പരിജ്ഞാനം പുസ്തകത്തിലേക്കു നയിക്കുന്ന ബൈബിൾ ചർച്ചകൾക്കുള്ള നിർദേശങ്ങൾ
1. യുദ്ധങ്ങളും പ്രക്ഷുബ്ധമായ ലോകാവസ്ഥകളും:
“[ഏറ്റവും പുതിയ വാർത്തകൾ പരാമർശിക്കുക.] എത്ര ശ്രേഷ്ഠമായ ലക്ഷ്യങ്ങളോടു കൂടിയവ ആണെങ്കിലും, യുദ്ധത്തെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ, ഇങ്ങനെ പോയാൽ ലോകത്തിൽ എന്നെങ്കിലും സമാധാനം ഉണ്ടാകുമോ അതോ സംഗതികൾ ഇനിയും വഷളാവുകയേ ഉള്ളോ എന്നു നാം ചിന്തിച്ചു പോകുന്നു. യുദ്ധമില്ലാത്ത ഒരു ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നതിനു സംശയമില്ല. എന്നാൽ അതു കൈവരുത്താൻ മനുഷ്യനു സാധിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധാപൂർവം കേൾക്കുക. തുടർന്ന് സങ്കീർത്തനം 46:8, 9 അല്ലെങ്കിൽ മീഖാ 4:2-4 വായിക്കുക, ദൈവത്തിന്റെ ഇടപെടൽ അനിവാര്യമാണ് എന്ന് ചൂണ്ടിക്കാട്ടുക. പരിജ്ഞാനം പുസ്തകത്തിലേക്കു തിരിഞ്ഞ് 98-ാം പേജിലെ 1, 2 ഖണ്ഡികകളും 99-ാം പേജിലെ 5-ാം ഖണ്ഡികയും ചർച്ച ചെയ്യുക.
2. കുറ്റകൃത്യവും ദാരുണമായ അപകടങ്ങളും:
“താങ്കൾ ____________________ [നടന്ന ഏതെങ്കിലും ഒരു സംഭവം പറയുക] കുറിച്ചുള്ള വാർത്തകൾ കേട്ടുകാണും. അത് വളരെ ദാരുണമായ ഒരു സംഭവമായിപ്പോയി, അല്ലേ? നമുക്കു ചുറ്റും കാണുന്ന അല്ലെങ്കിൽ നാംതന്നെ അനുഭവിക്കുന്ന യാതനകൾ സംബന്ധിച്ച് ദൈവം ചിന്തയുള്ളവനാണോ എന്നതിനെ കുറിച്ച് താങ്കൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ബൈബിളിൽ കാണാൻ കഴിയും.” സങ്കീർത്തനം 72:12-17-ൽ നിന്ന് അനുയോജ്യമായ ഏതാനും ഭാഗങ്ങൾ നിങ്ങൾക്കു വായിക്കാൻ കഴിയും. എന്നിട്ട്, പരിജ്ഞാനം പുസ്തകത്തിന്റെ 70-ാം പേജിലേക്കു തുറന്ന്, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം നൽകുന്നു എന്ന് ചൂണ്ടിക്കാണിക്കുക. തുടർന്ന് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “ബൈബിളിൽനിന്നുള്ള ഉത്തരം യഥാർഥത്തിൽ ആശ്വാസദായകമാണ്. അതുകൊണ്ട് ഈ പുസ്തകം താങ്കൾക്കു തന്നിട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നു, നൽകിയിരിക്കുന്ന ഉത്തരം താങ്കൾ തന്നെ പരിശോധിച്ചു നോക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്.”
3. മരിച്ചവരുടെ അവസ്ഥ:
“രോഗം നിമിത്തം ദിവസവും ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. ഒരു കുടുംബാംഗമോ അടുത്ത ബന്ധുവോ മരിക്കുമ്പോഴുള്ള ദുഃഖം ഒരുപക്ഷേ താങ്കൾ അനുഭവിച്ചിട്ടുണ്ടാവും. വർഷങ്ങൾക്കു ശേഷം പോലും നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ നാം ദുഃഖിച്ചേക്കാം.” (1) വീട്ടുകാരൻ തന്റെ അനുഭവത്തെ കുറിച്ചു പറയുന്നെങ്കിൽ ശ്രദ്ധാപൂർവം അതു കേട്ടതിനു ശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്, “എന്നെ ആശ്വസിപ്പിച്ച ചില വാക്കുകൾ ഞാൻ കാണിക്കാം.” ലൂക്കൊസ് 20:38 അല്ലെങ്കിൽ 1 തെസ്സലൊനീക്യർ 4:13 കാണിച്ചിട്ട് ഇങ്ങനെ ചോദിക്കുക, “മനുഷ്യൻ വൃദ്ധനാകുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ താങ്കൾ ആഗ്രഹിക്കുന്നോ?” പരിജ്ഞാനം പുസ്തകത്തിന്റെ 53-ാം പേജിലെ 1-3 ഖണ്ഡികകളിലേക്ക് വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുക. (2) വീട്ടുകാരൻ തന്റെ അനുഭവത്തെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം, “മരിച്ചവർ പറുദീസയിൽ പ്രവേശിക്കുന്നു അല്ലെങ്കിൽ സ്വർഗത്തിൽ പോകുന്നു എന്നൊക്കെ ചില ആളുകൾ പറയാറുണ്ട്, എന്നാൽ മറ്റുചിലർ പറയുന്നത് അവർ പൊടിയിലേക്കു മടങ്ങുന്നു എന്നാണ്. താങ്കൾക്ക് എന്തു തോന്നുന്നു?” തുടർന്ന് സഭാപ്രസംഗി 9:5, 10 വായിച്ചിട്ട് പരിജ്ഞാനം പുസ്തകത്തിന്റെ 83-ാം പേജിലെ 9, 10 ഖണ്ഡികകളിലേക്കു ശ്രദ്ധ തിരിക്കുക.
4. ക്രിയാത്മക വീക്ഷണം ഉണ്ടായിരിക്കുന്നതിന്റെ മൂല്യം:
“ഇന്ന് അനേകം ആളുകൾ വിഷാദത്തിന് അടിമകളാണ്. കാര്യങ്ങളെ നിഷേധാത്മകമായി വീക്ഷിക്കുന്നതിന് അവർ പ്രവണത കാണിച്ചേക്കാം. ഈ പ്രശ്നത്തിൽ അവരെ സഹായിക്കാൻ എന്തിനു കഴിയും, താങ്കൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിലെ ഈ തിരുവെഴുത്ത് വളരെ സഹായകമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു.” മത്തായി 6:34 വായിച്ച ശേഷം പരിജ്ഞാനം പുസ്തകത്തിന്റെ 16-ാം പേജിലെ 13-ാം ഖണ്ഡികയിൽ കാണുന്ന, ഒരു വിദ്യാഭ്യാസപ്രവർത്തകന്റെ അഭിപ്രായപ്രകടനം വായിക്കുക. ഗിരിപ്രഭാഷണത്തിലെ ഏതാനും ഉപദേശങ്ങളും നിങ്ങൾക്കു ചർച്ച ചെയ്യാവുന്നതാണ്.
5. കുടുംബാംഗങ്ങൾക്കിടയിലെ നല്ല ആശയവിനിമയം:
“ജോലിസ്ഥലത്തും വിദ്യാലയങ്ങളിലും സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വർധിക്കുകയാണ്. തന്നിമിത്തം, കുടുംബാംഗങ്ങൾക്ക് പ്രോത്സാഹനത്തിന്റെ ആവശ്യം ഉണ്ടായിരുന്നേക്കാം. എന്നിരുന്നാലും, നമ്മൾതന്നെ വർധിച്ച സമ്മർദത്തെ നേരിടുകയായിരിക്കാം എന്നതുകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് ചിലപ്പോഴൊക്കെ നാം മനഃപൂർവം ശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം. കുടുംബാംഗങ്ങളോട് നാം എന്തു പറയുന്നു എന്നത് പ്രധാനമാണെങ്കിലും നാം മനസ്സിൽ പിടിക്കേണ്ട അതിലും പ്രാധാന്യമുള്ള മറ്റൊരു സംഗതി ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. [സദൃശവാക്യങ്ങൾ 16:23, 24 വായിക്കുക.] വിജയപ്രദമായ ആശയവിനിമയത്തിനുള്ള താക്കോൽ ഹൃദയമാണ്, വായല്ല എന്ന് ഈ തിരുവെഴുത്തു പറയുന്നു.” പരിജ്ഞാനം പുസ്തകത്തിന്റെ 143-ാം പേജിലെ 9-ാം ഖണ്ഡികയിലേക്കു തുറന്ന് അന്യോന്യം കരുതൽ പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുക. കൂടാതെ, നല്ല ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാവുന്നതിന്റെ കാരണം സംബന്ധിച്ച് 7-ാം ഖണ്ഡികയിൽനിന്നു ചർച്ച ചെയ്യാനും കഴിയും.
6. മക്കളോടുള്ള ഇടപെടലിൽ ന്യായബോധം പ്രകടമാക്കൽ:
“കുട്ടികൾക്ക് ഒരുപാട് സമ്മർദം നേരിടേണ്ടിവരുന്നു എന്ന വസ്തുത സംബന്ധിച്ച് അടുത്ത കാലത്തായി നാം കൂടുതൽ ബോധവാന്മാരായിരിക്കുന്നു. പല കുട്ടികളും നല്ല ചുറ്റുപാടുകളിലാണ് വളർത്തപ്പെടുന്നത് എന്നതിനാൽ ഈ പ്രശ്നത്തിന്റെ കാരണം എന്തായിരിക്കും എന്നാണ് താങ്കൾക്കു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ വാക്കുകളെ കുറിച്ച് താങ്കൾ എന്തു വിചാരിക്കുന്നു? [കൊലൊസ്സ്യർ 3:21 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] കേൾക്കുമ്പോൾ എളുപ്പമാണെന്നു തോന്നിയേക്കാമെങ്കിലും, ചില നിയമങ്ങളുടെ ആവശ്യകത മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക വാസ്തവത്തിൽ ബുദ്ധിമുട്ടുതന്നെയാണ് എന്നതിനോടു താങ്കളും യോജിച്ചേക്കും.” പരിജ്ഞാനം പുസ്തകത്തിന്റെ 136-ാം പേജിലേക്കു തുറന്ന് 17-ാം ഖണ്ഡികയുടെ ആദ്യ വാചകം വായിക്കുക. 17, 18 ഖണ്ഡികകളിൽനിന്നുള്ള ആശയങ്ങൾ ചർച്ച ചെയ്യുക.