താഹിതി—ദക്ഷിണ സമുദ്രങ്ങളിലെ രത്നം
താഹിതി—ആ പേരുതന്നെ സകലവിധം മനോചിത്രങ്ങളും ഭാവനയിൽ കൊണ്ടുവരുന്നു! ഫ്രഞ്ച് പര്യവേഷകനായ ബോഗെയ്ൻവിൽ അതിനെ ദ ന്യൂസിതെറാ എന്നു വിളിച്ചു; കാരണം മദ്ധ്യധരണ്യാഴിയിലെ സിതെറാ എന്ന പേരോടുകൂടിയ ഒരു മനോജ്ഞമായ ദ്വീപിനെ ആണ് അത് ഓർമ്മപ്പെടുത്തിയത് താഹിതിയുടെ സൗന്ദര്യം കവികളെയും കലാകാരൻമാരെയും ഉണർത്തിയിട്ടുണ്ട്. ചിലർക്ക് അത് പറുദീസയുടെ മറ്റൊരു പേരാണ്.
പക്ഷേ ഇന്നേക്ക് കുറെ വർഷങ്ങളോളമായി താഹിതിയിൽ ഒരു സംഘം ആളുകൾ വരാനിരിക്കുന്ന പരദീസയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇതേ സന്ദേശം തന്നെ ലോകത്തിലെ നിവസിത രാജ്യങ്ങളിലെല്ലാം പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലും വച്ച് ഈ താഹിതിയിൽ അതിന്റെ ആവശ്യമുണ്ടോ? നിങ്ങളിത് ഗ്രഹിക്കുന്നതിന് സഹായിക്കാൻ ഈ ദ്വീപിനെക്കുറിച്ച് അൽപ്പം പറയാൻ ഞങ്ങളെ അനുവദിക്കുക.
താഹിതി എന്ന മനോഹരി
താഹിതി ആളുകൾ പറയാറുള്ളത്ര മനോഹരി ആണോ? അതിന് യാതൊരു സംശയവും വേണ്ട! അതൊരു വലിയ ദ്വീപല്ല. വെറും 402 ചതുരശ്ര മൈലുകൾ മാത്രം. (1041 ച. കി. മീ.) പക്ഷേ അതിന്റെ ഏറ്റവും ഉയരമേറിയ പർവ്വതം 7339 അടി പൊക്കം എത്തുന്നു. (2237 മീ.) ആ മുഴു ദ്വീപിനെയും 75 മൈലുകൾ നീണ്ട വഴി ചുറ്റുന്നു.
താഹിതിയുടെ മഹത്വങ്ങളിലൊന്ന് വൈഡൂര്യനീല വർണ്ണത്തിൽ അതിനെ വലയം ചെയ്തിരിക്കുന്ന തീര സമുദ്രം ആണ്. കുറെക്കൂടെ നീങ്ങിയാൽ കടൽ കടും നീലയായി മാറുന്നു. ആഴക്കടലിനും ഇളം നീലതീര സമുദ്രത്തിനും ഇടയ്ക്ക് ഒരു ഭിത്തിയായി വർത്തിക്കുന്നത് പവിഴപുറ്റിന്റെ നിരയാണ്. അതിൽ വന്നലയ്ക്കുന്ന തിരമാലകൾ വെൺപതയുടെ ഒരു പൂമാല സൃഷ്ടിക്കുന്നു. ഇങ്ങനെ ആകാശത്തുനിന്നു നോക്കിയാൽ താഹിതി വൈഡൂര്യ വർണ്ണമുള്ള ഒരു രത്നച്ചെപ്പിൽ പതിഞ്ഞു കിടക്കുന്ന ഒരു രത്നമാണെന്ന് നോന്നും. ചിലർ അതിനെ ദക്ഷിണ സമുദ്രങ്ങളിലെ രത്നം എന്ന് പേർ വിളിക്കുന്നു.
കാലാവസ്ഥയോ? ഊഷ്മളമായതും ഈർപ്പമുള്ളതും പക്ഷേ, ഉഷ്ണമേഖലാക്കാറ്റുകൾകൊണ്ട് പരുവപ്പെട്ടതും ആണ്. നവംബർ മുതൽ മാർച്ച് വരെ മഴക്കാലമാണ്. ആ കാലയളവിൽ ഊഷ്മളവും ക്ലിന്നതയും ഏറും. തഴച്ചു വളരുന്ന ഇടതൂർന്ന സസ്യജാലങ്ങളാണെവിടെയുമുള്ളത്. വിശേഷിച്ച് തീരപ്രദേശത്തുടനീളവും താഴ്വാരഭാഗങ്ങളിലും തെങ്ങ്, മാവ്, വാഴ, നാളികേരം, മാങ്ങ, ഏത്തപ്പഴം, ശീമച്ചക്ക, വിശേഷ ഇനം പേരയ്ക്കാ എന്നിവ ധാരാളമായി കാണാം.—ഒരു ഉഷ്ണമേഖലാ പറുദീസയിൽ നിങ്ങൾ പ്രതീക്ഷിച്ചേക്കാവുന്ന സർവ്വതും തന്നെ!
പുഷ്പങ്ങളുടെ കാര്യമോ? നിങ്ങളുടെ കണ്ണടച്ചുകൊണ്ട് ഫ്രാംഗിപാനി എന്ന പൂവിന്റെ പരിമളം കലർന്ന വായു ശ്വസിക്കുന്നത് ഭാവനയിൽ കണ്ടുനോക്കുക. ഇനി നിങ്ങളുടെ കണ്ണു തുറന്ന് പൂത്ത് നിറഞ്ഞു നിൽക്കുന്ന ചെമ്പരുത്തി, ബൊഗേയ്ൻ വില്ലാ ചെടികളുടെ ലാവണ്യം കണ്ടാനന്ദിക്കുക. അസാധാരണമെഴുമെഴുപ്പുള്ള ഫ്ളാമിംഗോ പുഷ്പവും, വിശേഷിച്ച് താഹിതിയിലെ സ്ത്രീപുരുഷൻമാർ മുടിയിൽ ചൂടുന്ന വെളുത്ത മധുരപരിമളം പരത്തുന്ന റ്റിയരെ—താഹിതി എന്ന പുഷ്പവും വിഭാവന ചെയ്യുക. അതെ, താഹിതി പുഷ്പങ്ങളുടെ സമൃദ്ധിയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
താഹിതിയിൽ കടൽപക്ഷികൾ ധാരാളം ഉണ്ട്. പക്ഷേ ഇവിടെ ദ്വീപിന്റെതായി മൃഗങ്ങൾ വിരളമാണ്. പക്ഷേ ചുറ്റിനുമുള്ള കടൽ വേണ്ടതിലധികം അതിന്റെ കുറവ് പരിഹരിക്കുന്നു. മനോഹരമായ കടൽ പുറ്റുകൾ വിവിധ ഇനം ശംഖു മത്സ്യങ്ങളെയും ചിപ്പികളെയും പാർപ്പിക്കുന്നു.
തീരസമുദ്രഭാഗത്തും അതിനപ്പുറവുമുള്ള ആഴക്കടലിലും മനോജ്ഞവർണ്ണങ്ങളിലുള്ള തത്ത, മത്സ്യം, റാസ്, ഡോക്ടർ മത്സ്യം, മുള്ളൻമത്സ്യം, ലോച്ച്, മെരു, ചുവന്ന മുള്ളറ്റ് എന്നിവയെക്കൊണ്ട് കണ്ണിന് ആനന്ദം ഉണ്ടാകുന്നു. പാറവിള്ളലുകളിൽ പതിയിരുന്നുകൊണ്ട് മേളയെല്ലാം കണ്ട് കഴിയുന്ന ആഹാരപ്രിയനായ മുരെയ്നാ മത്സ്യവും—അവന് സൗന്ദര്യം കുറവാണ്—കുറെക്കൂടെ അപ്പുറം ഭീകരമായ സ്രാവും ഉണ്ട്.
താഹിതി നിവാസികൾ
ഈ സുന്ദര ദ്വീപ് ആദ്യം കണ്ടുപിടിച്ചത് നാവീകാചാര്യൻമാരായ പോളിനേഷ്യക്കാർ ആണ്, ഏതാണ്ട് പൊതുയുഗം 5-ാം നൂറ്റാണ്ടിൽ. അവർ ഇതിന്റെ വന്യഭംഗി ആസ്വദിക്കുന്നതിനും ഇതിന്റെ ഫലഭൂയിഷ്ടമായ മണ്ണ് ഭദ്രമായ ജലശേഖരങ്ങൾ എന്നിവകൊണ്ട് ഉപജീവിക്കുന്നതിനും പഠിച്ചു. താരോവ എന്ന ഒരു ദേവനെ അവർ ആരാധിച്ചിരുന്നു. ആ ദേവനെ ഉപദേവൻമാർ ശുശ്രൂഷിച്ചിരുന്നതായി പറയപ്പെടുന്നു. മതചടങ്ങുകൾ നടത്തപ്പെട്ടിരുന്നത് മരായ് എന്ന പേരുള്ള ചതുഷ്ക്കോണ വളപ്പുകളിൽ വച്ചായിരുന്നു. അതിന്റെ ഒരറ്റത്ത് വിശുദ്ധ റ്റിക്കി വിഗ്രഹങ്ങൾക്ക് വേണ്ടിയുള്ള ബലിപീഠം ഉണ്ടായിരുന്നു. അവിടെ നരബലികൾ അർപ്പിക്കപ്പെട്ടിരുന്നു.
ഒരായിരം വർഷത്തിലധികമായി ഈ ആദിമനിവാസികൾ സ്വച്ഛമായി ജീവിച്ചിരുന്നു. വാസ്തവത്തിൽ അവരുടെ സന്തതികൾ ഇന്നും അവിടെ ഉണ്ട്. അവരെ താഹിയീയർ എന്ന്വിളിക്കുന്നു. പക്ഷേ 18-ാം നൂറ്റാണ്ടിൽ ഈ ദ്വീപ് വീണ്ടും “കണ്ടുപിടിക്കപ്പെട്ടു.” ഇപ്രാവശ്യം യൂറോപ്യൻ നാവികരായ വാലീസ് ബോഗെയ്ൻവിൽ, കുക്ക് എന്നിവരാലാണ്. അതോടെ താഹിതി ലോകപ്രസിദ്ധമായിത്തീർന്നു. താഹിതീയർക്ക് ലോഹം, തുണിത്തരങ്ങൾ എഴുത്തുവിദ്യ, എല്ലാറ്റിലും വിശേഷമായി ബൈബിൾ എന്നീ സമ്മാനങ്ങൾ കൊണ്ടുവന്നു. അവർ ചില പ്രശ്നങ്ങളും കൊണ്ടുവന്നു. താഹിതി സംഘട്ടനങ്ങളിൽ അകപ്പെട്ടു. ഒടുവിൽ 1880-ൽ താഹിതീയർ രാജാവായ പോമെയർ അഞ്ചാമൻ താഹിതിയെ ഫ്രഞ്ചുകാർക്ക് നൽകി. ഇന്ന് അത് ഫ്രഞ്ച് പോളിനേഷ്യ എന്നറിയപ്പെടുന്ന ദ്വീപസമൂഹങ്ങളുടെ ഭരണ കേന്ദ്രമാണ്.
താഹിതീയർ സ്ത്രീകളുടെ സ്വർണ്ണമേനിയും കറുകറുത്ത നീണ്ട മുടിയും പോൾ ഗൗഗിനെപ്പോലുള്ള കലാകാരൻമാരാൽ കീർത്തിക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലങ്ങളിലായി താഹിതീയർ ചൈനാക്കാർ, യൂറോപ്യൻമാർ, മറ്റുജനതകളിലുള്ളവർ എന്നിവരെയെല്ലാം വിവാഹം ചെയ്യുന്നതുകൊണ്ട് അവിടത്തെ ജാതിക്ക് ഒരു രാജ്യാന്തര ഭാവം കൈവന്നിട്ടുണ്ട്. ആദിമ താഹിതീയർ സംസാരിച്ചിരുന്നതായ താഹിതീയൻ ഭാഷ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു. അത് ഇമ്പമുള്ള ഭാഷയാണ്. പക്ഷെ ആധുനിക ജീവിതത്തിനാവശ്യമായ പലവാക്കുകളും അതിനില്ല. അതുകൊണ്ട് ദൈനംദിന സംഭാഷണങ്ങളിൽ താഹിതീയർ ഭാഷയോടുകൂടെ ചൈനീസ്, ഇംഗ്ലീഷ് ഇതര വിദേശീയ ഭാഷകൾ എന്നിവ കലർത്തിയാണുപയോഗിക്കുന്നത്. താഹിതി ഫ്രഞ്ച് ഭരണത്തിലായതുകൊണ്ട്ഇവിടെ ഫ്രഞ്ച് ഭാഷയും സംസാരിക്കപ്പെടുന്നു.
കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
ദേശവും ജനങ്ങളും മനസ്സിനാനന്ദം പകരുന്നു. പവിഴവും തടിയും കൊത്തി കുതുക വസ്തുക്കളുണ്ടാക്കുന്ന പരമ്പരാഗതമായ പോളിനേഷ്യൻ കരകൗശലത്തിൽ താഹിതീയർ ഇന്നും പ്രവീണരാണ്. പ്രദേശത്ത് ലഭിക്കുന്ന കക്കകൾകൊണ്ട് അവർ ഭംഗിയുള്ള കഴുത്തുമാലകളും ഞാത്തുകളും ഉണ്ടാക്കുന്നു. തെങ്ങോലയും പാണ്ടാനസ് എന്ന സസ്യത്തിന്റെ ഇലയുംകൊണ്ട് കുട്ടകളും തൊപ്പിയും പായു നെയ്യാൻ അവർക്കറിയാം. പക്ഷെ അവരുടെ വിശേഷ ചാതുര്യം പാട്ടുപാടുന്നതിലും നൃത്തം ആടുന്നതിനും ആണ്. സ്വാദിഷ്ട ഭക്ഷണം, സുന്ദരപുഷ്പങ്ങൾ, സംഗീതം, പാട്ട്, നൃത്തം (കൂടാതെ നിർഭാഗ്യവശാൽ മദ്യവും പുകയിലയും) എന്നിവയെല്ലാം ആസ്വദിക്കുന്നതിനുള്ള യാതൊരവസരവും അവർ പാഴാക്കുകയില്ല. എന്നിരുന്നാലും താഹിതിയിലും 20-ാം നൂറ്റാണ്ടിന്റെ പാടുകൾ വീണിരിക്കുന്നു. അതിന്റെ മനോഹാര്യത അധികവും ചൂഷണം ചെയ്തിരിക്കുന്നു. വ്യാപര താത്പര്യങ്ങൾ ചിപ്പികൾക്കുവേണ്ടി കടലാകെ ചികഞ്ഞ് ദരിദ്രമാക്കുകയും സ്രാവുകളെ അവയുടെ ദന്തങ്ങൾക്കുവേണ്ടിയും ആമകളെ അവയുടെ തോടിനുവേണ്ടിയും വേട്ടയാടുകയും ചെയ്തിരിക്കുന്നു. അതേസമയം കടലോരങ്ങളിലെങ്ങും പെരുകി വരുന്ന ജനസംഖ്യ ക്രമേണ കടൽപക്ഷികളെ ആട്ടിപായിച്ചുകളഞ്ഞിരിക്കുന്നു.
മലിനീകരണവും ഒരു പ്രശ്നമാണ്. താഹിതിക്ക് ചില സുന്ദര ബീച്ചുകളുണ്ട്. അവയിൽ പലതും—അതിശയകരമാംവിധം—കരിമണൽ കൊണ്ടുള്ളതാണ്. പക്ഷെ കടൽ, ദുഷിച്ച അവശിഷ്ടങ്ങൾ ചില ബീച്ചുകളിൽ അടിയാനിടയാക്കുന്നു.
അനേക വർഷങ്ങളായി താഹിതീയർക്ക് അവരുടെ സൗഹാർദ്ദം, ഔദാര്യം, അതിഥിപ്രിയം എന്നിവയെ പ്രതി ഐതിഹാസികവും തികച്ചും അർഹവും ആയ പ്രശക്തി കൈവന്നിട്ടുണ്ട്. പക്ഷെ നിർഭാഗ്യവശാൽ കോളനിവൽക്കരണവും ടൂറിസ്റ്റ് വിപണിയും ഈ സഹജ പ്രേരണയെ തളർത്തിയിരിക്കുകയാണ്. ഒരളവോളം ആധുനിക ലോകത്തിന്റെ യാഥാർത്ഥ്യങ്ങളുടെ മുമ്പാകെ അതൊക്കെ ബലിചെയ്യപ്പെട്ടുപോയി. അറുപതുകളിൽ ദക്ഷിണ പെസിഫിക് മേഖലയിൽ ഫ്രഞ്ചുകാർ നടത്തിയ അണുവായുധ പരീക്ഷണവും അന്താരാഷ്ട വിമാനത്താവളത്തിന്റെ സ്ഥാപനവും മൂലം നാമ്പെടുത്ത ഇതര പ്രശ്നങ്ങളും ഉണ്ട്. അന്നു മുതൽക്ക് ഭൗതിക സമൃദ്ധി ഒട്ടുവളരെ അഴിമതിക്ക് വഴിതെളിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന പറുദീസ
തീർച്ചയായും പദത്തിന്റെ മുഴു അർത്ഥത്തിലും താഹിതി ഒരു പറുദീസ ആയത്തീർന്നിട്ടില്ല. ദ്വീപിന്റെ സൗന്ദര്യം വിശേഷതരമാണെങ്കിലും സകല മനുഷ്യവർഗ്ഗത്തിനും പൊതുവിൽ ഉള്ള രോഗം, മരണം എന്നീ പ്രശ്നങ്ങളാൽ താഹിതീയർ എപ്പോഴും ദുരിതമനുഭവിച്ചിട്ടുണ്ട്. അതു കൂടാതെ താഹിതി എന്തായിരുന്നു എന്നും അത് എന്തായിത്തീരാൻപോകുന്നുവെന്നും അനേകർ ഉത്ക്കണ്ഠപ്പെട്ടുകൊണ്ട് ഭാവിയെ ഭയപ്പെടുന്നു. ചിന്തിക്കുന്ന ആളുകൾ ഈ ക്ഷയിക്കൽ തുടർന്നു പോവില്ല എന്നു കരുതുന്നു, പക്ഷേ അവർക്ക് ഉറപ്പിനായി എവിടെക്കാണ് നോക്കാൻ കഴിയുക?
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിങ്കൽ ക്രൈസ്തവലോകത്തിലെ ആദ്യ മിഷനറിമാർ താഹിതിയിൽ എത്തി. അവർ ബൈബിളിനെ താഹിതിയിൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തു, അതിന്നും ദ്വീപിലെ ഏറ്റവും ആദരിക്കപ്പെടുന്ന പുസ്തകമായി അവശേഷിക്കുന്നു. ഇന്ന്, പക്ഷേ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന അനേക മതങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടും, അവിടെ വളരെ അക്രമവും പാതകവും വർഗ്ഗവിവേചനയും ദേശീയത്വവും ഉണ്ട്. ഈ പ്രശ്നങ്ങളുടെ ഒരു പരിഹാരത്തിലേക്കുള്ള മാർഗ്ഗം ചൂണ്ടിക്കാണിക്കാൻ ക്രൈസ്തവലോകം അപ്രാപ്തമാണ്.
അതുകൊണ്ടാണ് യഥാർത്ഥ പരദീസയുടെ ആഗമനം സംബ്ബന്ധിച്ച് യഹോവയുടെ സാക്ഷികൾ താഹിതീയരോട് പറഞ്ഞുകൊണ്ടിരിക്കുന്നത് താഹിതിയൻ ബൈബിളിൽ ആയിരക്കണക്കിനു പ്രാവശ്യം കാണുന്ന യഹോവ എന്ന നാമത്തിന്റെ ഉടയവനായ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ അവർ വിശദീകരിക്കുന്നു. മനുഷ്യവർഗ്ഗം ‘ഭൂമിയെ,’ ഏറെ വിദൂരവും മനോഹരങ്ങളും ആയ ഭാഗങ്ങളെപ്പോലും ‘നശിപ്പിക്കാൻ’ തുടങ്ങും എന്ന സംഗതി ഈ ദൈവം എങ്ങനെ പ്രവചിച്ചിരിക്കുന്നു എന്നു അവർ കാണിച്ചു കൊടുക്കുന്നു. (വെളിപ്പാട് 11:18) ഇത് അനവരതം തുടരുന്നതിന് യഹോവ അനുവദിക്കുകയില്ല എന്ന് കാണിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. മറിച്ച് ക്രിസ്തുയേശുവിന്റെ കീഴിലുള്ള തന്റെ രാജ്യം താഹിതിയിൽ മാത്രമല്ല പിന്നെയോ ഭൂമിയിലെ എല്ലാ ദ്വീപുകളിലും ഭൂഖണ്ഡങ്ങളിലും ഒരു യഥാർത്ഥ പരദീസ കൊണ്ടുവരും. (സങ്കിർത്തനം 98:7-9) താഹിതിയെ അതിന്റെ സുവർണ്ണ കാലത്തുപോലും ബാധിച്ചിരുന്നിട്ടുള്ള രോഗം, യാതന, മരണം എന്നീ പ്രശ്നങ്ങൾ ദൈവരാജ്യം പരിഹരിക്കും. (വെളിപ്പാട് 21:3, 4) അങ്ങനെ, തങ്ങളുടെ നിത്യ അനുഗ്രഹത്തിനുവേണ്ടി വരാനിരിക്കുന്ന ദൈവരാജ്യഭരണത്തെ സ്വാഗതം ചെയ്യുന്നതിൽ അവർ തങ്ങളുടെ ഐതിഹാസികമായ അതിഥിപ്രിയം കാണിക്കാൻ താഹിതീയർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (g86 4/8)