എപ്പോൾ ബൈബിളിൽനിന്നു വായിക്കണം, എങ്ങനെ പ്രസിദ്ധീകരണം നൽകണം?
ബൈബിൾ ദശലക്ഷങ്ങളുടെ ജീവിതത്തെ ആഴമായി സ്വാധീനിച്ചിരിക്കുന്നു. ദൈവവചനമായ അതിന്, നമുക്കു പറയാനാകുന്ന എന്തിനെക്കാളും പ്രഭാവംചെലുത്താനാകും. (എബ്രാ. 4:12) നാം അറിയിക്കുന്ന സന്ദേശം നമ്മുടെ സ്വന്തമല്ല പിന്നെയോ ദൈവവചനത്തിൽനിന്നുള്ളതാണെന്ന് ആളുകൾ തിരിച്ചറിയാൻ നാമാഗ്രഹിക്കുന്നു. ചിലർക്കു ക്രിസ്ത്യാനികളോട് ആദരവില്ലെങ്കിൽപ്പോലും ബൈബിളിനോട് ആദരവുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുന്നവരെ ബൈബിളിൽനിന്നു വായിച്ചുകേൾപ്പിച്ചുകൊണ്ട് നാമതു നേരിട്ടുപയോഗിക്കുന്നു.
എന്നാൽ ബൈബിൾസന്ദേശത്തെ എതിർക്കുകയും നമ്മുടെ പരസ്യശുശ്രൂഷയെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളുള്ള ഒരു പ്രദേശത്താണു നാം സാക്ഷീകരിക്കുന്നതെങ്കിലോ? തിരുവെഴുത്തുസന്ദേശം ശ്രദ്ധിക്കാൻ വീട്ടുകാരനു മനസ്സുണ്ടോയെന്നു ഉറപ്പുവരുത്തുന്നതിനുമുമ്പ് ബൈബിളെടുത്തു വായിക്കുന്നത് ആ സന്ദേശം അദ്ദേഹത്തിനു ലഭിക്കാതെപോകാൻ ഇടയാക്കിയേക്കാം. (മത്താ. 10:11) ബൈബിൾ കാണുന്നതോടെ അദ്ദേഹം നമ്മെ തെറ്റിദ്ധരിക്കുന്നുവെന്നതാണു കാരണം. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ പൗലൊസ് അപ്പൊസ്തലന്റെ സമീപനം പിൻപറ്റാൻ നമുക്കാകും. അഥേനയിലെ അരയോപഗയിലുള്ള ഗ്രീക്കുകാരോടു സംസാരിക്കവേ, ആദ്യംതന്നെ അവൻ തിരുവെഴുത്തുകൾ പരാമർശിച്ചില്ല. മറിച്ച് അവർക്ക് അറിയാവുന്നതും അവർ അംഗീകരിച്ചിരുന്നതുമായ കാര്യങ്ങളാണ് അവൻ പറഞ്ഞുതുടങ്ങിയത്. സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുംവിധം അവൻ യുക്തിസഹമായി ന്യായവാദം നടത്തുകയും ചെയ്തു.—പ്രവൃ. 17:22-31.
സമാനമായി, വീട്ടുകാരനു താത്പര്യമുള്ള ഒരു വിഷയത്തോടു ബന്ധപ്പെട്ട് സംഭാഷണമാരംഭിക്കാൻ ശ്രമിക്കുക. അതേത്തുടർന്ന് നയപൂർവം രാജ്യസന്ദേശത്തിലേക്കു കടക്കുക. നിങ്ങളുടെ സന്ദേശം ആത്മീയസ്വഭാവമുള്ളതാണെന്നു സൂചിപ്പിക്കുന്ന, ‘ദൈവം,’ ‘സ്രഷ്ടാവ്’ എന്നിങ്ങനെയുള്ള പദങ്ങൾ ആദ്യമായി പരാമർശിക്കുമ്പോൾ വീട്ടുകാരൻ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നു ശ്രദ്ധിക്കുക. ഒരു ആത്മീയ വിഷയത്തെക്കുറിച്ചു ചർച്ചചെയ്യാൻ അദ്ദേഹത്തിനു താത്പര്യമുള്ളതായി തോന്നുന്നപക്ഷം സംഭാഷണവിഷയവുമായി ബന്ധപ്പെട്ട ഒരു വാക്യം ബൈബിളിൽനിന്നു കാണിക്കുന്നതിൽ വിരോധമുണ്ടോയെന്നു ചോദിക്കാവുന്നതാണ്. എന്നാൽ “ബൈബിൾ” എന്ന പരാമർശം മാനസികമായ ഒരു അകൽച്ച സൃഷ്ടിക്കുമെന്നു നിങ്ങൾക്കു തോന്നിയാൽ “തിരുവെഴുത്തുകൾ” എന്നോ “ഒരു പുരാതന ഗ്രന്ഥം” എന്നോ പറയാവുന്നതാണ്. അല്ലെങ്കിൽ ഒരു തിരുവെഴുത്ത് സ്വന്തം വാക്കുകളിൽ പറയാനാകും. എന്തു പറയരുതെന്നു തിരിച്ചറിയുന്നതും നയമുള്ളവരായിരിക്കുന്നതിൽ ഉൾപ്പെടുന്നു. (യോഹ. 16:12) അതേസമയം വീട്ടുകാരന് ബൈബിളിനോട് ആദരവും ശ്രദ്ധിക്കാൻ മനസ്സൊരുക്കവും ഉണ്ടെന്നു വ്യക്തമാകുന്നപക്ഷം ബൈബിളിൽനിന്നു വായിക്കാൻ അമാന്തിക്കരുത്.—യോഹ. 10:27.
പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തുകയും സമർപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ചെന്ത്? താത്പര്യം ഉണർത്താനും ദൈവരാജ്യത്തെക്കുറിച്ചുള്ള പരിജ്ഞാനം പകർന്നുകൊടുക്കാനും പര്യാപ്തമായ, ഫലപ്രദവും കാലാതിവർത്തിയുമായ ഉപാധികളാണ് നമ്മുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ. പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നത് മറ്റുള്ളവരെ മതംമാറ്റാനുള്ള ഫലകരമായ ഒരു തന്ത്രമാണെന്നു ചിലർ തെറ്റിദ്ധരിച്ചേക്കാമെന്നതിനാൽ ഇക്കാര്യത്തിലും നാം വിവേകം പ്രകടമാക്കേണ്ടതുണ്ട്. നമ്മുടെ പ്രസിദ്ധീകരണങ്ങൾ യഥാർഥത്തിൽ വിലമതിക്കുകയും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് അവ നൽകാനാണു നാമാഗ്രഹിക്കുന്നത്. അതുകൊണ്ട് ബൈബിളും പ്രസിദ്ധീകരണങ്ങളും ശുശ്രൂഷയിൽ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ കഴിയേണ്ടതിന് വീട്ടുകാരന്റെ മനോഗതി വിവേചിച്ചറിയാൻ നാം ശ്രദ്ധയുള്ളവരായിരിക്കേണ്ടത് അനിവാര്യമാണ്.—സദൃ. 1:5, 7.