നമുക്കെല്ലാം യഹോവയെയും അവന്റെ പുത്രനെയും ബഹുമാനിക്കാം
ഏപ്രിൽ 8-ന് സ്മാരകത്തിനു ഹാജരാകുന്ന എല്ലാവർക്കും അതിൽനിന്നു പൂർണ പ്രയോജനം നേടാനാകുന്ന വിധം
1 ഇന്ന് ആളുകൾ ആർക്കാണു പ്രത്യേക ബഹുമതി നൽകുന്നത്? ലോകത്തിന്റെ ആദരവു പിടിച്ചുപറ്റുന്നതരം നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നവർക്ക്. എന്നിരുന്നാലും, മിക്കപ്പോഴും അവരുടെ നേട്ടങ്ങൾ അഥവാ പ്രവൃത്തികൾ പെട്ടെന്നുതന്നെ വിസ്മരിക്കപ്പെടുന്നു. എന്നാൽ, മുഴുമനുഷ്യവർഗത്തിനും യഥാർഥ പ്രയോജനം ചെയ്യുന്ന പ്രവൃത്തികളുടെ കാര്യമോ? 2001 ഏപ്രിൽ 8-ന് സൂര്യാസ്തമയ ശേഷം കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കവേ നാം അവയിൽ ഏറ്റവും ശ്രേഷ്ഠമായതിന് അടുത്ത ശ്രദ്ധ നൽകും.
2 പരമോന്നത ബഹുമതിക്കു യോഗ്യൻ ആരാണ്? ബൈബിൾ ഉത്തരം നൽകുന്നു: ‘കർത്താവേ [യഹോവേ], നീ സർവ്വവും സൃഷ്ടിച്ചവൻ . . . ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.’ (വെളി. 4:11) സ്രഷ്ടാവ് എന്നനിലയിൽ യഹോവയാണ് അഖിലാണ്ഡത്തിന്റെ പരമാധികാര ഭരണാധിപൻ. ബഹുമാനിക്കപ്പെടാനുള്ള അവന്റെ യോഗ്യത ഒരിക്കലും ഇല്ലാതാകുകയില്ല!—1 തിമൊ. 1:17.
3 മനുഷ്യവർഗത്തിനു നിത്യാനുഗ്രഹങ്ങൾ കൈവരുത്തുന്ന മൂല്യവത്തായ പ്രവൃത്തികൾ ദൈവപുത്രനായ യേശു നിർവഹിക്കുകയുണ്ടായി. അവൻ തന്റെ പിതാവിനെ പൂർണമായി അനുകരിച്ചു. (യോഹ. 5:19) അവന്റെ കറതീർന്ന അനുസരണവും വിശ്വസ്ത സേവനവും അവനെ “ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ” ആക്കിത്തീർത്തു. (വെളി. 5:12) രാജാവായി അവരോധിച്ചുകൊണ്ട് പിതാവ് അവനെ ബഹുമാനിച്ചു. (സങ്കീ. 2:6-8) നമ്മെ സംബന്ധിച്ചിടത്തോളം, 2001 ഏപ്രിൽ 8-ന് കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കവേ പിതാവിനെയും പുത്രനെയും ബഹുമാനിക്കാനുള്ള അവസരമുണ്ടായിരിക്കും.
4 ദുഃഖകരമെന്നു പറയട്ടെ, മനുഷ്യചരിത്രത്തിൽ താരതമ്യേന ചുരുക്കം ചിലരേ യഹോവയ്ക്കും അവന്റെ പുത്രനും അർഹമായ ബഹുമാനം നൽകിയിട്ടുള്ളൂ. ചിലപ്പോഴൊക്കെ ദൈവത്തിന്റെ പുരാതന ജനമായ ഇസ്രായേല്യർ പോലും യഹോവയ്ക്കു നാമമാത്ര സേവനമാണ് അർപ്പിച്ചിരുന്നത്. അത് അങ്ങേയറ്റത്തെ അനാദരവായിരുന്നു. (മലാ. 1:6) ഉചിതമായ ആദരവ്, സ്നേഹത്തിലും അതുപോലെതന്നെ യഹോവയും അവന്റെ പുത്രനും നമുക്കായി ചെയ്ത സകലത്തിനോടുമുള്ള വിലമതിപ്പിലും അധിഷ്ഠിതമായ വിശ്വസ്ത അനുസരണം ആവശ്യമാക്കിത്തീർക്കുന്നു. അത്തരം ബഹുമാനവും ആദരവും നൽകുന്നതിൽ, നമ്മുടെ എല്ലാ വഴികളിലും യഹോവയെയും യേശുവിനെയും അംഗീകരിച്ചുകൊണ്ട് നാം ദൈവഭയവും ഭക്ത്യാദരവും പ്രകടമാക്കുന്നത് ഉൾപ്പെടുന്നു. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കാനും സഹായിക്കാനും ക്രിസ്തീയ സഭ യത്നിക്കുന്നു.
5 ബഹുമാനം കാണിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരം: യഹോവയുടെ ജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൂടിവരവാണ് വർഷംതോറുമുള്ള സ്മാരക ആഘോഷം. യഹോവയെ സേവിക്കാനും ബഹുമാനിക്കാനും ആഗ്രഹിക്കുന്ന ഏവരും അതിനു ഹാജരായിരിക്കണം. (ലൂക്കൊ. 22:19) 60 ലക്ഷം സജീവ സാക്ഷികളെ കൂടാതെ താത്പര്യക്കാരും ഹാജരാകുന്നതിനാൽ, മൊത്തം ഹാജർ 1 കോടി 40 ലക്ഷത്തിലും അധികം വരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. നമ്മുടെ സ്വർഗീയ പിതാവിനെ ബഹുമാനിക്കുന്നതിനുള്ള എത്ര നല്ല അവസരം! ആഘോഷം യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കവേ, അവൻ ചെയ്തതിനോടുള്ള ബഹുമാനവും ആദരവും അവനെ അയച്ച പിതാവിനു മഹത്ത്വം കരേറ്റുന്നു.—യോഹ. 5:23.
6 ഈ പ്രത്യേക അവസരത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും? പൂർണ പ്രയോജനം നേടാൻ നമുക്കു പുതിയവരെ സഹായിക്കാവുന്നതാണ്. ഹാജരാകുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, എത്തിച്ചേരുന്നതിനു സഹായം ആവശ്യമെങ്കിൽ അതു നൽകാമെന്നു പറയുക. പ്രസംഗത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കുക. അവരെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുക. അവർ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ യഹോവയെ ബഹുമാനിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ അവരെ പ്രേരിപ്പിച്ചേക്കാം.
7 പരിപാടിയുടെ മൂല്യത്തെ വിലകുറച്ചു കാണരുത്. അതിനോടുള്ള ഒരു സർവകലാശാല വിദ്യാർഥിയുടെ പ്രതികരണം ഇതായിരുന്നു: “ഞാൻ പള്ളിയിൽനിന്നു പല പ്രാവശ്യം കുർബാന കൈക്കൊണ്ടിട്ടുണ്ട്, എന്നാൽ ഇതു തികച്ചും വ്യത്യസ്തമാണ്. ഇതു ബൈബിൾ പറയുന്നതു പോലെതന്നെ ആണെന്നു ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ പക്കലാണു സത്യമുള്ളതെന്ന് ഞാൻ വിചാരിക്കുന്നു.” ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയ ആ വിദ്യാർഥി താമസിയാതെ സ്നാപനമേറ്റു.
8 പുരോഗതി പ്രാപിക്കാൻ പുതിയവരെ സഹായിക്കുക: സ്മാരകത്തിനു ഹാജരാകുന്ന പുതിയവരെ ശ്രദ്ധിക്കുകയും അവർ കേൾക്കുകയും കാണുകയും ചെയ്ത നവോന്മേഷപ്രദമായ കാര്യങ്ങളെക്കുറിച്ച് അവലോകനം നടത്താൻ പെട്ടെന്നുതന്നെ അവരെ സന്ദർശിക്കുകയും ചെയ്യുക. അവരുടെ ബൈബിൾ പരിജ്ഞാനം വർധിപ്പിക്കാൻ ഉതകുന്ന മറ്റു യോഗങ്ങളെക്കുറിച്ചും പറയുക. പരിജ്ഞാനം പുസ്തകത്തിലെ “ദൈവജനത്തിന്റെ ഇടയിൽ സുരക്ഷിതത്വം കണ്ടെത്തുക” എന്ന 17-ാം അധ്യായം അവരുമൊത്ത് അവലോകനം ചെയ്യുന്നത്, വിപുലമായ അളവിൽ സഭയിലൂടെ ലഭ്യമാക്കുന്ന ആത്മീയ കരുതലുകളെക്കുറിച്ചു മനസ്സിലാക്കാൻ അവരെ സഹായിക്കും. നമ്മുടെ മുഴു സഹോദരവർഗവും എന്ന വീഡിയോ അവരെ കാണിക്കാൻ ക്രമീകരണം ചെയ്യുക. യഹോവയുടെ ജനത്തിന്റെ ഇടയിലെ ഐക്യവും സന്തോഷവും തീക്ഷ്ണതയും അവർ നേരിട്ടു കാണാൻ അത് ഇടയാക്കും!
9 വ്യക്തിപരമായി യഹോവയോട് ബഹുമാനവും ആദരവും കാണിക്കാൻ കഴിയുന്ന വിധത്തെക്കുറിച്ച് താത്പര്യക്കാർ പഠിക്കുന്നതു പ്രധാനമാണ്. ഹൃദയംഗമമായ പ്രാർഥന യഹോവയെ പ്രസാദിപ്പിക്കുന്നുവെന്നും അത് ആത്മീയ നവോന്മേഷത്തിന്റെ ഒരു നിരന്തര ഉറവാണെന്നും വിശദീകരിക്കുക. (1 യോഹ. 5:14) ആവശ്യം ലഘുപത്രികയുടെ 8-12 പാഠങ്ങൾ ഉപയോഗിച്ച്, യഹോവയെ ബഹുമാനിക്കുന്ന വിധത്തിലുള്ള നടത്തയെക്കുറിച്ചു വിവരിക്കുക. യഹോവയുടെ സാക്ഷികൾ ലഘുപത്രികയുടെ 30-1 പേജുകളിലെ വിവരങ്ങൾ ചർച്ച ചെയ്തുകൊണ്ട്, പ്രസംഗവേലയിൽ വ്യക്തിപരമായി പങ്കുപറ്റുന്നതിലൂടെ യഹോവയെ എങ്ങനെ ബഹുമാനിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ചിന്തിക്കാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുക.
10 യേശുവിന്റെ ബലിയോടും അവന്റെ ശിഷ്യന്മാരെന്ന നിലയിൽ സേവിക്കാനുള്ള നമ്മുടെ പദവിയോടും ഉള്ള വിലമതിപ്പ് സ്വർഗീയ പിതാവിനു ബഹുമാനവും മറ്റുള്ളവർക്ക് അനുഗ്രഹങ്ങളും കൈവരുത്തുന്നു. യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: “എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും [“ബഹുമാനിക്കും,” NW].”—യോഹ. 12:26.