ആത്മീയമായി ശക്തമായ കുടുംബങ്ങൾ—എങ്ങനെ?
1 ‘സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുന്നതിനെ’ പ്രതി ക്രിസ്തീയ കുടുംബങ്ങൾ പ്രശംസ അർഹിക്കുന്നു. (1 തിമൊ. 5:4) എന്നാൽ, നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്തിയേക്കാവുന്ന മോശമായ ധാരാളം സ്വാധീനങ്ങൾ നമുക്കു ചുറ്റും ഉള്ളതിനാൽ ആത്മീയമായി ബലിഷ്ഠമായി നിലകൊള്ളാൻ കുടുംബങ്ങൾ കഠിനശ്രമം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അത് എങ്ങനെ സാധിക്കും?
2 ക്രിസ്തുസമാന ശിരഃസ്ഥാനം പ്രയോഗിക്കുക: തങ്ങളുടെ കുടുംബങ്ങളെ ബലപ്പെടുത്താനുള്ള ഉത്തരവാദിത്വം വഹിക്കുന്ന കുടുംബത്തലവന്മാർ അതു ചെയ്യുന്നതിൽ യേശുവിനെ അനുകരിക്കേണ്ടതുണ്ട്. തന്റെ ബലിമരണത്തിലൂടെ യേശു ഒരിക്കലായി നമ്മോടു സ്നേഹം പ്രകടിപ്പിച്ചതിനെക്കാൾ ഉപരി അവൻ ക്രിസ്തീയ സഭയെ തുടർച്ചയായി ‘പോറ്റിപ്പുലർത്തി’ക്കൊണ്ടിരിക്കുന്നു. (എഫെ. 5:25-29) തങ്ങളുടെ കുടുംബത്തിന്റെ ദൈനംദിന ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ കൊടുത്തുകൊണ്ട് സ്നേഹമുള്ള മാതാപിതാക്കൾ ആർദ്രപരിപാലനത്തിന്റെ ഈ മാതൃക പിൻപറ്റുന്നു. അതിൽ, ആഴ്ചതോറും ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതും സാധ്യമാകുമ്പോഴൊക്കെ പ്രയോജനപ്രദമായ ആത്മീയ ചർച്ചകൾ നടത്തുന്നതും പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ അവ പരിഹരിക്കുന്നതും ഉൾപ്പെടുന്നു.—ആവ. 6:6, 7.
3 വയൽ ശുശ്രൂഷയിൽ: യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു സാക്ഷീകരിക്കുന്നത് തങ്ങളുടെ ആരാധനയുടെ പ്രമുഖ വശമാണെന്ന കാര്യം എല്ലാ കുടുംബാംഗങ്ങളും മനസ്സിലാക്കണം. (യെശ. 43:10-12) നിങ്ങളുടെ മക്കൾ യഹോവയുടെ വിശ്വസ്ത സാക്ഷികളായിരിക്കാൻ മാതാപിതാക്കളായ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വളരെ നേരത്തേതന്നെ നിങ്ങൾ അവരുടെ ഹൃദയത്തെ ശുശ്രൂഷയ്ക്കായി ഒരുക്കിത്തുടങ്ങണം. സേവനത്തിൽ ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെയും അതിൽ വാരംതോറും ഏർപ്പെടേണ്ടതിന്റെയും കാരണങ്ങൾ ചർച്ച ചെയ്യുക. (മത്താ. 22:37-39) തുടർന്ന്, അവർക്കു നിങ്ങളോടൊപ്പം വയൽ ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക.
4 വാരംതോറുമുള്ള കുടുംബ അധ്യയന വേളകളിൽ, ഫലകരമായ അവതരണങ്ങൾ തയ്യാറാകാനും പരിശീലിക്കാനുമായി സമയം മാറ്റിവെച്ചുകൊണ്ട് പ്രസംഗവേലയോടുള്ള വിലമതിപ്പു വർധിപ്പിക്കുക. ശുശ്രൂഷയിൽ നിങ്ങളുടെ കുട്ടികൾക്കു വ്യക്തിഗതമായ സഹായം നൽകുക. അങ്ങനെ, അവരുടെ പ്രായത്തിനും കഴിവിനും അനുസൃതമായ പുരോഗതി വരുത്താൻ അവരെ സഹായിക്കുക. സേവനത്തിൽ ഒരുമിച്ചു പങ്കെടുത്ത ശേഷം, അവർ യഹോവയുടെ നന്മ നേരിട്ടു കണ്ടതെങ്ങനെയെന്നു ചർച്ച ചെയ്യുക. വിശ്വാസത്തെ ബലപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവെക്കുക. ‘കർത്താവു നല്ലവനാണെന്നു’ കുടുംബങ്ങൾ എത്രത്തോളം ‘അനുഭവിച്ചറിയുന്നുവോ’ “എല്ലാ തിന്മ”യെയും ചെറുക്കാൻ തക്കവിധം ശക്തി പ്രാപിച്ചുകൊണ്ട് അവർ യഹോവയോട് അത്രത്തോളം അടുത്തുവരും.—1 പത്രൊ. 2:1-3, പി. ഒ. സി. ബൈബിൾ.
5 യോഗങ്ങളിൽ: കുടുംബാംഗങ്ങൾ എല്ലാവരും എല്ലാ സഭായോഗങ്ങൾക്കും ഹാജരാകാൻ തക്കവിധം അവർ പരസ്പരം സഹായിക്കുന്നത് എത്ര നല്ലതാണ്. കുടുംബത്തിലെ ഒരംഗത്തിനു ക്ഷീണമോ നിരുത്സാഹമോ മടുപ്പോ തോന്നുന്നെങ്കിൽ ഇതു വിശേഷാൽ സത്യമാണ്. ഒരു യുവസഹോദരി പറയുന്നു: “പിതാവ് ജോലി കഴിഞ്ഞു ക്ഷീണിച്ചാണു വീട്ടിൽ വരുക. എങ്കിലും, അന്നു വൈകുന്നേരം യോഗത്തിൽ ചർച്ച ചെയ്യാൻ പോകുന്ന ഒരാശയം ഞാൻ അദ്ദേഹവുമായി പങ്കുവെക്കാറുണ്ട്. അത് യോഗത്തിനു പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. എനിക്കു ക്ഷീണം അനുഭവപ്പെടുമ്പോൾ യോഗത്തിനു പോകാനായി പിതാവ് എന്നെ പ്രോത്സാഹിപ്പിക്കുന്നു.”—എബ്രാ. 10:24, 25.
6 കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുക: വീട്ടുജോലികൾ പോലുള്ള കാര്യങ്ങൾ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു ചെയ്യണം. നല്ല വിനോദപരിപാടികൾക്കായും സമയം നീക്കിവെക്കണം. പിക്ക്നിക്കിനു പോകുന്നതും നടക്കാൻ പോകുന്നതും കളികളിൽ ഏർപ്പെടുന്നതും കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാൻ യാത്ര ചെയ്യുന്നതും പിന്നീട് ഓർമിക്കാൻ കഴിയുന്ന സന്തോഷകരമായ വേളകൾക്കും അനർഘനിമിഷങ്ങൾക്കുമുള്ള അവസരം പ്രദാനം ചെയ്യുന്നു.—സഭാ. 3:4.
7 ആത്മീയതയ്ക്കു നേരെ ദൈനംദിനം ഉയർന്നുവരുന്ന ഏതു വെല്ലുവിളികളെയും ആത്മീയമായി ശക്തമായ കുടുംബങ്ങൾ അതിജീവിക്കുന്നു. യഹോവയോടു കൂടുതൽ അടുത്തുവന്നുകൊണ്ട് അവൻ പ്രദാനം ചെയ്യുന്ന ശക്തി അവർ അനുഭവിച്ചറിയുന്നു.—എഫെ. 6:10.