ബ്രാഞ്ചിൽനിന്നുള്ള കത്ത്
പ്രിയ രാജ്യ പ്രസാധകരേ,
തമിഴ്നാട്ടിൽ നമ്മുടെ വേലയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതിൽ ഇന്ത്യയിലെങ്ങുമുള്ള സഹോദരങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾ അവിടെയുള്ള സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരിശീലന കാലഘട്ടമായിരുന്നു. വയൽശുശ്രൂഷയോടുള്ള ബന്ധത്തിലും അധികാരികളെ നേരിൽ കാണുന്നതിലും ഉചിതമായ സമീപനം കൈക്കൊള്ളാൻ അവർ പഠിച്ചിരിക്കുന്നു. (1 പത്രൊ. 3:15) തീക്ഷ്ണതയും വിവേചനയും സമനിലയിൽ നിറുത്തുകയും യാന്ത്രികമായ ഒരു വിധത്തിലല്ലാതെ ബോധ്യം വരുത്തുന്ന ന്യായവാദങ്ങൾ ഉപയോഗിച്ചുകൊണ്ട് സുവാർത്ത അവതരിപ്പിക്കുകയും ചെയ്യുമ്പോൾ സുവിശേഷ വേലയിൽ നല്ല ഫലങ്ങൾ ലഭിക്കുന്നു.—സദൃ. 16:21, 23.
മറ്റു രാജ്യങ്ങളിലും നമ്മുടെ സഹോദരങ്ങൾ വർധിച്ച പ്രവർത്തനത്തിനായി തയ്യാറെടുക്കുകയാണ്. ഐക്യനാടുകളിലെ വാൾക്കിൽ അച്ചടിശാലയിൽ, മണിക്കൂറിൽ 90,000 മാസികകൾ വീതം അച്ചടിക്കുന്ന രണ്ടു പ്രസ്സുകളോടൊപ്പം, മിനിട്ടിൽ 120 പുസ്തകങ്ങൾക്കു കട്ടിബയൻഡിടുന്ന ഒരു പുതിയ മെഷീനും സ്ഥാപിച്ചിരിക്കുന്നു. അച്ചടിശാല വാൾക്കിലിലേക്കു മാറ്റി സ്ഥാപിച്ചതിനാൽ, ബ്രുക്ലിനിലെ 360 ഫർമാൻ സ്ട്രീറ്റിലുള്ള കെട്ടിടം വിൽക്കാൻ സാധിച്ചു.
സ്മാരകകാലത്ത് ഇന്ത്യയിലെ സഹോദരങ്ങൾ തീക്ഷ്ണതയോടെ പ്രവർത്തിച്ചു. ഏപ്രിലിൽ മൊത്തം 2,368 പേരാണ് സഹായ പയനിയർമാരായി സേവിച്ചത്. ബൈബിളധ്യയനങ്ങളുടെ പുതിയ അത്യുച്ചം 18,114 ആയിരുന്നു. 61,538 പേർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിൽ സംബന്ധിച്ചു.
ഇന്ത്യയിൽ ഒക്ടോബറിൽ ആരംഭിക്കുന്ന “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷനായും ശുശ്രൂഷാ പരിശീലന സ്കൂളിന്റെ ആറാമത്തെ ക്ലാസ്സിനായും നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2005 സേവന വർഷം ആരംഭിക്കവേ, “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ച” അളവിൽ പ്രവർത്തിക്കുന്നതിൽ നിങ്ങളോടൊപ്പം ഞങ്ങളും ആനന്ദിക്കുന്നു.—1 കൊരി. 15:58.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ച് ഓഫീസ്, ഇന്ത്യ