നിങ്ങളുടെ വീട് ഭൂകമ്പത്തെ ചെറുത്തു നിൽക്കുന്നതാണോ?
ജപ്പാനിലെ ഉണരുക! ലേഖകൻ
“എന്നെ സഹായിക്കൂ! സഹായിക്കൂ!” 1994 ജനുവരി 17 അതിരാവിലെ ഇരുട്ടുള്ള സമയത്ത് ഒരു മനുഷ്യൻ ഇങ്ങനെ വിളിച്ചുകൂവി. ഒരു ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മുകളിലത്തെ രണ്ടു നിലകൾ നിലംപതിച്ച് പാൻകേക്കുകൾ അടുക്കിവെച്ചിരുന്നതുപോലെ കൂടിക്കിടന്നിരുന്നു. ഭൂകമ്പമാപിനിയിൽ 6.6 കാണിക്കുന്ന ഒരു ഭൂകമ്പം യു.എസ്.എ., കാലിഫോർണിയയിലെ ലോസാഞ്ചലസിൽ ആഞ്ഞടിച്ചിരുന്നു. അത് ആ കെട്ടിടത്തിലെ 16 പേരുടെ ജീവിതങ്ങളെ കവർന്നെടുത്തു. ആ പ്രദേശത്തു മരിച്ചവരുടെ എണ്ണം 50-നു മേലായിരുന്നു.
1993, സെപ്റ്റംബർ 30-ന് ഇതിനെക്കാൾ അൽപ്പം കുറഞ്ഞ തോതിലുള്ള ഒരു ഭൂകമ്പം ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള മഹാരാഷ്ട്ര സംസ്ഥാനത്തിൽ ഉണ്ടായി. അത് 30,000 ആളുകളുടെ ജീവൻ കവർന്നു. “ഇത് നന്നായി നിർമിക്കപ്പെട്ട വീടുകൾ ഉള്ള . . . മറ്റേതെങ്കിലും സ്ഥലത്താണു സംഭവിച്ചിരുന്നതെങ്കിൽ അവിടെ ദുരന്തം ഇത്രയും ഭയങ്കരമാകുമായിരുന്നില്ല,” ഒരു ഭൂചലനശാസ്ത്രജ്ഞനായ ശ്രീ കൃഷ്ണ സിംഗ് പറഞ്ഞു. ഭൂകമ്പം ബാധിച്ച പ്രദേശത്തെ മിക്ക വീടുകളും മണ്ണിഷ്ടികകൊണ്ടുണ്ടാക്കിയവയായിരുന്നു.
അതേസമയം, ഇന്ത്യയിലുണ്ടായ ഏതാണ്ട് അതേ തോതിലുള്ള ഒരു ഭൂകമ്പം ജപ്പാനിലെ ടോക്കിയോയെ 1985-ൽ പ്രകമ്പനം കൊള്ളിച്ചു. അത് 56 വർഷങ്ങളിൽ ആ പ്രദേശത്തെ ബാധിച്ചതിൽവെച്ച് ഏറ്റവും ശക്തികൂടിയതായിരുന്നു. എന്നിട്ടും, മരണങ്ങളോ തീപിടുത്തങ്ങളോ വസ്തുവിന്റെ വൻ തോതിലുള്ള നാശമോ ഒന്നും ഉണ്ടായില്ല. എന്താണ് ഈ വ്യത്യാസത്തിനു കാരണം?
കെട്ടിടങ്ങളുടെ നിർമാണ രീതികളാണ് ഒരു കാരണം. കെട്ടിടങ്ങളെ ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്നവയാക്കിത്തീർക്കുന്നതിന് ഭൂകമ്പോന്മുഖ പ്രദേശങ്ങളിലെ പല രാജ്യങ്ങൾക്കും കർശനമായ നിർമാണ രീതികൾ അവലംബിക്കുന്ന കെട്ടിട എഞ്ചിനിയർമാരെ ആവശ്യമുണ്ട്. ഉദാഹരണത്തിന്, ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്ന കെട്ടിടങ്ങൾ ജപ്പാനിൽ എങ്ങനെയാണു നിർമിക്കുന്നതെന്ന് നമുക്കു കാണാം.
ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്ന സവിശേഷതകൾ
കരുതിക്കൂട്ടിയല്ലെങ്കിലും ജപ്പാനിലെ പരമ്പരാഗതമായ കെട്ടിടങ്ങൾ ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്ന സവിശേഷതകളാൽ സംവിധാനം ചെയ്യപ്പെട്ടിരുന്നു. മിക്ക വീടുകളും തടികൊണ്ടു നിർമിക്കപ്പെട്ടതിനാൽ വിവിധ രീതിയിലുള്ള ചേർപ്പുകൾ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഭൂകമ്പത്തിന്റെ നടുക്കത്തിൽ തകർന്നു വീഴാതിരിക്കത്തക്കവിധം വഴങ്ങാനും വളയാനും വീടിനെ സഹായിക്കുമായിരുന്നു. ഈ തത്ത്വങ്ങൾ ഉപയോഗിച്ചു പണിത പഗോഡകളും കൊട്ടാരങ്ങളും മധ്യകാലങ്ങൾമുതൽ അതിജീവിച്ചിരിക്കുന്നു. ദൃഢമായിരിക്കുന്നതിനു പകരം അവ വഴങ്ങുന്നതായിരിക്കുന്നതാണ് ഇതിന്റെ രഹസ്യം എന്ന് ഈ കെട്ടിടങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ ആശയം ആധുനിക കെട്ടിടങ്ങളിലും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വളരെ പൊക്കമുള്ള കെട്ടിടങ്ങൾ ഭൂകമ്പത്തെ പ്രതിരോധിക്കുമോ ഇല്ലയോ എന്നത് ഉരുക്കിന്റെ ഫലപ്രദമായ ഉപയോഗത്താലാണു നിർണയിക്കപ്പെടുന്നത്. ഉരുക്കുകൊണ്ടുള്ള ശീലാന്തികളും (girders) ഉത്തരങ്ങളും ഉപയോഗിക്കുന്നുവെന്നു മാത്രമല്ല, ദൃഢവും വഴക്കമുള്ളതുമായ ഒരു ഘടന രൂപീകരിക്കുന്നതിന് കോൺക്രീറ്റ് തൂണുകളിലും തറകളിലും ഭിത്തികളിലും ഉരുക്കുകൊണ്ടുള്ള ഉപോൽബലക ദണ്ഡുകൾ സ്ഥാപിച്ചിരിക്കാവുന്നതാണ്. ഭൂകമ്പം പ്രഹരിക്കുമ്പോൾ കെട്ടിടത്തെ ഒന്നായി നിർത്താൻ സഹായിക്കുന്ന വഴക്കം ഈ ഉരുക്ക് പ്രദാനം ചെയ്യുന്നു.
ഭൂകമ്പം ഒരു കെട്ടിടത്തെ ഇളക്കുന്ന വിധം മനസ്സിലാക്കുന്നതിന് പുതിയ ഗവേഷണം ഇടയാക്കിയിരിക്കുന്നു. ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്ന കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കണക്കിലെടുക്കുന്നതിന് ഇതിടയാക്കിയിരിക്കുന്നു: അവയുടെ കമ്പന നിരക്ക്. ഒരു ചെറിയ കെട്ടിടത്തിനോ ദൃഢമായ ഘടനയ്ക്കോ ഉയരംകൂടിയതും കൂടുതൽ വഴങ്ങുന്നതുമായ കെട്ടിടത്തിന്റേതിനെക്കാളും കൂടുതൽ നാശകരമായ കമ്പന നിരക്കുണ്ട്. കൂടാതെ, കെട്ടിടം നിലകൊള്ളുന്ന തലത്തിന്റേതിൽനിന്നും വ്യത്യസ്തമായ നിരക്കിൽ കമ്പനം ചെയ്യാൻ തക്കവണ്ണം കെട്ടിടം രൂപകൽപ്പന ചെയ്യേണ്ടതു പ്രധാനമാണ്. ഇത് നടുക്കത്തിന്റെ ശക്തി കൂട്ടുന്ന അനുസ്വനത്തിന്റെ (resonance) ഫലത്തെ കുറയ്ക്കുന്നു.
കണക്കിലെടുക്കേണ്ട മറ്റൊരു സംഗതിയാണ് അടിത്തറയുടെ കാര്യം. പശയുള്ള, കുലുക്കം കുറയ്ക്കുന്ന വസ്തുക്കൾക്കൊണ്ടുള്ള റബർ പാഡുകളിൻമേൽ നിർമിക്കപ്പെട്ട ഒരു ഘടന ഒരു കമ്പനി വിജയപ്രദമായി പരിശോധിക്കുകയുണ്ടായി. ഇവ കുലുക്കം കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളായി പ്രവർത്തിക്കുകയും കെട്ടിടത്തിന്റെ മുകളിലുണ്ടാകുന്ന ഭൂകമ്പ ഫലങ്ങൾ യഥാർഥത്തിൽ ഏതാണ്ട് 60 ശതമാനം കുറയ്ക്കുകയും ചെയ്യുന്നു. ചിലപ്പോൾ കൂടുതൽ ഉറപ്പുള്ള അടിമൺ പാളിയിലേക്ക് കുഴൽത്തൂണുകൾ (pilings) കുഴിച്ചിറക്കേണ്ടതായിവരുന്നു. കെട്ടിടം ചെരിയാതിരിക്കാനാവശ്യമായ ഉറപ്പ് അടിത്തറപോലും പ്രദാനം ചെയ്തേക്കാം.
ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്ന കെട്ടിടം പണിയൽ
വാച്ച് ടവർ സൊസൈറ്റിയുടെ ജപ്പാൻ ബ്രാഞ്ച് 1989-ൽ അതിന്റെ അച്ചടിശാലയോടു ചേർന്ന് പുതുതായി ഒരു കെട്ടിടം പണിതു. കെട്ടിടത്തിന് 67 മീറ്റർ നീളവും 45 മീറ്റർ വീതിയും ആറു നില പൊക്കവുമുണ്ട്. കെട്ടിടത്തിന്റെ മുഴു ഭാഗത്തിനും അടിത്തറയുമുണ്ട്. ഈ കെട്ടിടം ഭൂകമ്പത്തെ ചെറുത്തുനിൽക്കുന്നതാക്കിത്തീർക്കുന്നതിന് 465 കുഴൽത്തൂണുകൾ മണ്ണിലേക്കു കുഴിച്ചിറക്കിയിട്ടുണ്ട്.
ആ സ്ഥലത്ത് മണ്ണിലേക്ക് കുഴൽത്തൂണുകൾ അടിച്ചിറക്കുന്നതിന് ശബ്ദവും വിറയലും ഇല്ലാത്ത ഒരു രീതിയാണ് ഉപയോഗിച്ചത്. 80 സെൻറിമീറ്റർ വ്യാസവും 12 മീറ്റർ നീളവും ഉള്ള ഈ കുഴൽത്തൂണുകൾ കുഴലുകളാണ്. അഗ്രഭാഗത്ത് തിരിവുളികളുള്ള ഒരു തുരപ്പൻ യന്ത്രം കുഴൽത്തൂണിലേക്കു കടത്തിയശേഷം അത് കുഴിച്ചിറക്കേണ്ടിയിരിക്കുന്ന സ്ഥാനത്തിനുമേലെ ലംബമായി ഉയർത്തുന്നു. തുരപ്പൻ യന്ത്രം തിരിയുമ്പോൾ അത് കുഴൽത്തൂണിന്റെ മധ്യത്തിലൂടെ മണ്ണു നീക്കുന്നു. കുഴൽത്തൂൺ ഇടുങ്ങിയ ദ്വാരത്തിലേക്കു സാവധാനം തള്ളി കടക്കുകയും ചെയ്യുന്നു. പിന്നെയും ആഴമുണ്ടെങ്കിൽ മറ്റൊരു കുഴൽത്തൂൺ കഷണം ഇപ്പോൾത്തന്നെ കുഴിച്ചിറക്കിയിരിക്കുന്ന കഷണത്തിലേക്ക് വെൽഡു ചെയ്തു പിടിപ്പിക്കാൻ കഴിയും.
മതിയായ ആഴത്തിൽ എത്തിക്കഴിയുമ്പോൾ തുരപ്പൻ യന്ത്രത്തിന്റെ അഗ്രത്തിലുള്ള തിരിവുളികൾ കുഴിയുടെ വശങ്ങളിലേക്കു ചെല്ലുകയും കുഴൽത്തൂണിന്റെ അടിഭാഗത്ത് ഏറെ വിസ്താരത്തിൽ കുഴി തുരക്കുകയും ചെയ്യുന്നു. തുരപ്പൻ യന്ത്രം നീക്കിയിട്ട് ഈ ഭാഗത്തും കുഴൽത്തൂണിനുള്ളിലും കോൺക്രീറ്റ് ഇടുന്നു. കോൺക്രീറ്റ് ഉറച്ചുകഴിയുമ്പോൾ കുഴൽത്തൂൺ സ്ഥാനത്ത് ഭദ്രമായി ഉറച്ചുനിൽക്കുന്നു.
ഇപ്രകാരം കുഴൽത്തൂണുകളെല്ലാം അടിത്തറയിൽ സ്ഥാപിച്ചു കഴിയുമ്പോൾ അവയെ ഉത്തരങ്ങളാൽ പരസ്പരം ബന്ധിപ്പിക്കുന്നു. തറയ്ക്കും അടിത്തറയുടെ ഭിത്തികൾക്കും താങ്ങായി വർത്തിക്കുന്നതു അവയാണ്. അത്തരം ഒരു അടിത്തറയുണ്ടെങ്കിൽ കെട്ടിടത്തിന് ന്യായമായ തോതിലുണ്ടാകുന്ന പ്രകമ്പനത്തെ ചെറുത്തുനിൽക്കാൻ കഴിയും.
ഭൂകമ്പത്തിന്റെ കാര്യത്തിൽ നിങ്ങളുടെ വീട് സുരക്ഷിതമാണോ? ഒരു കെട്ടിടം ഭൂകമ്പത്തെ നാശം കൂടാതെ അതിജീവിക്കുമെന്നു രൂപകൽപ്പന ചെയ്യപ്പെട്ട പദ്ധതികൾക്കോ മറ്റു കരുതൽ നടപടികൾക്കോ ഉറപ്പു നൽകാനാവില്ല. ജനുവരിയിൽ കോബിലും ജപ്പാനിലും ഉണ്ടായ തീവ്രമായ ഭൂകമ്പങ്ങൾ പ്രകടമാക്കിയതുപോലെ ഏറ്റവും നന്നായി രൂപകൽപ്പന ചെയ്യപ്പെട്ട കെട്ടിടങ്ങൾക്കുപോലും നശീകരണത്തെ ചെറുത്തുനിൽക്കാൻ പറ്റാത്ത തോതിലുള്ള ഭൂകമ്പം ഉണ്ടാകാവുന്നതാണ്. എന്നിരുന്നാലും, മനഃസാക്ഷിപൂർവം നിർമിക്കപ്പെട്ട ഒരു കെട്ടിടത്തിൽ പാർക്കുന്നതു മുഖേന ഭൂകമ്പം നിങ്ങളുടെ പ്രദേശത്തെ ബാധിക്കുമ്പോൾ നിങ്ങൾക്കു കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും.