“മാന്യമായും ക്രമീകരണപ്രകാരവും” സംഘടിപ്പിച്ചിരിക്കുന്നു
1 ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ വിജയത്തിന് പലർ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. കൺവെൻഷന്റെ ഭരണനിർവഹണം, കൂടിവരുന്നതിനും താമസത്തിനുമുള്ള സ്ഥലങ്ങൾ ക്രമീകരിക്കുന്നു. വ്യക്തികളും കുടുംബ കൂട്ടങ്ങളും യാത്രയ്ക്കും താമസത്തിനുമുള്ള ആസൂത്രണങ്ങൾ ചെയ്യുന്നു. കൺവെൻഷന്റെ നടത്തിപ്പിന് ആവശ്യമായ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കുന്നതിന് ആളുകളെ ക്രമീകരിച്ചുകൊണ്ട് സഭകൾ തങ്ങളുടെ സ്വമേധയാ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു. ഇതിന്റെയെല്ലാം ലക്ഷ്യം “എല്ലാം മാന്യമായും ക്രമീകരണപ്രകാരവും” നടക്കണം എന്നതാണ്.—1 കൊരി. 14:40, NW.
2 കൺവെൻഷൻ സംഘാടനത്തിനുള്ള ശ്രമങ്ങളോട് നിങ്ങളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുമ്പോൾ ഒരു സംഗതി മനസ്സിൽ പിടിക്കുക, ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന് മാസങ്ങളിലെ ചിലപ്പോൾ വർഷങ്ങളിലെ പോലും ഒരുക്കങ്ങൾ ആവശ്യമാണ്. നൂറുകണക്കിനു സഹോദരങ്ങൾ വളരെയധികം സമയം ചെലവഴിച്ചാണ് കാര്യങ്ങളെല്ലാം ക്രമീകരിക്കുന്നത്. ഇതിൽ കൺവെൻഷൻ നടത്തുന്നതിനുള്ള സ്ഥലം വാടകയ്ക്ക് എടുക്കുന്നതും ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതും ജോലിക്കാരെ തിരഞ്ഞെടുക്കുന്നതും എല്ലാം ഉൾപ്പെടുന്നു. മുൻകൂട്ടിയുള്ള ഈ ഒരുക്കങ്ങൾ എല്ലാവരുടെയും ആത്മീയ അനുഗ്രഹത്തിൽ കലാശിക്കുന്നു. ഇക്കാര്യത്തിൽ സഹായിക്കുന്നതിനായി നമുക്ക് എന്തു ചെയ്യാൻ കഴിയും?
3 താമസസൗകര്യ ക്രമീകരണങ്ങളോടു സഹകരിക്കൽ: നാമെല്ലാം കൺവെൻഷൻ ക്രമീകരണങ്ങളോടു സഹകരിക്കുന്നത് പ്രധാനമാണ്. താമസസൗകര്യം ക്രമീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ ഇതു വിശേഷാൽ ആവശ്യമാണ്. ഓരോ കൺവെൻഷനോടും ബന്ധപ്പെട്ട് നൂറുകണക്കിനു മുറികൾ ആവശ്യമാണ്. നമ്മുടെ സഹോദരങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരല്ല. അതുകൊണ്ട് അവർക്കുവേണ്ടി കുറഞ്ഞ വാടകയുള്ള മുറികൾ കണ്ടെത്തേണ്ടതുണ്ട്. കുറഞ്ഞ വാടകയ്ക്ക് കിട്ടാവുന്നതിലേക്കും ഏറ്റവും നല്ല ഹോട്ടലുകൾ ക്രമീകരിക്കുന്നതിനു വളരെയധികം ശ്രമം ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങളും നാം സ്നേഹപൂർവം പരിഗണിക്കണം. മാത്രമല്ല നാം ‘സ്വന്തം ഗുണമല്ല മറ്റുള്ളവന്റെ ഗുണവുംകൂടെ നോക്കണം.’—ഫിലി. 2:4.
4 താമസസൗകര്യ ക്രമീകരണങ്ങളോടുള്ള ബന്ധത്തിൽ കൺവെൻഷൻ മാർഗനിർദേശങ്ങളോട് അടുത്തു പറ്റിനിൽക്കുന്നത് എല്ലാവരുടെയും പ്രയോജനത്തിൽ കലാശിക്കും. ഈ മാർഗനിർദേശങ്ങൾ അവഗണിക്കുന്നത് അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. എങ്ങനെ? നാം ഈ നിർദേശങ്ങളോടു സഹകരിക്കുമ്പോൾ, എത്ര മുറികൾ ബുക്കു ചെയ്തിരിക്കുന്നു, എത്ര താമസക്കാർ ഉണ്ടായിരിക്കും എന്നൊക്കെ ഹോട്ടലുകാർക്ക് നേരത്തേതന്നെ അറിയാൻ കഴിയും. ഇത് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് അവരെ സഹായിക്കുന്നു. അങ്ങനെ വരുംവർഷങ്ങളിലും കുറഞ്ഞ നിരക്കിൽ മുറി നൽകാൻ അവർ തയ്യാറായേക്കാം. എന്നാൽ നമ്മിൽ പലരും ബുക്കു ചെയ്തിരുന്ന മുറി വേണ്ടെന്നു വെക്കുകയോ പകരം മറ്റെന്തെങ്കിലും ക്രമീകരണം ചെയ്യുകയോ ആണെങ്കിൽ അത് ഹോട്ടൽ മാനേജ്മെന്റിനും അവിടെ താമസസൗകര്യം കിട്ടാൻ ആഗ്രഹിച്ചിരുന്ന മറ്റു സഹോദരീസഹോദരന്മാർക്കും ഒക്കെ ബുദ്ധിമുട്ട് ഉളവാക്കും. നാം വാക്കു പാലിക്കാത്തവരാണെന്ന ധാരണയിൽ ഭാവിയിൽ നമ്മുടെ കൺവെൻഷനുവേണ്ടി കൂടുതൽ മുറികൾ തരാൻ മാനേജ്മെന്റ് മടിച്ചേക്കാം. നാം വാക്കു പാലിക്കുന്നെങ്കിൽ അഥവാ നമ്മുടെ ‘ഉവ്വ്, ഉവ്വ് എന്നായിരിക്കുന്നെങ്കിൽ’ അത് എത്ര നന്നായിരിക്കും!—മത്താ. 5:37.
5 പിൻവരുന്ന നല്ല ഫലങ്ങൾ പരിചിന്തിക്കുക: ഒരു കൺവെൻഷനു ശേഷം, താമസസൗകര്യം ക്രമീകരിച്ചിരുന്ന ഒരു സ്ഥലത്തെ മാനേജർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “തങ്ങളുടെ എല്ലാ പ്രവൃത്തികളിലും യഹോവയുടെ സാക്ഷികൾ സത്യസന്ധരാണെന്ന് എനിക്കു നിരീക്ഷിക്കാൻ കഴിഞ്ഞു. കഴിഞ്ഞയാഴ്ച 40 പേർ ഇവിടെ താമസിച്ചു, ആരും ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. താമസിക്കാൻ അനുവദിച്ചിരിക്കുന്നതിനെക്കാൾ ഒരാളെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ അതു നിങ്ങളോടു തുറന്നു പറയുന്നത് അവർ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്നതിലേക്കും ഏറ്റവും നല്ല താമസക്കാരാണ് അവർ.” നമുക്ക് താമസസൗകര്യം നൽകുന്ന എല്ലാവർക്കും ഇത്തരം നല്ല അനുഭവങ്ങൾ ഉണ്ടാകുന്നെങ്കിൽ അത് എത്ര നന്നായിരിക്കും! അത് എത്ര നല്ല ഒരു സാക്ഷ്യമായിരിക്കും!
6 ഒരു ഹോട്ടൽ ഗ്രൂപ്പിന്റെ പ്രാദേശിക മാനേജർ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികളെ പോലെ ഇത്ര വലിയ അളവിൽ തങ്ങളുടെ വിശ്വാസം പ്രവൃത്തിയിൽ പ്രകടിപ്പിച്ചുകാണിച്ച മറ്റൊരു കൂട്ടത്തെ കുറിച്ച് എനിക്ക് ഓർമിക്കാനേ കഴിയുന്നില്ല. നിങ്ങൾ വീണ്ടും വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” നാം കാഴ്ചവെക്കുന്ന നല്ല പെരുമാറ്റം നമുക്കു മാത്രമല്ല ലോകത്തിൽ നമ്മെ നിരീക്ഷിക്കുന്ന മറ്റനേകർക്കും നവോന്മേഷദായകമാണെന്നാണ് മേൽപ്പറഞ്ഞ അഭിപ്രായപ്രകടനങ്ങൾ വ്യക്തമാക്കുന്നത്.
7 നമുക്കു സഹകരിക്കാൻ കഴിയുന്ന അടിസ്ഥാന വിധങ്ങൾ: മുറികൾ ബുക്കു ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ കൺവെൻഷൻ ക്രമീകരണത്തോടു സഹകരിക്കുന്നതിനായി നമുക്കു ചെയ്യാൻ കഴിയുന്ന ലളിതമായ കാര്യങ്ങളുണ്ട്. (1) നിങ്ങൾക്ക് ആവശ്യമായതിലും കൂടുതൽ മുറികൾ ബുക്കു ചെയ്യാതിരിക്കുക. (2) മുറി ബുക്കു ചെയ്യുന്നതിന് ഉചിതമായ ഡിപ്പോസിറ്റ് അയയ്ക്കുക. (3) താമസക്കാർക്ക് ഉപചാരാർഥം (compliment) നൽകിയേക്കാവുന്ന പ്രഭാത ഭക്ഷണം ദുരുപയോഗപ്പെടുത്താതിരിക്കുക. (4) ഹോട്ടൽ നിയമങ്ങൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കാൻ അധികൃതർ ഉചിതമായും പ്രതീക്ഷിക്കുന്നു എന്നതു മനസ്സിൽ പിടിക്കുക.
8 യഹോവയാം ദൈവത്തിന്റെ ദാസന്മാർ എന്ന നിലയിൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും അവന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരം നമുക്കുണ്ട്. കൺവെൻഷനു വേണ്ടി ക്രമീകരണങ്ങൾ ചെയ്യുന്നതും അവയിൽ ഹാജരാകുന്നതും എല്ലാം ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ അത്തരം പ്രവർത്തനങ്ങളെല്ലാം ദൈവനാമത്തോടു ബന്ധപ്പെട്ടിരിക്കുന്നു. “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവ”മാണെന്ന് ഓർക്കുക. (1 കൊരി. 14:33) അങ്ങനെ നാം “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി തയ്യാറാകുകയും അതിൽ ഹാജരാകുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ ഈ ഗുണം നമ്മുടെ നടത്തയിലൂടെ പ്രകടിപ്പിക്കാൻ നമുക്ക് ദൃഢനിശ്ചയമുള്ളവരായിരിക്കാം. യഹോവയുടെ സമ്മിളിത ജനം “മാന്യമായും ക്രമീകരണപ്രകാരവും” സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ആത്മാർഥ ഹൃദയരായ നിരീക്ഷകർ തിരിച്ചറിയാൻ ഇടയാകട്ടെ.—സങ്കീ. 68:26, NW.