കുപ്പികളിൽനിന്നു മനോജ്ഞമായ മുത്തുകളിലേക്ക്
നൈജീരിയയിലെ ഉണരുക! ലേഖകൻ
നിങ്ങൾ തിരക്കിലാണ്. മേശപ്പുറത്തിരിക്കുന്ന ഒരു കുപ്പി എടുക്കാനായി നിങ്ങൾ കൈ നീട്ടുന്നു. എന്നാൽ അതു നിങ്ങളുടെ പിടിയിൽനിന്നും വഴുതി തറയിൽ വീണു പൊട്ടുന്നു. നിങ്ങൾ ദീർഘശ്വാസം വിടുന്നു, പൊട്ടിയ കഷണങ്ങൾ തൂത്തുവാരി ചവറ്റുകൊട്ടയിൽ ഇടുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം സംഗതി അവിടെ അവസാനിച്ചു.
നിങ്ങൾ നൈജീരിയയിലെ ബിഡയിലാണു താമസിച്ചിരുന്നതെങ്കിൽ അതു തുടക്കം മാത്രമായിരിക്കാം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിടെ പാർക്കുന്ന നൂപ്പെയ് ജനങ്ങളുടെ ഇടയിലെ കരകൗശലപ്പണിക്കാർക്ക് ഒരു പൊട്ടിയ കുപ്പിയിൽനിന്നു മനോഹരമായ ഒരു മുത്തുമാല ഉണ്ടാക്കാൻ കഴിയും. തലമുറകളിൽനിന്നു തലമുറകളിലേക്കു കൈമാറിവരുന്ന ഒരു കലയാണ് അത്. നൂറ്റാണ്ടുകളായിട്ടും അതിനു മാറ്റമൊന്നുമുണ്ടായിട്ടില്ല.
ബിഡയിലെ മുത്തു നിർമാണം
മണ്ണുകൊണ്ടു നിർമിതമായ പണിയാല ചെറുതും വൃത്താകൃതിയിലുള്ളതുമായ ഒരു കുടിലാണ്. തറയുടെ മധ്യത്തിൽ മണ്ണുകൊണ്ടുള്ള ഒരു ചൂളയുണ്ട്. കരകൗശലപ്പണിക്കാർ ചൂളയിലേക്കു വിറകു കഷണങ്ങളിട്ടു തീപിടിപ്പിക്കുന്നു. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഉലശീല (bellows) ഉപയോഗിച്ച് തീ ആളിക്കത്തിക്കുന്നു. കൂടുതൽ വിറകു കഷണങ്ങൾ ഇടുമ്പോൾ ഒരു ചുമന്ന ജ്വാല ചൂളയുടെ പുറത്തേക്ക് ഉയരുന്നു. ഒരു കുപ്പി ചൂളയുടെ മുകളിലായി ഒരു ദണ്ഡിൽ തൂക്കിയിട്ടിട്ടുണ്ട്. പെട്ടെന്നുതന്നെ ഗ്ലാസ് മൃദുവായി ഉരുകി തൂങ്ങിക്കിടക്കുന്നു.
മുത്തു നിർമാതാവ് ഒരു സമയത്ത് ഒരു മുത്തുണ്ടാക്കുന്നു. അയാൾ ഗ്ലാസ് തൂക്കിയിട്ടിരിക്കുന്ന ദണ്ഡിനു സമീപത്തായി തീയുടെ മുകളിൽ കൂർത്തയറ്റമുള്ള ഒരു ദണ്ഡു വയ്ക്കുന്നു. കൂർത്ത അറ്റം ചുട്ടു പഴുക്കുമ്പോൾ അയാൾ അത് ഉരുകി തൂങ്ങിക്കിടക്കുന്ന ഗ്ലാസ് ഗോളത്തിലേക്കു കൊണ്ടുചെല്ലുന്നു. പിന്നെ അയാൾ കൈവിരലുകൾക്കൊണ്ട് ദണ്ഡ് തിരിക്കുകയും ഗ്ലാസിൽനിന്നും മുത്തിന്റെ വലിപ്പത്തിൽ ഒരു ഭാഗം ചുറ്റിയെടുക്കുകയും ചെയ്യുന്നു.
അടുത്തതായി, നീളമുള്ള ഒരു പരന്ന കത്തിയുപയോഗിച്ച് അയാൾ അത് മയപ്പെടുത്തുകയും ഗ്ലാസിനു മുത്തിന്റെ ആകൃതി വരുത്തുകയും ചെയ്യുന്നു. പ്രത്യേക വൈദഗ്ധ്യമുള്ളയാളാണെങ്കിൽ പല നിറങ്ങളിലുള്ള ഗ്ലാസുകൊണ്ട് അയാൾക്കു പണിയാൻ കഴിയും. നിർമിക്കുന്ന ഓരോ മുത്തിന്റെ മുകളിലും അയാൾ പ്രത്യേക ഡിസൈനിൽ പല നിറങ്ങളിലുള്ള ഗ്ലാസുകൾ പൊതിയുന്നു. ഒടുവിൽ അയാൾ കത്തിയുപയോഗിച്ച് ദണ്ഡിൽനിന്നും മുത്ത് പതുക്കെ അടർത്തിയെടുത്ത് ചാരം നിറച്ച ഒരു പാത്രത്തിലിടുന്നു. അവിടെ കിടന്ന് അതു തണുക്കുന്നു. ഇപ്പോൾ മുത്തിന്റെ പണി പൂർത്തിയായിരിക്കുന്നു. ദണ്ഡു മൂലം ഉണ്ടായ ദ്വാരം മുത്തു കോർക്കുന്നതിനുള്ള ദ്വാരമായി ഉപയോഗിക്കുന്നു. മുത്തുകൾ കഴുകിയശേഷം അവയെ മറ്റു മുത്തുകളുമായി കോർത്ത് നെക്ക്ലേയ്സ് ഉണ്ടാക്കുന്ന പണി മാത്രമേ ഇനി ബാക്കിയുള്ളൂ.
ഈ കല അഭ്യസിക്കൽ
മുത്തുനിർമാണ കല ഒരാൾ എങ്ങനെയാണു പഠിക്കുന്നത്? ആദ്യമായി നൂപ്പെയ് കുട്ടികൾ മറ്റുള്ളവർ ചെയ്യുന്നതു നിരീക്ഷിക്കുന്നു. പത്തു വയസ്സാകുമ്പോഴേക്കും അവർ വിറകു വെട്ടാനും ശേഖരിക്കാനും സഹായിക്കുന്നു.
അടുത്ത പടി ഉലശീല ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടുകയെന്നതാണ്. തുണികൊണ്ടുണ്ടാക്കിയ ഇരട്ട സഞ്ചിയാണ് ഉലശീല. സഞ്ചികളിലോരോന്നും ഒരു ദണ്ഡിനോടു ബന്ധിപ്പിച്ചിരിക്കും. ഉലശീല പ്രവർത്തിപ്പിക്കുന്നതിന് “കാറ്റ് ഊതുന്നയാൾ” ഓരോ കയ്യിലും ഓരോ ദണ്ഡു പിടിച്ചുകൊണ്ട് അവ മുകളിലേക്കും താഴേക്കും അതിവേഗം ചലിപ്പിക്കുന്നു. ഇതു ചെയ്യുന്നതിന് അയാൾക്കു ശക്തിയും ഏകോപന പ്രാപ്തിയും ആവശ്യമാണ്. മുത്തു നിർമിക്കുന്ന സമയത്തു മുഴുവനും സ്ഥിരമായി ഉലശീല ചലിപ്പിച്ചുകൊണ്ടിരിക്കാൻ തക്കവണ്ണമുള്ള ശക്തി അയാൾക്ക് ഉണ്ടായിരിക്കണം, ചിലപ്പോൾ പണി മണിക്കൂറുകളോളം നീണ്ടുനിന്നേക്കാം!
കൂടാതെ, ആവശ്യമായിരിക്കുന്ന കൃത്യം വേഗതയിൽ ഉലശീല പ്രവർത്തിപ്പിച്ചുകൊണ്ട് അതിവേഗത്തിലുള്ള, സ്ഥിരമായ ഒരു താളക്രമം നിലനിർത്താൻ തക്കവണ്ണം അയാൾക്ക് ഏകോപന പ്രാപ്തിയുണ്ടായിരിക്കണം. തീരെ പതുക്കെ കാറ്റടിപ്പിക്കുന്ന പക്ഷം തീയുടെ ചൂട് പണിയുന്നതിനു മതിയായ വിധത്തിൽ ഗ്ലാസിനെ മൃദുവാക്കുകയില്ല. ഇനി വളരെ വേഗത്തിൽ കാറ്റടിപ്പിക്കുന്ന പക്ഷം ചൂടു കൂടിയിട്ട് ഗ്ലാസ് ദണ്ഡിൽനിന്നും അടർന്നു തീയിൽ വീണേക്കാം.
സാധാരണമായി, മുത്തുനിർമാണത്തിൽ പരിശീലനം സിദ്ധിക്കുന്ന ഒരാൾ അഞ്ചുവർഷം ഉലശീല കൈകാര്യം ചെയ്യുന്നു. മുത്തുകൾ രൂപപ്പെടുത്തുന്ന വിധം അയാൾ ഒടുവിലാണു പഠിക്കുന്നത്. തീയുടെ ചൂടു സഹിക്കാൻ പഠിക്കുന്നത് ഈ ജോലിയിലെ വെല്ലുവിളിയുടെ ഒരു ഭാഗമാണ്. ഉഷ്ണമേഖലാ സൂര്യന്റെ ചൂടിന്റെ കൂടെ ഇതും കൂടെയാകുമ്പോൾ അത് ഒരു പരിശോധനതന്നെയാണ്.
അവൻ പടിപടിയായിട്ടാണു പഠിക്കുന്നത്. ദണ്ഡുകൾ കൈകാര്യം ചെയ്യാൻ അനുഭവപരിചയമുള്ള ഒരു മുത്തു നിർമാതാവിനെ സഹായിച്ചുകഴിയുമ്പോൾ പരിശീലനം സിദ്ധിക്കുന്ന ആൾ ചെറുതും ലളിതവുമായ മുത്തുകൾ ഉണ്ടാക്കാൻ പഠിക്കുന്നു. കാലക്രമേണ അവൻ കൂടുതൽ വലിപ്പമുള്ളവയും മറ്റു നിറത്തിലുള്ള ഗ്ലാസുകൊണ്ട് പ്രത്യേക രീതിയിൽ പൊതിഞ്ഞ് അലങ്കരിച്ചവയുമായ മുത്തുകൾ ഉണ്ടാക്കിത്തുടങ്ങുന്നു. പരിചയസമ്പന്നരായ മുത്തുനിർമാതാക്കളുടെ ജോലി കണ്ടാൽ അത് എളുപ്പമാണെന്നു തോന്നും. ഒരു സമയത്ത് ഒരെണ്ണം വെച്ച് ഒരേ വലിപ്പത്തിലും ആകൃതിയിലും ഡിസൈനിലുമുള്ള ഒരു കൂട്ടം മുത്തുകൾ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ വൈദഗ്ധ്യം നേടിയെടുക്കുന്നതിനു സമയമെടുക്കും.
മുത്തു നിർമാണം ആസ്വാദ്യമായ ഒരു കലയാണ്. നിറപ്പകിട്ടുള്ള മുത്തുകൾ അണിഞ്ഞ ആളുകളെ രാജ്യത്തുടനീളം കാണുന്നതിൽ മുത്തുനിർമാതാക്കൾ ആനന്ദം കൊള്ളുന്നു. കുട്ടികൾ അണിയുന്ന ചെറു മുത്തുകളും സ്ത്രീകൾ അണിയുന്ന മനോഹരമായ കരകൗശലപ്പണികളുള്ള മുത്തുകളും പുരുഷൻമാർ അണിയുന്ന ഭാരമുള്ള, ആചാരാനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്ന മുത്തുകളും ഇവയിൽ ഉൾപ്പെടുന്നു. ഉത്സവ വേളകളിൽ ഉലശീലയുടെ താളത്തിനൊത്തു പാട്ടു പാടാനും നൃത്തം ചെയ്യാനും ആളുകൾ പണിയാലയിൽ വട്ടംകൂടുന്നതും ആസ്വാദ്യമാണ്.
പശ്ചിമ ആഫ്രിക്കയുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ഗ്ലാസുകൊണ്ടുള്ള . . . നൂപ്പെയ് ജനങ്ങളുടെ കലാപരമായ നിർമിതി . . . ഇപ്പോഴും ഭൂഖണ്ഡത്തിലെ ഏറ്റവും നല്ലതിൽ ചിലതാണ്.” മറ്റുള്ളവരും ഇതിനോടു യോജിക്കുന്നു. ഒരു ക്രിസ്തീയ മിഷനറി ഇപ്രകാരം പറഞ്ഞു: “അവധിക്കു പോയപ്പോൾ ഞങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കൊടുക്കാനായി ഞങ്ങൾ ബിഡയിൽനിന്നും അതുപോലെതന്നെ മറ്റു സ്ഥലങ്ങളിൽനിന്നും മുത്തുകൾ വാങ്ങി. ഞങ്ങൾ ഐക്യനാടുകളിൽ എത്തിയപ്പോൾ ബിഡയിൽനിന്നുള്ള മുത്തുകളാണ് ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലായ്പോഴും കൂടുതൽ ഇഷ്ടപ്പെട്ടത്!”
[26-ാം പേജിലെ ചിത്രം]
ചൂളയിൽ ഗ്ലാസ് ഉരുക്കിയെടുക്കുന്നു