ദൈവത്തിന്റെ കരുണയ്ക്കുള്ള നന്ദി
1 ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിനു മുമ്പ്, ക്രിസ്ത്യാനിത്വത്തിന്റെ പ്രചരണത്തെ അതിശക്തമായി എതിർത്തിരുന്ന ഒരുവനായിരുന്നു അപ്പൊസ്തലനായ പൗലൊസ്. എന്നിരുന്നാലും, അവൻ അപ്രകാരം പ്രവർത്തിച്ചത് അജ്ഞത നിമിത്തം ആയിരുന്നതിനാൽ, അവനു കരുണ ലഭിച്ചു. യഹോവ അനർഹദയ പ്രകടമാക്കുകയും പൗലൊസിന് പ്രസംഗിക്കാനുള്ള നിയമനം നൽകുകയും ചെയ്തു. പൗലൊസ് ആ നിയമനത്തെ അമൂല്യമായി കരുതി. (പ്രവൃ. 26:9-18; 1 തിമൊ. 1:12-14) യഹോവ തന്നോടു കാണിച്ച കരുണയ്ക്കുള്ള നന്ദി, ശുശ്രൂഷയ്ക്കായി തന്നെത്തന്നെ ഉഴിഞ്ഞുവെക്കാൻ പൗലൊസിനെ പ്രേരിപ്പിച്ചു.—2 കൊരി. 12:15.
2 ദൈവം തന്റെ കരുണയാൽ നമുക്കും ഒരു ശുശ്രൂഷ നൽകിയിരിക്കുന്നു. (2 കൊരി. 4:1) പൗലൊസിനെ പോലെ, ആത്മീയമായി പുരോഗമിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് തീവ്രശ്രമം ചെയ്തുകൊണ്ട് നമ്മോടു കാണിച്ചിരിക്കുന്ന ഈ കരുണയ്ക്കുള്ള നന്ദി നമുക്കു പ്രകടമാക്കാം. അതിനുള്ള ഒരു മാർഗം ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും അവ തുടർന്നു നടത്തുകയും ചെയ്യുന്നതാണ്.
3 ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ: ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുള്ള ഒരു മാർഗം, ഒരു മാസികാറൂട്ട് സ്ഥാപിക്കുകയാണ്. നമ്മുടെ മാസികാറൂട്ടിലുള്ളവരെ ക്രമമായി സന്ദർശിക്കവേ, അവരുടെ താത്പര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കു നന്നായി മനസ്സിലാകും. കാലാന്തരത്തിൽ, മാസികകളിലെ ഏതെങ്കിലും ഒരു ലേഖനം ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങാനുള്ള ചവിട്ടുപടിയായി വർത്തിച്ചേക്കാം. പിന്നീട് വീട്ടുകാരന് മാസികകൾ നൽകാനായി നാം സന്ദർശനങ്ങൾ നടത്തുമ്പോൾ ആവശ്യം ലഘുപത്രികയിൽനിന്നുള്ള ചർച്ചകൾ തുടരാൻ കഴിഞ്ഞേക്കും.
4 പ്രാർഥനാപൂർവകമായ ശ്രമം ആവശ്യം: പ്രാർഥനയും അതോടൊപ്പമുള്ള ഉത്സാഹത്തോടുകൂടിയ ശ്രമവും നമ്മുടെ പ്രസംഗവേലയെ ഊർജിതപ്പെടുത്തും. ഒരു ബൈബിളധ്യയനം മാത്രം ഉണ്ടായിരുന്ന ഒരു പയനിയർ സഹോദരി കൂടുതൽ ബൈബിളധ്യയനങ്ങൾ നൽകി തന്നെ അനുഗ്രഹിക്കണമെന്ന് യഹോവയോടു പ്രാർഥിച്ചു. പ്രാർഥനയ്ക്കു ചേർച്ചയിൽ അവൾ അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. അവൾ തന്റെ ശുശ്രൂഷയെ വിലയിരുത്തി, മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ താൻ ബൈബിളധ്യയനങ്ങൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് അവൾ മനസ്സിലാക്കി. എന്നാൽ അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ താമസിയാതെ അവൾക്ക് രണ്ട് അധ്യയനങ്ങൾ കൂടെ ലഭിച്ചു.
5 ‘ദൈവകൃപയുടെ സുവിശേഷം’ ഘോഷിക്കുക എന്ന എത്ര മഹത്തായ പദവിയാണ് നമുക്കുള്ളത്! (പ്രവൃ. 20:24) ദൈവത്തിന്റെ കരുണയ്ക്കുള്ള നന്ദി, യഹോവയുടെ അനർഹദയയിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഉത്സാഹം ഉള്ളവരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുമാറാകട്ടെ.