നിങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കുന്നുവോ?
1 തന്റെ ഗുരുവിന്റെ ജീവിതഗതിയെ കുറിച്ചു ചിന്തിച്ചപ്പോൾ അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതാൻ പ്രേരിതനായി: ‘യേശു ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.’ (യോഹ. 13:1, പി.ഒ.സി. ബൈബിൾ) ഈ സ്മാരകകാലത്ത്, ക്രിസ്തുവിന്റെ ഏറ്റവും വലിയ സ്നേഹപ്രകടനത്തെ കുറിച്ചുള്ള ഓർമകൾ നമ്മുടെ മനസ്സിൽ നിറയുന്നു. മറുവിലയാഗത്തിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും പ്രസംഗ പ്രവർത്തനത്തിൽ തീക്ഷ്ണമായി പങ്കുപറ്റിക്കൊണ്ടും യേശു ചെയ്തതു പോലെ “അവസാനത്തോളം” സഹിച്ചുനിന്നുകൊണ്ടും നമുക്ക് ആ സ്നേഹത്തോടു പ്രതികരിക്കാൻ കഴിയും.—മത്താ. 24:13; 28:19, 20; യോഹ. 3:16.
2 ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കൽ: തന്റെ ഭൗമികജീവിതത്തിന്റെ അവസാനത്തെ ആഴ്ചയിൽ പോലും യേശു ശുശ്രൂഷയിൽ വളരെ തിരക്കുള്ളവനായിരുന്നു. (മത്താ. 21:23; 23:1; 24:3) ക്രിസ്തുവിന്റെ അനുകാരികളായ നാമും സ്നേഹത്താൽ പ്രേരിതരായി യഹോവയുടെ സേവനത്തിൽ ‘കഠിനമായി യത്നിക്കുന്നു.’ (ലൂക്കൊ. 13:24, NW) ഏപ്രിൽ മാസം ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട്, വർധിച്ച പ്രസംഗ പ്രവർത്തനത്തിനായി നടത്തിയിരിക്കുന്ന ക്രമീകരണങ്ങളിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾക്കാകുമോ?
3 ഈ വർഷം, കർത്താവിന്റെ സന്ധ്യാഭക്ഷണ ആചരണം ഏപ്രിൽ 19-ാം തീയതി ബുധനാഴ്ച വൈകുന്നേരമാണ്. ഈ സുപ്രധാന വേളയിൽ എത്ര പേർ കൂടിവരും? അതു വലിയ ഒരളവുവരെ നമ്മെ ഓരോരുത്തരെയും ആശ്രയിച്ചാണിരിക്കുന്നത്. ബൈബിൾ വിദ്യാർഥികൾ, മറ്റു താത്പര്യക്കാർ, ബന്ധുക്കൾ, ജോലിസ്ഥലത്തെ പരിചയക്കാർ, സഹപാഠികൾ എന്നിങ്ങനെ ക്ഷണിക്കേണ്ടവരുടെ ഒരു ലിസ്റ്റ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? നിങ്ങൾ അവരെ നേരിൽക്കണ്ട് ഹൃദയംഗമമായി ക്ഷണിച്ചിട്ടുണ്ടോ? സ്മാരകത്തിന് ഏതാനും ദിവസം മുമ്പ് നിങ്ങൾ ഒരിക്കൽക്കൂടി അവരെ ഓർമിപ്പിക്കുമോ? സ്മാരകാചരണത്തിന് എത്തിച്ചേരാൻ അവർക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ടോ? നിഷ്ക്രിയരായ പ്രസാധകരെ മൂപ്പന്മാർ ക്ഷണിക്കുന്നതായിരിക്കും. സ്മാരകം വാരാന്തത്തിലല്ല എന്ന കാരണത്താൽ അതിനു ഹാജരാകേണ്ടതിന്റെ പ്രാധാന്യം ആരും കുറച്ചുകാണരുത്.
4 തയ്യാറായി വരിക: നന്നായി തയ്യാറായി, ശരിയായ മാനസികനിലയോടെ സ്മാരകത്തിനു ഹാജരാകേണ്ടതു മർമപ്രധാനമാണ്. സന്ദർഭത്തിന്റെ ഗൗരവം മനസ്സിൽ പിടിക്കാൻ പൗലൊസ് സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 11:20-26) കുടുംബ അധ്യയന വേളയിൽ യോഹന്നാന്റെ സുവിശേഷം, 13 മുതൽ 17 വരെയുള്ള അധ്യായങ്ങൾ വായിക്കാനും തങ്ങളെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മറുവിലയാഗത്തിന് എന്ത് അർഥമാണുള്ളതെന്ന് വിശദീകരിക്കാൻ ഓരോ കുടുംബാംഗത്തെയും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞേക്കും. സ്മാരക ആഴ്ചത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾവായന ഭാഗങ്ങൾ ദിവസവും വായിക്കാൻ മറക്കരുത്!
5 ക്രിസ്തുവിനോടു നമുക്ക് ആഴമായ സ്നേഹം ഉണ്ട്. ഏപ്രിൽ 19-ാം തീയതി കഴിയുന്നതോടെ അതു നിലച്ചുപോകുകയില്ല. അവനോടുള്ള നമ്മുടെ സ്നേഹം എന്നെന്നും പ്രകടിപ്പിക്കാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു! ഈ വർഷത്തെ സ്മാരകാചരണം നമ്മുടെ ഈ തീരുമാനത്തെ ബലപ്പെടുത്തും.