ആദ്യസ്നേഹം വിട്ടുകളയരുത്
1 “നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു” എന്നു പറഞ്ഞുകൊണ്ട് മഹത്ത്വീകരിക്കപ്പെട്ട യേശു ഒന്നാം നൂറ്റാണ്ടിലെ എഫെസൊസ് സഭയെ ഗുണദോഷിച്ചു. (വെളി. 2:4) യഹോവയോടുള്ള പലരുടെയും ആദ്യസ്നേഹം തണുത്തു പോയിരുന്നുവെന്നത് ഉറപ്പാണ്. സത്യം പഠിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവത്തോടും അയൽക്കാരോടും ആഴമായ സ്നേഹം നാം വളർത്തിയെടുക്കുകയുണ്ടായി. പുതുതായി ലഭിച്ച പ്രത്യാശ ശുഷ്കാന്തിയോടെ പങ്കുവെക്കാൻ അതു നമ്മെ പ്രേരിപ്പിച്ചു. ദൈവത്തോടുള്ള ആദ്യസ്നേഹം തണുത്തുപോകാതെയും ശുശ്രൂഷയിൽ മന്ദീഭവിക്കാതെയുമിരിക്കാൻ നമ്മെ എന്തിനു സഹായിക്കാനാകും?
2 വ്യക്തിപരമായ പഠനവും യോഗങ്ങളിലെ ഹാജരും: സത്യം പഠിച്ചുതുടങ്ങിയപ്പോൾ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം വളർത്തിയെടുക്കാൻ നമ്മെ സഹായിച്ചത് എന്താണ്? തിരുവെഴുത്തുകളിൽനിന്നു യഹോവയെക്കുറിച്ചു പഠിച്ചതെല്ലാമല്ലേ നമ്മെ അതിനു സഹായിച്ചത്? (1 യോഹ. 4:16, 19) അതുകൊണ്ട് നമ്മുടെ സ്നേഹം “മേല്ക്കുമേൽ . . . വർദ്ധിച്ചു”വരാൻ ‘ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങളിലേക്കു’ കുഴിച്ചിറങ്ങിക്കൊണ്ട് സൂക്ഷ്മപരിജ്ഞാനം നേടുന്നതിൽ നാം തുടരണം.—ഫിലി. 1:9-11; 1 കൊരി. 2:10, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
3 ആകുലതകളും ശ്രദ്ധാശൈഥില്യങ്ങളും നിറഞ്ഞ ഈ അന്ത്യകാലത്ത് വ്യക്തിപരമായ നല്ല പഠനശീലം നിലനിറുത്തുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നേക്കാം. (2 തിമൊ. 3:1) എന്നാൽ ആത്മീയ ആഹാരം ഭക്ഷിക്കുന്നതിനു നാം സമയം മാറ്റിവെച്ചേ മതിയാകൂ. യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതും അതിപ്രധാനമാണ്, വിശേഷിച്ചും ‘നാൾ സമീപിക്കുന്നു എന്നു കാണുമ്പോൾ.’—എബ്രാ. 10:24, 25.
4 ശുശ്രൂഷ: ദൈവത്തോടുള്ള ആദ്യസ്നേഹം നിലനിറുത്താൻ തീക്ഷ്ണതയോടെയുള്ള ശുശ്രൂഷ നമ്മെ സഹായിക്കും. നാം സുവാർത്ത പ്രസംഗിക്കവേ, യഹോവയുടെ സ്നേഹനിർഭരമായ വാഗ്ദാനങ്ങളെക്കുറിച്ചു നാം നമ്മെത്തന്നെ ഓർമിപ്പിക്കുന്നു, അത് പ്രത്യാശയും സ്നേഹവും സജീവമാക്കി നിറുത്താൻ നമ്മെ സഹായിക്കും. ബൈബിൾ സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കണമെങ്കിൽ ഗവേഷണത്തിലൂടെ നാംതന്നെ അവയെക്കുറിച്ചു നല്ല അറിവു സമ്പാദിക്കണം. അത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യും.—1 തിമൊ. 4:15, 16.
5 നമ്മുടെ സ്നേഹം ഉൾപ്പെടെ, എല്ലാം യഹോവയ്ക്ക് അവകാശപ്പെട്ടതാണ്. (വെളി. 4:11) ആ സ്നേഹം തണുത്തുപോകാൻ നാം അനുവദിക്കരുത്. ഉത്സാഹത്തോടെയുള്ള വ്യക്തിപരമായ പഠനം ക്രമമായ യോഗഹാജർ എന്നിവയിലൂടെയും നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് ശുഷ്കാന്തിയോടെ മറ്റുള്ളവരോടു പറയുന്നതിലൂടെയും ആദ്യസ്നേഹം വിട്ടുകളയാതെ സൂക്ഷിക്കാൻ കഴിയും.—റോമ. 10:10.