ക്രെഡിറ്റ് കാർഡുകളും ശംബള ചെക്കുകളും—യഥാർഥമോ വ്യാജമോ?
അവ എത്ര സൗകര്യപ്രദം! വളരെ ചെറുത്, കൊണ്ടുനടക്കാൻ വളരെ എളുപ്പം. അത് ഒരു പുരുഷന്റെ മടിശീലയിൽ അല്ലെങ്കിൽ ഒരു സ്ത്രീയുടെ പേഴ്സിൽ നന്നായി ഒതുങ്ങും. കീശയിൽ ഒരു പൈസയും ഇല്ലാതെ അനേകം സംഗതികൾ വാങ്ങുവാൻ നിങ്ങൾക്കു കഴിയും. ലോകത്തെമ്പാടുമുള്ള എയർലൈനുകളും യാത്രാകപ്പൽ കമ്പനികളും ഹോട്ടലുകളും സുഖവാസകേന്ദ്രങ്ങളും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. “അതു കൂടാതെ വീട്ടിൽനിന്നു പോകരുത്” എന്നു ജനങ്ങൾ ഉപദേശിക്കപ്പെടുന്നു. ചില വ്യാപാരങ്ങൾ പണത്തെക്കാളധികം അവയെ സ്വീകരിക്കുന്നു. പണത്തിൽനിന്നു വ്യത്യസ്തമായി, മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അവ പകരം നിർമിക്കാൻ കഴിയും. നിങ്ങളുടെ പേരും സ്വകാര്യ അക്കൗണ്ട് നമ്പരും മുൻവശത്തു ഗണ്ഡാകാരരൂപത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വ്യക്തിഗതമാക്കപ്പെട്ട നിങ്ങളുടെ സ്വന്തം പണമാണത്.
നിങ്ങൾ അവയെ അറിയുന്നതു പ്ലാസ്റ്റിക് പണം അല്ലങ്കിൽ ക്രെഡിറ്റ് ആൻഡ് ചാർജ് കാർഡുകൾ എന്നാണ്. 1985-ൽ ചില ബാങ്കുകൾ ത്രിമാന രൂപം പോലെയും മറ്റു സുരക്ഷാ സവിശേഷതകൾ പോലെയും തോന്നിക്കുന്ന സങ്കീർണമായ സ്വന്തം ലേസർ നിർമിത ഹോളോഗ്രാമുകൾ അവതരിപ്പിച്ചു. കൂടാതെ, പിൻവശത്തു കുറുകെയുള്ള കാന്തികചീളുകളിലെ പ്രത്യേക രഹസ്യ ചിഹ്നങ്ങൾമുതൽ അൾട്രാവയലറ്റ് പ്രകാശത്തിൽ കാണാൻ കഴിയുന്ന അദൃശ്യ അടയാളങ്ങൾവരെ ഉൾക്കൊള്ളുന്നതായിരുന്നു ആ സുരക്ഷാ സവിശേഷതകൾ. അനുകരണനിർമാണത്തിന് എതിരായ പ്രതിബന്ധങ്ങൾ എന്നനിലയിലാണ് ഇവയെല്ലാം നടപ്പിലാക്കിയത്! ഗോളത്തിനു ചുറ്റും 60 കോടിയിലധികം ക്രെഡിറ്റ് കാർഡുകൾ വിതരണത്തിലുണ്ടെന്നു കണക്കാക്കപ്പെടുന്നു.
1990-കളുടെ ആദ്യഘട്ടത്തിൽ വ്യത്യസ്ത രൂപത്തിലുള്ള ക്രെഡിറ്റ് കാർഡ് കൃത്രിമങ്ങളിൽനിന്നുള്ള ലോകവ്യാപകമായ നഷ്ടം ഏറ്റവും കുറഞ്ഞത് 100 കോടി ഡോളർ ആയിരുന്നുവെന്നു വിചാരിക്കപ്പെടുന്നു. ആ വ്യത്യസ്ത രൂപങ്ങളിൽ, ഏറ്റവും വേഗം വളരുന്നതു വ്യാജനിർമാണം ആണെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു, അതു മൊത്തം നഷ്ടത്തിന്റെ ഏറ്റവും കുറഞ്ഞത് 10 ശതമാനം വരും.
ഉദാഹരണത്തിന്, 1993-ൽ, ഏറ്റവും വലിയ ക്രെഡിറ്റ്-കാർഡ് കമ്പനികളിൽ ഒന്നിന്റെ സഹബാങ്കുകൾക്കു വ്യാജ ക്രെഡിറ്റ് കാർഡുകൾ 13 കോടി 38 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതു മുൻ വർഷത്തെക്കാൾ 75 ശതമാനം വർധനവായിരുന്നു. സാർവദേശീയ വ്യാപ്തിയുള്ള മറ്റൊരു പ്രമുഖ ക്രെഡിറ്റ്-കാർഡ് കമ്പനിയും വ്യാജ ക്രെഡിറ്റ് കാർഡ് നിമിത്തം ഞെട്ടിപ്പിക്കുന്ന നഷ്ടം റിപ്പോർട്ടു ചെയ്തു. ഒരു ന്യൂസിലൻഡ് വർത്തമാനപത്രം ഇപ്രകാരം എഴുതി: “ബാങ്കുകൾക്കും കാർഡ് കമ്പനികൾക്കും അവരിൽനിന്നു ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്കും മാത്രമല്ല, ലോകത്ത് ഉടനീളമുള്ള ഉപഭോക്താക്കൾക്കും വ്യാജ ക്രെഡിറ്റ് കാർഡ് നിർമാണം ഒരു വലിയ പ്രശ്നം സൃഷ്ടിക്കുന്നു.” നിയമാനുസൃതമുള്ള കാർഡ് ഉടമകൾ ഈ നഷ്ടത്തിന് ഉത്തരവാദികൾ അല്ലെന്നിരിക്കെ നഷ്ടം പേറേണ്ടത് ഉപഭോക്താക്കൾതന്നെ.
ലേസർ നിർമിത ഹോളോഗ്രാമുകളും പ്രത്യേക ചിഹ്നങ്ങളോടുകൂടിയ കാന്തികചീളുകളും പോലെ അനുകരണനിർമാതാക്കൾക്കു മാർഗതടസ്സമായി നിന്ന, ആന്തരികമായി ചേർത്ത സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചെന്ത്? ഈ സവിശേഷതകൾ അവതരിപ്പിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ അവയുടെ അപരിഷ്കൃതമായ ആദ്യ അനുകരണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിനെത്തുടർന്നു പെട്ടെന്നുതന്നെ എല്ലാ സുരക്ഷാ സവിശേഷതകളും പകർത്തപ്പെടുകയോ കഴിയാവുന്നത്രയും പകർത്തുകയോ ചെയ്തു. ഒരു ഹോങ്കോങ് ബാങ്ക് ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എല്ലായ്പോഴും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്, വക്രബുദ്ധികൾ എല്ലായ്പ്പോഴും നിങ്ങളുടെമേൽ വിജയം നേടാൻ ശ്രമിക്കുന്നു.
രസാവഹമായി, വിദഗ്ധൻമാർ പറയുന്നതനുസരിച്ച് 1990-കളുടെ ആരംഭഘട്ടത്തിൽ വ്യാജ കാർഡ് നിർമാണം ഹേതുവായുള്ള നഷ്ടത്തിന്റെ പകുതിയും സംഭവിച്ചത് ഏഷ്യയിലാണ്, അവയിൽ പകുതിയോളം ഹോങ്കോങിലായിരുന്നു. “ഉന്നത ഫാഷൻ വസ്ത്രങ്ങൾ നിർമിക്കുന്നതിൽ പാരീസ് പ്രസിദ്ധമായിരിക്കുന്നതു പോലെ ഹോങ്കോങ് വ്യാജ ക്രെഡിറ്റ് കാർഡുകൾക്കു കുപ്രസിദ്ധമാണ്” എന്ന് ഒരു വിദഗ്ധൻ പ്രസ്താവിച്ചു. വ്യാജ ക്രെഡിറ്റ് നിർമാണത്തിന്റെ ലോകാസ്ഥാനമായി ഹോങ്കോങിനെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു. “തായ്ലൻഡും മലേഷ്യയും ഇപ്പോൾ ദക്ഷിണ ചൈനയും കൂടെ ഉൾപ്പെടുന്ന ആഗോള വ്യാജ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ കേന്ദ്രമാണു ഹോങ്കോങ്” എന്ന് അവർ പറയുന്നു. പ്രസ്തുത ന്യൂസിലൻഡ് വർത്തമാനപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ദുഷിച്ച ചെറുകിട കച്ചവടക്കാർ നൽകുന്ന നമ്പരുകൾ ഉപയോഗിച്ചു വ്യാജ കാർഡുകൾ മുദ്രണം ചെയ്യുകയും അവയ്ക്കു കോഡുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ചൈനീസ് മഫിയാകളുമായി പ്രാദേശിക കാര്യാലയങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഹോങ്കോങ് പൊലീസ് പറയുന്നു. പിന്നീടവർ ഈ കാർഡുകൾ മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്നു.”
“[കാനഡയിൽ] ഏഷ്യൻ തസ്കരസംഘാംഗങ്ങൾ വാങ്ങിയ ഒരു ക്രെഡിറ്റ് കാർഡ് ഇംബോസിങ് യന്ത്രം വ്യാജ ക്രെഡിറ്റ് കാർഡുകൾ നിർമിക്കാൻ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു. ഈ യന്ത്രം മണിക്കൂറിൽ 250 ക്രെഡിറ്റ് കാർഡുകൾ അച്ചടിക്കുന്നു. ഇത് അനേക കോടി ഡോളറിന്റെ വ്യാജനിർമാണത്തിന് ഉപയോഗിച്ചതായി പൊലീസ് വിശ്വസിക്കുന്നു” എന്നു കാനഡയുടെ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, ഗ്വാം, മലേഷ്യ, സ്വിറ്റ്സർലൻഡ് എന്നിവ ഉൾപ്പെടെ ഓസ്ട്രിയ മുതൽ ഓസ്ട്രേലിയ വരെയുള്ള ഏറ്റവും കുറഞ്ഞത് 22 രാജ്യങ്ങളിൽ വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് ഹോങ്കോങിൽനിന്നുള്ള ചൈനാക്കാർ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഉപയോക്തക്കൾക്ക് ഏറ്റവും ഉയർന്ന ചെലവഴിക്കൽ പരിധികൾ നൽകുന്നതിനാൽ ജാപ്പനീസ് ക്രെഡിറ്റ് കാർഡുകൾ വിശേഷാൽ പ്രിയമുള്ളവയാണ്.
ക്രെഡിറ്റ് കാർഡുകളിലെ കൃത്രിമങ്ങളുടെയും അനുകരണനിർമാണത്തിന്റെയും കുതിച്ചുകയറ്റം, “ക്രെഡിറ്റ് കാർഡുകൾ പുറപ്പെടുവിക്കുന്ന കമ്പനികൾ വർധിച്ചുവരുന്ന വ്യാജമായ കാർഡുകളാലുള്ള നഷ്ടം ഉപയോക്താക്കളുടെ ഇടയിൽ വിതരണം ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതിനെ” അർഥമാക്കുന്നുവെന്ന് ഒരു കനേഡിയൻ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിതാപകരമെന്നു പറയട്ടെ, ഇത്തരത്തിലുള്ള കാര്യങ്ങളാണു സംഭവിക്കുന്നത്. തീർച്ചയായും ക്രെഡിറ്റ് കാർഡ് സൗകര്യപ്രദവും ഉപയോക്താവിനു മതിയായ പണം ഇല്ലാതിരിക്കുമ്പോൾ ജീവരക്ഷാകരവുമാണ്. എന്നാൽ ഓർമിക്കുക, നിങ്ങളുടെ കാർഡിനെ അനുകരിക്കുന്നതിനു വ്യാജനിർമാതാക്കൾക്ക് ആവശ്യമായിരിക്കുന്നത് നിങ്ങളുടെ അക്കൗണ്ടു നമ്പരും കാർഡിന്റെ കാലാവധി തീരുന്ന തീയതിയും മാത്രമാണ്. “ഇതു പ്ലാസ്റ്റിക് പണമാണ്, എന്നാൽ പണം കൈകാര്യം ചെയ്യുന്ന അതേ ജാഗ്രതയോടെ ആളുകൾ ഇതിനെ കൈകാര്യം ചെയ്യുന്നില്ല” എന്ന് അമേരിക്കൻ എക്സ്പ്രസ് ഇൻറർനാഷണലിന്റെ പ്രാദേശിക സുരക്ഷാ മേധാവി മുന്നറിയിപ്പുനൽകി.
ഒരു പൊലീസ് സൂപ്രണ്ട് വ്യാജ നിർമാതാക്കളെ കുറിച്ച് ഇപ്രകാരം പറഞ്ഞു: “പ്രസ്തുത സമ്പ്രദായം ദൗർബല്യങ്ങൾ ഉള്ളതാണ്, അവയെല്ലാം വില്ലൻമാർ മനസ്സിലാക്കിയിരിക്കുന്നു. അവർ അവയെ നിർദയം ചൂഷണം ചെയ്തിരിക്കുന്നു.”
വ്യാജ ചെക്ക് നിർമിക്കൽ
ഏതു കടലാസു കറൻസിയും ഏതാണ്ടു കുറ്റമറ്റരീതിയിൽ പകർത്തുവാൻ കഴിയുന്ന മേശപ്പുറത്തെ അച്ചടിയുടെ വരവോടെ, പെട്ടെന്നു പിന്നാലെയെത്തിയത് ഒഴിവാക്കാനാവാത്തതായിരുന്നു. പാസ്പോർട്ടുകൾ, ജനന സർട്ടിഫിക്കറ്റുകൾ, ഇമിഗ്രേഷൻ കാർഡുകൾ, കടപ്പത്രങ്ങൾ, പർച്ചെയ്സ് ഓർഡറുകൾ, ഔഷധവിധികൾ തുടങ്ങിയവപോലുള്ള നാനാതരം പ്രമാണിക രേഖകൾതന്നെ പകർത്തുവാൻ ഇപ്പോൾ വ്യാജനിർമാതാക്കൾക്കു കഴിയും. എന്നാൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്നതു വ്യാജ ചെക്കു നിർമാണത്തിൽനിന്നാണ്.
ഈ സാങ്കേതികവിദ്യ ശ്രദ്ധേയമാംവണ്ണം ലളിതമാണ്. പ്രാദേശികമോ ദേശവ്യാപകമോ ആയ ബാങ്കുകളിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപമുള്ള ഒരു ബൃഹത്തായ കമ്പനിയിൽനിന്നുള്ള ചെക്ക് ഒരു അനുകരണനിർമാതാവിന്റെ കൈവശം ഒരിക്കൽ എത്തിയാൽ അയാൾ തന്റെ ബിസിനസ് ആരംഭിക്കുകയായി. മേശപ്പുറത്തു വയ്ക്കാവുന്ന അച്ചടിയന്ത്രവും ഒപ്റ്റിക്കൽ സ്കാനിങ് യന്ത്രവും ബട്ടൺ അമർത്തി പ്രവർത്തിപ്പിക്കുന്ന മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുംകൊണ്ട്, തീയതി മാറ്റുക, പണം പറ്റുന്നവന്റെ പേരു നീക്കി തന്റെ പേരു ചേർക്കുക, ഡോളർ തുകയോടു പൂജ്യങ്ങൾ കൂട്ടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ തന്റെ ഉദ്ദേശങ്ങൾക്കു യോജിച്ച വിധത്തിൽ അയാൾക്ക് ആ ചെക്കു രൂപപ്പെടുത്താൻ കഴിയും. എന്നിട്ട് അയാൾ രൂപഭേദപ്പെടുത്തിയ ആ ചെക്ക് അടുത്തുള്ള സ്റ്റേഷനറിയിൽനിന്നു വാങ്ങിയ, യഥാർഥ ചെക്കിന്റെ അതേ നിറമുള്ള കടലാസുപയോഗിച്ചു സ്വന്തം ലേസർ അച്ചടിയന്ത്രത്തിൽ അച്ചടിക്കുന്നു. ഒരേ സമയംതന്നെ ഡസ്സൻകണക്കിനോ അതിലധികമോ അച്ചടിക്കാൻ കഴിയും. ഏതെങ്കിലും നഗരത്തിലുള്ള പ്രസ്തുത ബാങ്കിന്റെ ശാഖകളിൽ അവയെ പണമാക്കാനും കഴിയും.
ലളിതവും ചെലവു കുറഞ്ഞതുമായ ഈ മാർഗത്തിലൂടെയുള്ള വ്യാജചെക്കു നിർമാണത്തിന്റെ വ്യാപനം വളരെ വലിയ തോതിലാണ്. സമ്പദ്വ്യവസ്ഥയ്ക്കുള്ള നഷ്ടം 100 കോടി ഡോളറിൽ എത്താവുന്നതാണെന്നു ബാങ്ക് നിയമപാലന ഉദ്യോഗസ്ഥൻമാർ പറയുന്നു. പ്രത്യേകിച്ചും നിർലജ്ജമായ ഒരു കേസിൽ, ലോസാഞ്ചലസ് കേന്ദ്രമാക്കിയുള്ള ഒരു തസ്കരസംഘം മൊത്തം 20 ലക്ഷം ഡോളറിലധികം വരുന്ന ആയിരക്കണക്കിനു വ്യാജ ചെക്കുകൾ ബാങ്കുകളിൽനിന്നും പണമാക്കിമാറ്റിക്കൊണ്ട് ഐക്യനാടുകളിലൂടെ സഞ്ചരിച്ചുവെന്നു ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. വ്യാജ ചെക്കിനാലുള്ള വാർഷിക നഷ്ടം ഐക്യനാടുകളിൽ മാത്രം 1000 കോടി ഡോളറാണെന്നു വ്യവസായ വിശകലന വിദഗ്ധർ കണക്കാക്കുന്നു. “സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം നമ്പർ കുറ്റകൃത്യം ചെക്കും മണിയോഡറും പോലുള്ള കൈമാറ്റം ചെയ്യാവുന്ന ഉപാധികളുടെ അനുകരണനിർമാണമാണെ”ന്ന് ഒരു എഫ്ബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
[7-ാം പേജിലെ ആകർഷകവാക്യം]
ഏറ്റവും വലിയ ആദായഭാഗങ്ങൾ വരുന്നതു വ്യാജച്ചെക്കുകളിൽ നിന്നാണ്