ടൈ കണ്ടുപിടിച്ചത് ആര്?
ജർമനിയിലെ ഉണരുക! ലേഖകൻ
ലോകവ്യാപകമായി 60 കോടി പുരുഷൻമാർ അവ പതിവായി ധരിക്കുന്നു. ജർമനിയിൽ സാധാരണക്കാരന് ഏകദേശം 20 ടൈ ഉണ്ട്. ടൈ കെട്ടുന്നതിനിടയിൽ അല്പം നീരസഭാവത്തോടെ അനേകം പുരുഷൻമാർ, ‘എന്തായാലും, ഇത് ആരുടെ ആശയമാണ്?’ എന്ന് അതിശയിച്ചിട്ടുണ്ട്. എവിടെയാണു ടൈ ഉത്ഭവിച്ചത്?
ബെൽജിയത്തിലെ ഒരു പട്ടണമായ സ്റ്റെയൻകെർകെ ടൈ “കണ്ടുപിടിച്ച”തിന്റെ ബഹുമതി അവകാശപ്പെടുന്നു. 1692-ൽ അവിടെ താവളമടിച്ചിരുന്ന ഫ്രെഞ്ച് സൈന്യത്തെ ഇംഗ്ലീഷ് സേനകൾ അപ്രതീക്ഷിതമായി ആക്രമിച്ചു. ജർമൻ വാർത്താ പത്രമായ ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന സോൻറ്റാഗ്സ്റ്റസൈറ്റുങ് അഭിപ്രായപ്പെടുന്നതനുസരിച്ച്, “[ഫ്രെഞ്ച്] ഓഫീസർമാർക്കു വസ്ത്രം ശരിയായി ധരിക്കാൻ സമയമില്ലായിരുന്നു. അവർ തങ്ങളുടെ യൂണിഫോം സ്കാർഫുകൾ ഒരു അയഞ്ഞ കുരുക്കുകൊണ്ടു കഴുത്തിനുചുറ്റും കെട്ടിയിട്ട് അതിന്റെ അറ്റം ജാക്കറ്റിന്റെ ബട്ടൻദ്വാരത്തിലൂടെ തിരുകിക്കയറ്റി. വോയിലാ, ടൈയുടെ ആദ്യരൂപത്തിലുള്ള ജനനം.”
എന്നാൽ, പട്ടാളക്കാരുടെ ഫാഷൻ കൗതുകം കൃത്യമായും നൂതനമായിരുന്നില്ല. നൂറ്റാണ്ടുകൾക്കു മുമ്പു ചൈനീസ് ചക്രവർത്തിയായ ചെങിന്റെ (ഷി ഹങ് ഡി) യോദ്ധാക്കൾ തങ്ങളുടെ പദവിയെ സൂചിപ്പിക്കുന്ന, സ്കാർഫ് പോലുള്ള ഒരു വസ്ത്രം കഴുത്തിനു ചുറ്റും മടക്കിയിട്ടിരുന്നുവെന്നു ടൈയുടെ ചരിത്രത്തിൽ നിപുണരായവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഒരുപക്ഷേ ഏറ്റവും കീർത്തിയാർജിച്ചതു ഫ്രാൻസിലെ ലൂയി XIV രാജാവിനു വേണ്ടി പോരാടുന്ന ക്രൊയേഷ്യക്കാർ ധരിച്ചിരുന്ന സ്കാർഫുകളായിരിക്കാം. പാരിസിലെ ഒരു വിജയാഘോഷ പരേഡിൽ, ക്രൊയേഷ്യക്കാരുടെ സ്കാർഫ് ഫ്രഞ്ചുകാരെ വളരെയേറെ ആകർഷിച്ചു. അതുകൊണ്ട് അവർ അവയെ ഒരു ക്രൊയേഷ്യൻ എന്ന ക്രാവറ്റിൽനിന്നും വന്ന ക്രാവേറ്റസ് എന്നു വിളിക്കുകയും പ്രസ്തുത സ്കാർഫുകൾ അണിഞ്ഞു തുടങ്ങുകയും ചെയ്തു. “അന്നുമുതൽ ടൈ ഫാഷനുകൾക്ക് ഒരു വിരാമവും ഉണ്ടായിട്ടില്ല, സ്കാർഫിനെ ആദ്യമായി കുരുക്കിട്ടു ടൈയാക്കിയതു സ്റ്റാൻകെർക്കയിലെ പട്ടാളക്കാരാണെങ്കിലും” എന്നു മുമ്പു സൂചിപ്പിച്ച പത്രം എഴുതുന്നു.
ഫ്രഞ്ചു വിപ്ലവകാലത്ത് (1789-99) ഒരു പുരുഷൻ തന്റെ കഴുത്തിനു ചുറ്റുമുള്ള “ക്രോട്ടി”ന്റെ അഥവാ സ്കാർഫിന്റെ നിറത്താൽ തന്റെ രാഷ്ട്രീയ ചായ്വു സൂചിപ്പിക്കുമായിരുന്നു. 19-ാം നൂറ്റാണ്ടിൽ അലങ്കാരപ്രിയരായ യൂറോപ്യൻ സമുദായം ഈ വസ്ത്രഭൂഷണത്തിനു “ശ്രദ്ധനൽകാൻ തുടങ്ങി.” അപ്പോഴായിരുന്നു ക്രാവേറ്റ് സൈനിക-രാഷ്ട്രീയ രംഗത്തുനിന്ന് ഉയർത്തപ്പെട്ടു പൊതു പുരുഷ സമൂഹത്തിന്റെ വസ്ത്രമുറിയിലേക്കു പ്രവേശിച്ചത്. ഇന്നു ടൈ ലോകവ്യാപകമായി അനേകം സമുദായങ്ങളിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതിലുപരി ചില സ്ഥാനങ്ങളിൽ അത് അനിവാര്യം പോലുമാണ്.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Historic Costume in Pictures/Dover Publications, Inc., New York