ചോദ്യപ്പെട്ടി
◼ ഒരു വ്യക്തിയെ പുനഃസ്ഥിതീകരിച്ചതായുള്ള അറിയിപ്പു നടത്തിക്കഴിയുമ്പോൾ കൈയടിക്കുന്നത് ഉചിതമാണോ?
അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാർക്കു വീണ്ടും യഹോവയാം ദൈവത്തിന്റെ പ്രീതിയിലേക്കു വരാനും ക്രിസ്തീയ സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടാനും അവൻ തന്റെ സ്നേഹദയ നിമിത്തം തിരുവെഴുത്തുപരമായ ഒരു മാർഗം പ്രദാനം ചെയ്തിരിക്കുന്നു. (സങ്കീ. 51:12, 17) ഇത്തരമൊരു സംഗതി നടക്കുമ്പോൾ, അങ്ങനെ ആത്മാർഥ അനുതാപം പ്രകടമാക്കുന്നവരോടു വീണ്ടും സ്നേഹം പ്രകടിപ്പിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു.—2 കൊരി. 2:6-8.
നമ്മുടെ ബന്ധുക്കളോ പരിചയക്കാരോ പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ അവരുടെ അത്രയും സന്തോഷം നമുക്കുമുണ്ടെങ്കിലും ആ വ്യക്തിയുടെ പുനഃസ്ഥിതീകരണം സംബന്ധിച്ച അറിയിപ്പു നടത്തുന്ന സമയത്തു നാം നിശ്ശബ്ദത പാലിക്കേണ്ടതാണ്. 1998 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-ാം പേജിൽ പിൻവരുന്നപ്രകാരം പറയുന്നു: “എന്നിരുന്നാലും, ഒരു വ്യക്തിയുടെ പുറത്താക്കലിലേക്കോ പുനഃസ്ഥിതീകരണത്തിലേക്കോ നയിച്ച പ്രത്യേക സാഹചര്യങ്ങൾ സംബന്ധിച്ച് സഭയിലെ മിക്കവർക്കും അറിയില്ലെന്ന് നാം ഓർക്കണം. അതിലുപരി, അനുതാപം പ്രകടമാക്കിയിരിക്കുന്ന വ്യക്തിയുടെ ദുഷ്പ്രവൃത്തി ചിലരെ, ഒരുപക്ഷേ ദീർഘകാല അടിസ്ഥാനത്തിൽപ്പോലും, വ്യക്തിപരമായി ബാധിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം. അതുകൊണ്ട്, പുനഃസ്ഥിതീകരണത്തെ കുറിച്ചുള്ള അറിയിപ്പു നടത്തിക്കഴിയുമ്പോൾ, ഇത്തരം കാര്യങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്, നാം സ്വാഗത പ്രകടനങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണ്, അത്തരം സംഗതികൾ പിന്നീട് വ്യക്തിപരമായ അടിസ്ഥാനത്തിൽ നിർവഹിക്കാവുന്നതേയുള്ളൂ.”
ഒരാൾ സത്യത്തിലേക്കു തിരിഞ്ഞുവരുമ്പോൾ നാം അതീവ സന്തുഷ്ടരാണെങ്കിലും, ആ വ്യക്തിയുടെ പുനഃസ്ഥിതീകരണം സംബന്ധിച്ച അറിയിപ്പു നടത്തുന്ന സമയത്ത് കൈയടിക്കുന്നത് അനുചിതമായിരിക്കും.