യഹോവയുടെ മനോഹര നാമത്തിന് ഉന്നത മൂല്യം കൽപ്പിക്കുക
1 നമ്മുടെ ആദി മാതാപിതാക്കളെ പ്രലോഭിപ്പിച്ചു പാപം ചെയ്യിക്കുകവഴി സാത്താൻ യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തി. യഹോവ ആദാമിനോടു നുണ പറഞ്ഞുവെന്നു പിശാച് തന്ത്രപരമായി സൂചിപ്പിച്ചു. (ഉല്പ. 3:1-5) ദിവ്യനാമം, തന്റെ വചനം നിവർത്തിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് സാത്താന്റെ ആരോപണം അതിനീചമായ ദൂഷണമായിരുന്നു. ദിവ്യോദ്ദേശ്യങ്ങൾ പടിപടിയായി നിവർത്തിച്ചുകൊണ്ട് യഹോവ തന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കി അതിനെ മനോഹരമാക്കിയിരിക്കുന്നു.—യെശ. 63:12-14, NW.
2 ‘തന്റെ നാമത്തിൽ അറിയപ്പെടാൻ’ യഹോവ തിരഞ്ഞെടുത്തിരിക്കുന്ന ജനം നമ്മളാണ്. (പ്രവൃ. 15:14, 17, ഓശാന ബൈബിൾ) അതിന്റെ വിശുദ്ധീകരണത്തെ നാം എങ്ങനെ കണക്കാക്കുന്നു എന്നു കാണിക്കാൻ അത് നമുക്ക് അവസരം നൽകുന്നു. യഹോവയുടെ നാമം, നന്മയും ദയയും അനുകമ്പയും നീതിയും ഉള്ള സകലത്തെയും പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് അത് വാസ്തവമായും മനോഹരമാണെന്നു നാം കാണുന്നു. ദൈവത്തിന്റെ ഉത്കൃഷ്ട നാമത്തിന്റെ മാഹാത്മ്യം നമ്മിൽ ഭയാദരവു നിറയ്ക്കുന്നു. (സങ്കീ. 8:1; 99:3; 148:13) അതു നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
3 ദൈവനാമം വിശുദ്ധീകരിക്കുക: ദൈവനാമം അങ്ങേയറ്റം വിശുദ്ധമായതിനാൽ അത് ഇപ്പോഴായിരിക്കുന്നതിനെക്കാൾ കൂടുതൽ വിശുദ്ധമാക്കാൻ സാധിക്കുകയില്ല. എന്നാൽ, നല്ല നടത്തയാലും രാജ്യപ്രസംഗ വേലയാലും ദൈവനാമത്തിന് ഉന്നത മൂല്യം കൽപ്പിക്കുന്നതായി നമുക്കു പ്രകടമാക്കാൻ സാധിക്കും. നമുക്ക് ഇങ്ങനെ ഉദ്ഘോഷിക്കാം: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ.” (യെശ. 12:4) നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
4 യഹോവയുടെ നാമത്തെയും അത് പ്രതിനിധാനം ചെയ്യുന്ന സകലത്തെയും കുറിച്ച് ഉദ്ഘോഷിക്കാനായി എല്ലാ അവസരങ്ങളും നമുക്കു വിനിയോഗിക്കാം. ഔപചാരികമായോ അനൗപചാരികമായോ, വീടുതോറുമോ കടകൾതോറുമോ, തെരുവിലോ അതുമല്ലെങ്കിൽ ടെലഫോണിലൂടെയോ നാം നടത്തുന്ന പ്രസംഗപ്രവർത്തനം യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു. നാം പറയുന്നതു ശ്രദ്ധിക്കുന്ന താത്പര്യക്കാരെ കണ്ടെത്തുമ്പോൾ അവരെ വീണ്ടും സന്ദർശിക്കുന്നതിനും യഹോവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും കൃത്യമായ സമയം ക്രമീകരിക്കണം. ക്രമീകരിച്ച സമയത്തുതന്നെ നാം അവരുടെ അടുക്കൽ ചെല്ലുകയും ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനുള്ള നമ്മുടെ ശ്രമങ്ങൾ തുടരുകയും ചെയ്യണമെന്ന് അത് അർഥമാക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ഓരോ വർഷവും നൂറുകണക്കിന് ആളുകൾ യഹോവയുടെ മനോഹര നാമം അറിയാനും മഹത്ത്വീകരിക്കാനും വിശുദ്ധീകരിക്കാനും ഇടയാകുന്നു.
5 ദൈവനാമം വിശുദ്ധീകരിക്കുന്ന വേലയിൽ നാം മുഴുഹൃദയത്തോടെ പങ്കെടുക്കുന്നത്, ഏദെനിൽവെച്ച് സാത്താൻ ഉയർത്തിയ വിവാദവിഷയം സംബന്ധിച്ച നമ്മുടെ നിലപാടു വ്യക്തമാക്കുന്നു. നമുക്ക് ചെയ്യാവുന്നതിലേക്കും ഏറ്റവും ഉത്കൃഷ്ടവും ശ്രേഷ്ഠവുമായ വേലയാണ് ഇത്. ഉന്നത മൂല്യം കൽപ്പിച്ചുകൊണ്ട് തീക്ഷ്ണതയോടെ യഹോവയുടെ മനോഹര നാമത്തെ നമുക്കു സ്തുതിക്കാം!—1 ദിന. 29:13, NW.