ചോദ്യപ്പെട്ടി
◼ സഭയെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ വ്യക്തികളുടെയും മറ്റും ഉപയോഗിച്ച സാധനങ്ങൾ ഏറ്റെടുത്തു വിൽക്കുന്നതുപോലുള്ള ധനസമാഹരണ പരിപാടികൾ സഭ സംഘടിപ്പിക്കുന്നത് ഉചിതമാണോ?
ധനസമാഹരണാർഥം മതസംഘടനകൾ വിരുന്നുകളും വിൽപ്പനകളും ആഘോഷപരിപാടികളും മറ്റും ഏറ്റെടുത്തു നടത്തുന്നതു സാധാരണമാണ്. ഇതിന്റെ പിന്നിലെ ലക്ഷ്യം നല്ലതാണെന്നു ചിലർ വിചാരിച്ചേക്കാമെങ്കിലും, വാസ്തവത്തിൽ ഇതെല്ലാം ഒരുതരത്തിലുള്ള പണാഭ്യർഥനകളാണ്. യഹോവയുടെ സാക്ഷികൾ ഇത്തരത്തിൽ സാമ്പത്തിക പിന്തുണ തേടാറില്ല.
പള്ളികളിലുള്ളതുപോലെ നാം പണാഭ്യർഥന നടത്തുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ട് 1879 ആഗസ്റ്റിൽ, വീക്ഷാഗോപുരത്തിന്റെ രണ്ടാം ലക്കം ഇങ്ങനെ പറഞ്ഞു: “‘സീയോന്റെ വീക്ഷാഗോപുര’ത്തിന് യഹോവ അതിന്റെ പിന്തുണക്കാരനായുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു, വാസ്തവം ഇതാകയാൽ സഹായത്തിനുവേണ്ടി അത് ഒരിക്കലും മനുഷ്യരോടു യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല. ‘പർവതങ്ങളിലെ സ്വർണവും വെള്ളിയും എല്ലാം എന്റേതാകുന്നു’ എന്നു പറയുന്നവൻ ആവശ്യത്തിനുള്ള പണം നൽകുന്നില്ലെങ്കിൽ പ്രസിദ്ധീകരണം നിറുത്താനുളള സമയമായി എന്നു ഞങ്ങൾ മനസ്സിലാക്കും.”
“അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്ന തിരുവെഴുത്തു തത്ത്വം നാം പിൻപറ്റുന്നതിൽ തുടരുന്നു. (2 കൊരി. 9:7) സംഭാവനകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യുന്നതിനുവേണ്ടി രാജ്യഹാളുകളിൽ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. (2 രാജാ. 12:9) എന്നാൽ സംഭാവനകൾക്കായി നാം അഭ്യർഥിക്കാറില്ല, എന്തെങ്കിലും പ്രയോജനം ലഭിക്കും എന്ന ലക്ഷ്യത്തിൽ അതു കൊടുക്കാറുമില്ല.