യുവജനങ്ങൾ ചോദിക്കുന്നു. . .
എന്റെ മാതാപിതാക്കൾ വഴക്കടിക്കുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?
ലോകത്തിൽ മററാരേക്കാളുമധികമായി നിങ്ങൾ സ്നേഹിക്കുന്ന രണ്ടുപേർ ദ്രോഹകരമായ വാക്കുകൾ പ്രയോഗിച്ചുകൊണ്ട് “അന്യോന്യം കടിക്കുകയും വിഴുങ്ങുകയും” ചെയ്യുമ്പോൾ ജീവിതത്തിന് ഒരു ദൈനംദിന പേടിസ്വപ്നമായിരിക്കാൻ കഴിയും. (ഗലാത്യർ 5:15) ഏററവും നല്ല വിവാഹബന്ധം പോലും കുറെ “ഉപദ്രവം” അനുഭവിക്കുമെന്നുള്ളത് സത്യമാണ്. (1 കൊരിന്ത്യർ 7:28) എന്നാൽ മാതാപിതാക്കളുടെ വഴക്ക് അറുതിയില്ലാത്തതും ദുഷ്ടവും അക്രമാസക്തംപോലുമാണെങ്കിൽ എന്തോ ഗുരുതരമായ കുഴപ്പമുണ്ട്.
അപ്പോൾ, ചില യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ വിവാഹബന്ധത്തെ യോജിപ്പിച്ചു നിർത്താൻ കിണഞ്ഞുശ്രമിക്കുന്നത് ഒട്ടും അതിശയമല്ല. “അവർ വഴക്കുനിർത്താൻവേണ്ടി ഞാൻ ഒരു വഴക്കിനിടയിൽ കടന്ന് എന്റെ അപ്പനെ മുറിയിൽനിന്ന് പിടിച്ചിറക്കി വെളിയിലാക്കി” എന്ന് ഒരു യുവാവ് പറഞ്ഞു. മററു ചിലർ ഭഗ്നാശരായി പിൻമാറുന്നു. “എനിക്ക് വിഷാദംതോന്നാതിരിക്കാൻ അവരുടെ ഈ വഴക്കുകളിൽനിന്ന് ഞാൻ മാറിനിൽക്കാൻ ശ്രമിക്കുന്നു”വെന്ന് ഒരു ബാലിക പറയുകയുണ്ടായി. “എന്നാൽ സഹായിക്കാൻ ശ്രമിക്കാഞ്ഞതുകൊണ്ട് എനിക്ക് കുററബോധം തോന്നി.”
അതുകൊണ്ട് ഒരു കുടുംബവഴക്ക് പൊട്ടിപ്പുറപ്പെടുമ്പോൾ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
ചെയ്യാൻ പാടില്ലാത്തത്
അവരോട് അനാദരവോടെ പെരുമാറരുത്: വഴക്കടിക്കുന്ന മാതാപിതാക്കളോടു മുഷിയുക എളുപ്പമാണ്. ഏതായാലും, അവർ നിങ്ങൾക്ക് മാതൃക വെക്കേണ്ടവരാണെന്നാണ് സങ്കൽപ്പം—മറിച്ചല്ല. മാതാപിതാക്കളോട് പുച്ഛമായി പെരുമാറുന്നത് സംഘട്ടനങ്ങൾ വർദ്ധിപ്പിക്കാനേ സാദ്ധ്യതയുള്ളു. കൂടുതൽ പ്രധാനമായി, തങ്ങളുടെ മാതാപിതാക്കളെ ആദരിക്കാനും അനുസരിക്കാനും യഹോവയാം ദൈവം യുവജനങ്ങളോട് കല്പിക്കുന്നു, അങ്ങനെ ചെയ്യുന്നത് അവർ പ്രയാസമാക്കിത്തീർക്കുമ്പോൾപോലും.—പുറപ്പാട് 20:12; സദൃശവാക്യങ്ങൾ 30:17 താരതമ്യപ്പെടുത്തുക.
പക്ഷം പിടിക്കരുത്: “ചിലപ്പോൾ എന്റെ മാതാപിതാക്കൾ വഴക്കടിക്കുമ്പോൾ ഞാൻ എന്തു വിചാരിക്കുന്നുവെന്ന് അവരിലൊരാൾ എന്നോടു ചോദിക്കുന്നു. അത് യഥാർത്ഥത്തിൽ എന്നെ അധൈര്യപ്പെടുത്തുന്നു”വെന്ന് ഒരു കൗമാരക്കാരി പറയുകയുണ്ടായി. തീർച്ചയായും ഒരു പ്രശ്നത്തിൽ നിങ്ങൾ നേരിട്ട് ഉൾപ്പെട്ടിരിക്കുമ്പോൾ ശാന്തവും ആദരവോടുകൂടിയതുമായ ഒരു ഉത്തരം ഉചിതമായിരിക്കാം.—സദൃശവാക്യങ്ങൾ 15:1.
അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളിൽ ഒരാൾ ഒരു ക്രിസ്ത്യാനിയും മറേറയാൾ അവിശ്വാസിയുമായിരിക്കാം. നിങ്ങൾ ദൈവഭയമുള്ള ആളോടുകൂടെ നീതിക്കുവേണ്ടി ഉറച്ച നില സ്വീകരിക്കേണ്ടയാവശ്യമുള്ള മതപരമായ പ്രയാസങ്ങൾ സംജാതമായേക്കാം. (മത്തായി 10:34-37) എങ്കിൽപോലും, അവിശ്വാസിയായ മാതാവിനെ അല്ലെങ്കിൽ പിതാവിനെ ഒരു കാലത്ത് നേടേണ്ടതിന് “ഒരു സൗമ്യപ്രകൃതത്തോടും ആഴമായ ആദരവോടുംകൂടെ” വേണം നില സ്വീകരിക്കാൻ.—1 പത്രോസ് 3:15.
എന്നാൽ ഒരു ശണ്ഠ വ്യക്തമായും അവരുടെ തർക്കമായിരിക്കുമ്പോൾ സാധാരണയായി നിഷ്പക്ഷതപാലിക്കുന്നതാണ് ജ്ഞാനം.a സദൃശവാക്യങ്ങൾ 26:17 ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “തന്റേതല്ലാത്ത വഴക്കിൽ കുപിതനായിത്തീരുന്ന കടന്നുപോകുന്ന ഏവനും ഒരു നായുടെ ചെവിക്കുപിടിക്കുന്നവനെപ്പോലെയാണ്.” നിങ്ങൾ പക്ഷം പിടിക്കുന്നുവെങ്കിൽ, നിങ്ങൾ മാതാപിതാക്കളിലൊരാളുടെ നീരസം ഉണർത്തുന്നതിന്റെ—ഒരുപക്ഷേ അവരെ അന്യപ്പെടുത്തുന്നതിന്റെ—അപകടം വരുത്തിക്കൂട്ടുകയാണ്.
മാതാപിതാക്കളുടെ തർക്കത്തിൽ പക്ഷം പിടിക്കുന്ന ഒരു യുവാവ് “യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള ഒരു സാഹചര്യത്തിൽ കൈവെക്കാൻ ശ്രമിക്കുകയാണ്.” കുടുംബോപദേശകനായ മിററ്ച്ചെൽ റോസൻ ററീൻ മാസികയിൽ പറഞ്ഞതിങ്ങനെയാണ്. വൈവാഹികതർക്കങ്ങളിൽ “വളരെയേറെ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, അവൾ തെററിപ്പോയി, അവന്റെ ഭാഗം ശരിയാണ് എന്നതു മാത്രമല്ല സംഗതി” എന്ന് അദ്ദേഹം പറയുകയുണ്ടായി. മിക്കപ്പോഴും, പല വർഷങ്ങൾകൊണ്ട് ഉരുണ്ടുകൂടിയ ദുഃഖങ്ങളും നീരസങ്ങളുമാണ് ഒരു തർക്കത്തിന്റെ ഉൾക്കാമ്പിലുള്ളത്. അതുകൊണ്ട് അത്താഴം ഏതാനും മിനിററു താമസിച്ചുപോയതിലോ കുളിമുറിയിലെ സിങ്ക് വൃത്തികേടാക്കിയിട്ടതിലോ ഡാഡിയോ മമ്മിയോ പരാതിപറയുമ്പോൾ, കണ്ണിൽപെടുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം.
ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “സാദ്ധ്യമെങ്കിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം സകല മനുഷ്യരുമായി സമാധാനത്തിലായിരിക്കുക.” (റോമർ 12:18) അതുകൊണ്ട് നിഷ്പക്ഷമായി നിലകൊള്ളാൻ ശ്രമിക്കുക. എന്നിരുന്നാലും നിങ്ങളുടെ മാതാപിതാക്കൾ പക്ഷംപിടിക്കാൻ നിങ്ങളുടെമേൽ സമ്മർദ്ദംചെലുത്തുന്നുവെങ്കിലോ? “തന്റെ മൊഴികളെ നിയന്ത്രിക്കുന്ന ഏവനും അറിവുള്ളവനാണ്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:27) അതെ, നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽനിന്ന്—അല്ലെങ്കിൽ അതിലും ഹീനമായി—അലറുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുക. ഒരുപക്ഷേ, ‘മമ്മീ, ഡാഡീ, ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. എന്നാൽ ദയവായി പക്ഷംപിടിക്കാൻ എന്നോടു പറയരുത്. ഇത് നിങ്ങൾ തമ്മിൽതമ്മിൽ തീർക്കേണ്ട സംഗതിയാണ്’ എന്നോ മറേറാ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് മാന്യമായി ഒഴിഞ്ഞുമാറാവുന്നതാണ്.
വഴക്കിൽ ചേരരുത്: ഉച്ചത്തിലുള്ള രണ്ടു ശബ്ദങ്ങൾതന്നെ മോശമാണ്. പല്ലവിയോട് മൂന്നാമതൊന്നു കൂട്ടുന്നതെന്തിന്? സദൃശവാക്യങ്ങൾ 15:18 ഇങ്ങനെ പറയുന്നു: “കുപിതനായ ഒരു മനുഷ്യൻ ശണ്ഠകൾ ഇളക്കിവിടുന്നു, എന്നാൽ കോപത്തിനു താമസമുള്ളവൻ വഴക്കു ശമിപ്പിക്കുന്നു.” വഴക്കിൽ ഉൾപ്പെടാൻ കേവലം വിസമ്മതിക്കുക. ഒരു വഴക്കുണ്ടാകാൻ പോകുന്നുവെന്ന് നിങ്ങൾ മണത്തറിയുന്നുവെങ്കിൽ സദൃശവാക്യങ്ങൾ 17:14-ലെ വാക്കുകൾ ഓർക്കുക: “ശണ്ഠയുടെ തുടക്കം വെള്ളം പുറത്തുവിടുന്നവനെപ്പോലെയാണ്; അതുകൊണ്ട് വഴക്ക് പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് സ്ഥലംവിടുക.”
ഒരുപക്ഷേ നിങ്ങൾക്ക് കേവലം ഒഴിഞ്ഞുമാറി നിങ്ങളുടെ മുറിയിലേക്കു പോയി വായിക്കുകയോ പഠിക്കുകയോ സംഗീതം വായിക്കുകയോ ചെയ്യാം. അല്ലെങ്കിൽ അത് ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനുള്ള ഒരു നല്ല സമയമായിരിക്കാം. ഫലപ്രദമായ എന്തെങ്കിലും ചെയ്യാൻ കണ്ടെത്തുന്നത് വഴക്കിന്റെ രംഗത്തുനിന്ന് നിങ്ങളെ അകററുകയും അങ്ങനെയുള്ള കാര്യങ്ങളിൽനിന്ന് നിങ്ങളുടെ മനസ്സു തിരിച്ചുവിടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഒരു വിവാഹോപദേഷ്ടാവായിരിക്കാൻ ശ്രമിക്കരുത്: ഒരു സദൃശവാക്യം പറയുന്നതുപോലെ: “ഒരു നിവാസഗോപുരത്തിന്റെ ഓടാമ്പലുകൾപോലെയുള്ള വഴക്കുകളുണ്ട്.” (സദൃശവാക്യങ്ങൾ 18:19) വഴക്കടിക്കുന്ന മാതാപിതാക്കൾ മിക്കപ്പോഴും നീരസത്തിന്റെ ഒരു വേലി കെട്ടിപ്പൊക്കിയിരിക്കും, അത് “നിവാസഗോപുരത്തിന്റെ ഓടാമ്പൽ”പോലെ അതിശക്തമാണ്. ആ പ്രതിബന്ധം ഇടിച്ചുപൊളിക്കാൻ അവരെ സഹായിക്കാൻതക്ക അറിവോ ജീവിതപരിചയമോ നിങ്ങൾക്കുണ്ടോ? അതിനു സാദ്ധ്യതയില്ല.
നിങ്ങളുടെ മാതാപിതാക്കളുടെ വൈവാഹിക കുഴപ്പങ്ങളിൽ നിങ്ങൾ ഉൾപ്പെടാൻ മുതിരുന്നത് അവരെ കൂടുതൽ മോശമാക്കുകയേ ഉള്ളു. സദൃശവാക്യങ്ങൾ 13:10 ഇങ്ങനെ പറയുന്നു: “ധിക്കാരത്താൽ ഒരുവൻ വഴക്കിനിടയാക്കുന്നേയുള്ളു, എന്നാൽ കൂടിയാലോചിക്കുന്നവരിൽ ജ്ഞാനമുണ്ട്.” അതെ, നിങ്ങളുടെ മാതാപിതാക്കൾക്ക് സ്വകാര്യമായി കൂടിയാലോചിച്ചുകൊണ്ട് തങ്ങളുടെ പ്രയാസങ്ങൾ മെച്ചമായി പരിഹരിക്കാൻ കഴിഞ്ഞേക്കും.—സദൃശവാക്യങ്ങൾ 25:9 താരതമ്യപ്പെടുത്തുക.
അതിനുപുറമേ, കുടുംബമദ്ധ്യസ്ഥന്റെ റോൾ നിങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ ഭാരമുള്ള ഒരു ജോലിയായിരിക്കാം. ററീൻ ട്രബിൾ എന്ന തന്റെ പുസ്തകത്തിൽ കരോളിൻ മക്ലിനാൻ വെസൻ വിവാഹോപദേശകയുടെ റോൾ അഭിനയിക്കാൻ ശ്രമിച്ച കോറാ എന്നു പേരുള്ള ഒരു ബാലികയെസംബന്ധിച്ച് പറയുന്നു. ഫലമെന്തായിരുന്നു? അവളുടെ മാതാപിതാക്കളുടെ വിവാഹബന്ധം മെച്ചപ്പെട്ടു. എന്നാൽ കോറായിക്ക് ഉദരരോഗപ്രശ്നങ്ങൾ പിടിപെട്ടു. കരോളിൻ വെസൻ ഇങ്ങനെ നിഗമനംചെയ്തു: “നിങ്ങളുടെ മാതാപിതാക്കളുടെ പ്രശ്നങ്ങൾ അവർതന്നെ കൈകാര്യംചെയ്യട്ടെ. ഒരു യുവതിയായിരിക്കുന്നതിൽതന്നെ നിങ്ങൾ കൈകാര്യംചെയ്യേണ്ട പ്രശ്നങ്ങളുണ്ട്.”
മാതാപിതാക്കളെ തമ്മിലടിപ്പിക്കരുത്: ചില യുവജനങ്ങൾ ഗാർഹിക ഉരസലിനെ തങ്ങളുടെ മുതലെടുപ്പിന് തിരിച്ചുവിടാൻ തന്ത്രം പ്രയോഗിക്കുന്നു. വേണ്ട എന്ന് മമ്മി പറയുമ്പോൾ ഡാഡിയിൽനിന്ന് ഒരു “സമ്മതം” ഞെക്കിച്ചാടിച്ചെടുക്കാൻ അവർ ഡാഡിയുടെ വികാരങ്ങളെ മുതലെടുക്കുന്നു. സമർത്ഥമായി മാതാപിതാക്കളെ കൈകാര്യംചെയ്യുന്നത് ഒരുവന് കുറെ സ്വാതന്ത്ര്യം നേടിക്കൊടുത്തേക്കാം, എന്നാൽ ഒടുവിൽ അത് കുടുംബഭിന്നതയെ നീട്ടിവെക്കുന്നുവെന്നേയുള്ളു. യഥാർത്ഥത്തിൽ മാതാപിതാക്കളെ ബഹുമാനിക്കുന്ന ഒരു യുവാവ് അങ്ങനെയുള്ള അധികാരക്കളി നടത്തുകയില്ല.
സാഹചര്യത്തെ വഷളാക്കരുത്: അലസമോ ദുഃശ്ശാഠ്യത്തോടുകൂടിയതോ ആയ പെരുമാററം, സ്കൂളിലെ മോശമായ പെരുമാററം, നിങ്ങളുടെ ഗ്രേഡുകൾ താഴാൻ അനുവദിക്കൽ—ഇവ കേവലം നിങ്ങളുടെ പ്രശ്നങ്ങളെ കുഴക്കുന്നതേയുള്ളു. നിങ്ങളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറെറടുക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ വ്യതിചലനം അനുസരണംകെട്ട നടത്തക്കുള്ള ഒരു ഒഴികഴിവാക്കരുത്. സഹായിക്കാൻ വഴിവിട്ടുപ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്യുക.
കുടുംബ പ്രതിസന്ധിയെ അതിജീവിക്കൽ
നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾക്ക് മാററം വരുത്താൻകഴികയില്ലെന്നു വ്യക്തമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് നൻമക്കായി അവരെ സ്വാധീനിക്കുന്നതിന് ശ്രമിക്കാൻകഴിയും. കഴിയുന്നടത്തോളം ശുഭാപ്തിവിശ്വാസവും സന്തോഷവുമുള്ളവരായിരിക്കുക. സ്നേഹം “സകലവും സഹിക്കുന്നു, സകലവും വിശ്വസിക്കുന്നു, സകലവും പ്രത്യാശിക്കുന്നു, സകലവും പൊറുക്കുന്നു”വെന്ന് ഓർക്കുക. (1 കൊരിന്ത്യർ 13:7) കാര്യങ്ങൾ മെച്ചപ്പെടുന്നതിനുവേണ്ടിയുള്ള പ്രാർത്ഥന ഒരിക്കലും നിർത്തിക്കളയരുത്. (ഫിലിപ്പിയർ 4:6, 7) കുടുംബ ഉപദേശകനായ ക്ലേററൻ ബാബോ കൂടുതലായി ഇങ്ങനെ ശുപാർശചെയ്യുന്നു: “നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽ ഓരോരുത്തരെയും സ്നേഹിക്കുന്നുവെന്ന് അവരെ ഒററക്ക് അറിയിക്കുക.” അതുതന്നെ കുടുംബസംഘട്ടനത്തെ ലഘൂകരിച്ചേക്കാം.
സഹായം സ്വീകരിക്കാൻ നിങ്ങളുടെ മാതാപിതാക്കളെ പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കാനും നിങ്ങൾക്കു കഴിയും. ഇത് വാദത്തിന്റെ ചൂടിലായിരിക്കുമ്പോൾ ചെയ്യരുത്. ‘ശരിയായ സമയത്തെ ശരിയായ വാക്കിനെ’ സംബന്ധിച്ച് സദൃശവാക്യങ്ങൾ 25:11 പറയുന്നു. കാര്യങ്ങൾ പറഞ്ഞുതീരുകയും നിങ്ങളുടെ മാതാപിതാക്കൾ കൂടുതൽ സ്വീകാര്യക്ഷമതയുള്ള ഭാവത്തിൽ ആയിരിക്കുകയും ചെയ്യുമ്പോഴായിരിക്കാം അത്. (മാതാപിതാക്കളിലൊരാൾ വിശേഷാൽ വികാരജീവിയാണെങ്കിൽ കാര്യങ്ങൾ ന്യായബോധത്തോടെ ചർച്ചചെയ്യാൻ കൂടുതൽ ചായ്വുള്ളതായി തോന്നുന്നയാളെ സമീപിക്കാൻ ശ്രമിക്കുക.)
നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് അവർക്ക് ഉറപ്പുകൊടുത്തുകൊണ്ട് തുടങ്ങുക. പിന്നീട് അവരുടെ വഴക്ക് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ശാന്തമായി അവരോടു വിശദീകരിക്കുക. ഇത് എളുപ്പമായിരിക്കുകയില്ല. അങ്ങനെയുള്ള ശ്രമങ്ങൾക്ക് “ഇത് നിന്റെ കാര്യമല്ല—മാറിനിന്നാൽ മതി” എന്നുള്ള മറുപടി ഉണ്ടായേക്കാമെന്ന് ഭവനത്തിലെ കുഴപ്പം എന്ന തന്റെ പുസ്തകത്തിൽ സാറാ ഗിൽബെർട്ട് സമ്മതിക്കുന്നു. എന്നിരുന്നാലും, “ഇത് നിങ്ങളുടെ കാര്യമാകുന്നുവെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്” എന്ന് അവർ ബുദ്ധിയുപദേശിക്കുന്നു. അവരുടെ വഴക്ക് നിങ്ങളെ എങ്ങനെ ഭയപ്പെടുത്തുന്നുവെന്നും അസ്വസ്ഥനാക്കുന്നുവെന്നും കോപിപ്പിക്കുന്നുവെന്നും അവരോടു പറയുക. നിങ്ങൾ അവരുടെ ജീവിതത്തിലിടപെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവരുടെ ശണ്ഠ നിങ്ങളുടെ ജീവിതത്തെ വളരെയധികം ശിഥിലമാക്കുന്നു! നിങ്ങളുടെ മാതാപിതാക്കൾ സഹായം സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുക—ഒരുപക്ഷേ ആശ്രയയോഗ്യതയുള്ള ഒരു ക്രിസ്തീയ മൂപ്പനെ സമീപിച്ചുകൊണ്ട്.b
തങ്ങളുടെ വൈവാഹികശണ്ഠയുടെ ഫലങ്ങളെ അഭിമുഖീകരിക്കാനിടയാക്കപ്പെടുന്നതിനാൽ നിങ്ങളുടെ മാതാപിതാക്കൾ അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനെക്കുറിച്ച് സഗൗരവം ചിന്തിക്കാൻ പ്രേരിതരായേക്കാം—വഴക്കടിക്കൽ നിർത്തുകപോലുംചെയ്തേക്കാം. (g89 12⁄8)
[അടിക്കുറിപ്പുകൾ]
a ഒരു ദുരാചാരിയായ പിതാവ് കുടുംബാംഗങ്ങളെ അക്രമത്താൽ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളെയല്ല ഞങ്ങൾ പരാമർശിക്കുന്നത്. അങ്ങനെയുള്ള കേസുകളിൽ കുടുംബാംഗങ്ങൾ ശാരീരികഉപദ്രവത്തിൽനിന്ന് തങ്ങളെത്തന്നെ രക്ഷിക്കാൻ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാൻ നിർബന്ധിതരായേക്കാം
b നിങ്ങളുടെ മാതാപിതാക്കൾ ന്യായബോധമില്ലാത്തവരോ ശ്രദ്ധിക്കാൻ മനസ്സില്ലാത്തവരോ ആണെന്ന് തെളിയുന്നുവെങ്കിൽ ഒരു പക്വതയുള്ള ക്രിസ്ത്യാനിയോട് കാര്യങ്ങൾ തുറന്നുപറയുന്നത് ജ്ഞാനമായിരിക്കാം. അയാൾക്ക് അല്ലെങ്കിൽ അവർക്ക് നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹബന്ധത്തിലിടപെടാൻ കഴികയില്ല, എന്നാൽ സ്വാഗതാർഹമായ വൈകാരികപിന്തുണയും സദുപദേശവും നൽകാൻകഴിയും.
[26-ാം പേജിലെ ചിത്രം]
ചെറുപ്പക്കാർക്ക് ഫലകരമായി മാതാപിതാക്കളുടെ കലഹത്തിൽ മാദ്ധ്യസ്ഥത വഹിക്കാൻ കഴിയുമോ?