മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകൾക്ക് ഒരു സഹായം
“ലോകമെങ്ങുമായി ലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ആണ് മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുള്ളത്. നിങ്ങൾ അവരിൽ ഒരാളാണോ? എങ്കിൽ ഓർക്കുക, നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ദൈവത്തിനു വളരെയധികം ചിന്തയുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇക്കാര്യത്തിൽ ദൈവം എന്താണ് ചെയ്യാൻപോകുന്നത്?”
JW.ORG-ലെ “സ്ത്രീകളുടെ സുരക്ഷ—ദൈവത്തിന്റെ വീക്ഷണം” എന്ന ലേഖനം തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്. ആ ലേഖനത്തിന്റെ അവസാനം, അത് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാനുള്ള ഒരു ലിങ്ക് ഉണ്ട്. അതു പ്രിന്റ് എടുത്ത് നാലു പേജുള്ള ഒരു ട്രാക്റ്റ് ആയി മടക്കാൻ കഴിയും. ഐക്യനാടുകളിലുള്ള സ്റ്റെയ്സി എന്ന സഹോദരി പറയുന്നു: “ഞങ്ങളുടെ സഭാപ്രദേശത്ത്, മോശം പെരുമാറ്റം നേരിടുന്ന സ്ത്രീകൾക്ക് അഭയം നൽകുന്ന ഒരു കേന്ദ്രമുണ്ട്. അതുകൊണ്ട് ഞാൻ ആ ലേഖനത്തിന്റെ ചില കോപ്പികൾ പ്രിന്റ് ചെയ്ത് മറ്റൊരു സഹോദരിയോടൊപ്പം അവിടെ കൊണ്ടുപോയി കൊടുത്തു.”
അവിടത്തെ ജീവനക്കാരിൽ ഒരാൾ അവിടെ താമസിക്കുന്ന സ്ത്രീകൾക്കു കൊടുക്കാനായി ഈ ലേഖനത്തിന്റെ കൂടുതൽ കോപ്പികൾ ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ ആ ലഘുലേഖയുടെ 40 കോപ്പികളും jw.org സന്ദർശിക്കാനുള്ള 30 കാർഡുകളും സഹോദരിമാർ പിന്നീട് കൊണ്ടുപോയി കൊടുത്തു. സഹോദരിമാർ വീണ്ടും അവിടം സന്ദർശിച്ചപ്പോൾ അതിന്റെ മാനേജർ അവരോട്, എങ്ങനെയാണ് ഒരു ബൈബിൾപഠനം നടക്കുന്നതെന്നു അവിടത്തെ സ്ത്രീകൾക്കു കാണിച്ചുകൊടുക്കാമോ എന്നും ചോദിച്ചു.
സ്റ്റെയ്സി സഹോദരിക്കും മറ്റു രണ്ടു സഹോദരിമാർക്കും ഇത്തരത്തിലുള്ള മറ്റൊരു കേന്ദ്രത്തിൽനിന്നും നല്ലൊരു അനുഭവം ലഭിച്ചു. അവർക്ക് അവിടെ അഞ്ചു ലഘുലേഖകൾ കൊടുക്കാനായി. ആ കേന്ദ്രത്തിലുള്ളവർ സഹോദരിമാരോട് കൂടുതൽ ലഘുലേഖകൾ ചോദിക്കുകയും ചെയ്തു. അവിടത്തെ ഒരു ജീവനക്കാരി ഇങ്ങനെ പറഞ്ഞു: ‘ഇത് ഇവിടെയുള്ള സ്ത്രീകളെ ശരിക്കും സഹായിക്കും. ഞങ്ങൾക്കു വേണ്ട ഒന്നുതന്നെയാണ് ഇത്.’ പിന്നെ ഒരു സന്ദർശനത്തിൽ, അവിടെയുള്ള പല സ്ത്രീകളും ഒരു ബൈബിൾപഠനം എങ്ങനെയാണ് നടക്കുന്നതെന്നു കാണാനായി കൂടിവന്നു. അവരിൽ രണ്ടുപേർ തൊട്ടടുത്ത വാരാന്തയോഗത്തിനു രാജ്യഹാളിൽ വരാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.
സ്റ്റെയ്സി പറയുന്നു: “ഈ മനോഹരമായ ലേഖനത്തോടുള്ള ആളുകളുടെ പ്രതികരണം ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഇങ്ങനെ പ്രിന്റ് ചെയ്ത് മടക്കി ഒരു ലഘുലേഖയുടെ രൂപത്തിൽ കൊടുക്കുന്നത്, ഇത്തരം സ്ത്രീകളോടു സന്തോഷവാർത്ത അറിയിക്കാനുള്ള നല്ലൊരു വഴിയാണ്. അവർ സന്തോഷത്തോടെ ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ ഹൃദയത്തിലും സന്തോഷം തോന്നി. ഈ സ്ത്രീകളോടു സന്തോഷവാർത്ത പങ്കുവെക്കാൻ ഞങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ തുടർന്നും യഹോവ എങ്ങനെയാണ് അനുഗ്രഹിക്കുന്നതെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.