച്ചുകൊണ്ടേയിരുന്നു. ഒടുക്കം, അദ്ദേഹം മസാച്ചുസെറ്റ്സ് നേത്ര-കർണ ചികിത്സാകേന്ദ്രത്തിൽ ലഭ്യമായ കർണേന്ദ്രിയസംബന്ധമായ ഒരു മസ്തിഷ്കസ്തംഭ പരിശോധനയെക്കുറിച്ചു പറഞ്ഞു.
ആകെ തകർന്നതുപോലെ എനിക്കു തോന്നി
പിറ്റേ ആഴ്ച ഞങ്ങൾ ബോസ്റ്റണിലെ ആ ആശുപത്രിയിൽ ചെന്നു. ഫലം എന്തുതന്നെയായിരുന്നാലും അത് അഭിമുഖീകരിക്കാനുള്ള ശക്തി നൽകാൻ ഞാൻ യഹോവയോടു പ്രാർഥിച്ചു. സ്പെൻസറിന് എന്തോ ശ്രവണവൈകല്യമുണ്ടെന്നും ഒരു ശ്രവണസഹായിയുടെ ആവശ്യം വരുമെന്നും മാത്രമേ എന്റെ ഹൃദയത്തിൽ എനിക്കു തോന്നിയുള്ളൂ. എന്റെ ധാരണ തെറ്റായിരുന്നു! പരിശോധനയ്ക്കു ശേഷം ടെക്നീഷ്യൻ ഞങ്ങളെ അവരുടെ ഓഫീസിലേക്കു വിളിച്ചു. ഫലങ്ങൾ ഉറപ്പായിരുന്നു: സ്പെൻസറിന് ആഴത്തിലുള്ള സംവേദകനാഡീതന്തു കേൾവിനഷ്ടമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ കൃത്യമായ അർഥമെന്താണെന്നു ചോദിച്ചപ്പോൾ, എന്റെ മകനു സംസാരവും മിക്കവാറും മറ്റെല്ലാ ശബ്ദങ്ങളും കേൾക്കാൻ കഴിയുകയില്ലെന്ന് അവർ വിശദീകരിച്ചു. ഇതായിരുന്നില്ല ഞാൻ കേൾക്കാൻ പ്രതീക്ഷിച്ചിരുന്നത്; ആകെ തകർന്നതുപോലെ എനിക്കു തോന്നി.
ഉടനെതന്നെ, ഞാൻ ആലോചിച്ചു, ‘ഇതെങ്ങനെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? എന്തായിരിക്കും ഇതിനിടയാക്കിയത്?’ ഞാൻ എന്റെ ഗർഭകാലത്തെയും പ്രസവത്തെയും കുറിച്ചു പുറകോട്ടു ചിന്തിച്ചുനോക്കി. ഒരിടത്തും കുഴപ്പമുണ്ടായിരുന്നില്ല. സ്പെൻസറിനു ചെവിയിൽ എന്തെങ്കിലും രോഗബാധയോ ശക്തമായ ജലദോഷമോ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാൻ വികാരാധീനയായി. എനിക്കിനി എന്തു ചെയ്യാൻ കഴിയും? ഞാൻ എന്റെ കുടുംബത്തിലുള്ളവരോടും ഏതാനും സുഹൃത്തുക്കളോടും പരിശോധനാ ഫലങ്ങളെപ്പറ്റി ഫോൺ ചെയ്തു പറഞ്ഞു. സ്പെൻസറിനെ മറ്റൊരുവിധത്തിൽ പഠിപ്പിക്കേണ്ടിവരുമെന്നേയുള്ളൂ; അതുകൊണ്ട് ഇതൊരു വെല്ലുവിളിയായി കണക്കാക്കണം എന്നു പറഞ്ഞുകൊണ്ടു സാക്ഷിയായ ഒരു കൂട്ടുകാരി എന്നെ ധൈര്യപ്പെടുത്തി. ആവശ്യമായ ശക്തി നൽകിയതിനു ഞാൻ യഹോവയോടു നന്ദിയുള്ളവളായിരുന്നു.
സ്പെൻസറിന് ഏറ്റവും ഉത്തമമായതെന്തായിരിക്കും?
ബധിരനായ ഒരു കുട്ടിയെ വളർത്തിയെടുക്കുന്നത് എങ്ങനെയെന്നോ ബധിരനായിരിക്കുക എന്നാൽ എന്താണെന്നോ എനിക്കറിയില്ലായിരുന്നു. എന്റെ മകനെ വളർത്തിക്കൊണ്ടുവരാനും അവനുമായി നന്നായി ആശയവിനിയമം ചെയ്യാനും എനിക്ക് എങ്ങനെ സാധിക്കും. വളരെയധികം ചിന്തകളും ആകുലതകളും എന്റെ മനസ്സിലൂടെ കടന്നുപോയി.
പിറ്റേ ആഴ്ച ഞങ്ങൾ ആശുപത്രിയിൽ മടങ്ങിച്ചെന്നപ്പോൾ, ഞങ്ങൾക്കു നടത്താവുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചു ടെക്നീഷ്യൻ ചർച്ചചെയ്തു. ഒരു മാർഗം സംസാര, അധരചലനവ്യാഖ്യാന വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിൽ കേന്ദ്രീകരിച്ച വാചിക സമീപനം ആണെന്ന് അവർ വിശദീകരിച്ചു. ബധിരരുടെ ഭാഷയായ ആംഗ്യഭാഷ ഉപയോഗിക്കുന്നതാണു മറ്റൊരു വിധം. ആംഗ്യഭാഷ സംബന്ധിച്ചു പ്രബോധനം തരുകയും പിന്നീട് അതിനോട് അധരചലനവ്യാഖ്യാനവും, സംസാര വൈദഗ്ധ്യവും ബന്ധിപ്പിക്കുന്നതുമായ ഒരു പരിപാടി ഉണ്ടായിരുന്നു. എന്റെ മകന്റെ അവശേഷിക്കുന്ന കേൾവിശക്തി വർധിപ്പിക്കാൻ ശ്രവണസഹായികൾ ഉപയോഗിക്കുന്നതിനും ആ ടെക്നീഷ്യൻ ശുപാർശ ചെയ്തു. പിന്നീടു ഞങ്ങൾ ഒരു പ്രാദേശിക ശ്രവണവിദഗ്ധനെ സന്ദർശിച്ചു, അദ്ദേഹം സ്പെൻസറിന് ഇയർ മോൾഡുകളും ശ്രവണസഹായികളും ഘടിപ്പിച്ചു. ഞങ്ങളുടെ സന്ദർശനസമയത്തു സ്പെൻസർ വാചികരീതിക്കു നന്നായി യോജിക്കുന്ന ഒരു വിദ്യാർഥിയായിരിക്കുമെന്ന് ആ ശ്രവണവിദഗ്ധൻ പറഞ്ഞു.
സ്പെൻസറിന് ഏറ്റവും ഉത്തമമായതെന്തായിരിക്കും? യഥാർഥത്തിൽ പ്രധാനമായതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു. നമ്മുടെ കുട്ടികളുമായി നന്നായി ആശയവിനിയമം നടത്താൻ യഹോവ നമ്മോട് ആവശ്യപ്പെടുന്നു; വിജയകരമായ ഒരു കുടുംബജീവിതം ഉണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അത്യന്താപേക്ഷിതമാണ്. ഞങ്ങൾക്കു വാചിക സമീപനം തെരഞ്ഞെടുത്തു സംസാരത്തിലും അധരചലനവ്യാഖ്യാന വൈദഗ്ധ്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയും. സ്പെൻസർ പറയുന്നതു മറ്റുള്ളവർക്കു മനസ്സിലാക്കാനാവുന്ന ഘട്ടത്തോളം സംസാരപ്രാപ്തി വികസിപ്പിച്ചെടുക്കുക സാധ്യമായിരുന്നു. പക്ഷേ അതു തിരിച്ചറിയാൻ വർഷങ്ങൾതന്നെ വേണമായിരുന്നു! ഞങ്ങൾക്കിനി എന്തു ചെയ്യാൻ കഴിയുമായിരുന്നു? ഞങ്ങൾ ആംഗ്യഭാഷ ഉപയോഗിക്കാൻ തീരുമാനിച്ചു.
തുടർന്നുവന്ന മാസം, സ്പെൻസറിനെ ആ സമയത്ത് സമഗ്ര ആശയവിനിമയ പരിപാടി എന്നു വിളിച്ചിരുന്ന ഒന്നിൽ അംഗമായി ചേർത്തു. സ്പെൻസറും ഞാനും ഒരുമിച്ച് അടിസ്ഥാന ആംഗ്യഭാഷ പഠിച്ചു. സ്പെൻസറിനു സ്പോക്കൺ ഇംഗ്ലീഷിലും അധരചലനവ്യാഖ്യാന വൈദഗ്ധ്യത്തിലും അഭ്യസനവും ലഭിച്ചു. മകനെ എങ്ങനെ പഠിപ്പിക്കാമെന്ന് എനിക്കു കാണിച്ചുതന്നു. മാസങ്ങൾ കടന്നു പോകവേ, സ്പെൻസർ നന്നായി പുരോഗമിച്ചുകൊണ്ടിരുന്നു. എന്നുവരികിലും, എനിക്കു നിരാശയനുഭവപ്പെട്ട നിമിഷങ്ങളുമുണ്ടായിരുന്നു. മറ്റു കുട്ടികൾ “മമ്മി” എന്നു പറയുന്നതും “യഹോവ” എന്നു പറയാൻ പഠിക്കുന്നതും ശ്രദ്ധിച്ചപ്പോൾ എനിക്കു നിരുത്സാഹമനുഭവപ്പെട്ടു. പക്ഷേ അപ്പോഴൊക്കെ ഞാൻ എന്നോടുതന്നെ ചോദിക്കും, ‘എനിക്കിങ്ങനെ തോന്നാൻ കാരണമെന്താണ്? എന്റെ മകൻ സന്തോഷമുള്ളവനും ആരോഗ്യവാനുമാണ്.’ ഇത്ര നല്ല ഒരു കുഞ്ഞുണ്ടായിരിക്കുന്നതിലെ പ്രത്യേക അനുഗ്രഹത്തോടു വിലമതിപ്പു കാണിക്കാൻ എന്നെ സഹായിക്കാനായി ഞാൻ യഹോവയോടു പ്രാർഥിച്ചു.
സ്പെൻസറിനു രണ്ടു വയസ്സുള്ളപ്പോൾ, കാര്യപരിപാടികൾ അമേരിക്കൻ ആംഗ്യഭാഷയിൽ (എഎസ്സ്എൽ) വിശദീകരിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ ഞങ്ങൾ ക്രമീകരണം ചെയ്തു. ബധിരരായ സാക്ഷികളോടൊപ്പം നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുള്ള ഒരു ദമ്പതികളുമായി എന്റെ നിരുത്സാഹത്തിന്റേതായ വികാരങ്ങൾ ഞാൻ പങ്കുവെച്ചു. മസ്സാച്ചുസെറ്റ്സിൽ വെച്ചുനടത്തപ്പെടുന്ന യഹോവയുടെ സാക്ഷികളുടെ പ്രതിമാസ എഎസ്സ്എൽ യോഗങ്ങളെപ്പറ്റി പറഞ്ഞ അവർ, അവിടെ പോകാൻ എന്നെ പ്രോത്സാഹിപ്പിച്ചു.
ഞാൻ അവരുടെ ബുദ്ധ്യുപദേശം പിൻപറ്റി, സ്പെൻസറും ഞാനും അവിടെ ഹാജരാകാനും തുടങ്ങി. അവിടെ ഞങ്ങൾക്കു ബധിരരായ മുതിർന്നവരെ കണ്ടുമുട്ടി ഇടപഴകുന്നതിനുള്ള അവസരം ലഭിച്ചു. ഞങ്ങളുടെ ഇംഗ്ലീഷ് സഭയിൽവെച്ച്, യോഗങ്ങളിൽനിന്നു സ്പെൻസറിനു വളരെക്കുറച്ചു പ്രയോജനങ്ങളേ ലഭിച്ചിരുന്നുള്ളൂ. അവന് ആശയവിനിയമം നടത്താൻ സാധിക്കുമായിരുന്ന ഒരേ ഒരാൾ ഞാനായിരുന്നതിനാൽ അവൻ എന്റെ ഒരു വശത്തു പറ്റിക്കൂടുമായിരുന്നു. അവൻ വളർന്നുവരുംതോറും അത്തരം മീറ്റിംഗുകളോടുള്ള അവന്റെ അതൃപ്തി വർധിച്ചുവന്നു, മാത്രമല്ല അവന്റെ പെരുമാറ്റം മോശമായിത്തീരുകയും ചെയ്തു. ഞങ്ങൾ ആംഗ്യഭാഷയിലുള്ള യോഗങ്ങൾക്കു ഹാജരായപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. അവന് അമ്മയെ ഒരു വ്യാഖ്യാതാവായി ഇടയ്ക്കു നിർത്താതെതന്നെ സ്വതന്ത്രമായി എല്ലാവരോടും ഇടപെടാൻ സാധിച്ചു. അവൻ സഭയിലുള്ള ആളുകളുമായി വളരെ അനിവാര്യമായ ബന്ധങ്ങൾ കെട്ടിപ്പടുത്തു. ഞങ്ങളിരുവരും ആംഗ്യഭാഷയുടെ ഉപയോഗത്തിൽ അഭിവൃദ്ധി കൈവരിച്ചു. ഞങ്ങളുടെ ഭവന ബൈബിളധ്യയനത്തിൽ എനിക്കെങ്ങനെ ഒരു മെച്ചപ്പെട്ട അധ്യാപികയായിരിക്കാനാവുമെന്നു ഞാൻ പഠിക്കുകയും ചെയ്തു. അതെത്ര വിസ്മയാവഹമായിരുന്നു! ഇപ്പോൾ, ആദ്യമായി, എനിക്ക് എന്റെ മകനോടൊപ്പം യോഗങ്ങൾക്കു ഹാജരാകുന്നതിനും അവന്റെ വ്യാഖ്യാതാവാകുന്നതിനെക്കാളുപരി തീർച്ചയായും അവന്റെ മമ്മി ആയിരിക്കുന്നതിനും സാധിക്കും!
ഒരു വലിയ വഴിത്തിരിവ്
സ്പെൻസറിനു മൂന്നു വയസ്സുള്ളപ്പോൾ, ഭർത്താവിന്റെ അനുമതിയോടെ, ഞാൻ അവനെ ഒരു പൊതു വിദ്യാലയത്തിൽ ബധിരരും ശ്രവണവൈകല്യമുള്ളവരുമായ കുട്ടികൾക്കുവേണ്ടിയുള്ള ഒരു പരിപാടിയിൽ ചേർത്തു. രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നതിനായി സമൂഹയോഗങ്ങൾ നടത്തിയിരുന്നു, കൂടുതൽ പഠിക്കാനായി ഈ അവസരം ഞാൻ ഉപയുക്തമാക്കി. ഒരു യോഗത്തിൽ ബധിരരായ മുതിർന്നവരുടെയും കൗമാരപ്രായക്കാരുടെയും ഒരു സമിതി കൂട്ടത്തെ അഭിസംബോധന ചെയ്തു. തങ്ങളുടെ മാതാപിതാക്കളുമായോ കുടുംബങ്ങളുമായോ വളരെക്കുറച്ചേ ആശയവിനിയമം നടത്തിയിരുന്നുള്ളൂ അല്ലെങ്കിൽ ഒട്ടുംതന്നെ നടത്തിയിരുന്നില്ല എന്നു സമിതിയംഗങ്ങൾ വിശദീകരിച്ചു. അതെന്തുകൊണ്ടാണെന്നു ഞാനവരോടു ചോദിച്ചപ്പോൾ, തങ്ങളുടെ മാതാപിതാക്കൾ ഒരിക്കലും ആംഗ്യഭാഷ പഠിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ അവർക്കൊരിക്കലും ജീവിതത്തെ സംബന്ധിച്ചോ തങ്ങളുടെ വികാരങ്ങൾ സംബന്ധിച്ചോ അല്ലെങ്കിൽ തങ്ങളുടെ താത്പര്യങ്ങൾ സംബന്ധിച്ചോ തങ്ങളുടെ മാതാപിതാക്കളുമായി പൂർണമായി ആശയവിനിയമം ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അവർ പ്രതികരിച്ചു. തങ്ങൾ കുടുംബത്തിന്റെ ഭാഗമല്ലാത്തതായി അവർക്കു തോന്നിയതുപോലെ കാണപ്പെട്ടു.
ഇത് എനിക്ക് ഒരു വലിയ വഴിത്തിരിവായിരുന്നു. ഞാൻ എന്റെ മകനെപ്പറ്റി ചിന്തിച്ചു. മാതാപിതാക്കളുമായി ഒരു ബന്ധവുമില്ലാതെ അവൻ വളർന്നുവരുന്നത് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ആംഗ്യഭാഷയിലുള്ള എന്റെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിൽ തുടരുന്നതിന് എപ്പോഴത്തെക്കാളും കൂടുതൽ ഞാൻ നിശ്ചയദാർഢ്യമുള്ളവളായി. കാലം കടന്നുപോയപ്പോൾ, ആംഗ്യഭാഷ ഉപയോഗിക്കാനുള്ള തീരുമാനം ഞങ്ങൾക്ക് ഏറ്റവും അനുയോജ്യമായതായിരുന്നുവെന്ന് എനിക്കു കൂടുതൽ കൂടുതൽ ബോധ്യമായി. അവന്റെ ഭാഷ പുരോഗമിച്ചുകൊണ്ടേയിരുന്നുവെന്നു മാത്രമല്ല, “അവധിക്കാലത്തു നമുക്ക് എവിടെപ്പോകണം?” അല്ലെങ്കിൽ “നിനക്കു വലുതാകുമ്പോൾ ആരായിത്തീരണം?” തുടങ്ങി ഏതു വിഷയത്തെപ്പറ്റിയും ഞങ്ങൾക്കു ചർച്ചചെയ്യാനും സാധിക്കുമായിരുന്നു. ഞാൻ ആശയവിനിമയത്തിനുള്ള ഉപാധിയായി സംസാരത്തിലാശ്രയിച്ചിരുന്നെങ്കിൽ എനിക്ക് എത്ര വലിയ നഷ്ടമായിരുന്നു ഉണ്ടാകുമായിരുന്നത് എന്നു ഞാൻ തിരിച്ചറിഞ്ഞു.
അഞ്ചാം വയസ്സിൽ സ്പെൻസറിനെ കേൾവിശക്തിയുള്ള കുട്ടികളും ആംഗ്യഭാഷയറിയാവുന്ന ഒരു അധ്യാപികയുമുള്ള ഒരു സാധാരണ സ്കൂൾ ക്ളാസ്സിൽ ചേർത്തു. അവൻ മൂന്നു നീണ്ട വർഷങ്ങൾ ഈ പരിപാടിയോട് ഒത്തുപോയി. അവൻ സ്കൂളിനെ വെറുത്തുവെന്നുതന്നെയല്ല, അതുപോലുള്ള വലിയ കഷ്ടതകളിലൂടെ അവൻ കടന്നുപോകുന്നതു കാണുന്നതു ഞങ്ങൾക്കും അത്ര എളുപ്പമല്ലായിരുന്നു. ഞങ്ങൾ അവന്റെ നിരാശയെ നേരിടാനായി പല വഴികൾ പരീക്ഷിച്ചുനോക്കവേ എനിക്ക് അവനുമായി നന്നായി ആശയവിനിയമം ചെയ്യാൻ സാധിച്ചു എന്നതിൽ ഞാൻ സന്തോഷമുള്ളവളാണ്. എന്നിരുന്നാലും, പൊതുവിദ്യാലയത്തിലെ ഈ പരിപാടി അവന്റെ ആത്മാഭിമാനത്തിനോ വിദ്യാഭ്യാസ പുരോഗതിക്കോ നന്നല്ല എന്ന അനുമാനത്തിൽ ഞാൻ ഒടുക്കം എത്തിച്ചേർന്നു.
1989-ൽ എന്റെ വിവാഹജീവിതം അവസാനിച്ചു. അങ്ങനെ, ആംഗ്യഭാഷാ വൈദഗ്ധ്യത്തിൽ സത്വരം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ആറു വയസ്സുകാരൻ മകനുള്ള ഒറ്റക്കാരിയായ ഒരു മാതാവായിത്തീർന്നു ഞാൻ. എനിക്ക് അവനുമായി ആശയവിനിയമം ചെയ്യാൻ കഴിയുമായിരുന്നെങ്കിലും, ഞങ്ങളുടെ ഇടയിലുള്ള ആശയവിനിയമം നിലനിർത്തുന്നതിനും ശക്തമാക്കുന്നതിനുമായി എന്റെ എഎസ്സ്എൽ-ലിലുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു.
ഒരു സ്ഥലം മാറ്റത്തിനുള്ള സമയം
ബധിരരായ കുട്ടികൾക്കുവേണ്ടി വ്യത്യസ്ത സ്റ്റേറ്റുകളിലായി നടത്തപ്പെട്ടിരുന്ന പല പരിപാടികളെപ്പറ്റിയും അന്വേഷണം നടത്തിയ ഞാൻ ഒരു ദ്വൈഭാഷാ സമീപനമായി കണക്കാക്കിക്കൊണ്ട് എഎസ്സ്എൽ-ഉം ഇംഗ്ലീഷും ഒരുമിച്ച് ഉപയോഗിച്ചിരുന്ന മസാച്ചുസെറ്റ്സിലെ ഒരു സ്കൂൾ കണ്ടെത്തി. മാത്രമല്ല, ബോസ്റ്റൺ പ്രദേശത്തു വളരെപ്പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുടെ ഒരു എഎസ്സ്എൽ സഭ രൂപീകരിക്കപ്പെടുമെന്നും ഞാൻ അറിഞ്ഞു. അങ്ങോട്ടു പോകാൻ ഒരു സുഹൃത്ത് ഞങ്ങളോടു നിർദേശിക്കുകയും ചെയ്തു. ഒറ്റയ്ക്കുള്ള ഒരു മാതാവെന്നനിലയിൽ ഉൾനാടൻ പ്രദേശമായ ന്യൂ ഹാംഷെറിലെ ഞങ്ങളുടെ ഭവനത്തിൽനിന്നും കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും അകലെ ഒരു വൻനഗരപ്രദേശത്തേക്കു താമസം മാറ്റുക എന്ന ചിന്ത ഉൾക്കൊള്ളുക പ്രയാസമായിരുന്നു. സ്പെൻസറും നാട്ടുമ്പുറത്തെ ജീവിതം ഇഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും, എനിക്കു കണക്കിലെടുക്കേണ്ട രണ്ടു സംഗതികളുണ്ടായിരുന്നു. അധ്യാപകരും വിദ്യാർഥികളും എല്ലാം സ്വതന്ത്രമായി ആംഗ്യഭാഷയിൽ ആശയവിനിയമം ചെയ്യുന്ന ഒരു സ്കൂളിൽ സ്പെൻസർ ആയിരിക്കേണ്ടതാവശ്യമായിരുന്നു. മാത്രമല്ല, ബധിരരായ മറ്റു സാക്ഷികളുള്ള ഒരു സഭയിലായിരിക്കുന്നതു കൂടുതൽ മെച്ചമായിരിക്കുമെന്നും എനിക്കു തോന്നി.
നാലു വർഷം മുമ്പ്, സ്പെൻസറിന് ഒമ്പതു വയസ്സുള്ളപ്പോൾ ഞങ്ങൾ താമസം മാറ്റി. അതിനുശേഷം താമസിയാതെ മസാച്ചുസെറ്റ്സിലെ മാൽഡെനിൽ ആംഗ്യഭാഷാ സഭ രൂപീകരിക്കപ്പെട്ടു. അപ്പോൾ മുതൽ സ്പെൻസർ വമ്പിച്ച പുരോഗതി പ്രാപിച്ചിരിക്കുന്നു. അവന്റെ പെരുമാറ്റം വളരെ മെച്ചപ്പെട്ടുവെന്നു മാത്രമല്ല യോഗങ്ങളിലായിരിക്കുന്നത് അവൻ ആസ്വദിക്കുകയും ചെയ്യുന്നു. അവൻ മറ്റുള്ളവരുമായി ആശയവിനിയമം നടത്തുന്നതും നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും കാണുന്നതിൽ ഞാൻ വളരെയധികം സന്തോഷം കണ്ടെത്തുന്നു. സഭയിലുള്ള ബധിരരായ സഹോദരന്മാരും സഹോദരിമാരും എന്റെ മകനു വിസ്മയാവഹമായ മാതൃകാപാത്രങ്ങളാണ്, ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ തനിക്കും സാധിക്കുമെന്നു തിരിച്ചറിയാൻ അവനെ അവർ സഹായിക്കുന്നു. അതവൻ സാധിച്ചെടുക്കുകയും ചെയ്തു. ഇപ്പോൾ അവൻ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പ്രസംഗങ്ങൾ നടത്താറുണ്ട്, ഒരു സ്നാപനമേൽക്കാത്ത പ്രസാധകനായി സേവിക്കുകയും ചെയ്യുന്നു. സ്നാപനമേൽക്കാനുള്ള തന്റെ ആഗ്രഹവും അവൻ പ്രകടിപ്പിച്ചു.
മറ്റു ബധിരരായ ആളുകളോട് ആംഗ്യഭാഷയിൽ അവൻ തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നതു കാണുന്നത് ശുശ്രൂഷയിൽ എനിക്ക് എത്ര ആനന്ദം കൈവരുത്തുന്നു! അവന്റെ ആത്മാഭിമാനം വളരെയധികം വർധിച്ചിരിക്കുന്നു. സഭയെക്കുറിച്ച് അവന് എങ്ങനെ തോന്നുന്നുവെന്ന് സ്പെൻസർ എന്നോടു പറഞ്ഞു. “ഞങ്ങൾ ഇവിടുത്തെ അംഗങ്ങളാണ്. സഹോദരീസഹോദരന്മാർക്ക് എന്നോട് ആശയവിനിയമം ചെയ്യാൻ കഴിയും.” യോഗങ്ങൾ കഴിയുന്നയുടനെ സ്ഥലം വിടാൻ എന്റെ മകൻ മേലാൽ ഒരിക്കലും എന്നോടു കെഞ്ചുന്നില്ല. രാജ്യഹാൾ വിടാൻ സമയമായി എന്ന് ഇപ്പോൾ ഞാൻ അവനോടു പറയേണ്ടിയിരിക്കുന്നു!
തന്റെ ഇപ്പോഴത്തെ സ്കൂളിൽ ബധിരരായ മറ്റു കുട്ടികളുമായി സ്പെൻസറിന് എളുപ്പത്തിൽ ആശയവിനിയമം നടത്താൻ സാധിക്കുന്നു. അവരുമായി നടത്തിയ ചർച്ചകൾ കുട്ടികളെപ്പറ്റിയുള്ള ലോകത്തിന്റെ വീക്ഷണവും അവരെപ്പറ്റിയുള്ള യഹോവയുടെ വീക്ഷണവും തമ്മിലുള്ള വ്യത്യാസം കാണാൻ അവനെ സഹായിച്ചിട്ടുണ്ട്. ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായി, സ്പെൻസറും ഞാനും സ്വതന്ത്രമായി ആശയവിനിയമം ചെയ്യുകയും പരസ്പരം ഒരു ഉറ്റബന്ധം ആസ്വദിക്കുകയും ചെയ്യുന്നു. അവൻ ഉച്ചകഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് അവന്റെ ഗൃഹപാഠം ചെയ്യുന്നു. യോഗങ്ങൾക്കും വീടുതോറുമുള്ള ശുശ്രൂഷയ്ക്കും ഞങ്ങൾ ഒരുമിച്ചു പോകുന്നു. എങ്കിലും, തന്റെ സ്കൂളിലെ എല്ലാ കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളുമായി ഇത്തരം അടുത്തബന്ധം ഇല്ല എന്നു സ്പെൻസർ തിരിച്ചറിയുന്നു.—കൊലൊസ്സ്യർ 3:20, 21.
“നമുക്ക് എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്നു”
ഏകദേശം ഒരു വർഷം മുമ്പ, എന്നോടെന്തോ പറയാനാഗ്രഹിക്കുന്നതുപോലെ സ്പെൻസർ എന്നെ നോക്കുന്നതു ഞാൻ ശ്രദ്ധിച്ചു. എന്തെങ്കിലും വേണോ എന്നു ഞാനവനോടു ചോദിച്ചു. “വേണ്ട,” അവൻ മറുപടി പറഞ്ഞു. സ്കൂളിലെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു തുടങ്ങിയ ചില ചോദ്യങ്ങൾ ഞാനവനോടു ചോദിച്ചു. എന്തോ അവനെന്നോടു പറയാനുണ്ടായിരുന്നുവെന്ന് എനിക്കു മനസ്സിലായി. പിന്നീട്, ഞങ്ങളുടെ കുടുംബ വീക്ഷാഗോപുരപഠന സമയത്ത് അവൻ ചോദിച്ചു, “എന്റെ സ്കൂളിലെ ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ആംഗ്യഭാഷ അറിയില്ലെന്നു മമ്മിക്കറിയാമോ?” ഞാൻ അവനെ അതിശയത്തോടെ നോക്കി. “ഞാൻ കാര്യമായിട്ടാണു ചോദിച്ചത്,” അവൻ പറഞ്ഞു. “തങ്ങളുടെ മക്കളുമായി ആശയവിനിയമം ചെയ്യാനാവാത്ത മാതാപിതാക്കളുണ്ട്.” ചില മാതാപിതാക്കൾ സ്കൂൾ സന്ദർശിച്ചിരുന്നുവെന്നും അവർ തങ്ങളുടെ കുട്ടികളോട് ആശയവിനിയമം ചെയ്യാനുള്ള ശ്രമത്തിൽ പറയാനാഗ്രഹിക്കുന്ന സംഗതികൾ ചൂണ്ടിക്കാണിക്കുന്നതും അഭിനയിച്ചു കാണിക്കുന്നതും താൻ കണ്ടുവെന്നും അവൻ വിശദീകരിച്ചു. “മമ്മി ആംഗ്യഭാഷ പഠിച്ചതിനാൽ ഞാൻ ഭാഗ്യവാനാണ്. നമുക്ക് ആശയവിനിയമം ചെയ്യാൻ കഴിയും. മമ്മി വെറുതെ ചൂണ്ടിക്കാട്ടുകയല്ല ചെയ്യുന്നത്; നമുക്ക് എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്നു.”
ഇത് എന്റെ ഹൃദയത്തെ എത്രമാത്രം സ്പർശിച്ചുവെന്നോ! നമ്മിൽ മിക്കവരും മുതിർന്നവരാകുന്നതുവരെ നമ്മുടെ മാതാപിതാക്കളുടെ പരിശ്രമങ്ങളെ വിലമതിക്കാറില്ല. പക്ഷേ ഇതാ 12-ാം വയസ്സിൽ, എന്റെ മകൻ, ഞങ്ങൾക്ക് അർഥവത്തായ ആശയവിനിയമം ആസ്വദിക്കാൻ സാധിക്കുന്നതിന് അവനെത്ര നന്ദിയുള്ളവനാണെന്ന് എന്നോടു പറയുന്നു.
ഒരു അമ്മയെന്ന നിലയ്ക്കുള്ള എന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു എന്റെ മകനുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുക എന്നതും അവനോട് അടുത്തായിരിക്കുക എന്നതും. ഞാൻ ആംഗ്യഭാഷ പഠിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇതു സാധിക്കുമായിരുന്നില്ല. യഹോവയ്ക്കുള്ള എന്റെ സമർപ്പണം, ഒരു മാതാവെന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തങ്ങൾ ഗൗരവാവഹമായി കണക്കാക്കുന്നതിന് എന്നെ പ്രേരിപ്പിച്ചു; അത് ആശയവിനിയമം സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുക എളുപ്പമാക്കിത്തീർത്തു. ഈ തീരുമാനങ്ങൾ നിമിത്തം ഞങ്ങളിരുവരും ആത്മീയമായി പ്രയോജനം നേടിയിരിക്കുന്നു. “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും” യഹോവയുടെ കൽപ്പനകൾ സംബന്ധിച്ച അറിവു മക്കൾക്കു പകർന്നുകൊടുക്കാൻ മാതാപിതാക്കളെ ബുദ്ധ്യുപദേശിക്കുന്ന ആവർത്തനപുസ്തകം 6:7-ലെ വാക്കുകൾ എത്ര പ്രധാനമാണ്. “ദൈവത്തിന്റെ വൻകാര്യങ്ങളെ” സംബന്ധിച്ചു സ്പെൻസറിനും എനിക്കും സ്വതന്ത്രമായി ആശയവിനിയമം ചെയ്യാൻ സാധിക്കുന്നതിൽ ഞാൻ വാസ്തവമായും കൃതജ്ഞതയുള്ളവളാണ്. (പ്രവൃത്തികൾ 2:11)—സിൻഡി ആഡംസ് പറഞ്ഞപ്രകാരം.
[12-ാം പേജിലെ ആകർഷകവാക്യം]
‘മാതാപിതാക്കളുമായി ഒരു ബന്ധവുമില്ലാതെ അവൻ വളർന്നുവരുന്നത് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല’