നിങ്ങൾ വളരെ അപകടകാരിയായഒരു ഡ്രൈവർ ആണോ?
ജപ്പാനിലെ ഉണരുക! ലേഖകൻ
“അപകടം ഉണ്ടാക്കുവാൻ ഇടയുള്ള തരക്കാരെ ഞങ്ങൾക്കറിയാം,” ജപ്പാനിൽ നാഷനൽ ഇൻസ്ററിററ്യൂട്ട് ഓഫ് പോലീസ് സയൻസിലെ ഗതാഗത സുരക്ഷിതത്വത്തിന്റെ മേധാവി ആയ ഹിരോയാസൂ ഓട്ട്സുക അഭിപ്രായപ്പെട്ടു. “എന്നാലും അവർക്ക് ഒരു ഡ്രൈവേഴ്സ് ലൈസൻസ് നൽകുവാൻ ഞങ്ങൾ വിസമ്മതിക്കാറില്ല; മറിച്ച് ആളുകൾ തങ്ങളുടെ വ്യക്തിപരമായ പിഴവുകൾ തിരിച്ചറിയുകയും അതു പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
വളരെ അപകടകാരികളായ ഡ്രൈവർമാർ തങ്ങൾ അത്തരക്കാരാണെന്ന് സാധാരണയായി തിരിച്ചറിയാറില്ല. എന്നാൽ സ്ററിയറിംഗ് വീലിനു പിന്നിൽ ഇരിക്കുമ്പോൾ എളുപ്പത്തിൽ തലനീട്ടുവാൻ ഇടയുള്ള ആറു തരം വ്യക്തിത്വവൈകല്യങ്ങൾ വിദഗ്ദ്ധർ തിരിച്ചറിയുന്നു. ഓരോ തരവും പരിചിന്തിക്കപ്പെടുമ്പോൾ നിങ്ങളെക്കുറിച്ചു തന്നെ ചിന്തിക്കുവാൻ ശ്രമിക്കുക; അങ്ങനെ എത്രമാത്രം അപായരഹിതനായ ഒരു ഡ്രൈവറാണു നിങ്ങൾ എന്നു കാണുക.
സാമൂഹികമായി അനുയോജ്യരല്ലാത്തവർ
വളരെ അപകടകാരികളായ ഡ്രൈവർമാരിൽ സമൂഹവുമായി പൊരുത്തപ്പെടാനാവാത്തവർ, മററുള്ളവരോടു ഇടപെടുന്നതിൽ പ്രശ്നങ്ങൾ ഉള്ളവർ ഉൾപ്പെടുന്നു. അവർ:
തൻകാര്യക്കാർ തന്റെ തന്നെ വഴിയിലൂടെ എല്ലാകാര്യങ്ങളും ചെയ്യുവാൻ നിർബന്ധം കാട്ടുന്നവനാണ് ഈ വ്യക്തി. വളയത്തിനുപിന്നിൽ ഇരിക്കുമ്പോൾ, ‘വഴിയുടെ രാജാവ്’ താനാണെന്ന് അയാൾ ചിന്തിക്കുന്നു. തന്റെ ഗതിവേഗം നിശ്ചയിക്കുവാൻ താൻ സ്വതന്ത്രനാണെന്ന് അയാൾ കരുതുന്നു. അനാവശ്യമെന്ന് അയാൾ കരുതുന്ന ഏതു നിയമങ്ങളെയും അയാൾ അവഗണിക്കുകയും തനിക്ക് ഇഷ്ടമുള്ളപ്പോൾ തന്റെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. റോഡ് മറെറല്ലാ ഡ്രൈവർമാരുമായും പങ്കിടേണ്ടതാണെന്നത് അയാൾ മറന്നുകളയുന്നു. അനിയന്ത്രിതമായി പ്രവർത്തിക്കുകയും സ്വാതന്ത്ര്യം എടുക്കുകയും ചെയ്യുന്നതിനാൽ അയാൾ റോഡിലെ മാറുന്ന സാഹചര്യങ്ങളോടു പ്രതികരിക്കുന്നതിനും പൊരുത്തപ്പെടുന്നതിനും പരാജയപ്പെടുകയും അപകടങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു.
സഹകരിക്കാത്തവർ സഹകരിക്കാത്ത ഒരു ഡ്രൈവർക്ക് മററുള്ളവരേക്കുറിച്ച് പരിഗണനയുണ്ടാവാറില്ല. അവർ എങ്ങനെ ചിന്തിക്കുന്നുവെന്നും അവർക്കെങ്ങനെ അനുഭവപ്പെടുന്നുവെന്നും അയാൾക്കു മനസ്സിലാവുകയുമില്ല. ആളുകളോടു യോജിച്ചുപോകുന്നതിന് അയാൾക്കുള്ള പ്രയാസം മൂലം അവരെ ഒഴിവാക്കാൻ അയാൾ ശ്രമിക്കുന്നു. ഇതു റോഡുകളിൽ കാട്ടുന്ന മോശപ്പെട്ട പെരുമാററങ്ങളിലും മററു ഡ്രൈവർമാരോടു കാണിക്കുന്ന അപമര്യാദകളിലും പ്രതിഫലിക്കുന്നു—ഇവ രണ്ടും വളരെ അപകടകരങ്ങളായ വസ്തുതകളാണ്. ചിലർ ആളുകളുമായി ഇടപെടേണ്ടത് എങ്ങനെയെന്നു പഠിക്കുന്നതിന് വർഷങ്ങൾ എടുത്തേക്കാം. യുവാക്കളിലെ വർദ്ധിച്ച അപകടനിരക്കിന് ഒരു കാരണം ഇതാണ്.
ആക്രമണകാരികൾ ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ അക്കോർഡിംഗ് ററു ആററിററ്യൂഡ് എന്ന പുസ്തകം വെളിപ്പെടുത്തുന്നപ്രകാരം ആക്രമണകാരിയായ ഒരു ഡ്രൈവറുടെ ലക്ഷണം, “മുമ്പനാകുവാനുള്ള അധികാരം തനിക്കുണ്ടെന്നു ചിന്തിച്ചു മററുള്ളവർക്കു വഴിമാറിക്കൊടുക്കാനുള്ള പൂർണ്ണമായ വിസമ്മതമാണ്. മററു ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും പിഴവുകളെ അയാൾ ക്ഷമിക്കുകയില്ല. ഇത് തന്റെ അവകാശങ്ങളെ അങ്ങേയററംവരെ സംരക്ഷിക്കുന്നതിനായി . . . ആക്രോശിക്കുന്നതിലേക്കും മററുള്ളവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലേക്കും . . . ഹോൺ നീട്ടി അടിക്കുന്നതിലേക്കുമൊക്കെ നയിക്കുന്നു.” ഭാവനാസൃഷ്ടികളായിരിക്കുന്ന പിഴവുകൾപോലും അയാളെ പ്രകോപിപ്പിച്ചേക്കാം. അയാൾ മുൻകോപികൂടെയാണെങ്കിൽ അയാളുടെ ഡ്രൈവിംഗ് സാമാന്യ ബോധത്തിന്റെ അതിരുകൾക്കുമപ്പുറം പോവുകയും ചെയ്യും.
വൈകാരികമായി അനുയോജ്യരല്ലാത്തവർ
വൈകാരിക പ്രശ്നങ്ങൾ ഉള്ളവരുമുണ്ട് ഈ ഗണത്തിൽ. ഇതിൽ ഉൾപ്പെടുന്നവർ:
അസ്ഥിരർ വൈകാരികമായ അത്യുച്ചങ്ങൾ അസ്ഥിരരായ വ്യക്തികളുടെ പ്രത്യേകതയാണ്. ഇടക്കിടെ മാനസിക ഉല്ലാസവും വികാരവിക്ഷോഭവും വിഷാദവും അയാൾക്കുണ്ടാകുന്നു. വിഷാദമഗ്നനായിരിക്കുമ്പോൾ വാഹനമോടിച്ചാൽ അപകടങ്ങൾ അയാൾ കാണാതെപോവുകയും അയാളുടെ പ്രതികരണങ്ങൾ സുരക്ഷിതമായ ഡ്രൈവിംഗിന് അപര്യാപ്തമായ വിധം സാവധാനവുമായിരിക്കും. വൈകാരികമായ ഒരു അത്യുച്ചത്തിലായിരിക്കെ അയാൾ വാഹനമോടിച്ചാൽ, അയാൾ അതിസാഹസികനായിപ്പോയേക്കാം. അയാളുടെ ഈ മാനസ്സികാവസ്ഥയിൽ നൽകപ്പെടുന്ന മുന്നറിയിപ്പുകൾ മാത്സര്യത്തിന്റെ ഒരു പ്രകടനത്തിന് തിരികൊളുത്തുവാൻ ഇടയാക്കിയേക്കാം. അയാളുടെ വിഷാദാവസ്ഥയെ മാത്രം അസാധാരണമെന്ന് അയാൾ തിരിച്ചറിഞ്ഞേക്കാം.
അമിതമായി ഉത്ക്കണ്ഠാകുലർ സാധാരണയായി ഇത്തരക്കാർ ശാന്തസ്വഭാവികളും തന്റെ സ്വന്തം ചിന്തകളാൽ ചുററപ്പെട്ട് എല്ലാററിനെയും കുറിച്ച് വേവലാതിപ്പെടുന്നവരുമായിരിക്കും. വാഹനമോടിക്കുമ്പോൾ അയാളുടെ മനസ്സ് “ഡ്രൈവിംഗിനോടു ബന്ധമില്ലാത്ത വിവരങ്ങളാൽ നിറക്കപ്പെടുന്നു.” അതിന്റെ ഫലമായി “പ്രധാനപ്പെട്ട വിവരങ്ങൾ അയാൾ കാണാതെപോവുകയോ അതു തെററായി ഗ്രഹിക്കുന്നതിന് ഇടയാവുകയോ ചെയ്യുന്നതിനു സാദ്ധ്യതയേറുന്നു” എന്ന് ഗവേഷകൻമാരായ റിച്ചാർഡ് ഈ. മേയറും ജോൺ ആർ. ട്രീററും വളരെ അപകടകാരികളായ ഡ്രൈവർമാരെക്കുറിച്ചുള്ള ഒരു പഠനത്തിൽ നിരീക്ഷിച്ചു. ഒരു ട്രക്ക് ഒപ്പം നീങ്ങുന്നതുപോലെ ഗൗരവതരമല്ലാത്ത സാഹചര്യങ്ങളിൽപോലും ഉത്ക്കണ്ഠാകുലനായ ഒരു ഡ്രൈവർ തകർന്നുപോയേക്കാം. ഏററവും മോശമായതാണ് അയാൾ പ്രതീക്ഷിക്കുന്നത്.
അമിതാവേശക്കാർ ഇത്തരക്കാർ പെട്ടെന്നു പ്രവർത്തിക്കുന്നു. സമയമെടുത്ത് വസ്തുതകളെ വിശകലനം ചെയ്യുകയും കൃത്യമായ ഒരു നിർണ്ണയത്തിലെത്തുകയും ചെയ്യുന്നതിനു പകരം നൈസർഗ്ഗിക പ്രവണതകളെ ആശ്രയിക്കുവാൻ അയാൾ ചായ്വുകാണിക്കുന്നു. ട്രാഫിക്ക്ലൈററുകൾക്കുവേണ്ടിയും കാൽനടക്കാർക്കുവേണ്ടിയും കാത്തുനിൽക്കുന്ന സമയം അയാൾക്ക് ഒരു സാധാരണ വ്യക്തിക്കു തോന്നുന്നതിലുമധികം നീളമുള്ളതായി തോന്നും. അതുകൊണ്ട് അയാൾ പെട്ടെന്നു മടുത്തുപോവുകയും എളുപ്പം ക്ഷമ നഷ്ടമാവുകയും ചെയ്യുന്നു. പ്രവർത്തിക്കുന്നതിനു മുമ്പ് ശരിയായ ഒരു വിധിനിർണ്ണയം നടത്തുന്നതിലുള്ള അയാളുടെ പരാജയം അയാളെ അപകടകാരിയായ ഒരു ഡ്രൈവർ ആക്കിത്തീർക്കുന്നു.
ഇവയിൽ ഏതെങ്കിലും ഒരിനത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നുണ്ടോ? പരിഗണന കാണിക്കാത്ത ഏതെങ്കിലും ചില ഡ്രൈവർമാർ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്? പഴഞ്ചൊല്ലു പറയുന്നതുപോലെ ചെരിപ്പു പാകമാണെങ്കിൽ തീർച്ചയായും അതു ധരിക്കുക. നിങ്ങളുടെ തന്നെ സുരക്ഷിതത്വത്തിനായി മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ബലഹീനതകളെ ഒഴിവാക്കുവാൻ പരിശ്രമം നടത്തുകയും ചെയ്യുക. ഒരു നല്ല ഡ്രൈവർ ആയിരിക്കുന്നതിന് നിങ്ങളുടെ വികാരങ്ങളെയും മനോഭാവങ്ങളെയും നിങ്ങളുടെ നിയന്ത്രണത്തിൽ നിർത്തേണ്ടതുണ്ട്.
അനുയോജ്യനായ ഡ്രൈവർ
എന്നാൽ ഒരു നല്ല ഡ്രൈവർ ആക്കുന്നത് എന്താണ്? ഉണരുക! അഭിമുഖങ്ങളിൽ ജപ്പാനിലെ പൊലീസിലെ ഉന്നത ഗവേഷകർ ഊന്നൽ നൽകിയത് മററുള്ളവരോടുള്ള പരിഗണന, പ്രവർത്തിക്കുന്നതിനുമുമ്പ് ചിന്തിക്കൽ, മുഴു സാഹചര്യവും ഗ്രഹിക്കുവാനുള്ള കഴിവ്, കൃത്യമായി വിധിനിർണ്ണയം നടത്തുവാനുള്ള ജ്ഞാനം, വിവേകം, സൗമ്യത, ആത്മനിയന്ത്രണം, മററു വഴിയാത്രക്കാരെ സംരക്ഷിക്കുന്ന വിധത്തിൽ പ്രവർത്തിക്കൽ എന്നിവക്കാണ്.
സാമനമായി, ഒസാക്ക പ്രീഫെക്ററുറൽ യൂണിവേഴ്സിററിയിൽനിന്നുള്ള ഒരു റിപ്പോർട്ട് നല്ല ഡ്രൈവർമാരെ വർണ്ണിക്കുന്നത് ഇപ്രകാരമാണ്: “ഉയർന്നതോതിൽ വൈകാരിക സ്ഥിരതയുള്ളവർ; ഗ്രാഹ്യത്തോടുകൂടിയ വിധിനിർണ്ണയങ്ങളുടെ മാനസ്സികപ്രക്രിയകൾ അവരുടെ ശാരീരിക പ്രതിപ്രവർത്തനങ്ങളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നു; അവരുടെ വിധിനിർണ്ണയങ്ങൾ സൂക്ഷ്മമായിരിക്കുന്നു; അവർക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുവാൻ കഴിയും.” ഈ വിവരണങ്ങൾ നിങ്ങൾക്കു യോജിക്കുന്നുണ്ടോ?
ജ്ഞാനവും ഗ്രഹണശക്തിയും വിവേകവും വളർത്തിയെടുക്കുന്നത് എങ്ങനെയെന്ന്, ആയിരക്കണക്കിനുവർഷങ്ങളായി ബൈബിൾ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:1-6) അപൂർണ്ണമനുഷ്യർക്ക് “ക്രോധം, കോപം, തിൻമ, അധിക്ഷേപസംസാരം, അസഭ്യസംസാരം” എന്നിവയുടെ സ്ഥാനത്ത് “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവയെ എങ്ങനെ പ്രതിഷ്ഠിക്കുവാൻ കഴിയുമെന്ന് അതു കാണിക്കുന്നു. അതേ, ബൈബിളിനു നിങ്ങളെ ഒരു നല്ല ഡ്രൈവറായി തീരുന്നതിനു സഹായിക്കുവാനും കഴിയും!—കൊലോസ്യർ 3:8-10; ഗലാത്യർ 5:22, 23, NW. (g90 6/8)