പിന്മാറി നിൽക്കരുത്!
1 വീടുതോറുമുള്ള പ്രസംഗ വേലയ്ക്കു പോകാൻ തയ്യാറാകുമ്പോൾ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് നമ്മുടെ വാതിൽ തന്നെ ആയിരുന്നേക്കാം. നമുക്കു വേണ്ടത്ര പ്രാപ്തിയില്ല എന്ന തോന്നൽ ‘സകല മനുഷ്യരോടും’ സത്യം സംസാരിക്കുന്നതിൽനിന്നു പിന്മാറി നിൽക്കാൻ ഇടയാക്കിയേക്കാം. (1 തിമൊ. 2:4) എന്നാൽ സുവാർത്ത പ്രസംഗിക്കുന്ന കാര്യത്തിൽ നാം പിന്മാറി നിൽക്കരുത്. എന്തുകൊണ്ട്?
2 സന്ദേശം യഹോവയുടേതാണ്: യഹോവ ബൈബിളിലൂടെ തന്റെ വചനം നമുക്കു വെളിപ്പെടുത്തി തന്നിട്ടുണ്ട്. നാം ഈ സന്ദേശം മറ്റുള്ളവരുടെ പക്കൽ എത്തിക്കുമ്പോൾ അവന്റെ ചിന്തകളാണ് നാം അറിയിക്കുന്നത്, നമ്മുടേതല്ല. (റോമ. 10:13-15) ആളുകൾ രാജ്യസന്ദേശം നിരസിക്കുമ്പോൾ അവർ വാസ്തവത്തിൽ യഹോവയെ ആണ് നിരസിക്കുന്നത്. എന്നിരുന്നാലും നമുക്കു നിരുത്സാഹം തോന്നുന്നില്ല. ലോകാവസ്ഥകൾക്കു മാറ്റം വന്നു കാണാൻ അതിയായി വാഞ്ഛിക്കുന്ന, തങ്ങളുടെ ആത്മീയാവശ്യം സംബന്ധിച്ച് ബോധവാന്മാരായ, ആളുകളുടെ ഹൃദയങ്ങളിൽ ഈ സന്ദേശം അനുകൂലമായ പ്രതികരണം ഉളവാക്കും എന്ന് നമുക്ക് ഉറപ്പുണ്ട്.—യെഹെ. 9:4; മത്താ. 5:3, 6, NW.
3 യഹോവ ആളുകളെ ആകർഷിക്കുന്നു: നമ്മെ ശ്രദ്ധിക്കാൻ വിസമ്മതിച്ചിരുന്ന ഒരാൾ തന്റെ സാഹചര്യങ്ങൾക്കു മാറ്റം വരികയും ഹൃദയനില മയപ്പെടുകയും ചെയ്തിരിക്കുന്നതുമൂലം ഇപ്പോൾ അനുകൂലമായി പ്രതികരിച്ചേക്കാം. അങ്ങനെ യഹോവ അയാളിൽ സംപ്രീതനാകുകയും അയാളെ ‘ആകർഷിക്കുകയും’ ചെയ്തേക്കാം. (യോഹ. 6:44, 65) അത്തരം ആളുകളെ കണ്ടെത്താൻ യഹോവയാൽ ഉപയോഗിക്കപ്പെടുന്നതിനും ദൂതന്മാരുടെ മാർഗനിർദേശത്തിന് വഴങ്ങുന്നതിനും ഒരുങ്ങിയിരിക്കാൻ നാം ആഗ്രഹിക്കുന്നു.—വെളി. 14:6.
4 ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകുന്നു: “യഹോവയുടെ അധികാരത്താൽ ധൈര്യത്തോടെ” സംസാരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. (പ്രവൃ. 14:1-3, NW) ശുശ്രൂഷയിൽ നമുക്ക് ശക്തമായ ഈ പിന്തുണയുണ്ട് എന്ന് ഓർമിക്കുന്നെങ്കിൽ അയൽക്കാരോടും സഹപ്രവർത്തകരോടും സഹപാഠികളോടും ബന്ധുക്കളോടും വിദ്യാസമ്പന്നരോ ധനികരോ ആയവരോടും സത്യം സംസാരിക്കുന്നതിൽനിന്ന് നാം പിന്മാറി നിൽക്കില്ല.
5 എങ്ങനെയെന്ന് യേശു പഠിപ്പിച്ചു: യേശു ചിന്തോദ്ദീപകമായ ചോദ്യങ്ങളും ലളിതമായ ദൃഷ്ടാന്തങ്ങളും തിരുവെഴുത്തുപരമായ ന്യായവാദങ്ങളും ഉപയോഗിച്ചു. അവൻ ലളിതവും ആകർഷകവുമായ വിധത്തിൽ ഹൃദയത്തിൽനിന്നു സത്യം വിശദീകരിച്ചുകൊടുത്തു. ആ രീതികൾ ഇപ്പോഴും ഏറ്റവും മെച്ചപ്പെട്ടവ തന്നെയാണ്. (1 കൊരി. 4:17, NW) നാം പ്രസംഗിക്കുന്ന സാഹചര്യങ്ങൾ വ്യത്യസ്തം ആയിരുന്നേക്കാമെങ്കിലും ശക്തമായ രാജ്യ സന്ദേശത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.
6 അതുല്യവും ജീവത്പ്രധാനവുമായ വിധത്തിൽ ആളുകളെ സഹായിക്കുന്നതിന് യഹോവയാൽ ഉപയോഗിക്കപ്പെടുന്നതിനുള്ള പദവി നമുക്കുണ്ട്. നമുക്കു പിന്മാറി നിൽക്കാതിരിക്കാം! നമുക്കു ധൈര്യമുള്ളവരായിരിക്കാം. മറ്റുള്ളവരോടു സുവാർത്ത പ്രസംഗിക്കാൻ കഴിയുമാറ് ‘വചനത്തിന്റെ വാതിൽ തുറന്നുതരുന്നതിന്’ നമുക്ക് യഹോവയെ അനുവദിക്കാം.—കൊലൊ. 4:2-4.