വെനെസ്വേലയിൽനിന്നുള്ള അനുഭവങ്ങൾ
ദൈവരാജ്യത്തിന്റെ സുവാർത്തയുമായി തെക്കേ അമേരിക്കയുടെ ഉത്തരതീരത്തു സ്ഥിതിചെയ്യുന്ന വെനെസ്വേലയിലെ എല്ലാവരെയും സമീപിക്കാൻ 50 വർഷത്തിലധികമായി ശ്രമങ്ങൾ നടത്തിയിരിക്കുന്നു. രാജ്യത്തുടനീളം രാജ്യഹാളുകൾ നിറഞ്ഞുകവിയുകയും യഹോവയുടെ സ്തുതിപാഠകരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. 1995-ൽ അവർക്ക് 71,709 രാജ്യപ്രസാധകരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു. 1996-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകത്തിൽനിന്ന് (ഇംഗ്ലീഷ്) എടുത്തിട്ടുള്ള ഏതാനും അനുഭവങ്ങളാണ് ഇവിടെ.
◻ വലെൻസിയായുടെ തെക്കുപടിഞ്ഞാറൻ പ്രദേശമായ ടിനാക്വിലോയിൽ സത്യത്തിന്റെ സന്ദേശം ആദ്യമായി എത്തിച്ചേർന്നപ്പോൾ പ്രഥമ പ്രതികരണം ശത്രുതാപരമായിരുന്നു. ആ പട്ടണത്തിൽ ഒരു ചെറിയ കൂട്ടം പ്രവർത്തനം ആരംഭിച്ചപ്പോൾ, പ്രാദേശിക പുരോഹിതൻ, “മോൺസിഞ്ഞോർ” ഗ്രാനാഡിലൊ ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിന് ഉച്ചഭാഷിണികൾ സ്ഥാപിച്ചതു മറിനാ ഓർമിക്കുന്നു. “മഞ്ഞപ്പനി ടിനാക്വിലോയിൽ എത്തിയിരിക്കുന്നു!” എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. “ഈ ആളുകളെ ശ്രദ്ധിക്കരുത്! പട്ടണത്തെയും നിങ്ങളുടെ മതത്തെയും കാത്തുരക്ഷിക്കുക! വിശുദ്ധ ത്രിത്വത്തിന്റെ മർമം കാത്തുരക്ഷിക്കുക!” ആ പുരോഹിതനെ സന്ദർശിക്കാൻ മറിനാ തീരുമാനിച്ചു. അവൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയി അദ്ദേഹം വരുന്നതുവരെ കാത്തിരുന്നു.
ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ അദ്ദേഹത്തെ അഭിവാദനം ചെയ്തു: “ഇന്നു പ്രഭാതത്തിൽ നിങ്ങൾ പരാതിപ്പെട്ട ‘മഞ്ഞപ്പിത്ത’ത്തിന്റെ ഭാഗമാണ് ഞാൻ. ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പള്ളി പ്രസംഗിക്കേണ്ട എന്നാൽ പ്രസംഗിക്കാത്ത, ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട സന്ദേശം ഞങ്ങൾ പ്രസംഗിക്കുന്നു.” അദ്ദേഹത്തിന്റെ ബൈബിൾ അവൾ ധൈര്യസമേതം ആവശ്യപ്പെട്ടിട്ട് യഹോവ ‘തന്റെ നാമത്തിനായി ഒരു ജനത്തെ’ എടുക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പ്രവൃത്തികൾ 15:14-ലെ തിരുവെഴുത്ത് അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിന്റെ മനോഭാവത്തിനു മാറ്റം വന്നു. താൻ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, ഞങ്ങൾ ഏതു തരത്തിലുള്ള ആളുകളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സഹോദരി ക്ഷണിച്ച പരസ്യപ്രസംഗത്തിന് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം പങ്കെടുത്തു. ഇതിനുശേഷം പ്രധാന നഗരചത്വരത്തിൽവച്ചു പല സന്ദർഭങ്ങളിൽ അദ്ദേഹം മാസികകൾ സ്വീകരിച്ചു. ഇതു നിരീക്ഷിച്ചിട്ട് അവയെടുക്കാൻ മറ്റുള്ളവരും പ്രോത്സാഹിതരായി. 1995-ൽ ടിനാക്വിലോയിൽ നാലു സഭകളും മൊത്തം 385 പ്രസാധകരും ഉണ്ടായിരുന്നു.
◻ ബ്യാട്രിസ് തന്റെ ജീവിതത്തിലുടനീളം ബൈബിൾ മനസ്സിലാക്കുന്നതിനെക്കുറിച്ചു സ്വപ്നം കണ്ടിട്ടുണ്ട്. അവൾ വിവാഹം കഴിച്ച് ഭർത്താവിനോടൊപ്പം കാറക്കാസിലേക്കു താമസം മാറ്റി. അവിടെ അവർ ഉന്നത സമൂഹത്തിന്റെ ഭാഗമായിത്തീർന്നു. പള്ളിയുടെ മൗലിക പഠിപ്പിക്കലുകളുമായി യോജിക്കാൻ കഴിയാതെ പൗരോഹിത്യം ഉപേക്ഷിച്ച ഒരു വൃദ്ധനുമായി തലസ്ഥാനത്തുവച്ച് അവൾ സൗഹൃദം സ്ഥാപിച്ചു. ഒരു സന്ദർഭത്തിൽ അദ്ദേഹം അവളോടു പറഞ്ഞു: “സാധുവായ ഏക സ്നാപനം യഹോവയുടെ സാക്ഷികൾ അനുഷ്ഠിക്കുന്ന തരത്തിലുള്ള പൂർണമായ നിമജ്ജനമാണ്.”
വർഷങ്ങൾ കഴിഞ്ഞ്, വിവാഹമോചിതയായ ബ്യാട്രിസ് വേദനാകരമായ ഒരു വ്യക്തിഗത പ്രശ്നം അഭിമുഖീകരിക്കുകയായിരുന്നു. നിരാശിതയായി അവൾ ദൈവത്തോടു പ്രാർഥിച്ചു. പ്രത്യേകിച്ചും ഒരു രാത്രിയിൽ, 1984 ഡിസംബർ 26-ന് അവൾ അനേകം മണിക്കൂറുകൾ പ്രാർഥനയിൽ ചെലവഴിച്ചു. അടുത്ത പ്രഭാതത്തിൽ വാതിൽ മണി മുഴങ്ങി. അലോസരത്തോടെ അവൾ തന്റെ മുറിയുടെ വാതിലിലെ കൃത്രിമദ്വാരത്തിലൂടെ നോക്കി ബ്രീഫ്കെയ്സുകളുമായി നിൽക്കുന്ന രണ്ടാളുകളെ കണ്ടു. ശല്യപ്പെടുത്തപ്പെട്ടതിൽ അസ്വസ്ഥയായി, അവൾ പരിചാരികയാണെന്നുള്ള മട്ടിൽ വാതിലിലൂടെ വിളിച്ചുപറഞ്ഞു: “വീട്ടുടയവൾ ഭവനത്തിലില്ല, എനിക്കു വാതിൽ തുറക്കാൻ സാധിക്കില്ല.” പോകുന്നതിനു മുൻപ് ആ ദമ്പതികൾ ഒരു ലഘുലേഖ വാതിലിനടിയിലേക്കു തള്ളിവെച്ചു. ബ്യാട്രിസ് അത് എടുത്തു. “നിങ്ങളുടെ ബൈബിളിനെ അറിയുക” എന്ന് അത് പ്രസ്താവിച്ചു. വൃദ്ധനായ മുൻ-പുരോഹിതന്റെ വാക്കുകൾ അവൾക്ക് ഓർമ വന്നു. ഈ സന്ദർശകർ അദ്ദേഹം പറഞ്ഞ ആളുകൾ, യഹോവയുടെ സാക്ഷികൾ, ആയിരിക്കുമോ? അവരുടെ സന്ദർശനം തലേരാത്രിയിലെ അവളുടെ പ്രാർഥനയുമായി ബന്ധപ്പെട്ടിരുന്നേക്കാമോ? അവൾ വാതിൽ തുറന്നു, എന്നാൽ അവർ പോയിക്കഴിഞ്ഞിരുന്നു. അവൾ പടികൾ ഇറങ്ങിച്ചെന്ന് അവരോടു മടങ്ങിവരാൻ പറഞ്ഞു. തന്റെ പ്രഥമ പ്രതികരണത്തിനു ക്ഷമചോദിച്ച് അവൾ അവരെ അകത്തേക്കു ക്ഷണിച്ചു. പെട്ടെന്നുതന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു. കുറേനാൾക്കഴിഞ്ഞു ബ്യാട്രിസ് യഹോവയുടെ ഒരു ക്രിസ്തീയ സാക്ഷിയായി സ്നാപനമേറ്റു.
ജീവിതത്തിലുടനീളം ഉണ്ടായിരുന്ന തന്റെ ആഗ്രഹം അവസാനം നിറവേറിയതിൽ സന്തുഷ്ടയായി, ബ്യാട്രിസ് ഇപ്പോൾ തന്റെ സമയത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ ബൈബിൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടു ചെലവഴിക്കുന്നു.