യുവജനങ്ങൾ ചോദിക്കുന്നു...
ഞാൻ സ്നാപനമേൽക്കാൻ തയ്യാറാണോ?
പ്രിയപ്പെട്ട വാച്ച്ടവർ സൊസൈററിക്ക്:
എന്റെ പേര് ഷാരോൻ എന്നാണ്, എനിക്ക് 13 വയസ്സുണ്ട്. ഞാൻ സ്നാപനമേൽക്കാൻ തയ്യാറാണോ എന്നു ഞാൻ സംശയിച്ചുകൊണ്ടിരിക്കയായിരുന്നു. ഞാൻ തയ്യാറാണെന്ന് വിചാരിക്കുന്നു, എന്നാൽ എനിക്ക് ഇപ്പോഴും ഉറപ്പില്ല. മററു യുവ ക്രിസ്ത്യാനികളുടെ മനസ്സുകളിലും ഈ തോന്നൽ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ദയവായി, എന്നെ നേർവഴിക്കു നയിക്കാൻ സഹായിക്കുന്നതിന് നിങ്ങൾ ഒരു ലേഖനമെഴുതുമോ?
ഷാരോൻ പറഞ്ഞതു നേരാണ്. തീർച്ചയായും സ്നാപനം ദൈവഭയമുള്ള അനേകം യുവാക്കളുടേയും ചിന്തയിലുണ്ട്. യഹോവയുടെ സാക്ഷികളുടെയിടയിൽ, യുവജനങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള തീരുമാനം തങ്ങൾ സ്വന്തമായി എടുക്കണമെന്നും തങ്ങൾക്കു വേണ്ടി തങ്ങളുടെ മാതാപിതാക്കൾക്ക് തീരമാനമെടുക്കാൻ കഴിയുകയില്ല എന്നും തിരിച്ചറിയുന്നു. യേശുക്രിസ്തുവിന്റെ അനുഗാമികൾ ദൈവത്തിനു സമർപ്പിച്ചതിനെ ലക്ഷ്യപ്പെടുത്തുന്നതിന് ജലസ്നാപനമേൽക്കണമെന്ന് അവൻ കൽപ്പിച്ചിട്ടുണ്ടെന്നും അവർ വിലമതിക്കുന്നു.—മത്തായി 28:19, 20.
ദൈവത്തിന്റെ ഒരു സമർപ്പിത ദാസനെന്നനിലയിൽ പരസ്യ പ്രഖ്യാപനം നടത്തുന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. കേവലം നിങ്ങളുടെ സ്നേഹിതരെയും മാതാപിതാക്കളെയും പ്രീതിപ്പെടുത്തുന്നതിനുവേണ്ടി നിശ്ചയമായും നിങ്ങൾ അതിലേക്ക് എടുത്തുചാടുകയില്ല. അതുകൂടാതെ, സ്നാപനത്തിന് ആരും നിങ്ങളെ ബലം പ്രയോഗിച്ചു നിർബന്ധിക്കയുമരുത്. (സങ്കീർത്തനം 110:3) എന്നിരുന്നാലും, എല്ലാവരും, തന്റെ ശിഷ്യരായിത്തീരുന്നതിനുള്ള “ചെലവു കണക്കാക്കണമെന്ന്” യേശു ഉപദേശിക്കതന്നെ ചെയ്തു. (ലൂക്കോസ് 14:28) അതിന്, നിങ്ങൾ ക്രിസ്തുവിന്റെ ശിഷ്യനായിത്തീരാൻ ആഗ്രഹിക്കണമോ വേണ്ടയോ എന്ന് തൂക്കിനോക്കണം എന്നർത്ഥമില്ല. വ്യക്തമായും ചെയ്യേണ്ട ശരിയായ സംഗതിയാണത്. യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു എന്നത് നിങ്ങൾ പൂർണ്ണമായും അറിഞ്ഞിരിക്കണം.a അടുത്തതായി, നിങ്ങൾ ഈ ഉത്തരവാദിത്വം ഏറെറടുക്കാൻ യഥാർത്ഥത്തിൽ തയ്യാറാണോയെന്ന് നിശ്ചയപ്പെടുത്തണം.—സദൃശവാക്യങ്ങൾ 20:25 താരതമ്യപ്പെടുത്തുക.
‘എനിക്കു വേണ്ടത്ര പ്രായമുണ്ടോ?’
കൗമാരപ്രായക്കാർ പ്രായം കൂടുമ്പോൾ തങ്ങൾക്ക് ചില പ്രത്യേക പദവികളും ഉത്തരവാദിത്വങ്ങളും ആസ്വദിക്കാനുള്ള അവകാശമുണ്ടെന്ന് മിക്കപ്പോഴും വിചാരിക്കുന്നു. അവർ കുടുംബ കാർ ഓടിക്കാൻ നിർബന്ധംപിടിക്കുന്നതിനും തങ്ങളുടെ സ്വന്തം പണം ചെലവഴിക്കാൻ ആഗ്രഹിച്ചുകൊണ്ട് സ്കൂൾപഠനത്തിനുശേഷമുള്ള ജോലിക്ക് അനുവാദം ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനും തിരക്കുകൂട്ടുന്നു. എന്നാൽ സ്നാപനത്തിന്റെ കാര്യം വരുമ്പോൾ, അനേകം യുവജനങ്ങളും തങ്ങൾ വളരെ ചെറുപ്പമാണെന്നോ ആ ഉത്തരവാദിത്വത്തിന് തയ്യാറായിട്ടില്ലെന്നോ ഉള്ള ഭാവേന ഒഴികഴിവു കണ്ടെത്തുന്നു. ആൻഡ്രെ എന്നു പേരായ ഒരു യുവാവ് ഇപ്രകാരം നിരീക്ഷിക്കുന്നു: “വളരെയധികം യുവാക്കൾ സ്നാപനപ്പെടുന്നതിന് 17-ഓ 18-ഓ വയസ്സാകുന്നതുവരെ കാത്തിരിക്കുന്നു, അത് കുറച്ചു പ്രായക്കൂടുതലാണ്.” എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ അതിനേക്കാൾ വളരെ മുമ്പ് അവർ സ്വന്തമായി മററു തീരുമാനങ്ങൾ എടുക്കാൻ തക്ക പ്രായമുള്ളവരാണ്.”
അതെ, നിങ്ങൾ ഒരു കൗമാരപ്രായക്കാരനാണ് എന്ന വസ്തുത മാത്രം ‘രണ്ടു വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിൽ അയഞ്ഞനിലപാടിനുള്ള’ ഒഴികഴിവായിരിക്കുന്നില്ല, അത് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഒരു നിലപാടെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിനുള്ള ശരിയായ കാരണവുമായിരിക്കുന്നില്ല. (1 രാജാക്കൻമാർ 18:21) “നിന്റെ യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,” എന്ന് ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (സഭാപ്രസംഗി 12:1) തീരെ ഇളംപ്രായത്തിൽ യഹോവയെ സേവിക്കാൻ തുടങ്ങിയ ഒരുവനായിരുന്നു പ്രവാചകനായ ശമൂവേൽ. (1 ശമൂവേൽ 3:1-18; 12:2) സങ്കീർത്തനക്കാരനായ ദാവീദിനും സമാനമായി ഇപ്രകാരം പറയാൻ കഴിഞ്ഞു: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.”—സങ്കീർത്തനം 71:5.
സമാനമായി, ഇന്ന് ആയിരക്കണക്കിന് യുവാക്കൾ—കൗമാരപ്രായത്തിനു മുമ്പുള്ള ചിലർ ഉൾപ്പെടെ—ദൈവത്തെ സേവിക്കുന്നതിനുവേണ്ടി ഒരു സമർപ്പണം ചെയ്യാൻതക്ക ഉത്തരവാദിത്വബോധമുള്ളവരാണെന്ന് തെളിയിച്ചിരിക്കുന്നു. ചില കൗമാരപ്രായക്കാർ സ്നാപനംപോലെ ദൂരവ്യാപകഫലങ്ങളുള്ള ഒരു തീരുമാനം ചെയ്യുന്നതിൽ ഗൗരവമില്ലാത്തവരും അങ്ങേയററം ഉത്തരവാദിത്വബോധമില്ലാത്തവരും വൈകാരികമായി അപക്വരുമാണെന്ന് സമ്മതിക്കുന്നു. (സദൃശവാക്യങ്ങൾ 22:15) എന്നാൽ അത് നിങ്ങളുടെ കാര്യത്തിൽ യഥാർത്ഥത്തിൽ സത്യമാണോ? (ഈ കാര്യത്തിൽ നിസ്സംശയമായും നിങ്ങളുടെ മാതാപിതാക്കൾക്ക് വളരെയധികം പറയാനുണ്ടായിരിക്കും.) ദൈവം ഒരു കൗമാരപ്രായക്കാരന് ഒരു 40 കാരന്റെ പക്വത ഉണ്ടായിരിക്കാൻ പ്രതീക്ഷിക്കയില്ല. നിങ്ങൾ “യുവാക്കൾക്കു സഹജമായ ആഗ്രഹങ്ങൾ”ക്കു വിധേയരാണെന്ന് അവൻ നന്നായി അറിയുന്നു. (2 തിമൊഥെയോസ് 2:22, NW) എന്നാൽ നിങ്ങൾ ന്യായമായി ഗൗരവമുള്ളവനും ഉത്തരവാദിത്വബോധമുള്ളവനും ആയിരിക്കത്തക്കവണ്ണം ആവശ്യമായ പ്രായമുള്ളവനാണെങ്കിൽ എല്ലാ സാധ്യതയുമനുസരിച്ച് ഒരു സമർപ്പണം നടത്താൻ പരിഗണിക്കുന്നതിന് ആവശ്യമായ പ്രായമുള്ളവനായിരിക്കും. എന്നിരുന്നാലും, നിങ്ങൾ ചോദിക്കേണ്ട മററു ചോദ്യങ്ങളുണ്ട്.
‘ഞാൻ ആവശ്യത്തിന് അറിവു നേടിയിട്ടുണ്ടോ?’
എഫ്. ഫിലിപ്പ് റൈസിനാലുള്ള ദി അഡോളസെൻറ് എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിക്കുന്നു, “മതത്തെസംബന്ധിച്ച ഒരു ഉപരിതല, നിസ്സാര ബോധം മിക്കപ്പോഴും ആക്രമണത്തിലും പരിശോധനയിലും നിലനിൽക്കുകയില്ല.” എന്നാൽ, മി. റൈസ് ഇപ്രകാരം കുറിക്കൊള്ളുന്നു: “ഇന്നത്തെ യുവാക്കൾ സങ്കടകരമാംവിധം ആവശ്യത്തിനു വിവരം ലഭിക്കാത്തവരാണ് എന്നതിന് ചില സൂചനകൾ ഉണ്ട്. പ്രൊട്ടസ്ററൻറ്, യഹൂദ യൂണിവേഴ്സിററികളിലെ രണ്ടാംവർഷ വിദ്യാർത്ഥികളുടെ ബൈബിൾവിജ്ഞാനത്തിന്റെ ഒരു പഠനം, പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും യഥാർത്ഥത്തിലുള്ള അജ്ഞത വെളിപ്പെടുത്തി.”
സ്നാപനമേൽക്കുന്ന ഒരുവനെക്കുറിച്ച് ഇതു സത്യമായിരിക്കരുത്. ഒരു ശിഷ്യനായിരിക്കുകയോ പഠിപ്പിക്കപ്പെട്ടവനായിരിക്കുകയോ ചെയ്യുന്നതിന് ഒരുവൻ ആദ്യമായി ‘അറിവു നേടി’യിരിക്കണം. (യോഹന്നാൻ 17:3; മത്തായി 28:19) അതുകൊണ്ട് സ്നാപനമേൽക്കുന്നതിനു മുമ്പ് നിങ്ങൾ കുറഞ്ഞപക്ഷം, “ദൈവത്തിന്റെ വിശുദ്ധ പ്രഖ്യാപനങ്ങൾ സംബന്ധിച്ച പ്രാഥമിക കാര്യങ്ങൾ” എങ്കിലും അറിഞ്ഞിരിക്കണമെന്നത് ന്യായയുക്തമല്ലയോ? (എബ്രായർ 5:12, NW) അതിൽ, ദേഹി, മരിച്ചവരുടെ അവസ്ഥ, ദൈവനാമത്തിന്റെ വിശുദ്ധീകരണം, രാജ്യം, മറുവില എന്നിവപോലുള്ള കാര്യങ്ങൾ സംബന്ധിച്ച് ബൈബിളിന്റെ പഠിപ്പിക്കൽ എന്തെന്ന് അറിയുന്നത് ഉൾപ്പെടുന്നു.
നിങ്ങൾ ക്രിസ്തീയ യോഗങ്ങളിൽ നിങ്ങളുടെ മാതാപിതാക്കളോടൊത്തു പോകുന്നതിനാൽ മാത്രം ബൈബിൾ സംബന്ധിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുമെന്നത് സത്യം തന്നെ. എന്നാൽ ആ വിധത്തിൽ ലഭിക്കുന്ന അറിവ് ഉപരിപ്ലവവും “ആക്രമണത്തിന്റെയും പരിശോധനയുടെയും കീഴിൽ നിലനിൽക്കാൻ” സാധ്യതയില്ലാത്തതുമായിരുന്നേക്കാം. നിങ്ങൾ മററുള്ളവരോട് നിങ്ങളിലുള്ള “പ്രത്യാശയുടെ കാരണം” പറയാൻ പ്രാപ്തരായിരിക്കണം.—1 പത്രോസ് 3:15.
ടെറി ബൈബിൾ സത്യങ്ങൾ വിശ്വസിക്കുന്നുവെന്ന് പറയുന്നു. എന്നാൽ അവൾ ഇപ്രകാരം ഏററു പറയുന്നു: “എന്റെ തന്നെ ചോദ്യങ്ങൾ ചോദിക്കുകയും അവക്ക് ഉത്തരം നൽകുകയും ചെയ്തുകൊണ്ട് ഞാൻ ഒരിക്കലും സംതൃപ്തിപ്പെട്ടിട്ടില്ല. ഈ അടുത്തകാലത്ത്, ഞാൻ അപ്രകാരം ചെയ്യാൻ തുടങ്ങി.” അത്തരത്തിലുള്ള ഒരു ബൈബിളദ്ധ്യയനപരിപാടിയുടെ ഫലമോ? “എന്റെ വിശ്വാസം വർദ്ധിക്കുകയും എനിക്ക് ആളുകളോട് യഥാർത്ഥ ബോധ്യത്തോടെ സംസാരിക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോൾ കണ്ടെത്തുകയും ചെയ്യുന്നു. ഇതാണോ സത്യം എന്ന് തങ്ങളോടുതന്നെ ചോദിക്കുന്നതിന് പേടിക്കരുത് എന്ന് ഞാൻ സാക്ഷികളായ എല്ലാ യൗവനക്കാരോടും പറയുന്നു. കണ്ടുപിടിക്കുക! ഗവേഷണം ചെയ്യുക, പഠിക്കുക. ‘എല്ലാം നിശ്ചയപ്പെടുത്തുക.’ അപ്പോൾ മുഴുഹൃദയത്തോടെ യഹോവക്ക് നിങ്ങളെത്തന്നെ സമർപ്പിക്കുന്നതിനു കഴിയും.”—1 തെസ്സലോനിക്യർ 5:21.
“വചനം ചെയ്യുന്നവർ”
എന്നിരുന്നാലും നാം, “വചനത്തിന്റെ കേൾവിക്കാർ മാത്രമായിരിക്കാതെ, ചെയ്യുന്നവരും ആയിരിക്കണം.” (യാക്കോബ് 1:22) നിങ്ങൾക്ക് സ്നാപനത്തിന് നിങ്ങളെത്തന്നെ പ്രത്യക്ഷപ്പെടുത്തുന്നതിനും ഗൗരവമുള്ള തെററുകൾ മറച്ചുകൊണ്ട് ‘താൻ എന്തെന്ന് ഒളിച്ചുവെക്കുന്ന’ ഒരുവനായിരിക്കുന്നതിനും കഴിയുകയില്ല. (സങ്കീർത്തനം 26:4) അത്തരത്തിലുള്ള തെററുകളിൽ ലൈംഗിക അധാർമ്മികതയും അമിത കുടിയും മയക്കുമരുന്നു ദുരുപയോഗവും അല്ലെങ്കിൽ 1 കൊരിന്ത്യർ 6:9, 10-ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പാപങ്ങളിൽ ഏതെങ്കിലും ഉൾപ്പെടുന്നു. നിങ്ങൾക്ക് ഈ വഴിക്കുള്ള ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടെങ്കിൽ ഏതെങ്കിലും ക്രിസ്തീയ മൂപ്പനോട് സംസാരിക്കുന്നതിന് നിങ്ങളുടെ മാതാപിതാക്കളോടൊരുമിച്ച് എന്തുകൊണ്ട് ക്രമീകരണം ചെയ്തുകൂടാ? ദയാപൂർവക സഹായം നിങ്ങൾക്കു നൽകപ്പെടുമെന്ന് ഉറപ്പുള്ളവരായിരിക്കുക.—യാക്കോബ് 5:14, 15.
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് പെരുമാറുന്ന വിധം സംബന്ധിച്ചോ ക്രിസ്തീയ മൂപ്പൻമാരിൽനിന്നു വരുന്ന ബുദ്ധിയുപദേശത്തോടുള്ള വീക്ഷണം സംബന്ധിച്ചോ നിങ്ങൾ സ്നേഹിതരെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചുപോലുമോ ചില മാററങ്ങൾ വരുത്തേണ്ടതും ആവശ്യമായിരുന്നേക്കാം. (സദൃശവാക്യങ്ങൾ 6:20; 13:20; 1 കൊരിന്ത്യർ 15:33; എബ്രായർ 13:17) അത്തരം മാററങ്ങൾ വരുത്തുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ സദൃശവാക്യങ്ങൾ 11:19 നമ്മെ ഓർമ്മിപ്പിക്കുന്നു: “നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.”
നിങ്ങൾ പൂർണ്ണരായിരിക്കണമെന്ന് യഹോവ ആവശ്യപ്പെടുന്നുവോ? ഒരിക്കലുമില്ല. “‘ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു’ എന്നു ആർക്കു പറയാം?” എന്ന് സദൃശവാക്യങ്ങൾ 20:9 ചോദിക്കുന്നു. അപൂർണ്ണരെന്നനിലയിൽ നാം ഇപ്പോഴും തെററുകൾ ചെയ്യുന്നതിന് ചായ്വുള്ളവരാണ്. എന്നാൽ ക്രിസ്തുവിന്റെ മറുവിലയാൽ, നമുക്ക് ദൈവത്തോടു നല്ല നിലയിൽ നിൽക്കാൻ കഴിയും. (1 യോഹന്നാൻ 2:1, 2) ദൃഷ്ടാന്തത്തിന്, സ്വയംഭോഗംപോലെയുള്ള ചീത്തശീലത്തിനെതിരെ കഠിനപോരാട്ടം നടത്തുന്ന ഒരു യുവാവിനോ യുവതിക്കോ താൻ അവശ്യം സ്നാപനത്തിന് അയോഗ്യനാ(യാ)ണ് എന്ന് വിചാരിക്കേണ്ടയാവശ്യമില്ല.b സമർത്ഥമായി അനീതിയെ ചെറുക്കുന്നതിനാൽ നിശ്ചയമായും ഒരുവന് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും!—സദൃശവാക്യങ്ങൾ 27:11.
‘ഞാൻ ദൈവത്തെ എന്റെ സ്നേഹിതനാക്കിയിട്ടുണ്ടോ?’
ഒരു പക്ഷേ ഏററവും നിർണ്ണായകമായ ചോദ്യം ദൈവത്തോടുള്ള ബന്ധം ഉൾപ്പെടുന്നതായിരിക്കാം. ഓർമ്മിക്കുക: നിങ്ങൾ നിങ്ങളെത്തന്നെ സമർപ്പിക്കുന്നത്, ഒരു വേലക്കുവേണ്ടിയോ ഒരു പക്ഷത്തിനുവേണ്ടിയോ ഒരു സ്ഥാപനത്തിനുവേണ്ടിപ്പോലുമോ അല്ല, എന്നാൽ ദൈവത്തിനുതന്നെയാണ്. ദൈവം ശ്രദ്ധ ഇല്ലാത്ത, വിദൂരസ്തനാണെന്ന് തോന്നുന്നുവോ? അതോ, നിങ്ങൾ അവനെ ഒരു വ്യക്തിയെന്ന നിലയിൽ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുവോ? (പുറപ്പാട് 34:6, 7) അങ്ങനെയെങ്കിൽ, നിങ്ങൾ അവനുമായി മിക്കപ്പോഴും സംസാരിക്കുന്നതായി കണ്ടെത്തും, യാന്ത്രികമായല്ല, എന്നാൽ ഹൃദയത്തിൽനിന്ന്.—സങ്കീർത്തനം 62:8.
നിങ്ങൾ ദൈവത്തെക്കുറിച്ച് മററുള്ളവരോടു സംസാരിക്കുന്നതിന് പരമാർത്ഥത്തിൽ നിർബന്ധിതരായി കണ്ടെത്തുകയും ചെയ്യും. (2 കൊരിന്ത്യർ 5:14 താരതമ്യപ്പെടുത്തുക.) സദൃശവാക്യങ്ങൾ 15:7 പറയുന്നു: “ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു.” നിങ്ങൾ ക്രമമായി മററുള്ളവരോടു പ്രസംഗിച്ചുകൊണ്ട് അപ്രകാരം ചെയ്യുന്നുവോ? അതോ നിങ്ങൾ ഉല്ലാസത്തിനും വിനോദത്തിനും വേണ്ടിയോ മടിമുഖാന്തരംപോലുമോ മററുള്ളവർ ദൈവത്തെ അറിയുന്നതിന് അവരെ സഹായിക്കുന്നതിൽനിന്ന് പിന്നോക്കം മാറിനിൽക്കുന്നുവോ?—സദൃശവാക്യങ്ങൾ 19:24.
അതേ, സ്നാപനം അർത്ഥവത്തായിരിക്കുന്നതിന് ദൈവം നിങ്ങളുടെ ഏററവും അടുത്ത സുഹൃത്തായിരിക്കണം. (യാക്കോബ് 2:23.) ഇപ്പോൾ അപ്രകാരമല്ലെങ്കിൽ കുററം ദൈവത്തിന്റെയല്ല, എന്തുകൊണ്ടെന്നാൽ അവൻ തന്നെ അന്വേഷിക്കുന്നതിന് എല്ലാവരേയും ഊഷ്മളമായി ക്ഷണിക്കുന്നു. (പ്രവൃത്തികൾ 17:27) വ്യക്തിപരമായ പഠനത്തിലും പ്രാർത്ഥനയിലും അവന്റെ ജനത്തോടുള്ള സഹവാസത്തിലും നിർബന്ധപൂർവം പിടിച്ചുനിൽക്കുന്നുവെങ്കിൽ നിങ്ങൾക്ക് ക്രമേണ ദൈവത്തോട് കൂടുതൽ അടുത്തു വരുന്നതായി അനുഭവപ്പെടും. (റോമർ 12:12; 1 തിമൊഥെയോസ് 4:15; എബ്രായർ 10:24, 25) സ്നാപനം അത്തരത്തിൽ ‘ദൈവത്തോടു അടുത്തു വരുന്നതിന്റെ’ സ്വാഭാവികമായ ഫലമായിരിക്കും.—യാക്കോബ് 4:8.
ദൃഷ്ടാന്തത്തിന് സിൻഡി എന്നു പേരായ ഒരു പെൺകുട്ടിയുടെ കാര്യം പരിഗണിക്കുക. അവൾ എഴുതുന്നു: “14-ാം വയസ്സിൽ ഞാൻ സ്നാപനമേററു. അപ്രകാരം ചെയ്യുന്നതിനുള്ള വൈമനസ്യമുണ്ടായിരിക്കുന്നതെങ്ങനെയെന്ന് എനിക്കറിയാം. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏററവും അത്ഭുതകരമായ കാര്യം ഇതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ നിങ്ങളെ അംഗീകരിച്ചിരിക്കുന്നുവെന്നും അവൻ ‘നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്നും അറിയുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക! (എബ്രായർ 13:5) താൻ യഹോവക്കു തന്നെത്തന്നേ സമർപ്പിക്കണമോ എന്ന് ആരെങ്കിലും എന്നോടു ചോദിച്ചിരുന്നെങ്കിൽ വേണമെന്നു ഞാൻ പറയുമായിരുന്നു! എന്നാൽ മററാരെയെങ്കിലും പ്രീതിപ്പെടുത്തുന്നതിന് അതു ചെയ്യരുത്. നിങ്ങൾക്ക് ആഗ്രഹമുള്ളതുകൊണ്ട് അതു ചെയ്യുക.” (g90 4/8)
[അടിക്കുറിപ്പുകൾ]
a മാർച്ച് 22, 1990-ലെ എവേക്കലെ “ഞാൻ സ്നാപനമേൽക്കണമോ?” എന്ന ലേഖനം കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 25, 26 പേജുകൾ കാണുക.
[13-ാം പേജിലെ ചിത്രം]
അനേകം യുവജനങ്ങൾ സ്നാപനത്തിന് യോഗ്യരാണ്. നിങ്ങളോ?