ആറു സന്ദേശവാഹകർ ബഹിരാകാശത്തു നിന്ന്
ജപ്പാനിലെ ഉണരുക! ലേഖകൻ
ബഹിരാകാശത്തുനിന്നു സന്ദേശവാഹകർ സ്ഥിരമായി എത്തിച്ചേരുന്നു. നമുക്കു ചുറ്റുമുള്ള വിശാലമായ പ്രപഞ്ചത്തെക്കുറിച്ച് അതിശയകരമായ വിവരങ്ങൾ അവ തങ്ങളോടൊപ്പം വഹിക്കുന്നു. ഈ സന്ദേശവാഹകർ, മൊത്തം ആറുപേർ, പ്രകാശത്തിന്റെ വേഗതയിൽ, സെക്കൻറിൽ 3,00,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. അവയിൽ ഒരെണ്ണം ദൃശ്യമാണ്, മറ്റുള്ളവയെല്ലാം മാനുഷ നേത്രങ്ങൾക്ക് അദൃശ്യമാണ്. എന്താണ് അവ?
വൈദ്യുതകാന്തിക സ്പെക്ട്രം
പ്രകാശം ഒരു പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ മഴവില്ലിലെ ഏഴു പ്രമുഖ വർണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി 300-ൽ അധികം വർഷങ്ങളായി അറിയപ്പെട്ടിരുന്നു. മഴവില്ലിലെ ചെമപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്ന ക്രമത്തിലുള്ള ഏഴു വർണങ്ങളും സാധാരണ പ്രകാശത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് ഇതു പ്രകടമാക്കുന്നു.
ഫോട്ടോണുകൾ എന്നു വിളിക്കപ്പെടുന്ന പിണ്ഡരഹിത കണങ്ങളുടെ ഒരൊഴുക്കായി പ്രകാശം പരിഗണിക്കപ്പെടുന്നു, അവയ്ക്കും തരംഗങ്ങളുടെ സ്വഭാവങ്ങളുണ്ട്. ഒരു തരംഗത്തിന്റെ ഉന്നതിയിൽനിന്നും മറ്റൊരു തരംഗത്തിന്റെ ഉന്നതിയിലേക്കുള്ള അകലത്തെ തരംഗദൈർഘ്യം എന്നു വിളിക്കുന്നു. ഇതിനെ അളക്കുന്നത് Å എന്നു ചുരുക്കിയെഴുതപ്പെടുന്ന ആങ്സ്ട്രം എന്ന യൂണിറ്റിനാലാണ്. ഇത് 390-നെ ആയിരം കോടികൊണ്ടു ഹരിച്ചുകിട്ടുന്നതിനു തുല്യമാണ്. ദൃശ്യപ്രകാശത്തിന്റെ അളവു 4,000 ആങ്സ്ട്രമിനും 7,000 ആങ്സ്ട്രമിനും ഇടയിലാണ്. വ്യത്യസ്ത തരംഗദൈർഘ്യത്തിലുള്ള പ്രകാശം വ്യത്യസ്ത വർണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.—പേജ് 15-ലെ ചിത്രീകരണം കാണുക.
എന്നിരുന്നാലും, ഫോട്ടോണുകൾക്കു മറ്റു തരംഗദൈർഘ്യങ്ങളും ഉണ്ടായിരുന്നേക്കാം. വൈദ്യുതകാന്തിക വികിരണം എന്നു വിളിക്കപ്പെടുന്ന ഫോട്ടോണുകളുടെ ധാരയ്ക്ക് അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത പേരുകൾ നൽകപ്പെട്ടിരിക്കുന്നു. തരംഗദൈർഘ്യം ദൃശ്യപ്രകാശത്തിന്റേതിനെക്കാൾ ഹ്രസ്വമാകുമ്പോൾ, അതായത് 4,000 ആംങ്സ്ട്രമിനെക്കാൾ താഴെയായിരിക്കുമ്പോൾ വൈദ്യുതകാന്തിക തരംഗങ്ങൾ ക്രമാനുഗതമായി, അൾട്രാവയലറ്റ് (യുവി) വികിരണം, എക്സ് കിരണം, ഗാമാ കിരണം എന്നിവയായി പ്രത്യക്ഷപ്പെടുന്നു. 7,000 ആങ്സ്ട്രമിനെക്കാൾ ദീർഘമായിരിക്കുമ്പോൾ തരംഗങ്ങൾ മേലാൽ ദൃശ്യമല്ല. എന്നാൽ അവ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഇൻഫ്രാറെഡ്, റേഡിയോ ഭാഗത്താണ്. അവിടെ നമുക്ക് ബഹിരാകാശത്തുനിന്നുള്ള “ആറു സന്ദേശവാഹകർ” ഉണ്ട്. ആകാശിക വസ്തുക്കളെക്കുറിച്ചു ധാരാളം വിവരങ്ങൾ അവ വഹിക്കുന്നു. മൂല്യവത്തായ വിവരങ്ങൾക്കായി അവ എങ്ങനെ പരിശോധിക്കപ്പെടുന്നുവെന്നു നമുക്കിപ്പോൾ കാണാം.
ദൃശ്യപ്രകാശം—ഒന്നാം സന്ദേശവാഹകൻ
1610-ൽ ഗലീലിയോ തന്റെ ദൂരദർശിനി ആകാശത്തിനുനേരെ തിരിച്ചതുമുതൽ 1950 വരെ പ്രപഞ്ചത്തെ പഠിക്കാൻ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ പ്രാഥമികമായും ഉപയോഗിച്ചിരുന്നത് പ്രകാശിക ദൂരദർശിനികളായിരുന്നു. വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ വെറും ദൃശ്യഭാഗം മാത്രമാണ് അവർക്കു പരിചിതമായിരുന്നത്. ചില ആകാശിക വസ്തുക്കളെ പ്രകാശിക ദൂരദർശിനിയിൽ വളരെ മങ്ങിയതായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു, അവയെ പഠിക്കുന്നതിനു ജ്യോതിശ്ശാസ്ത്രജ്ഞൻമാർ അവയുടെ പ്രതിച്ഛായ ഫോട്ടോഗ്രാഫിക്ക് ഫിലിമിൽ പകർത്തിയിരുന്നു. ഫോട്ടോഗ്രാഫിക്ക് ഫിലിമുകളെക്കാൾ 10 മുതൽ 70 വരെ മടങ്ങു കൂടുതൽ സംവേദിയായ, ചാർജ്-കപ്പിൾഡ് ഡിവൈസസ് എന്നറിയപ്പെടുന്ന ഇലക്ട്രോണിക് നിദർശകങ്ങൾ ഇപ്പോൾ വളരെയേറെ സാധാരണമായിക്കൊണ്ടിരിക്കുന്നു. ദൃശ്യ സന്ദേശവാഹകൻ നക്ഷത്ര സാന്ദ്രത, ഊഷ്മാവ്, രാസീയ ഘടകങ്ങൾ, അകലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു.
പ്രകാശത്തെ പിടിച്ചെടുക്കുന്നതിന് ഏറ്റവും വലിപ്പമുള്ള ദൂരദർശിനികൾ നിർമിക്കപ്പെടുന്നു. 1976 മുതൽ ലോകത്തെ ഏറ്റവും വലിപ്പമുള്ള പ്രതിഫലന ദൂരദർശിനി, റഷ്യയിലെ സലൻചൂസ്കായാ ജ്യോതിശ്ശാസ്ത്ര-ഭൗതിക നിരീക്ഷണശാലയിലെ 236 ഇഞ്ചുള്ള ദൂരദർശിനിയായിരുന്നു. എന്നാൽ 1992 ഏപ്രിലിൽ ഹവായിലെ മൗനാ കേയിൽ പുതിയ കെക്ക്a പ്രതിഫലന പ്രാശിക ദൂരദർശിനി പൂർത്തീകരിക്കപ്പെട്ടു. കെക്ക് ദൂരദർശിനിയിൽ ഏക ദർപ്പണത്തിനു പകരം 36 ഷഡ്ഭുജ ദർപ്പണ ഖണ്ഡങ്ങളുടെ ഒരു സംയോഗമുണ്ട്. പ്രസ്തുത ഖണ്ഡങ്ങൾക്കു മൊത്തത്തിൽ പത്തു മീറ്റർ വ്യാസമുണ്ട്.
കെക്ക്-1 എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന രണ്ടാമതൊരു കെക്ക് ദൂരദർശിനി ആദ്യത്തേതിനോടു പാർശ്വസ്ഥമായി നിർമിക്കപ്പെടുന്നു. ഈ രണ്ടു ദൂരദർശിനികളുംകൂടി ഒരു പ്രകാശിക വ്യതികരണമാപിയായി (optical interferometer) പ്രവർത്തിക്കാൻ പ്രാപ്തമായേക്കാം. പത്തുമീറ്ററുള്ള രണ്ടു ദൂരദർശിനികളെ കമ്പ്യൂട്ടർകൊണ്ടു ബന്ധിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇതു 85 മീറ്റർ വ്യാസമുള്ള ഏക ദർപ്പണത്തിനു തുല്യമാകുന്ന, സാധ്യമായേക്കാവുന്ന വിഭേദനക്ഷമതയിൽ (Resolving power) കലാശിക്കുന്നു. “വിഭേദനക്ഷമത” അഥവാ “റെസൊലൂഷൻ” വിശദാംശങ്ങൾ വേർതിരിച്ചറിയിക്കാനുള്ള കഴിവിനെ പരാമർശിക്കുന്നു.
മൗനാ കേയിൽ, ടോക്കിയോ ദേശീയ ജ്യോതിർനിരീക്ഷണശാലയ്ക്കു സുബാറു (പ്ലിയാഡെസ് നക്ഷത്ര സഞ്ചയത്തിന്റെ ജപ്പാൻ പേര്) എന്ന ഒരു 8.3 മീറ്റർ പ്രകാശിക/ഇൻഫ്രാറെഡ് ദൂരദർശിനി നിർമാണത്തിലിരിപ്പുണ്ട്. ദർപ്പണപ്രതലത്തിലുണ്ടാകുന്ന ഏതൊരു വിരൂപണവും ശരിപ്പെടുത്തുന്നതിനു വേണ്ടി ഓരോ സെക്കൻറിലും ഒരു പ്രാവശ്യം വീതം ദർപ്പണത്തിന്റെ ആകൃതി ക്രമീകരിക്കുന്ന, 261 പ്രേരകങ്ങളാൽ പിന്താങ്ങപ്പെടുന്ന ഒരു കട്ടികുറഞ്ഞ ദർപ്പണം അതിൽ ഉണ്ടായിരിക്കും. ഭീമാകാരമായ മറ്റു ദൂരദർശിനികളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു, അതുകൊണ്ട് ഒന്നാം സന്ദേശവാഹകനായ ദൃശ്യപ്രകാശത്തിൽനിന്നു കൂടുതൽ പഠിക്കാമെന്നു നമുക്ക് ഉറപ്പുണ്ട്.
റേഡിയോ തരംഗങ്ങൾ—രണ്ടാം സന്ദേശവാഹകൻ
ക്ഷീരപഥത്തിൽനിന്നുള്ള റേഡിയോ തരംഗത്തിന്റെ ഉത്സർജനം ആദ്യമായി കണ്ടുപിടിച്ചത് 1931-ൽ ആണ്. എന്നാൽ 1950-കൾവരെ റേഡിയോ വികിരണങ്ങളെ കുറിച്ചു പഠനം നടത്തുന്ന ജ്യോതിശ്ശാസ്ത്രജ്ഞൻമാർ പ്രകാശിക ദൂരദർശിനി ഉപയോഗിക്കുന്ന ജ്യോതിശ്ശാസ്ത്രജ്ഞൻമാരുമൊത്തു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നില്ല. ബഹിരാകാശത്തുനിന്നുള്ള റേഡിയോ ഉത്സർജനങ്ങളുടെ കണ്ടുപിടുത്തത്തോടെ പ്രകാശിക ദൂരദർശിനികൊണ്ടു കാണാൻ കഴിയാതിരുന്നതു നിരീക്ഷണാത്മകമായി. റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കുന്നതു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രം കാണുന്നതു സാധ്യമാക്കിത്തീർത്തു.
റേഡിയോ തരംഗങ്ങളുടെ തരംഗദൈർഘ്യം ദൃശ്യപ്രകാശത്തിന്റേതിനെക്കാൾ കൂടുതലാണ്. അതുകൊണ്ടു പ്രസ്തുത സിഗ്നലുകൾ പിടിച്ചെടുക്കുന്നതിനു വലിയ ആൻറിനാകൾ ആവശ്യമാണ്. റേഡിയോ ജ്യോതിശ്ശാസ്ത്രത്തിലെ ഉപയോഗത്തിനായി 90-ഓ അതിൽ കൂടുതലോ മീറ്റർ വ്യാസമുള്ള ആൻറിനാകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ആ വലിപ്പത്തിലുള്ള ഉപകരണങ്ങളിൽപ്പോലും റെസൊലൂഷൻ അപര്യാപ്തമായതിനാൽ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ റേഡിയോ വ്യതികരണമാപനം എന്നു വിളിക്കപ്പെടുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് റേഡിയോ ദൂരദർശിനികളെ കമ്പ്യൂട്ടറിനാൽ ശ്രേണിയിൽ ബന്ധിപ്പിക്കുന്നു. ദൂരദർശിനികൾ തമ്മിലുള്ള അകലം എത്ര കൂടുതലാണോ അത്ര മെച്ചമായിരിക്കും വ്യക്തമാക്കൽ പ്രാപ്തി.
അത്തരത്തിലുള്ള ഒരു ശൃംഖലയിൽ ജപ്പാനിലെ നോബ്യാമാ റേഡിയോ നിരീക്ഷണശാലയുടെ 45 മീറ്റർ ആൻറിനായും ജർമനിയിലെ ബോണിലുള്ള 100 മീറ്റർ ആൻറിനായും ഐക്യനാടുകളിലെ 37 മീറ്റർ ദൂരദർശിനിയും ഉൾപ്പെടുന്നു. ഈ വിധത്തിലുള്ള ശൃംഖല ദീർഘദൂര വ്യതികരണമാപനം (വിഎൽബിഐ) എന്നു വിളിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഒരു ചാപ സെക്കൻറിന്റെ ആയിരത്തിൽ ഒന്നിന്റെ റെസൊലൂഷൻ ലഭിക്കുന്നു, അഥവാ ചന്ദ്രനിലെ 1.8 മീറ്റർ സമചതുര രൂപം വേർതിരിച്ചറിയാൻ പ്രാപ്തിയുണ്ട്.b അത്തരത്തിലുള്ള വിഎൽബിഐ ഭൂമിയുടെ വ്യാസത്താൽ പരിമിതപ്പെടുന്നു.
ബഹിരാകാശത്തു പത്തു മീറ്റർ റേഡിയോ ആൻറിനാ സ്ഥാപിച്ചുകൊണ്ടു നോബ്യാമാ റേഡിയോ നിരീക്ഷണശാല ഈ സന്ദേശവാഹകനെ പിടിച്ചെടുക്കുന്നതിൽ ഒരു പടികൂടി മുന്നോട്ടു പോകുന്നു. ഇത് 1996-ൽ ജപ്പാനിൽനിന്നു വിക്ഷേപിക്കപ്പെടേണ്ടതാണ്. 30,000 കിലോമീറ്റർ വരുന്ന ഒരു ദൂരം സൃഷ്ടിച്ചുകൊണ്ട് ഇതു ജപ്പാൻ, യൂറോപ്പ്, ഐക്യനാടുകൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ റേഡിയോ ദൂരദർശിനികളോടു ബന്ധിപ്പിക്കപ്പെടും. മറ്റുവാക്കുകളിൽ, ഭൂമിയെക്കാൾ തന്നെ മൂന്നിരട്ടി വലിപ്പമുള്ള ഒരു രാക്ഷസ ദൂരദർശിനി പോലെയായിരിക്കും ഈ ശൃംഖല! ഇതിനു 0.0004 ചാപ സെക്കൻറു വിഭേദനക്ഷമത ഉണ്ടായിരിക്കും, അതായതു ചന്ദ്രനിലെ ഒരു 70-സെൻറീമീറ്റർ വസ്തുവിനെ തിരിച്ചറിയാൻ ഇതു പ്രാപ്തമായിരിക്കും. അതിബൃഹത്തായ തമോഗർത്തങ്ങൾ സ്ഥിതിചെയ്യുന്നതായി വിചാരിക്കപ്പെടുന്നിടത്തുള്ള ആകാശഗംഗകളുടെ കേന്ദ്രങ്ങളുടെയും ക്വാസറുകളുടെയും ചിത്രം പകർത്തുന്നതിനും അവയെ പഠിക്കുന്നതിനും വിഎൽബിഐ ബഹിരാകാശ നിരീക്ഷണ പരിപാടി, അല്ലെങ്കിൽ ചുരുക്കത്തിൽ വിഎസ്ഒപി എന്നു വിളിക്കപ്പെടുന്ന ഇത് ഉപയോഗിക്കപ്പെടും. പ്രപഞ്ചത്തിൽനിന്നുള്ള രണ്ടാം സന്ദേശവാഹകനായ റേഡിയോ തരംഗങ്ങൾ ഗംഭീരമായി പ്രവർത്തിക്കവേ അവയുടെ ഉറവുകൾ സംബന്ധിച്ചു വിവരങ്ങൾ പ്രദാനം ചെയ്യുന്നതിൽ തുടരും.
എക്സ് കിരണങ്ങൾ—മൂന്നാം സന്ദേശവാഹകൻ
ആദ്യത്തെ എക്സ്-റേ നിരീക്ഷണങ്ങൾ നടത്തിയത് 1949-ൽ ആണ്. എക്സ് കിരണങ്ങൾക്കു ഭൗമാന്തരീക്ഷത്തിൽ തുളച്ചുകയറാൻ കഴിയുകയില്ലാത്തതിനാൽ ഈ സന്ദേശവാഹകനിൽനിന്നു വിവരങ്ങൾ ലഭിക്കുന്നതിനു ജ്യോതിശ്ശാസ്ത്രജ്ഞൻമാർ റോക്കറ്റുകളുടെയും കൃത്രിമ ഉപഗ്രഹങ്ങളുടെയും വികസനത്തിനുവേണ്ടി കാത്തിരിക്കേണ്ടിയിരുന്നു. അത്യന്തം ഉയർന്ന ഊഷ്മാവിൽ ഉത്പാദിപ്പിക്കപ്പെടുന്ന എക്സ് കിരണങ്ങൾ അങ്ങനെ, നക്ഷത്രങ്ങളുടെ താപമേഖല, സൂപ്പർനോവാ അവശിഷ്ടങ്ങൾ, താരാപഥ സഞ്ചയം, ക്വാസർ, സൈദ്ധാന്തിക തമോഗർത്തങ്ങൾ എന്നിവയെക്കുറിച്ചു വിവരങ്ങൾ പ്രദാനം ചെയ്യുന്നു.—1992 മാർച്ച് 22 ഉണരുക!യുടെ (ഇംഗ്ലീഷ്) 5-9 പേജുകൾ കാണുക.
1990 ജൂണിൽ റോൺജെൻ ഉപഗ്രഹം വിക്ഷേപിക്കപ്പെടുകയും മുഴു എക്സ്-റേ പ്രപഞ്ചത്തിന്റെയും ചിത്രം പകർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. മുഴു ആകാശത്തിലുമായി 40 ലക്ഷം എക്സ്-റേ ഉറവുകൾ വ്യാപിച്ചുകിടക്കുന്നതായി രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഈ ഉറവുകൾക്കിടയിൽ ഒരു അജ്ഞാത പശ്ചാത്തല ജ്വലനമുണ്ട്. “ദൃശ്യ പ്രപഞ്ചത്തിന്റെ അഗ്രം” എന്നു ചില ജ്യോതിശ്ശാസ്ത്രജ്ഞൻമാർ വിളിക്കുന്നസ്ഥലത്തിന് അടുത്തുള്ള, താരാപഥങ്ങളുടെ ഊർജസ്വല ഉൾക്കാമ്പുകൾ എന്നു വിശ്വസിക്കപ്പെടുന്ന ക്വാസറുകളുടെ സഞ്ചയത്തിൽനിന്ന് ആയിരിക്കാം അതു വരുന്നത്. എക്സ്-റേ സന്ദേശവാഹകനിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന യഥോചിത സമയത്തിനായി നമുക്കു കാത്തിരിക്കാം.
ഇൻഫ്രാറെഡ് വികിരണം—നാലാം സന്ദേശവാഹകൻ
ഇൻഫ്രാറെഡ് നിരീക്ഷണങ്ങൾ ആദ്യമായി നടത്തപ്പെട്ടത് 1920-കളിൽ ആണ്. ഇൻഫ്രാറെഡ് വികിരണത്തെ ജലബാഷ്പം ആഗിരണം ചെയ്യുന്നതിനാൽ, ഏറ്റവും മെച്ചമായ ഫലങ്ങൾക്കുവേണ്ടി, ഈ സന്ദേശവാഹകനെക്കുറിച്ചു സൂക്ഷ്മാന്വേഷണം നടത്തുന്നതിനു ഭ്രമണപഥത്തിൽചരിക്കുന്ന ഉപഗ്രഹങ്ങൾ ഉപയോഗിക്കപ്പെടുന്നു. മുഴു ഇൻഫ്രാറെഡ് ആകാശത്തിന്റെയും ചിത്രം പകർത്തുന്നതിന് 1983-ൽ ഇൻഫ്രാറെഡ് ജ്യോതിശ്ശാസ്ത്ര ഉപഗ്രഹം (ഐആർഎഎസ്) ഉപയോഗിക്കുകയും 2,45,389 ഇൻഫ്രാറെഡ് ഉറവുകൾ കണ്ടുപിടിക്കുകയും ചെയ്തു. പ്രസ്തുത വസ്തുക്കളുടെ ഏകദേശം 9 ശതമാനം (22,000) പ്രത്യക്ഷത്തിൽ വിദൂര താരാപഥങ്ങൾ ആണ്.
പ്രകാശിക ദൂരദർശിനിക്കു ബഹിരാകാശത്തെ വാതകത്തിന്റെയും ധൂളിയുടെയും എല്ലാ മേഖലകളിലൂടെയും കാണാൻ കഴിയില്ല. എന്നിരുന്നാലും, ഈ നാലാം സന്ദേശവാഹകൻ ധൂളിയിലൂടെ കൂടുതൽ “കാണുന്ന”തു സാധ്യമാക്കുന്നു, നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തെ നിരീക്ഷിക്കുന്നതിൽ ഇതിനു സവിശേഷ പ്രാധാന്യമുണ്ട്. ഐആർഎഎസ്-നെകാൾ 1,000 മടങ്ങു കൂടുതൽ സംവേദിയായ, ബഹിരാകാശ ഇൻഫ്രാറെഡ് ദൂരദർശിനി സൗകര്യം എന്നു വിളിക്കപ്പെടുന്ന ഒരു ഇൻഫ്രാറെഡ് ദൂരദർശിനി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശാസ്ത്രജ്ഞൻമാർ ഉദ്ദേശിക്കുന്നു.
അൾട്രാവയലറ്റ് വികിരണം—അഞ്ചാം സന്ദേശവാഹകൻ
അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ പ്രഥമ ജ്യോതിശ്ശാസ്ത്ര നിരീക്ഷണം നടത്തിയത് 1968-ൽ ആണ്. ഈ വികിരണത്തിന്റെ ഭൂരിഭാഗത്തെയും ഭൗമോപരിതലത്തിൽ എത്തുന്നതിൽനിന്നും ഓസോൺ പാളി തടയുന്നു. 1990 ഏപ്രിലിൽ വിക്ഷേപിച്ച ഹബിൾ ബഹിരാകാശ ദൂരദർശിനി ദൃശ്യ, അൾട്രാവയലറ്റ് വികിരണങ്ങളെ നിരീക്ഷിക്കാൻ സജ്ജീകൃതമാണ്. 30 ക്വാസറുകളെ ആയിരിക്കും ഇതു ലക്ഷ്യമാക്കുന്നത്, അവയിൽ ചിലവ ആയിരം കോടി പ്രകാശവർഷം അകലെയുള്ളവയാണ്.c മററു വാക്കുകളിൽ, അൾട്രാവയലറ്റ് സന്ദേശവാഹകനെ നിരീക്ഷിക്കുന്നത് ഏതാണ്ട് ആയിരം കോടി വർഷങ്ങൾക്കുമുമ്പു പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നുവെന്നു കാണുന്നതു സാധ്യമാക്കിത്തീർക്കുന്നു. ഈ സന്ദേശവാഹകൻ പ്രപഞ്ചത്തിന്റെ അനേക രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു പ്രത്യാശിക്കപ്പെടുന്നു.
ഗാമാ കിരണങ്ങൾ—ആറാം സന്ദേശവാഹകൻ
ഗാമാ കിരണങ്ങൾ അത്യന്തം ഹ്രസ്വ തരംഗദൈർഘ്യങ്ങളോടുകൂടിയ ഉന്നത-ഊർജ വികിരണമാണ്. ഭാഗ്യവശാൽ, അന്തരീക്ഷമണ്ഡലം ഈ ഹാനികരമായ കിരണങ്ങളിൽ ഭൂരിഭാഗത്തെയും ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നതിൽനിന്നും തടയുന്നു. ഈ സന്ദേശവാഹകൻ പ്രപഞ്ചത്തിലെ തീവ്രസംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഷണൽ ഏറോനോട്ടിക്സ് ആൻറ് സ്പേസ് അഡ്മിനിസ്ട്രേഷൻ 1991 ഏപ്രിൽ 5-നു ഗാമാ കിരണ നിരീക്ഷണശാല ബഹിരാകാശത്തു വിക്ഷേപിച്ചു. ഇതു ക്വാസറുകളും സൂപ്പർനോവകളും പൾസറുകളും സൈദ്ധാന്തിക തമോഗർത്തങ്ങളും മറ്റു വിദൂര വസ്തുക്കളും ഉൾപ്പെടുന്ന സംഭവങ്ങളെ നിരീക്ഷിക്കും.
ബഹിരാകാശ യുഗത്തിന്റെ എത്തിച്ചേരലോടെ, ജ്യോതിശ്ശാസ്ത്രജ്ഞൻമാർ റേഡിയോ തരംഗങ്ങൾമുതൽ ഗാമാ കിരണങ്ങൾവരെയുള്ള മുഴു വൈദ്യുതകാന്തിക സ്പെക്ട്രവും നിരീക്ഷിക്കാൻ ഇപ്പോൾ പ്രാപ്തരാണ്. ജ്യോതിശ്ശാസ്ത്രജ്ഞൻമാർക്കു സത്യമായും ഇതൊരു സുവർണ യുഗമാണ്. നാം ‘കണ്ണു മേലോട്ടു ഉയർത്തി നോക്കു’മ്പോൾ, നക്ഷത്രനിബിഡ ഉറവുകളിൽനിന്നുള്ള ഈ ആറു സന്ദേശവാഹകരുടെ സഹായത്താൽ, അവയുടെയെല്ലാം സ്രഷ്ടാവിന്റെ വിസ്മയാവഹമായ ജ്ഞാനം “കാണാൻ” നാം ഇന്നു പ്രാപ്തരാണ്. (യെശയ്യാവു 40:26; സങ്കീർത്തനം 8:3, 4) ഈ സന്ദേശവാഹകർ തങ്ങളോടൊപ്പം വഹിക്കുന്ന വിവരങ്ങളെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ സാധാരണ ഭാഷയിൽ ആക്കുന്നതിൽ തുടരവെ, 3,000-ത്തിലധികം വർഷങ്ങൾക്കു മുമ്പു ഇയ്യോബിനു തോന്നിയതുപോലെതന്നെ തോന്നുന്നതിൽ നാമും തുടരും: “എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.”—ഇയ്യോബ് 26: 14.
[അടിക്കുറിപ്പുകൾ]
a ഒരു സമ്പന്ന ദാതാവായ ഡബ്ലിയൂ. എം. കെക്കിന്റെ പേർ നൽകപെട്ടു.
b ഒരു പ്രകാശവർഷം 9,46,000,00,00,000 കിലോമീറ്ററിനു തുല്യമാണ്.
c മാനുഷ നേത്രത്തിന്റെ റെസൊലൂഷൻ ഒരു ചാപ മിനിറ്റാണ്. ഒരു ചാപ സെക്കൻറിന്റെ ആയിരത്തിൽ ഒന്നിന്റെ റെസൊലൂഷൻ നേത്രത്തിന്റേതിനെക്കാൾ 60,000 മടങ്ങു കൂടുതലാണ്.
[15-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
0.1 Å ഗാമാ കിരണങ്ങൾ
1 Å
10 Å എക്സ് കിരണങ്ങൾ
100 Å യുവി
1,000 Å
4000 - 7000Å ദൃശ്യപ്രകാശം
10,000 Å ഇൻഫ്രാറെഡ്
10μ
100μ റേഡിയോ
1 mm
1 cm
10 cm
1 m
[15-ാം പേജിലെ ചിത്രം]
വിഎസ്ഒപി ബഹിരാകാശ റേഡിയോ ദൂരദർശിനികൊണ്ടു ചന്ദ്രനിലെ ഒരു 28 ഇഞ്ച് വസ്തുവിനെ തിരിച്ചറിയുക സാധ്യമാണ്
[കടപ്പാട്]
VSOP: Courtesy of Nobeyama Radio Observatory, Japan
[15-ാം പേജിലെ ചിത്രം]
ഇപ്പോൾ നിർമാണത്തിലിരിക്കുന്ന സുബാറു എന്ന പ്രകാശിക/ഇൻഫ്രാറെഡ് ദൂരദർശിനിയുടെ ഒരു ചിത്രം
[കടപ്പാട്]
Subaru: Courtesy of National Astronomical Observatory, Japan