ടെലിഫോൺ സാക്ഷീകരണം—അനേകരുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഒരു മാർഗം
1 നാം ജീവിക്കുന്നത് “അന്ത്യകാല”ത്താണ് എന്നതിന്റെ തെളിവുകൾ അനുദിനം വർധിച്ചുവരികയാണ്. (2 തിമൊ. 3:1) തീർച്ചയായും, രാജ്യപ്രസംഗത്തിനും ശിഷ്യരാക്കലിനുമുള്ള സമയം ചുരുങ്ങിയിരിക്കുന്നു. അതുകൊണ്ട്, യഹോവയുടെ അംഗീകാരമുള്ള ആരാധകരായിത്തീരുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നാം ഓരോരുത്തരും അടിയന്തിരതാബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.
2 തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്താനുള്ള ഒരു ഉത്തരവാദിത്വബോധം അപ്പൊസ്തലനായ പൗലൊസിന് തോന്നി. (റോമ. 10:10) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ഇച്ഛിക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. (1 തിമൊ. 2:4) സത്യത്തെക്കുറിച്ചു തനിക്കുള്ള പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ, പൗലൊസ് തന്നെത്തന്നെ എല്ലാവരോടും കടപ്പെട്ടവനായി കണക്കാക്കി. അത് സുവാർത്താ ഘോഷണത്തിലെ അവന്റെ അടിയന്തിരതാബോധം വർധിപ്പിച്ചു. അവൻ പറഞ്ഞു: “സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും . . . അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.”—റോമ. 1:14-17.
3 നമുക്കു വ്യക്തിപരമായി അത്തരമൊരു കടപ്പാടു തോന്നുന്നുണ്ടോ, നമ്മുടെ പ്രദേശത്തുള്ള എല്ലാവരുടെയും പക്കൽ എത്തിച്ചേരുന്നതിൽ അതേ ഉത്സാഹപൂർവകമായ താത്പര്യം നാം പ്രകടമാക്കുന്നുണ്ടോ? വീടുതോറുമുള്ള വേലയിലും തെരുവു സാക്ഷീകരണത്തിലും എന്നപോലെ, ആളുകളെ മുഖാമുഖം കണ്ട് സുവാർത്ത പങ്കുവെക്കാനാണ് നാം കൂടുതലായും ആഗ്രഹിക്കുന്നതെങ്കിലും, നമ്മുടെ പ്രവർത്തനം അതിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് എന്തിന്? ഒരുപക്ഷേ നമ്മുടെ സഭാ പ്രദേശത്തുള്ള പലരും യഹോവയുടെ സാക്ഷികളിൽ ഒരാളുമായി ഒരിക്കൽപ്പോലും സംസാരിച്ചിട്ടുണ്ടാകില്ല. അതെങ്ങനെ?
4 പ്രവർത്തിക്കാത്ത പ്രദേശം: നിങ്ങളുടെ പ്രദേശത്ത് കാവൽക്കാരുള്ള വലിയ അപ്പാർട്ടുമെന്റുകളുണ്ടോ? ഒരുപക്ഷേ വീടുതോറുമുള്ള സന്ദർശനം അനുവദിച്ചിട്ടില്ലാത്ത വലിയ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങൾ നിങ്ങളുടെ പ്രദേശത്ത് ഉണ്ടായിരുന്നേക്കാം. സൈനിക ക്വാർട്ടേഴ്സുകളിൽ സുവാർത്ത പ്രസംഗിക്കാനുള്ള അനുമതി നിങ്ങളുടെ സഭയ്ക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടോ? സാധ്യതയനുസരിച്ച്, അത്തരം സ്ഥലങ്ങളിൽ താമസിക്കുന്ന പലരും ദൈവരാജ്യത്തിൻ കീഴിലെ അനുഗ്രഹങ്ങളെക്കുറിച്ച് ഒരിക്കൽപ്പോലും കേട്ടിട്ടുണ്ടാവില്ല. അതുമല്ലെങ്കിൽ ഒരിക്കലും വീട്ടിൽ കണ്ടുമുട്ടാൻ കഴിയാത്ത ആളുകളുണ്ടോ?
5 കണ്ടുമുട്ടാൻ പ്രയാസമാണ് എന്ന കാരണത്താൽ അവരുമായി സമ്പർക്കം പുലർത്താൻ നാം ശ്രമിക്കാതിരിക്കരുത്. ഈ സാഹചര്യത്തെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്? അപ്പൊസ്തലനായ പത്രൊസ് എഴുതി: ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ യഹോവ ഇച്ഛിക്കുന്നു.’ “അതുകൊണ്ട് . . . നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2 പത്രൊ. 3:9, 14) ആളുകളുടെ ജീവനാണ് ഉൾപ്പെട്ടിരിക്കുന്നത്. യഹോവ ഓരോ വ്യക്തിയിലും തത്പരനാണ്. (മത്താ. 18:14) ഈ വ്യക്തികളോട് യഹോവ കാണിക്കുന്നതരം മനസ്സലിവും കരുണയും നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? നമ്മുടെ പ്രദേശത്തുള്ള എല്ലാവർക്കും സാക്ഷ്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാൽത്തന്നെ.—പ്രവൃ. 20:20, 21; വെളി. 14:6, 7.
6 പൂർണമായ പ്രവർത്തനത്തിനായി സംഘടിതർ: രോഗമോ മറ്റു ശാരീരിക വൈകല്യങ്ങളോ നിമിത്തം സ്ഥിരമായോ താത്കാലികമായോ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നവർ ടെലിഫോൺ ഉപയോഗിച്ചു സാക്ഷീകരണം നടത്തുന്നതിന് സൊസൈറ്റി മുമ്പു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലായിരിക്കുന്നവർ ഈ നല്ല വേല തുടർന്നും ചെയ്യുക. സാധാരണ പയനിയർമാരും സഹായ പയനിയർമാരും ഉൾപ്പെടെ പല സഹോദരീസഹോദരന്മാരും വീടുതോറുമുള്ള ശുശ്രൂഷയിൽ പതിവായി ഏർപ്പെടുന്നതിനു പുറമേ ടെലിഫോൺ സാക്ഷീകരണവും നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
7 ചില സഭകൾ ടെലിഫോൺ സാക്ഷീകരണം നടത്താൻ ഒരു പ്രത്യേക ശ്രമംതന്നെ ചെയ്തിട്ടുണ്ട്. മൂപ്പന്മാർ, പ്രദേശങ്ങൾ ക്രമീകരിക്കുന്നതിലും വ്യക്തിപരമായോ മറ്റു പ്രസാധകരെ ഉപയോഗിച്ചുകൊണ്ടോ പിന്തുണ നൽകുന്നതിലും നേതൃത്വമെടുക്കുമ്പോൾ വളരെ നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്വം സേവനമേൽവിചാരകനാണ്. എന്നിരുന്നാലും, ഇക്കാര്യത്തിൽ സേവനമേൽവിചാരകനെ സഹായിക്കുന്നതിന് പ്രാപ്തനായ മറ്റൊരു മൂപ്പനെയോ ആശ്രയയോഗ്യനായ ഒരു ശുശ്രൂഷാ ദാസനെയോ മൂപ്പന്മാരുടെ സംഘത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.
8 ടെലിഫോൺ സാക്ഷീകരണത്തിൽ ആദ്യമൊക്കെ തോന്നിയിരുന്ന വൈമുഖ്യം തരണംചെയ്ത് അതിൽ കൂടുതൽ പ്രാവീണ്യം നേടിയ പ്രസാധകർ അത് വളരെ ഫലപ്രദമായ ഒരു പ്രവർത്തന മേഖലയാണെന്നു കണ്ടെത്തിയിരിക്കുന്നു. പ്രാരംഭത്തിൽ ചുരുക്കം ചില പ്രസാധകരും പയനിയർമാരും മാത്രമേ ഇതിൽ പങ്കെടുത്തുള്ളുവെന്നു വരാം. ഇത്തരം സാക്ഷീകരണരീതിയുമായി അവർ കൂടുതൽ പരിചിതരായിത്തീരുകയും അതിൽ കൂടുതൽ ആത്മവിശ്വാസം നേടുകയും ചെയ്യുമ്പോൾ അവരുടെ ഉത്സാഹവും പ്രോത്സാഹജനകമായ അനുഭവങ്ങളും, പ്രസംഗവേലയുടെ രസകരമായ ഈ രീതി പരീക്ഷിച്ചു നോക്കാൻ മറ്റുള്ളവരെയും പ്രേരിപ്പിച്ചേക്കാം.
9 എവിടെ തുടങ്ങണം: അപ്പാർട്ടുമെന്റ് കെട്ടിടത്തിന്റെ കവാടത്തിങ്കൽ പ്രദർശിപ്പിക്കാറുള്ള ലിസ്റ്റിൽനിന്നോ ഉടമസ്ഥന്റെ പേരുള്ള തപാൽപ്പെട്ടികളിൽനിന്നോ താമസക്കാരുടെ പേര് മനസ്സിലാക്കാൻ കഴിഞ്ഞേക്കും. എന്നിട്ട്, ടെലിഫോൺ ഡയറക്ടറിയിൽനിന്നു ഫോൺ നമ്പർ കണ്ടുപിടിക്കുക. ടെലിഫോൺ ഡയറക്ടറിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ ഫോട്ടോക്കോപ്പികൾ എടുക്കുക. അവയെ പ്രവർത്തന പ്രദേശമായി വീക്ഷിക്കാൻ കഴിയും. ഇത്തരം പ്രവർത്തന പ്രദേശം താരതമ്യേന ചെറുതായിരിക്കാൻ ശ്രദ്ധിക്കണം.
10 എല്ലാത്തരം സാക്ഷീകരണ വേലയിലും കൃത്യമായ രേഖ സൂക്ഷിക്കുന്നതു വളരെ പ്രയോജനകരമാണ്. ടെലിഫോൺ സാക്ഷീകരണത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. ചർച്ച ചെയ്ത വിഷയം, വീട്ടുകാരന്റെ താത്പര്യം, അടുത്തപ്രാവശ്യം ചർച്ച ചെയ്യാനിരിക്കുന്ന വിഷയം എന്നിങ്ങനെ സഹായകമായ വിവരങ്ങൾ വീടുതോറുമുള്ള രേഖയിൽ ശ്രദ്ധാപൂർവം എഴുതി വെക്കുക. പിന്നീടൊരിക്കൽ ഫോണിൽ ബന്ധപ്പെടാനാണോ അതോ നേരിട്ടു ചെന്നു കാണാനുള്ള ക്രമീകരണമാണോ ചെയ്തിരിക്കുന്നത് എന്നും രേഖപ്പെടുത്തുക.
11 വ്യക്തിപരമായ പട്ടിക ആവശ്യം: ഈ പ്രവർത്തനം ഒരു പതിവാക്കുന്നത് ആത്മവിശ്വാസം വളർത്താനും ഭയം അകറ്റാനും സഹായിക്കും. വൈകുന്നേരങ്ങളോ വാരാന്തങ്ങളോ പോലെ ആളുകൾ വീട്ടിൽ കാണാൻ കൂടുതൽ സാധ്യതയുള്ള സമയത്തു വിളിക്കുന്നതാണു നല്ലത്. അതിനായി ഓരോ ആഴ്ചയിലും പതിവായി ഒരു സമയം പട്ടികപ്പെടുത്തുക. സഭാ പുസ്തക അധ്യയനത്തിനു തൊട്ടുമുമ്പുള്ള സമയം വളരെ ഫലപ്രദമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് ഏറെ ഫലപ്രദമായ സമയം ഏതാണെന്നു കണ്ടുപിടിക്കുക.
12 തയ്യാറാകേണ്ട വിധം: ഈ സേവനപദവി ആസ്വദിക്കുന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരായുക. എല്ലായ്പോഴും ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കുക. ശക്തിയും ബലവും ആർജിക്കാൻ യഹോവയിൽ ആശ്രയിക്കുക. പ്രാർഥനയിലൂടെ അവന്റെ മാർഗനിർദേശം തേടുക. (സങ്കീ. 27:14; ഫിലി. 4:13) സാക്ഷീകരണത്തിന്റെ മറ്റു രൂപങ്ങളുടെ കാര്യത്തിൽ എന്നപോലെ ഈ പ്രവർത്തനത്തിലും മുഴു ഹൃദയത്തോടെ പങ്കെടുക്കുക.—മർക്കൊസ് 12:33 താരതമ്യം ചെയ്യുക.
13 ഒരു മേശയുടെ അടുത്ത് ഇരിക്കുന്നത് സഹായകമാണെന്ന് അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു. കസേരയിൽ നേരെ ഇരിക്കുന്നത് വ്യക്തമായി ചിന്തിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഏറെ സഹായകമാണ്. നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന എല്ലാ സാക്ഷീകരണ വസ്തുക്കളും വ്യക്തമായി കാണത്തക്കവണ്ണം നിരത്തിവെക്കുക. ലഘുലേഖകൾ, ഇപ്പോൾ വിശേഷവത്കരിച്ചുകൊണ്ടിരിക്കുന്ന സാഹിത്യങ്ങൾ, മാസികയുടെ ഏറ്റവും പുതിയ പ്രതികൾ അല്ലെങ്കിൽ രസകരങ്ങളായ പഴയ പ്രതികൾ, ബൈബിൾ, ന്യായവാദം പുസ്തകം, കൃത്യമായ യോഗസമയവും രാജ്യഹാൾ വിലാസവും സഹിതമുള്ള ക്ഷണക്കത്ത്, ഒരു പേന അല്ലെങ്കിൽ പെൻസിൽ, വീടുതോറുമുള്ള രേഖ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. സാഹിത്യം കയ്യെത്താവുന്നിടത്തുതന്നെ ഉണ്ടായിരിക്കണം. ഒരുപക്ഷേ ഒരു പ്രത്യേക ലേഖനം തുറന്നു വെക്കാവുന്നതാണ്. അവതരണം നന്നായി പരിശീലിക്കുക. നിങ്ങൾ വിളിക്കുന്നതിന്റെ ഉദ്ദേശ്യം ഒരു സാക്ഷ്യം നൽകുകയും എത്രയും പെട്ടെന്നുതന്നെ ആ വ്യക്തിയെ നേരിൽ കാണുന്നതിനു ക്രമീകരിക്കുകയും ചെയ്യുക എന്നതാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക.
14 ഫോൺ വിളിക്കുമ്പോൾ: വെപ്രാളപ്പെടരുത്, സ്വാഭാവികത നിലനിർത്തുക. ഫലപ്രദമായ ടെലിഫോൺ സാക്ഷീകരണത്തിന് ഊഷ്മളവും ആസ്വാദ്യവുമായ ശബ്ദത്തിൽ സംസാരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ മുഖത്തെ പുഞ്ചിരി ശബ്ദത്തിൽ പ്രതിഫലിക്കും. മതിയായ ശബ്ദത്തിൽ, സാവധാനം, വ്യക്തമായി സംസാരിക്കുക. മര്യാദയും ക്ഷമയും സൗഹൃദവും ഉള്ളവരായിരിക്കുക. സന്ദേശം നിരസിക്കപ്പെടുമോ എന്നു ഭയപ്പെടരുത്. എല്ലാവരും നമ്മുടെ സന്ദേശത്തിൽ താത്പര്യം കാണിക്കില്ല എന്ന വസ്തുത മനസ്സിൽപ്പിടിക്കുക. വീടുതോറുമുള്ള ശുശ്രൂഷയിൽ ആയിരിക്കുന്നതുപോലെതന്നെ ഇതിനെയും വീക്ഷിക്കുക.
15 പരിചയപ്പെടുത്തുമ്പോൾ നിങ്ങളുടെ മുഴുവൻ പേരും പറയുക. ഒരു പ്രത്യേക കെട്ടിടത്തിലെയോ സമുച്ചയത്തിലെയോ എല്ലാവരെയും നിങ്ങൾ ഫോണിൽ വിളിക്കുകയാണെന്നു പറയാതിരിക്കുന്നതാവും ഏറെ നല്ലത്. അല്ലാത്തപക്ഷം അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
16 ന്യായവാദം പുസ്തകത്തിൽനിന്നുള്ള പല മുഖവുരകളും അതേപടിതന്നെ സംഭാഷണ ശൈലിയിൽ വായിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്കു സ്വയം ഇങ്ങനെ പരിചയപ്പെടുത്താവുന്നതാണ്: “ഹല്ലോ, എന്റെ പേര് ________ . നിങ്ങളെ വ്യക്തിപരമായി വന്നുകാണാൻ കഴിയാത്തതിനാലാണ് ഞാൻ ഫോണിൽ വിളിച്ചത്.” എന്നിട്ട്, നിറുത്താതെതന്നെ, പറയുക: “ജീവിതത്തിന്റെ ഗുണമേന്മ എന്നെങ്കിലും മെച്ചപ്പെടുമോ എന്നതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്കു താത്പര്യം ഉണ്ട്. ജീവനോടിരിക്കുന്നതിൽ നമ്മിൽ മിക്കവരുംതന്നെ സന്തുഷ്ടരാണ്, എന്നാൽ ‘യഥാർഥമായും സന്തുഷ്ടമായ ഒരു ജീവിതം സാധ്യമാണോ’ എന്ന് പലരും സംശയിക്കുന്നു. അതേപ്പറ്റി നിങ്ങൾക്ക് എന്തു തോന്നുന്നു? . . . [മറുപടിക്കായി സമയം അനുവദിക്കുക.] നിങ്ങളുടെ അഭിപ്രായത്തിൽ ഇന്ന് സന്തുഷ്ടിക്കുള്ള ഏറ്റവും വലിയ തടസ്സങ്ങളിൽ ഒന്ന് എന്താണ്?” അല്ലെങ്കിൽ മേൽപ്പറഞ്ഞപ്രകാരം നിങ്ങളെ പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്: “ഞാൻ ഒരു അന്താരാഷ്ട്ര സ്വമേധയാ വേല ചെയ്യുകയാണ്. ജീവിതത്തിന്റെ അർഥത്തെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കു പ്രായമാകുന്തോറും ജീവിതം എത്ര ഹ്രസ്വമാണെന്നു നാം തിരിച്ചറിയുന്നു. ജീവിതത്തിന് ഇത്രയും അർഥമേയുള്ളോ? അതു സംബന്ധിച്ച് നിങ്ങൾക്കെന്തു തോന്നുന്നു?” (ന്യായവാദം പുസ്തകത്തിന്റെ 13-ാം പേജിലെ “ജീവിതം/സന്തുഷ്ടി” എന്ന ഉപതലക്കെട്ടു കാണുക.) ടെലിഫോൺ സാക്ഷീകരണത്തിൽ ഉപയോഗിക്കാവുന്ന മുഖവുരകളെ കുറിച്ചും എതിർപ്പുകളെ എങ്ങനെ തരണംചെയ്യാമെന്നതു സംബന്ധിച്ചും 1990 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുന്നത് സഹായകമായിരിക്കും.
17 ചർച്ചയുടെ തുടക്കത്തിൽത്തന്നെ ബൈബിൾ ഉപയോഗിക്കുക. സംഭാഷണത്തിനിടയ്ക്ക് ഉചിതമെന്നു തോന്നുന്ന സമയത്ത് നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന കാര്യം പറയുക. സംഭാഷണത്തിൽ വീട്ടുകാരനെയും ഉൾപ്പെടുത്തുക. തന്റെ വീക്ഷണങ്ങൾ പങ്കുവെക്കാൻ വീട്ടുകാരൻ ആഗ്രഹിക്കുന്നെങ്കിൽ അതു കേൾക്കാൻ ഭയപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിനും നിരീക്ഷണങ്ങൾക്കും നന്ദി പറയുക. യാതൊരു മടിയും കൂടാതെ അഭിനന്ദിക്കുക. എന്നാൽ, അയാൾ നമുക്ക് ഒരവസരം തരാതെ വാതോരാതെ സംസാരിക്കുകയോ വാദപ്രതിവാദത്തിനു തുനിയുകയോ ചെയ്യുന്നപക്ഷം സംഭാഷണം അവിടെവെച്ച് നയപൂർവം അവസാനിപ്പിക്കുക. പരമാർഥഹൃദയരെ കണ്ടെത്താൻ തക്കവണ്ണം നിങ്ങളുടെ ശ്രമങ്ങളെ നയിക്കുന്നതിന് ദൈവാത്മാവിനെ അനുവദിക്കുക.
18 സംഭാഷണം ഉപസംഹരിക്കാൻ വീട്ടുകാരനെ അനുവദിക്കുന്നതിനു പകരം നിങ്ങൾ തന്നെ അതു ചെയ്യുന്നതാണു നല്ലത്. രാജ്യഹാളിലെ പരസ്യപ്രസംഗത്തിനു വരുന്നതിന് വീട്ടുകാരനെ ക്ഷണിച്ചുകൊണ്ട് നിങ്ങൾക്കു സംഭാഷണം അവസാനിപ്പിക്കാൻ കഴിയും. ഹാളിന്റെ വിലാസവും യോഗസമയവും പറയാൻ മറന്നുപോകരുത്. ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് കൂടുതലായി സംസാരിക്കുന്നതിന് വീട്ടിൽ വരട്ടെ എന്നും ചോദിക്കാവുന്നതാണ്. ഫോണിലൂടെ ഫലപ്രദമായി സാഹിത്യങ്ങൾ പരിചയപ്പെടുത്താൻപോലും കഴിയും. ഒരു മാസികാ റൂട്ട് തുടങ്ങുക എന്ന ലക്ഷ്യത്തിൽ മാസികകളെക്കുറിച്ചു പറയാവുന്നതാണ്.
19 ടെലിഫോൺ സാക്ഷീകരണത്തിന്റെ സന്തോഷത്തിൽ പങ്കുചേരുക: എല്ലാ സംഭാഷണങ്ങളും ഒരു ബൈബിളധ്യയനമായിത്തീരുമോ? ഇല്ല, എന്നാൽ ചിലതെങ്കിലും ആയിത്തീരും. ഉദാഹരണത്തിന്, ഒരു സഹോദരി ഒരു മാസം 300 പേരെ ഫോണിൽ വിളിച്ചു. സ്വയം പരിചയപ്പെടുത്തിയശേഷം, അവരെ ഫോണിൽ വിളിച്ചതിന്റെ കാരണം സഹോദരി വിശദീകരിച്ചു. തുടർന്ന് ഒരു ഹ്രസ്വമായ അവതരണം നടത്തി. 12 വീട്ടുകാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചു. മൂന്നു താത്പര്യക്കാരുമായി സഹോദരി ഇപ്പോഴും ടെലിഫോണിലൂടെ സാക്ഷീകരിക്കുന്നു, നാലുപേർ തങ്ങളെ വീട്ടിൽ വന്നു കാണാൻ സമ്മതിച്ചിട്ടുണ്ട്.
20 സാക്ഷീകരണവേല ‘ഭൂമിയുടെ അററത്തോളം’ വ്യാപിപ്പിക്കാൻ യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചു. (പ്രവൃ. 1:8) ചില പ്രദേശങ്ങളിൽ ഈ കൽപ്പന അനുസരിക്കുന്നതിന് ടെലിഫോണിലൂടെ സാക്ഷീകരിക്കേണ്ടതുണ്ട്. ഈ ലേഖനം പരിചിന്തിച്ച ശേഷം നിങ്ങളോടു തന്നെ ചോദിക്കുക: “മുമ്പ് എത്തിപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എന്റെ സഭാപ്രദേശത്തുള്ള ‘സകലരോടും’ സുവാർത്ത പ്രസംഗിക്കുന്നതിൽ എനിക്കു കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” ഈ നിർദേശങ്ങൾ പിൻപറ്റിയ സഹോദരങ്ങൾക്ക് പ്രോത്സാഹജനകമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ‘ശുശ്രൂഷയെ പുകഴ്ത്തുന്ന’തിനുള്ള ഫലപ്രദമായ ഒരു വിധമാണ് ടെലിഫോൺ സാക്ഷീകരണം എന്ന് അവർ കണ്ടെത്തിയിരിക്കുന്നു. (റോമ. 11:13) ടെലിഫോൺ സാക്ഷീകരണത്തിൽനിന്നു ലഭിക്കുന്ന ആ സന്തോഷം നിങ്ങളും അനുഭവിക്കാൻ ഇടയാകട്ടെ.