സുവാർത്ത ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു
1 ദൈവത്തിന്റെ സുവാർത്ത ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ നമുക്ക് എത്ര വലിയ പദവിയാണുള്ളത്! (1 തെസ്സ. 2:4) ചിലർ ഈ ശക്തമായ സന്ദേശത്തിനുനേരെ പുറം തിരിച്ചേക്കാമെങ്കിലും, ഹൃദ്യമായ പരിമളത്തിലേക്ക് എന്നപോലെ പരമാർഥഹൃദയരായ ആളുകൾ അതിലേക്ക് ആകർഷിക്കപ്പെടുന്നു. (2 കൊരി. 2:14-16) സുവാർത്ത കേട്ട് അനുസരിക്കുന്നവർക്ക് അത് രക്ഷയെ അർഥമാക്കുന്നു. (റോമ. 1:16) സുവാർത്ത ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ നാം എന്തു ചെയ്യണം?
2 യേശുവും അപ്പൊസ്തലന്മാരും: യേശു സുവാർത്താ ഘോഷണത്തെ ജീവിതത്തിൽ ഒന്നാമതു വെച്ചു. (ലൂക്കൊ. 4:18, 43) ക്ഷീണിച്ചും വിശന്നും ഇരുന്നപ്പോൾപ്പോലും സുവാർത്ത പങ്കുവെക്കാൻ ആളുകളോടുള്ള സ്നേഹവും സന്ദേശത്തോടുള്ള വിലമതിപ്പും അവനെ പ്രചോദിപ്പിച്ചു. (മർക്കൊ. 6:30-34) തന്റെ വാക്കിനാലും പ്രവൃത്തിയാലും അവൻ ശിഷ്യന്മാരുടെ മനസ്സിൽ രാജ്യ പ്രസംഗ വേലയുടെ പ്രാധാന്യം ആഴത്തിൽ പതിപ്പിച്ചു.—മത്താ. 28:18-20; മർക്കൊ. 13:10.
3 യേശുവിനെ അനുകരിച്ചുകൊണ്ട് അപ്പൊസ്തലന്മാരും സതീക്ഷ്ണം രാജ്യസന്ദേശം ഘോഷിച്ചു. അവരെ അടിച്ചിട്ട് പ്രസംഗ പ്രവർത്തനം നിറുത്താൻ കൽപ്പിച്ചപ്പോൾ പോലും ‘അവർ വിടാതെ ഉപദേശിക്കയും സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.’ (പ്രവൃ. 5:40-42) അപ്പൊസ്തലനായ പൗലൊസ് ഈ വേലയിൽ അക്ഷീണം പ്രയത്നിച്ചു. (1 കൊരി. 15:9, 10; കൊലൊ. 1:29) സുവാർത്ത പങ്കുവെക്കാനുള്ള പദവിയെ സഹമനുഷ്യരോടു തനിക്കുള്ള ഒരു കടത്തോടാണ് അവൻ ഉപമിച്ചത്. അതു നിറവേറ്റാനായി തന്റെ വ്യക്തിപരമായ സൗകര്യങ്ങൾ വേണ്ടെന്നു വെക്കാൻ അവൻ സന്നദ്ധനായിരുന്നു.—പ്രവൃ. 20:24; റോമ. 1:14-16.
4 ഇന്നത്തെ നമ്മുടെ പദവി: നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന പാവന നിയോഗത്തോടുള്ള വിലമതിപ്പ്, പ്രസംഗവേലയിൽ നമ്മുടെ പങ്ക് വർധിപ്പിക്കാനുള്ള വഴികൾ തേടാൻ നമ്മെ പ്രചോദിപ്പിക്കും. (റോമ. 15:15) വീൽച്ചെയറിൽ കഴിഞ്ഞുകൂടിയിരുന്ന എഡ്വാർഡ് ഒരു ഹോട്ടലിന്റെ കവാടത്തിൽ ഇരുന്ന്, അവിടെ താമസിക്കുന്നവരോട് തന്റെ വിശ്വാസത്തെപ്പറ്റി സംസാരിക്കുമായിരുന്നു. എന്നിരുന്നാലും, കൂടുതൽ ചെയ്യാനുള്ള ആഗ്രഹം നിമിത്തം ഒരു പിക്ക്-അപ് ട്രക്കിൽ പ്രത്യേക കാബിൻ നിർമിച്ച് അതിൽ ആയിരക്കണക്കിന് കിലോമീറ്റർ യാത്രചെയ്ത് വർഷങ്ങളോളം അദ്ദേഹം പയനിയറിങ് ചെയ്തു. ഇന്ന് അനേകം ആളുകൾ സുവാർത്ത പ്രചരിപ്പിക്കുന്നതിൽ തങ്ങളുടെ പങ്ക് വർധിപ്പിക്കാനായി എഡ്വാർഡിനെപ്പോലെ തങ്ങളുടെ സാഹചര്യങ്ങൾക്ക് പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.
5 യേശുവിനെയും അപ്പൊസ്തലന്മാരെയും അനുകരിച്ചുകൊണ്ട് നമുക്കും പ്രസംഗവേലയ്ക്ക് ജീവിതത്തിൽ എല്ലായ്പോഴും ഒന്നാം സ്ഥാനം നൽകാം. അങ്ങനെ ചെയ്യുമ്പോൾ, ആളുകളോടുള്ള നമ്മുടെ സ്നേഹവും നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന സുവാർത്തയോടുള്ള വിലമതിപ്പും നാം പ്രകടമാക്കുകയായിരിക്കും.