രാജ്യപ്രസംഗം ജീവരക്ഷാകരം!
1 ഇന്ന് ലോകത്തു നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേലയാണ് അത്. യഹോവയും യേശുക്രിസ്തുവും അസംഖ്യം ദൂതന്മാരും ആ വേലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഏതാണ് ആ വേല? എന്തുകൊണ്ടാണ് അത് അടിയന്തിരമായിരിക്കുന്നത്? അതു രാജ്യപ്രസംഗ വേലയാണ്. ജീവരക്ഷാകരമായ ഒന്ന്!—റോമ. 1:16; 10:13, 14.
2 ചുറ്റുമുള്ള ലോകത്തെ നന്നാക്കാൻ ശ്രമിക്കുന്നതാണ് മറ്റുള്ളവരെ സേവിക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗമെന്നു ചിലർ കരുതിയേക്കാം. അനേകർ സമാധാനം കൈവരുത്താനോ രോഗങ്ങൾ സുഖപ്പെടുത്താനോ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനോ ഉള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുന്നു. എന്നാൽ ആളുകൾക്ക് ഏറ്റവും സഹായകമായത് എന്താണ്?
3 ഒരു സുപ്രധാന വേല: ജീവിതത്തിന്റെ ഉദ്ദേശ്യം, മനുഷ്യൻ കഷ്ടപ്പാട് അനുഭവിക്കുന്നതിന്റെ കാരണം, ഭാവി സംബന്ധിച്ച ആശ്രയയോഗ്യമായ ഏക പ്രത്യാശ എന്നിവയെ കുറിച്ച് രാജ്യസന്ദേശം മാത്രമേ വിശദീകരിക്കുന്നുള്ളൂ. യഹോവയുടെ സ്നേഹിതർ ആയിത്തീരാനും “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” സ്വീകരിക്കാനും സുവാർത്ത ആളുകളെ പ്രാപ്തരാക്കുന്നു. (ഫിലി. 4:7) ജീവിത പ്രശ്നങ്ങളെ ഇപ്പോൾ വിജയകരമായി തരണം ചെയ്യാനുതകുന്ന പ്രായോഗിക മാർഗനിർദേശം നൽകുകയും ഭാവിയിൽ ഈ ദുഷ്ട ലോകം നശിപ്പിക്കപ്പെടുമ്പോൾ എങ്ങനെ അതിജീവിക്കാമെന്നു വിശദീകരിക്കുകയും ചെയ്യുന്നത് രാജ്യസന്ദേശം മാത്രമാണ്. (1 യോഹ. 2:17) അതുകൊണ്ട്, രാജ്യ പ്രസംഗത്തിനായി സകല ശ്രമവും ചെയ്യുന്നതു മൂല്യവത്തല്ലേ?
4 ഉദാഹരണത്തിന്, താമസിയാതെ പൊട്ടിയൊഴുകി നാശം വിതയ്ക്കാൻ പോകുന്ന ഒരു അണക്കെട്ടിനു താഴ്ഭാഗത്ത് ഉറക്കത്തിലായിരിക്കുന്ന ഗ്രാമവാസികളെ സഹായിക്കാനുള്ള മെച്ചപ്പെട്ട വിധം എന്തായിരിക്കും? ദുർബലമായിക്കൊണ്ടിരിക്കുന്ന അണക്കെട്ടിലെ വെള്ളം കോരിക്കളയുന്നതാണോ? നശിക്കാൻ പോകുന്ന ആ ഗ്രാമത്തെ മോടിപിടിപ്പിക്കുന്നതാണോ? അല്ല! പകരം, നാം ഗ്രാമവാസികളെ വിളിച്ചുണർത്തണം, സംഭവിക്കാൻ പോകുന്ന വിപത്തിനെ കുറിച്ച് അവർക്കു മുന്നറിയിപ്പു കൊടുക്കണം, രക്ഷപ്പെടാൻ അവരെ സഹായിക്കണം! ഇന്ന് ആത്മീയമായി ഉറങ്ങുന്നവരും വളരെ അപകടകരമായ സാഹചര്യത്തിലാണ്. (ലൂക്കൊ. 21:34-36) ഈ വ്യവസ്ഥിതി താമസിയാതെ നീങ്ങിപ്പോകുമെന്നതിനാൽ, നമുക്കു വളരെ അടിയന്തിരതയോടെ സാധിക്കുന്നവരോടെല്ലാം സുവാർത്ത പ്രസംഗിക്കാൻ ശ്രമിക്കാം.—2 തിമൊ. 4:2; 2 പത്രൊ. 3:11, 12.
5 ഈ വേലയിൽ സ്ഥിരോത്സാഹം കാട്ടുക: ആത്മാർഥഹൃദയരായ കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച് നമുക്കു ശ്രദ്ധാലുക്കളായിരിക്കാം. വീടുതോറും സന്ദർശിച്ചും തെരുവിൽവെച്ചും ടെലിഫോൺ മുഖാന്തരവും അനൗപചാരികമായുമൊക്കെ നമുക്കു സാക്ഷീകരിക്കാൻ കഴിയും. യഹോവ നൽകിയിരിക്കുന്നത് നമുക്കു ചെയ്യാൻ കഴിയുന്ന അതിപ്രധാനവേലയാണ്. നാം തീക്ഷ്ണതയോടെ ചെയ്യുന്നപക്ഷം അത് ‘നമ്മുടെയും നമ്മെ ശ്രദ്ധിക്കുന്നവരുടെയും രക്ഷയിൽ’ കലാശിക്കും.’—1 തിമൊ. 4:16.