എന്റെ ബൈബിൾ കഥാപുസ്തകം—സഭാ പുസ്തകാധ്യയനത്തിന്
1 ദൈവത്തിന്റെ ലിഖിതവചനം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളുടെ ജീവിതത്തിനു മാറ്റംവരുത്തിയിരിക്കുന്നു; അത്ര ശക്തമാണ് അതിലെ സന്ദേശം. (എബ്രാ. 4:12) ബൈബിൾവിവരണങ്ങൾ വായിക്കുകയും ഭാവനയിൽ കാണുകയും ചെയ്യുമ്പോൾ ദൈവവചനം നമ്മെയോരോരുത്തരെയും സ്വാധീനിക്കാൻ തുടങ്ങുന്നു. അതിലെ വിവരണങ്ങൾ ഒരു പഴംപുരാണമല്ല. ജീവസ്സുറ്റവയാണ് അതിലെ വചനങ്ങൾ, അവ നിവൃത്തിയിലേക്ക് മുന്നേറുകയുമാണ്. എന്റെ ബൈബിൾ കഥാപുസ്തകം ഉപയോഗിച്ച് ദൈവത്തിന്റെ ലിഖിതവചനം സഭാ പുസ്തകാധ്യയനത്തിൽ സമഗ്രമായി പരിചിന്തിക്കുന്നത് നമ്മെ അത്യന്തം സഹായിക്കും.
2 അടിസ്ഥാന ബൈബിൾപരിജ്ഞാനം വളരെ രസകരവും എളുപ്പം ഗ്രഹിക്കാവുന്നതുമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു പുസ്തകമാണിത്. ഇതിൽ ബൈബിൾസംഭവങ്ങൾ കാലാനുക്രമത്തിൽ നൽകിയിരിക്കുന്നു. ഇതിലുള്ള വർണചിത്രങ്ങൾ നല്ലൊരു പഠനസഹായിയാണ്, ബൈബിൾസംഭവങ്ങൾ ഭാവനയിൽ കാണാൻ അവ നമ്മെ സഹായിക്കുന്നു. (സങ്കീ. 77:12) ഫലത്തിൽ, ദൈവഭക്തരായ അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ് തുടങ്ങിയ ഗോത്രപിതാക്കന്മാരോടൊപ്പം ‘നടക്കാൻ’ ഈ പുസ്തകം നമ്മെ പഠിപ്പിക്കും. സാറാ, റിബെക്കാ, മോവാബ്യസ്ത്രീയായ രൂത്ത് എന്നിങ്ങനെ യഹോവയെ വിശ്വസ്തമായി സേവിച്ച സ്ത്രീകളെ നമുക്കു ‘കാണാനാകും.’ യേശുക്രിസ്തു ഗിരിപ്രഭാഷണവും മറ്റും നടത്തുന്നത് ‘കേൾക്കാൻ’പോലും നമുക്കാകും. സഭാ പുസ്തകാധ്യയനത്തിനായി നന്നായി തയ്യാറായിക്കൊണ്ട് തിരുവെഴുത്തുകളിലെ പ്രബോധനാത്മകമായ ഈ വിവരണങ്ങളിൽനിന്നെല്ലാം പ്രയോജനം നേടാൻ നമുക്കു ശ്രമിക്കാം. ദൈവവചനം വായിക്കാനും അതിലൂടെ കൂടുതലായ സന്തോഷവും ഗ്രാഹ്യവും നേടാനുമുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഈ പഠനം അരക്കിട്ടുറപ്പിക്കും, തീർച്ച!
3 ഈ പുസ്തകത്തിലെ ഓരോ പാഠത്തിനും രണ്ടു സെറ്റ് ചോദ്യങ്ങളുണ്ട്. ആദ്യത്തേത്, പഠിച്ച കഥയുടെയും അതിലെ വിവരണങ്ങളുടെയും ഒരു പുനരവലോകനമാണ്. ഒരു കഥ മുഴുവനും വായിച്ചശേഷം അധ്യയനനിർവാഹകൻ ഈ ചോദ്യങ്ങൾ ചോദിക്കും. കഥയിലെ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ഹ്രസ്വവും നേരിട്ടുള്ളതുമായ ഉത്തരങ്ങൾവേണം നൽകാൻ. ചോദ്യങ്ങൾ എല്ലായ്പോഴും കഥയിലെ സംഭവങ്ങളുടെ ക്രമത്തിലായിരിക്കണമെന്നില്ല.
4 തുടർന്ന് അധ്യയനനിർവാഹകൻ, കഥയിൽനിന്നു പഠിക്കാനാകുന്ന പാഠം പ്രദീപ്തമാക്കാൻ ഉദ്ദേശിച്ചുള്ള രണ്ടാമത്തെ സെറ്റ് ചോദ്യങ്ങൾ ചോദിക്കും. ഈ ചോദ്യങ്ങളിലോരോന്നിനുംമുമ്പായി ഒരു തിരുവെഴുത്തുഭാഗം പരാമർശിച്ചിരിക്കും. അവയിൽ ചിലത് അൽപ്പം വലുതാണ്. അധ്യയനത്തിനായി തയ്യാറാകുമ്പോൾത്തന്നെ എല്ലാവരും ഈ ഭാഗങ്ങൾ വായിക്കേണ്ടതാണ്. ഓരോ ചോദ്യത്തിനുശേഷവും ഏതാനും തിരുവെഴുത്തുകൾ പരാമർശിച്ചിട്ടുണ്ടാകും. ഉത്തരം കണ്ടെത്താൻ അവ നിങ്ങളെ സഹായിക്കും. പരാമർശിത തിരുവെഴുത്തുകൾ വിവരണത്തിലെ പ്രസക്ത ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഉത്തരങ്ങൾ പറയാൻ നിർവാഹകൻ സദസ്യരെ പ്രോത്സാഹിപ്പിക്കണം. പരിചിന്തിക്കുന്ന ബൈബിൾഭാഗത്തിനും അതിന്റെ പ്രയുക്തതയ്ക്കും ശ്രദ്ധകൊടുക്കാൻ അവരെ സഹായിക്കുകയും വേണം.
5 ഓരോ ഭാഗത്തിന്റെയും ആമുഖംതന്നെ അധ്യയനത്തിനുള്ള ഓരോ പാഠങ്ങളായി വെവ്വേറെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റെയും ആമുഖം വായിച്ചശേഷം നിർവാഹകൻ, താൻ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കും. തുടർന്നുവരുന്ന പാഠങ്ങൾ പഠിക്കാനുള്ള നല്ലൊരു അടിസ്ഥാനമായിരിക്കും അത്. ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാനും അങ്ങനെ നമ്മുടെ സ്വർഗീയ പിതാവായ യഹോവയോട് കൂടുതൽ അടുത്തുചെല്ലാനും ഈ പുസ്തകത്തിന്റെ പഠനം നമ്മെ സഹായിക്കട്ടെ.—യാക്കോ. 4:8.