ദൈവത്തിന്റെ വിസ്മയാവഹമായ പ്രവൃത്തികൾക്ക് ശ്രദ്ധ കൊടുപ്പിൻ
1 മഹത്തായ മൂന്നു ദിവസം നാം “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനായി കൂടിവരികയുണ്ടായി. ദൈനംദിന ജീവിത കാര്യാദികളിൽനിന്നെല്ലാം ശ്രദ്ധ തിരിച്ച് നാം യഹോവയുടെ വിസ്മയാവഹമായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദൈവത്തിലും അവന്റെ വചനത്തിലുമുള്ള വിശ്വാസം ബലിഷ്ഠമാക്കുകയും അവനുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണത വർധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ തയ്യാറാക്കിയതായിരുന്നു കൺവെൻഷൻ പരിപാടികൾ. പഠിച്ച കാര്യങ്ങളിൽനിന്ന് നാം എങ്ങനെ പ്രയോജനം അനുഭവിക്കുന്നു?—യോഹ. 13:17.
2 കുടുംബങ്ങൾ ദൈവവചനം അനുസരിക്കുന്നു: നമ്മുടെ കുടുംബത്തിന്റെ ആത്മീയ അവസ്ഥ പരിശോധിക്കാൻ, “ദൈവവചനം അനുസരിക്കുക” എന്ന സിമ്പോസിയം നമ്മെ സഹായിച്ചു. കുട്ടികൾ പഠനം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട്, ആത്മീയമായി ശക്തമായ ഒരു കുടുംബം വാർത്തെടുക്കുന്നതിനുള്ള അടിസ്ഥാനമായി കുടുംബ ബൈബിൾ അധ്യയനത്തെ ഉപയോഗിക്കാൻ ദൈവഭക്തരായ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. യഹോവയുമായി സന്തുഷ്ടവും ദൃഢവുമായ ഒരു ബന്ധം വളർത്തിയെടുക്കാൻ ഇത് കുട്ടികളെ സഹായിക്കും. മാതാപിതാക്കളേ, ദൈവത്തിന്റെ വികാര വിചാരങ്ങൾക്ക് എങ്ങനെ ശ്രദ്ധ നൽകാം എന്ന് നിങ്ങളുടെ മക്കളെ പഠിപ്പിക്കുക. ദൈവത്തോടും അവന്റെ പ്രവൃത്തികളോടും നിങ്ങൾക്കുള്ള സ്നേഹം പ്രകടിപ്പിക്കുക. (സങ്കീ. 103:2, NW) ആത്മീയ ലക്ഷ്യങ്ങൾ വെക്കുന്നതിലും അവ നേടിയെടുക്കുന്നതിലും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും യഹോവയെ സേവിക്കുന്നതിൽ പൂർണമായി ഏർപ്പെടുകയും ചെയ്യുക.
3 ദൈവവചനം നമ്മുടെ പാതയെ ശോഭനമാക്കുന്നു: യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 എന്ന പുസ്തകം ലഭിച്ചപ്പോൾ നാമെല്ലാം സന്തോഷിച്ചു. ഒന്നാമത്തെ ഈ വാല്യം നിങ്ങൾ എന്തുമാത്രം വായിച്ചു? ഭക്തികെട്ട രാഷ്ട്രങ്ങളുടെമേലുള്ള ഭയാനകമായ ന്യായവിധികളെയും അതുപോലെതന്നെ ദൈവജനത്തിനു ലഭിക്കാൻ പോകുന്ന ശോഭനമായ രാജ്യാനുഗ്രഹങ്ങളെയും കുറിച്ച് യെശയ്യാവു എന്ന ബൈബിൾ പുസ്തകം മുൻകൂട്ടിപ്പറയുന്നു. (യെശ. 34:2; 35:10) കൂടാതെ, അത് യഹോവയിലുള്ള നമ്മുടെ ആശ്രയവും അവൻ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലുള്ള വിശ്വാസവും വർധിപ്പിക്കുന്നു.—യെശ. 12:2-5.
4 യെശയ്യാ പ്രവചനം 1-ന്റെ ആദ്യഭാഗങ്ങൾ വായിക്കുമ്പോൾ, തനിക്ക് ചുറ്റും ദുഷ്ടത നടമാടിയിരുന്നപ്പോഴും യെശയ്യാവ് എങ്ങനെയാണ് യഹോവയോടു വിശ്വസ്തത പാലിച്ചത് എന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ദൈവത്തിന്റെ സന്ദേശവാഹകനായി സേവിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ അവൻ ഇങ്ങനെ പ്രതിവചിച്ചു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശ. 6:8) അവന്റെ മനസ്സൊരുക്കത്തെ കുറിച്ച് ധ്യാനിക്കുന്നത്, സുവാർത്താ പ്രസംഗത്തിൽ വ്യാപൃതരായിരുന്നുകൊണ്ട് ‘സകലജാതികൾക്കും സാക്ഷ്യം’ വഹിക്കുന്നതിൽ പൂർണമായി പങ്കുപറ്റാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.—മത്താ. 24:14.
5 യഹോവയുടെ പ്രവൃത്തികൾക്ക് ശ്രദ്ധ കൊടുക്കുന്നത് അവന്റെ മഹത്ത്വം വർധിപ്പിക്കും. അതുകൊണ്ട് ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ ആയിരിക്കാനുള്ള പദവിയെ മൂല്യവത്തായി കരുതുക.