രക്തം: ആരുടെ തീരുമാനം, ആരുടെ മനസ്സാക്ഷി?
ന്യൂയോർക്ക് സ്റേറററ് ജേർണൽ ഓഫ് മെഡിസിന്റെ അനുവാദത്തോടെ പുനർമുദ്രണം ചെയ്യ പ്പെട്ടത്, 1988; 88:463-464; പകർപ്പവകാശം ന്യൂയോർക്ക് സ്റേറററ് മെഡിക്കൽ സൊസൈററിയുടേത്.
രോഗത്തോടും മരണത്തോടും പോരാടുന്നതിൽ തങ്ങളുടെ അറിവും പ്രാപ്തിയും അനുഭവ പരിചയവും ഉപയോഗിക്കാൻ ഭിഷഗ്വരൻമാർ പ്രതിജ്ഞാബദ്ധരാണ്. എന്നിരുന്നാലും ശുപാർശ ചെയ്യപ്പെട്ട ഒരു ചികിത്സാരീതി ഒരു രോഗി നിരസിക്കുന്നുവെങ്കിലെന്ത്? രോഗി യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുകയും ചികിത്സയിൽ രക്തമോ രക്താണുക്കളോ പ്ലാസ്മായോ പ്ലെയിററ്ലെററ്സോ ഉൾപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഇതു സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
രക്തത്തിന്റെ ഉപയോഗം സംബന്ധിച്ചാണെങ്കിൽ, രക്തം കൂടാതെയുള്ള ചികിത്സമാത്രം സ്വീകരിക്കാനുള്ള രോഗിയുടെ തീരുമാനം ചികിത്സകരുടെ കൈയ്ക്ക് കൂച്ചുവിലങ്ങിടുന്നു എന്ന് ഒരു ഡോക്ടർ വിചാരിച്ചേക്കാം. എന്നിരുന്നാലും യഹോവയുടെ സാക്ഷികളല്ലാത്ത രോഗികളും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പലപ്പോഴും സ്വീകരിക്കാതിരിക്കുന്നു എന്നത് നാം മറക്കരുത്. ആപ്പിൾ ബോമിന്റെയും റോത്തിന്റെയും1 അഭിപ്രായമനുസരിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19% രോഗികളെങ്കിലും ഏതെങ്കിലും ചികിത്സാരീതിയോ നടപടിയോ സ്വീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. അത്തരം നിരസനങ്ങളിൽ 15% “ജീവന് ഭീഷണിയായിരുന്നിട്ടുകൂടെ” അങ്ങനെ ചെയ്തിട്ടുണ്ട്.
“ഡോക്ടർക്കാണ് ഏററം നന്നായി അറിയാവുന്നത്” എന്ന പൊതു വീക്ഷണം മിക്ക രോഗികളും തങ്ങളുടെ ഡോക്ടർമാരുടെ അറിവിനെയും പ്രാപ്തിയെയും ആദരിക്കാൻ ഇടയാക്കുന്നു. എന്നാൽ മേൽപ്പറഞ്ഞ വീക്ഷണം ഒരു ശാസ്ത്ര സത്യമായിരുന്നാലെന്നവണ്ണം ഒരു ഡോക്ടർ ചികിത്സാ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ, അതിൽ വളരെയധികം അപകടം പതിയിരിപ്പുണ്ട്. നമ്മുടെ വൈദ്യപരിശീലനവും, ലൈസൻസും, അനുഭവജ്ഞാനവും വൈദ്യശാസ്ത്ര രംഗത്ത് നമുക്ക് ശ്രദ്ധേയമായ പദവികൾ നൽകുന്നുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ നമ്മുടെ രോഗികൾക്കും അവരുടെ അവകാശങ്ങൾ ഉണ്ട്. കൂടാതെ നമുക്ക് അറിയാവുന്നതുപോലെ നിയമം (ഭരണഘടനയും) അവകാശങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
മിക്ക ആശുപത്രികളുടെയും ഭിത്തിയിൽ “രോഗികളുടെ അവകാശപത്രിക” പതിപ്പിച്ചു കാണാറുണ്ട്. ഈ അവകാശങ്ങളിലൊന്ന് വിവരമറിഞ്ഞുള്ള സമ്മതമാണ്. വിവരമറിഞ്ഞുള്ള തെരഞ്ഞെടുപ്പ് എന്ന് അതിനെ വിളിക്കുന്നതായിരിക്കും കൂടുതൽ ശരി. വ്യത്യസ്ത ചികിത്സകൾ ചെയ്യുന്നതിന്റെയും (ചെയ്യാതിരിക്കുന്നതിന്റെയും) സാദ്ധ്യതയുള്ള ഫലങ്ങൾ വിശദീകരിച്ചു കൊടുക്കപ്പെട്ടശേഷം എന്തിന് വിധേയമാകണമെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ്. ന്യൂയോർക്കിലെ ബ്രോൺക്സിലുള്ള ആൽബർട്ട് ഐൻസ്ററീൻ ആശുപത്രിയുടെ, രക്തപകർച്ചയും യഹോവയുടെ സാക്ഷികളും എന്ന വിഷയം സംബന്ധിച്ച നയം ഇപ്രകാരമാണ്: “തീരുമാനശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരു മുതിർന്ന വ്യക്തിക്കും ഒരു ചികിത്സ നിരസിക്കാൻ, ആ നിരസിക്കൽ അയാളുടെ ആരോഗ്യത്തിന് എത്ര കണ്ട് ദോഷകരമായിരുന്നാൽതന്നെ, അവകാശമുണ്ട്.”2
അതിലെ ധാർമ്മികത സംബന്ധിച്ചും ഉത്തരവാദിത്വം സംബന്ധിച്ചും ചികിത്സകർ ഉത്ക്കണ്ഠ പ്രകടിപ്പിച്ചേക്കാമെങ്കിലും തെരഞ്ഞെടുക്കാനുള്ള രോഗിയുടെ അധികാരം പരമമാണെന്നു കോടതികൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്.3 “സ്വന്തം ചികിത്സാ സമ്പ്രദായം തെരഞ്ഞെടുക്കാനുള്ള രോഗിയുടെ അവകാശം പരമമാണ് . . . തീരുമാനശേഷിയുള്ള മുതിർന്ന ഒരു രോഗി ഒരു ചികിത്സ നിരസിക്കുമ്പോൾ ആ അവകാശത്തെ ആദരിക്കുന്ന ഒരു ഡോക്ടർ നിയമപരമായും തൊഴിൽപരമായുമുള്ള തന്റെ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തി എന്ന് പറയാനാവില്ല” എന്ന് ന്യൂയോർക്ക് അപ്പീൽ കോടതി പ്രഖ്യാപിച്ചു.4 “വൈദ്യശാസ്ത്ര രംഗത്തെ ധാർമ്മിക വിശ്വസ്തത പ്രധാനമാണെങ്കിലും അതിന് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്ന വ്യക്തിയുടെ മൗലിക അവകാശത്തേക്കാൾ മുൻതൂക്കം ഉണ്ടായിരിക്കാവുന്നതല്ല. വ്യക്തിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ്, അല്ലാതെ സ്ഥാപനത്തിന്റെ നിബന്ധനകളല്ല പരമ പ്രധാനമായിരിക്കുന്നത്” എന്നും കൂടെ കോടതി നിരീക്ഷിച്ചു.5
ഒരു സാക്ഷി രക്തം സ്വീകരിക്കാൻ വിസമ്മതിക്കുമ്പോൾ അയാൾക്കുവേണ്ടി ഏററം മെച്ചമായ ചികിത്സ നടത്താൻ കഴിയാത്തതിൽ ഡോക്ടർമാർക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടേക്കാം. എന്നാൽ ഒരു സാക്ഷി മനസ്സാക്ഷിബോധമുള്ള ഒരു ഡോക്ടറോട് ആവശ്യപ്പെടുന്നത് നിലവിലുള്ള സാഹചര്യമനുസരിച്ച് ഏററം മെച്ചമായ മററു ചികിത്സകൾ ചെയ്യാനാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ചികിത്സാരീതികളിൽ മാററം വരുത്തേണ്ടി വരുന്നുണ്ട്. കൂടിയ രക്തസമ്മർദ്ദമോ, ആൻറിബയോട്ടിക്സിനോടുള്ള കടുത്ത അലർജിയോ വിലകൂടിയ ചില ഉപകരണങ്ങൾ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ നാം അങ്ങനെ ചെയ്യേണ്ടിവരുന്നു. സാക്ഷികളായ രോഗികളുടെ കാര്യത്തിൽ രോഗിയുടെ തീരുമാനത്തോടും മനസ്സാക്ഷിയോടുമുള്ള യോജിപ്പിൽ, രക്തം വർജ്ജിക്കാനുള്ള അയാളുടെ ധാർമ്മികമായ⁄മതപരമായ തീരുമാനത്തോടുള്ള യോജിപ്പിൽ, അയാളുടെ ചികിത്സാപരമോ ശസ്ത്രക്രിയാപരമോ ആയ പ്രശ്നം കൈകാര്യം ചെയ്യാനാണ് ഡോക്ടർമാരോട് അയാൾ ആവശ്യപ്പെടുന്നത്.
സാക്ഷികളായ രോഗികളിൽ നടത്തപ്പെട്ട സുപ്രധാനമായ ശസ്ത്രക്രിയകളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത് പല ഡോക്ടർമാർക്കും ശുദ്ധ മനസ്സാക്ഷിയോടെയും, വിജയകരമായും രക്തം ഉപയോഗിക്കാതിരിക്കാനുള്ള അപേക്ഷ മാനിക്കാൻ കഴിയും എന്നാണ്. ഉദാഹരണത്തിന് 1981-ൽ കൂലി 1,026 കാർഡിയോവാസ്കുലർ ശസ്ത്രക്രിയകളുടെ ഒരു പുനരവലോകനം നടത്തി. അതിൽ 22% കുട്ടികളിൽ നടത്തപ്പെട്ടവയായിരുന്നു. “യഹോവയുടെ സാക്ഷികളായ രോഗികളിൽ ശസ്ത്രക്രിയ നടത്തുന്നതിലെ അപകടം മററ് രോഗികളിൽ നടത്തുന്നതിനേക്കാൾ അത്രയധികമൊന്നുമല്ല” എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്.6 സാക്ഷികളിൽ നടത്തപ്പെട്ട ചില സുപ്രധാന ശസ്ത്രക്രിയകളെപ്പററി കംബോറിസും,7 റിപ്പോർട്ടു ചെയ്തു. അവരിൽ പലരും “രക്തം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ ചില അത്യാവശ്യമായ ശസ്ത്രക്രിയകൾ നിഷേധിക്കപ്പെട്ടവരായിരുന്നു.” “ഓപ്പറേഷൻ മുറിയിൽ എന്തുതന്നെ സംഭവിച്ചാലും തങ്ങളുടെ മതവിശ്വാസം ആദരിക്കപ്പെടുമെന്ന് ചികിത്സ തുടങ്ങുന്നതിന് മുമ്പുതന്നെ അവർക്ക് ഉറപ്പു നൽകപ്പെട്ടു. ഈ നയം നിമിത്തം അസുഖകരമായ ഫലങ്ങളൊന്നും ഉണ്ടായില്ല” എന്ന് അദ്ദേഹം പറഞ്ഞു.
രോഗി യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുമ്പോൾ തീരുമാനത്തേക്കാളും അധികമായി മനസ്സാക്ഷി ചിത്രത്തിലേക്ക് കടന്നുവരുന്നു. ഡോക്ടറുടെ മനസ്സാക്ഷിയെപ്പററി മാത്രമായി നമുക്ക് ചിന്തിക്കാൻ കഴിയുകയില്ല. രോഗിയുടെ മനസ്സാക്ഷി സംബന്ധിച്ചെന്ത്? യഹോവയുടെ സാക്ഷികൾ ജീവൻ രക്തത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നതായും ദൈവത്തിൽ നിന്നുള്ള ഒരു ദാനമായും വീക്ഷിക്കുന്നു. ക്രിസ്ത്യാനികൾ “രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കണമെന്നുള്ള” ബൈബിളിന്റെ കല്പന അവർ വിശ്വസിക്കുന്നു (പ്രവൃത്തികൾ 15:28, 29).8 അതുകൊണ്ട് ഒരു ഡോക്ടർ അധികാരപൂർവ്വം ആഴമായതും ദീർഘകാലമായി നിലനിൽക്കുന്നതുമായ അത്തരം ബോദ്ധ്യങ്ങൾ ലംഘിക്കുന്നുവെങ്കിൽ അതിന്റെ ഫലം ഭയങ്കരമായിരിക്കാം. “ഒരുവനെ തന്റെ മനസ്സാക്ഷിക്ക് എതിരായി പ്രവർത്തിക്കാൻ നിർബ്ബന്ധിക്കുന്നത് മാനുഷ മാന്യതക്ക് ഏൽപ്പിക്കുന്ന ഏററം വേദനാജനകമായ പ്രഹരമാണ്,” എന്ന് പോപ്പ് ജോൺ പോൾ രണ്ടാമൻ നിരീക്ഷിച്ചു. “ഒരർത്ഥത്തിൽ അതു ശാരീരികമായ മരണത്തേക്കാൾ അല്ലെങ്കിൽ കൊലപാതകത്തേക്കാൾ ഹീനമാണ്.”9
യഹോവയുടെ സാക്ഷികൾ മതപരമായ കാരണങ്ങളാൽ രക്തം സ്വീകരിക്കാൻ വിസമ്മതിക്കുമ്പോൾ സാക്ഷികൾ അല്ലാത്ത കൂടുതൽ കൂടുതൽ രോഗികൾ എയ്ഡ്സ്, നോൺ-ബി ഹെപ്പറൈറററിസ്, രോഗ പ്രതിരോധ വ്യവസ്ഥയിലെ പ്രതിപ്രവർത്തനം എന്നിവ പോലുള്ള അപകടം നിമിത്തം രക്തം ഒഴിവാക്കുന്നതിനെ തെരഞ്ഞെടുക്കുന്നു. അത്തരം അപകടങ്ങൾ ലഭിക്കാവുന്ന പ്രയോജനങ്ങളോടുള്ള താരതമ്യത്തിൽ നിസ്സാരമാണോ എന്നതു സംബന്ധിച്ച് നമുക്ക് നമ്മുടെ വീക്ഷണം അവരുടെ മുമ്പാകെ അവതരിപ്പിക്കാം. എന്നാൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ ചൂണ്ടിക്കാണിക്കുന്നതുപോലെ “ഡോക്ടർ ശുപാർശ ചെയ്ത ചികിത്സാരീതിയോ ഓപ്പറേഷനോ വേണമോ അതോ അതു കൂടാതെ കഴിയണമോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് രോഗിയാണ്. നിയമം അംഗീകരിക്കുന്നതും ഒരു വ്യക്തിക്ക് സ്വാഭാവികമായിട്ടുള്ളതുമായ അവകാശം അത്രത്തോളമുണ്ട്.”10
ഇതിനോട് ബന്ധപ്പെട്ട് “രക്തപ്പകർച്ച സ്വീകരിക്കാത്ത രക്തചോർച്ച നിമിത്തം മരിക്കാൻ തീരുമാനിച്ച ഒരു സാക്ഷിയുടെ” അപകട⁄പ്രയോജന പ്രശ്നം മാക്ളിൻ11 ശ്രദ്ധക്ക് വിഷയീഭവിപ്പിച്ചു. ഒരു വൈദ്യവിദ്യാർത്ഥി ഇപ്രകാരം പറഞ്ഞു: “അയാളുടെ ചിന്താപ്രക്രിയ കുററമററതായിരുന്നു. മതപരമായ വിശ്വാസങ്ങൾ ലഭ്യമായ ഏക ചികിത്സാരീതിക്ക് എതിരായിരിക്കുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?” മാക്ളിൻ ഇപ്രകാരം ന്യായവാദം ചെയ്തു: “ഈ മനുഷ്യൻ കാണിക്കുന്നത് പിശകാണ് എന്ന് നമുക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നേക്കാം. എന്നാൽ രക്തപകർച്ച സ്വീകരിക്കുന്നത് . . . നിത്യനാശത്തിന് ഇടയാക്കിയേക്കാം എന്നാണ് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്ത് അപകട-പ്രയോജന അപഗ്രഥനം നാം നടത്താറുണ്ട്. എന്നാൽ ഭൂമിയിൽ ശേഷിച്ചിരിക്കുന്ന ജീവിതവും നിത്യനാശവുമായി തട്ടിച്ചു നോക്കുമ്പോൾ ആ അപഗ്രഥനം മറെറാരു വീക്ഷണ കോണത്തിൽ നിന്നായിരിക്കേണ്ടിവരുന്നു.”11
ആശ്രിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ താല്പര്യം വിശേഷവൽക്കരിക്കാൻ വെർസില്ലോയും ഡൂപ്രേയും12 ജേർണലിന്റെ ഈ ലക്കത്തിൽ ഇൻ റേ ഓസ്ബോൺ പരാമർശിക്കുന്നു. എന്നാൽ ആ കേസ്സിൽ എന്ത് തീർപ്പാണ് കൽപ്പിക്കപ്പെട്ടത്. അത് ഗുരുതരമായി പരിക്കേററവനും രണ്ടു കൊച്ചുകുട്ടികൾ ഉള്ളവനുമായ ഒരു പിതാവിനെ സംബന്ധിക്കുന്നതായിരുന്നു. അയാൾ മരിച്ചാൽ ബന്ധുക്കൾ ആ കുട്ടികളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേററിക്കൊള്ളുമെന്നാണ് കോടതി തീരുമാനിച്ചത്. അതുകൊണ്ട് സമീപകാലങ്ങളിൽ നടന്ന മററു കേസുകളുടെ13 കാര്യത്തിലെന്നപോലെ ചികിത്സ സംബന്ധിച്ച രോഗിയുടെ തീരുമാനത്തെ മറികടക്കേണ്ടകാരണമൊന്നും കോടതി കണ്ടില്ല; രോഗിക്ക് തികച്ചും അസ്വീകാര്യമായ ചികിത്സ നടത്താൻ അധികാരപ്പെടുത്തുന്നതിന് നിയമപരമായ ഇടപെടലിന്റെ ആവശ്യവും കോടതി കണ്ടില്ല.14 മററു ചികിത്സകളിലൂടെ രോഗി സൗഖ്യം പ്രാപിക്കുകയും തന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതിൽ തുടരുകയും ചെയ്തു.
ഭിഷഗ്വരൻമാർ അഭിമുഖീകരിച്ചിട്ടുള്ളതും അഭിമുഖീകരിക്കാനിടയുള്ളതുമായ മിക്ക കേസ്സുകളും രക്തം കൂടാതെ കൈകാര്യം ചെയ്യാൻ കഴിയും എന്നത് വാസ്തവമല്ലേ? നാം പഠിച്ചിട്ടുള്ളതും നമുക്ക് നന്നായി അറിയാവുന്നതുമായ കാര്യങ്ങൾ വൈദ്യശാസ്ത്ര പ്രശ്നങ്ങളുമായേ ബന്ധപ്പെട്ടിരിക്കുന്നുള്ളു. എന്നാൽ രോഗികൾ വ്യക്തികളാണ്; അവരുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും അവഗണിക്കപ്പെടാവുന്നവയല്ല. അവരെ സംബന്ധിച്ചിടത്തോളം ജീവിതം അർത്ഥവത്താക്കിത്തീർക്കുന്ന അവരുടെ സ്വന്തം മുൻഗണനകളെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും മനസ്സാക്ഷിയെക്കുറിച്ചും അവർക്കു തന്നെയാണ് ഏററം നന്നായി അറിയാവുന്നത്.
സാക്ഷികളായ രോഗികളുടെ മതപരമായ മനസ്സാക്ഷിയെ ആദരിക്കുന്നത് നമ്മുടെ പ്രാപ്തികളോടുള്ള ഒരു വെല്ലുവിളിയായിരുന്നേക്കാം. എന്നാൽ നാം ഈ വെല്ലുവിളികളെ നേരിടുമ്പോൾ നാം എല്ലാവരും താലോലിക്കുന്ന മൂല്യവത്തായ സ്വാതന്ത്ര്യങ്ങൾക്ക് നാം അടിവരയിടുന്നു. ജോൺ സ്ററൂവാർട്ട് മിൽ ഉചിതമായി എഴുതിയതുപോലെ: “ഈ സ്വാതന്ത്ര്യങ്ങൾ പൊതുവേ മാനിക്കപ്പെടാത്ത യാതൊരു സമൂഹവും, അതിന്റെ ഭരണം ഏതു രൂപത്തിലുള്ളതായിരുന്നാലും, സ്വതന്ത്രമല്ല . . . ഓരോ വ്യക്തിയും തന്റെ സ്വന്തം ആരോഗ്യത്തിന്റെ, അതു ശാരീരികമോ മാനസ്സികമോ ആത്മീയമോ ആയിരുന്നാലും, സംരക്ഷകനാണ്. തങ്ങൾക്ക് ശരിയെന്ന് തോന്നുംവിധം ജീവിക്കാൻ മററുള്ളവരെ അനുവദിക്കുന്നതിനാലാണ്, ഓരോരുത്തരും മററുള്ളവർക്ക് ശരിയെന്നു തോന്നുന്ന വിധത്തിൽ ജീവിക്കാൻ അവരെ നിർബ്ബന്ധിക്കുന്നതിനേക്കാളും മനുഷ്യവർഗ്ഗത്തിന് നേട്ടമുള്ളത്.”15
1. Appelbaum PS, Roth LH: Patients who refuse treatment in medical hospitals. JAMA 1983; 250:1296-1301.
2. Macklin R: The inner workings of an ethics committee: Latest battle over Jehovah’s Witnesses. Hastings Cent Rep 1988; 18(1):15-20.
3. Bouvia v Superior Court, 179 Cal App 3d 1127, 225 Cal Rptr 297 (1986); In re Brown, 478 So 2d 1033 (Miss 1985).
4. In re Storar, 438 NYS 2d 266, 273, 420 NE 2d 64, 71 (NY 1981).
5. Rivers v Katz, 504 NYS 2d 74, 80 n 6, 495 NE 2d 337, 343 n 6 (NY 1986).
6. Dixon JL, Smalley MG: Jehovah’s Witnesses. The surgical/ethical challenge. JAMA 1981; 246:2471-2472.
7. Kambouris AA: Major abdominal operations on Jehovah’s Witnesses. Am Surg 1987; 53:350-356.
8. Jehovah’s Witnesses and the Question of Blood. Brooklyn, NY, Watchtower Bible and Tract Society, 1977, pp 1-64.
9. Pope denounces Polish crackdown. NY Times, January 11, 1982, p A9.
10. Office of the General Counsel: Medicolegal Forms with Legal Analysis. Chicago, American Medical Association, 1973, p 24.
11. Kleiman D: Hospital philosopher confronts decisions of life. NY Times, January 23, 1984, pp B1, B3.
12. Vercillo AP, Duprey SV: Jehovah’s Witnesses and the transfusion of blood products. NY State J Med 1988; 88:000-000.
13. Wons v Public Health Trust, 500 So 2d 679 (Fla Dist Ct App) (1987); Randolph v City of New York, 117 AD 2d 44, 501 NYS 2d 837 (1986); Taft v Taft, 383 Mass 331, 446 NE 2d 395 (1983).
14. In re Osborne, 294 A 2d 372 (DC Ct App 1972).
15. Mill JS: On liberty, in Adler MJ (ed): Great Books of the Western World. Chicago, Encyclopaedia Britannica, Inc, 1952, vol 43, p 273. (g89 2/22)