പുതിയ ലോക ഭാഷാന്തരം സമർപ്പിക്കൽ
1 “പുതിയ ലോക [ഭാഷാന്തരം] സമ്പാദിക്കാൻ തക്ക മൂല്യമുള്ളതാണ്. അതു ശ്രേഷ്ഠവും ജീവൻ തുടിക്കുന്നതും ആണ്. അതു വായനക്കാരൻ ചിന്തിക്കാനും പഠിക്കാനും ഇടയാക്കുന്നു. അത് അമിതകൃത്തിപ്പുകാരുടെ കൃതിയല്ല, പിന്നെയോ ദൈവത്തെയും അവന്റെ വചനത്തെയും മാനിക്കുന്ന പണ്ഡിതന്മാരുടേതാണ്.” വിഖ്യാതനായ ഒരു എബ്രായ, ഗ്രീക്ക് ഭാഷ്യകാരനാണ് അങ്ങനെ പ്രസ്താവിച്ചത്. നാമും അതിനോടു യോജിക്കുന്നു. ഡിസംബറിൽ പരിജ്ഞാനം പുസ്തകത്തോടൊപ്പം പുതിയ ലോക ഭാഷാന്തരം സമർപ്പിക്കുമ്പോൾ സമാനമായ വിലമതിപ്പ് ഉണ്ടായിരിക്കാൻ നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
2 “എനിക്കൊരു ബൈബിൾ ഉണ്ട്. ഇനി വേറെ ഒരെണ്ണത്തിന്റെ ആവശ്യമില്ല,” ചിലരുടെ പ്രതികരണം അങ്ങനെ ആയിരുന്നേക്കാം. പുതിയ ലോക ഭാഷാന്തരം കേവലം മറ്റൊരു ബൈബിൾ അല്ല എന്നതു മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് നമ്മുടെ വെല്ലുവിളി. മൂല പാഠത്തിലെ ആശയങ്ങൾ കൃത്യമായി പകർത്തുന്ന, ആധുനിക ഭാഷയിലുള്ള ഒരു പദാനുപദ പരിഭാഷയാണ് ഇത്. 1 കൊരിന്ത്യർ 10:25-ലെ ”shambles,” (ജയിംസ് രാജാവിന്റെ ഭാഷാന്തരം) ”meat market” (പുതിയ ലോക ഭാഷാന്തരം) എന്നിവ പോലുള്ള വാക്കുകളുടെ പരിഭാഷ താരതമ്യപ്പെടുത്തിക്കൊണ്ട് അതിന്റെ മേന്മയുടെ ഒരു വശം കാണിച്ചു കൊടുക്കാനാകും.
3 എന്നാൽ, അനുദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ പ്രായോഗികം ആയിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാതെയാണ് ചില ആളുകൾ അതു വായിക്കുന്നത്. നന്മയ്ക്ക് ഉതകുംവിധം തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ ദൈവ വചനത്തിനു സാധിക്കുമെന്നും സത്യസന്ധത, ധാർമികത, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട അതിന്റെ ബുദ്ധ്യുപദേശങ്ങൾ പിന്തുടരുന്നത് ഇന്നത്തെ പ്രശ്നങ്ങൾ നേരിടാൻ തങ്ങളെ സഹായിക്കുന്നു എന്നും അവർ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അത് എങ്ങനെ സാധ്യമാകും?
4 ഉപയോഗിക്കാവുന്ന ഒരു അവതരണം: “ഇന്ന്, ധാർമിക മൂല്യങ്ങൾ അതിശീഘ്രം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വവും നിലവിലുണ്ട്. അതിനോടുള്ള ബന്ധത്തിൽ ജീവിതത്തിൽ നമുക്ക് ആശ്രയയോഗ്യമായ ഒരു വഴികാട്ടി വേണം എന്നതിനോടു താങ്കൾ യോജിക്കുമോ? [മറുപടി പറയാൻ അനുവദിക്കുക.] ബൈബിൾ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം ആണെങ്കിലും, ആധുനിക ജീവിതത്തിനും സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ട പ്രായോഗികമായ ബുദ്ധ്യുപദേശം അതു നൽകുന്നു.” തുടർന്ന് പരിജ്ഞാനം പുസ്തകത്തിന്റെ 2-ാം അധ്യായം എടുത്ത് 2 തിമൊഥെയൊസ് 3:16-ഉം 17-ഉം ഉൾപ്പെടെ 10-ാം ഖണ്ഡികയും 11-ാം ഖണ്ഡികയുടെ ആദ്യ വാചകവും വായിക്കുക. താത്പര്യം കാണിക്കുന്നെങ്കിൽ, പരിജ്ഞാനം പുസ്തകം സമർപ്പിക്കുക, നമ്മുടെ സൗജന്യ ബൈബിൾ അധ്യയന പരിപാടി വിവരിക്കുക, പുതിയ ലോക ഭാഷാന്തരം സമർപ്പിക്കുക. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് അധ്യയനം തുടങ്ങുന്നതാണ് നല്ലത് എന്ന് നിങ്ങൾ കരുതുന്നെങ്കിൽ, അങ്ങനെ ചെയ്യാവുന്നതാണ്. അനുയോജ്യമായ കൂടുതൽ മുഖവുരകൾ ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ കാണാവുന്നതാണ്.
5 ഒരു ഉത്കൃഷ്ട ഗ്രന്ഥമായ പുതിയ ലോക ഭാഷാന്തരത്തോടുള്ള വിലമതിപ്പു നമുക്കു പ്രകടമാക്കാം. അതേ, ഡിസംബറിൽ അത് ഉത്സാഹത്തോടെ സമർപ്പിച്ചുകൊണ്ടു നമുക്ക് അങ്ങനെ ചെയ്യാവുന്നതാണ്.