എതിർപ്പു നേരിടാൻ പുതിയവരെ സജ്ജരാക്കുക
1 ആളുകൾ ബൈബിൾ പഠിക്കുകയും ‘ഭക്തിയോടെ ജീവിക്കാൻ’ തീരുമാനിക്കുകയും ചെയ്യുമ്പോൾ സാത്താൻ അവരെ ലക്ഷ്യമിടുന്നു. (2 തിമൊ. 3:12) സഹപ്രവർത്തകരിൽനിന്നോ സഹപാഠികളിൽനിന്നോ അയൽക്കാരിൽനിന്നോ എതിർപ്പു നേരിടാം. അവരുടെ ക്ഷേമത്തിൽ താത്പര്യമുള്ള ബന്ധുക്കളിൽനിന്നാകുമ്പോൾ അത് നേരിടുക കൂടുതൽ പ്രയാസമായിരിക്കും.—മത്താ. 10:21; മർക്കൊ. 3:21.
2 എതിർപ്പ് പ്രതീക്ഷിക്കേണ്ടതാണ്: എതിർപ്പു പ്രതീക്ഷിക്കേണ്ടതാണെന്നും തങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളായിത്തീരുന്നതിന്റെ തെളിവാണ് അതെന്നും പുതിയവർ മനസ്സിലാക്കേണ്ടതുണ്ട്. (യോഹ. 15:20) ചിലപ്പോൾ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാകാം എതിർപ്പുകൾക്കു കാരണം. യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായിരിക്കുന്നതിന്റെയും ദൈവത്തെ അനുസരിക്കുന്നതിന്റെയും പേരിൽ അപമാനം സഹിക്കുന്നത് വലിയ സന്തോഷം കൈവരുത്തുമെന്ന് മനസ്സിൽ പിടിക്കുക. (പ്രവൃ. 5:27-29, 40, 41) യഹോവ സ്നേഹപുരസ്സരം പിന്തുണയ്ക്കുമെന്ന ഉറപ്പുണ്ടായിരിക്കാൻ പുതിയവരെ സഹായിക്കുക. (സങ്കീ. 27:10; മർക്കൊ. 10:29, 30) വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിലൂടെ അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ യഹോവയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ നിങ്ങൾക്കാകും.—സദൃ. 27:11.
3 സൂക്ഷ്മ പരിജ്ഞാനത്തിന്റെ പങ്ക്: ബൈബിൾ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും സൂക്ഷ്മ പരിജ്ഞാനം നേടുന്നതിൽ തുടരേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ അവരെ സഹായിക്കുക. പഠിക്കുന്ന കാര്യങ്ങൾ അവരുടെ ആലങ്കാരിക ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതു തടയാനാണ് എതിർപ്പിലൂടെ സാത്താൻ ശ്രമിക്കുന്നത്. (സദൃ. 4:23; ലൂക്കൊ. 8:13) വിശ്വാസത്തിൽ ‘വേരൂന്നണമെങ്കിൽ’ ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതിൽ അവർ തുടരുകതന്നെ വേണം.—സങ്കീ. 1:2, 3; കൊലൊ. 2:6, 7.
4 സഹിഷ്ണുത ആവശ്യം: ഏതുതരം പരിശോധനകൾ ഉണ്ടായാലും സഹിഷ്ണുത അനിവാര്യമാണ്. അതിന് സത്ഫലങ്ങൾ ഉളവാക്കാനാകും. (ലൂക്കൊ. 21:16-19) പുതിയവർ എതിർപ്പുകൾ സഹിച്ചുനിൽക്കുമ്പോൾ അവർക്കും മറ്റുള്ളവർക്കും പ്രയോജനം ലഭിക്കും. വിശ്വസ്തതയോടെ സഹിച്ചു നിൽക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കാൻ യഹോവ പ്രാപ്തനാണെന്ന് അവർ അനുഭവിച്ചറിയും.—യാക്കോ. 1:12.
5 തെസ്സലൊനീക്യയിലുള്ള സഹോദരന്മാർ ആത്മീയമായി പുരോഗമിക്കുന്നത് കണ്ടപ്പോൾ പൗലൊസ് അപ്പൊസ്തലൻ സന്തോഷിച്ചു. അവരെപ്രതി അവൻ ദൈവത്തിന് നന്ദി പറഞ്ഞു. സത്യം സ്വീകരിക്കാൻ അവരിൽ പലരെയും സഹായിച്ചത് അവനായിരുന്നു. (2 തെസ്സ. 1:3-5) എതിർപ്പു നേരിടാനും സഹിച്ചുനിൽക്കാനും ബൈബിൾ വിദ്യാർഥികളെ സജ്ജരാക്കുന്നപക്ഷം നമുക്കും അതേ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനാകും.