ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കുഴപ്പക്കാരായ കുട്ടികൾ “കുഴപ്പക്കാരായ കുട്ടികളെ മനസ്സിലാക്കൽ” എന്ന തലക്കെട്ടിൻ കീഴിൽ 1994 നവംബർ 22 ലക്കത്തിൽ വന്ന ലേഖനങ്ങൾ ഹൃദയംഗമമായ നന്ദിയോടെയാണു ഞാൻ വായിച്ചത്. എന്റെ മകനു എഡിഎച്ച്ഡി (ശ്രദ്ധക്കുറവ് അമിത ചുറുചുറുക്ക് ക്രമക്കേട്) ഉണ്ട്. ഇത്രയധികം കുഴപ്പക്കാരനായ ഒരു കുട്ടി ഉണ്ടാകത്തക്കവണ്ണം ഞാൻ ചെയ്ത കുഴപ്പം എന്താണെന്ന് വർഷങ്ങളായി ഞാൻ എന്നോടുതന്നെ ചോദിക്കുകയായിരുന്നു. ഞാൻ അവനോടൊത്തു ബൈബിൾ പഠിക്കുകയും അവന്റെ എല്ലാ ആവശ്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാൽ ഓരോ ദിവസവും രാവിലെ അവനെ വിളിച്ചുണർത്താൻ എനിക്കു ഭയമായിരുന്നു, പിന്നീട് സ്കൂളിൽനിന്നു കൊണ്ടുവരുന്നതിനും. എഡിഎച്ച്ഡി ഉള്ള കുട്ടികളുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരെയും ആ വിവരങ്ങൾ സഹായിക്കുമെന്നു കരുതുന്നു.
ഇ. ഡബ്ലിയു., ഐക്യനാടുകൾ
എനിക്കു വളരെ കുഴപ്പക്കാരനായ ഒരു പത്തു വയസ്സുകാരനുണ്ട്. ചില സമയങ്ങളിൽ എനിക്കു നിസ്സഹായതയും വിഷാദവും ഏകാന്തതയും തെറ്റിദ്ധാരണയും തോന്നുമായിരുന്നു. എനിക്കു പ്രത്യാശയേകിയതിനു വളരെ നന്ദി—പ്രായോഗികമായ അനേകം നിർദേശങ്ങൾക്കും.
എച്ച്. എസ്., ദക്ഷിണാഫ്രിക്ക
ആ ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. എന്റെ മകന് എഡിഡി (ശ്രദ്ധക്കുറവ് ക്രമക്കേട്) ഉണ്ട്. ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ ദുഷ്കരമാണ്. എന്നാലും അവർ വിലപ്പെട്ടവരാണ്, ആദരവും എല്ലാറ്റിനുമുപരി സ്നേഹവും അർഹിക്കുന്നവരും.
ബി. ഡബ്ലിയു., ഐക്യനാടുകൾ
ഞങ്ങളുടെ മകന് എഡിഎച്ച്ഡി-യുടെ കുഴപ്പമുണ്ടെന്ന് ആറു മാസം മുമ്പാണ് ഞങ്ങൾ മനസ്സിലാക്കിയത്. രണ്ടു വയസ്സുള്ള അവൻ യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്. സഭായോഗങ്ങളിൽ അവന് അടങ്ങിയിരിക്കാൻ സാധിക്കുന്നില്ല, മറ്റുള്ളവരെ ഉന്തും, ഓടിനടക്കും, എപ്പോഴും അവനുതന്നെ ദ്രോഹം വരുത്തിവെക്കും. ചിലർ ഞങ്ങളോട് അകലം പാലിക്കുന്നു. നല്ല സ്നേഹിതർപോലും ചില സമയങ്ങളിൽ ദ്രോഹകരമായ അഭിപ്രായങ്ങൾ പറഞ്ഞുപോകുന്നു. നന്നായി മനസ്സിലാകുന്ന ഒരു വിധത്തിൽ പ്രശ്നങ്ങൾ വിശദീകരിച്ചതിനു നന്ദി.
ആർ. എഫ്., ജർമനി
പതിനഞ്ചു വയസ്സുകാരിയായ എനിക്ക് എഡിഎച്ച്ഡി ഉണ്ട്. യഹോവ ഞങ്ങളെ മനസ്സിലാക്കുന്നുവെന്നും അവനു ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നും അറിയുന്നതു വളരെ ആശ്വാസപ്രദമാണ്. ഞാൻ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നു, അത് വളരെയധികം സഹായം ചെയ്യുന്നുമുണ്ട്. എന്റെ സ്കൂൾ പ്രവർത്തനത്തിലും വീട്ടുജോലിയിലും ബൈബിൾ അധ്യയനത്തിലും എനിക്കു കൂടുതൽ മെച്ചമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ട്. ഞാൻ ആ ലേഖനങ്ങൾ വിലമതിച്ചു, കാരണം ഈ ക്രമക്കേട് യഥാർഥത്തിൽ സംഭവിക്കുന്നതാണെന്നും അത് ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തല്ലെന്നും നിങ്ങൾ മറ്റുള്ളവർക്കു കാട്ടിക്കൊടുത്തു.
എസ്. കെ., ഐക്യനാടുകൾ
മാതാപിതാക്കൾ എന്നനിലയിലുള്ള അപര്യാപ്തതാബോധം ഇല്ലാതാക്കാൻ ആ ലേഖനങ്ങൾ ഞങ്ങൾ രണ്ടുപേരെയും സഹായിച്ചിരിക്കുന്നു. എഡിഎച്ച്ഡി-യുടെ കുഴപ്പമുള്ള എന്റെ മകൻ ലാളിച്ചു വഷളാക്കപ്പെട്ടിരിക്കുകയാണ് അല്ലെങ്കിൽ അവനു “തല്ലു കൊള്ളേണ്ട ആവശ്യമുണ്ട്” എന്ന് സദുദ്ദേശ്യമുള്ള സ്നേഹിതർ സൂചിപ്പിച്ചിട്ടുണ്ട്. പല മാതാപിതാക്കളും ആയിരിക്കുന്ന വിഷമസ്ഥിതി മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ അത്തരക്കാരെ സഹായിച്ചേക്കാം.
റ്റി. ജി., ഐക്യനാടുകൾ
തൊഴിൽ സൃഷ്ടിക്കൽ “വികസ്വരരാജ്യങ്ങളിൽ തൊഴിൽ സൃഷ്ടിക്കൽ” (ഒക്ടോബർ 22, 1994) എന്ന ലേഖനത്തിനു നന്ദി. ഇപ്പോൾ ഞാൻ സ്കൂളിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്, പഠനം പൂർത്തിയാകുമ്പോൾ ഒരു പയനിയർ (മുഴുസമയ സുവിശേഷകൻ) ആയിത്തീരാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രശ്നം തൊഴിൽ കണ്ടുപിടിക്കുന്നതായിരിക്കും. ഇപ്പോൾവരെ ഞാൻ ആഗ്രഹിച്ചിരുന്നത് ശാരീരികമായി കഠിനാധ്വാനം ചെയ്യേണ്ടതില്ലാത്ത, ഇരുന്നുകൊണ്ടു ചെയ്യാവുന്ന, ഒരു ജോലിയായിരുന്നു. എന്നാൽ വികസ്വരരാജ്യങ്ങളിലുള്ള എന്റെ ക്രിസ്തീയ സഹോദരങ്ങൾ തങ്ങൾക്കു ചെയ്യാൻ കഴിയുന്ന എന്തു ജോലിയും ചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോൾ എനിക്ക് എന്നെക്കുറിച്ചുതന്നെ ലജ്ജ തോന്നിപ്പോയി. പയനിയറിങ് ചെയ്യാൻ എന്നെ അനുവദിക്കുന്ന ഏതു ജോലിയും ഞാൻ ഇനി ചെയ്യും.
വൈ. റ്റി., ജപ്പാൻ
1914 “1914—നമ്മുടെ ലോകത്തെ ഇപ്പോഴും പ്രകമ്പനം കൊള്ളിക്കുന്ന വെടിവെയ്പുകൾ” (നവംബർ 8, 1994), എന്ന നിങ്ങളുടെ ലേഖനങ്ങൾ ഞാൻ ഇപ്പോൾ വായിച്ചുകഴിഞ്ഞതേയുള്ളൂ. വിവാദാത്മകമായ അത്തരമൊരു വിഷയത്തെക്കുറിച്ച് ഇത്രയ്ക്കും വ്യക്തവും ലളിതവുമായ വിവരങ്ങൾ ഞാൻ ഇതുവരെ വായിച്ചിട്ടില്ലെന്നു പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ രാജ്യത്തെ സ്കൂളുകൾ ലോകയുദ്ധങ്ങളുടെ ചരിത്രത്തിലേക്കു വളരെ ആഴത്തിൽ പോകുന്നില്ല, എന്നാൽ ഈ വിഷയത്തെക്കുറിച്ചു ഗ്രാഹ്യം സമ്പാദിക്കുന്നതു ലോകസംഭവങ്ങൾ മനസ്സിലാക്കുന്നതിൽ വളരെയധികം പ്രയോജനം ചെയ്യുന്നു.
ഡബ്ലിയു. എസ്., വെനെസ്വേല
പദപ്രശ്നങ്ങൾ നിങ്ങളുടെ പദപ്രശ്നങ്ങൾ എത്രമാത്രം ആസ്വദിക്കുന്നുവെന്നു പറയാൻ ഞാനാഗ്രഹിക്കുന്നു, പ്രത്യേകിച്ചും 1994 ഡിസംബർ 8 (ഇംഗ്ലീഷ്) ലക്കത്തിൽ വന്നത്. കൂടുതലായ ബൈബിൾ ഗവേഷണം നടത്താൻ അതെന്നെ പ്രോത്സാഹിപ്പിക്കുന്നു. എനിക്ക് ഉത്തരം അറിയാമെങ്കിൽപോലും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വിധത്തിലാണു സൂചനകളെല്ലാം എഴുതിയിരിക്കുന്നത്. ആരോഗ്യാവഹവും ആസ്വാദ്യവുമായ ആ പദപ്രശ്നങ്ങൾക്കു നന്ദി!
ഡി. എസ്., ഐക്യനാടുകൾ