മടക്കസന്ദർശനങ്ങൾ നടത്തുകയെന്ന വെല്ലുവിളിയെ നേരിടൽ
1 സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ, ശിഷ്യരെ ഉളവാക്കാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു. (മത്താ. 28:19, 20) ഇതിൽ മടക്കസന്ദർശനങ്ങൾക്കായി ആസൂത്രണം ചെയ്യുന്നത് ഉൾപ്പെടുന്നു. മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിദഗ്ധർ ആയിത്തീരുക എന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം. മറ്റുള്ളവരുമായി രാജ്യപ്രത്യാശ പങ്കുവെക്കുന്നതിന്, വ്യക്തിപരമായ ചില സംഗതികൾ നാം മാറ്റിവെക്കേണ്ടി വന്നേക്കാം. ആത്മാർഥ ഹൃദയരായ ആളുകളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് അവരെ സഹായിക്കാനുള്ള അവസരം മടക്കസന്ദർശനങ്ങൾ പ്രദാനം ചെയ്യുന്നു.
2 താത്പര്യം പ്രകടമാക്കുന്ന എല്ലാവരെയും സന്ദർശിക്കുക: രാജ്യദൂതിൽ താത്പര്യം പ്രകടമാക്കുന്ന എല്ലാവർക്കും, അവർ നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിരസിച്ചാൽപോലും, മടക്കസന്ദർശനങ്ങൾ നടത്തണം. എന്നാൽ എങ്ങനെയാണ് നിങ്ങൾ രാജ്യദൂതിൽ താത്പര്യം ജനിപ്പിക്കുന്നത്? ദൈവ വചനമായ ബൈബിൾ ഉപയോഗിക്കുന്നതാണ് അതിനുള്ള മുഖ്യ സംഗതി. ആളുകളെ പ്രസക്തമായ തിരുവെഴുത്തു വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ഉൾപ്പെടുത്തിക്കൊണ്ട് അവരിൽ എപ്രകാരം രാജ്യദൂതിനോടുള്ള താത്പര്യം വളർത്തിയെടുക്കാമെന്ന് യേശുവും അപ്പൊസ്തലന്മാരും പ്രകടമാക്കുകയുണ്ടായി.—മർക്കൊ. 10:17-21; പ്രവൃ. 2:37-41.
3 ബൈബിൾ അധ്യയനം ആരംഭിക്കുക എന്നതായിരിക്കണം വീണ്ടും സന്ദർശിക്കുമ്പോഴുള്ള നമ്മുടെ ഉദ്ദേശ്യം. ഭവന ബൈബിൾ അധ്യയനം നടത്തുന്നത് എങ്ങനെയാണെന്ന് വീട്ടുകാരനെ പ്രകടിപ്പിച്ചു കാണിക്കാൻ നമുക്കു സാധിച്ചേക്കും. സത്യം പഠിപ്പിക്കാനായി പരമാർഥ ഹൃദയമുള്ള ഒരു വ്യക്തിയെ കണ്ടെത്താൻ സഹായിക്കാനുള്ള നിങ്ങളുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകുമെന്ന് ഉറപ്പുള്ളവർ ആയിരിക്കുക. അതുകൊണ്ട് മടക്കസന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു മുമ്പ്, അവ ബൈബിൾ അധ്യയനങ്ങളായി മാറ്റാൻ യഹോവയുടെ സഹായം തേടരുതോ? നാം മടക്കസന്ദർശനം നടത്തുന്ന എല്ലാവരും ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയില്ല എന്നതു ശരിതന്നെ. എന്നാൽ താത്പര്യക്കാരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കാൻ യഹോവയോടു നമുക്ക് പ്രാർഥനയിലൂടെ അപേക്ഷിക്കാവുന്നതാണ്.
4 ലഘുലേഖകൾ നന്നായി ഉപയോഗിക്കുക: ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുന്നതിന് മടക്കസന്ദർശന വേളയിൽ ലഘുലേഖകൾ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വിശേഷിച്ചും, മുൻ സന്ദർശനങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ഒന്നും സ്വീകരിക്കാതിരുന്ന ഇടങ്ങളിൽ. അവയുടെ പുറംതാളിലെ ചിത്രത്തെക്കുറിച്ച് കേവലം ചർച്ചചെയ്തുകൊണ്ട് ഒരു സംഭാഷണം തുടങ്ങാൻ അനേകർക്കു സാധിച്ചിട്ടുണ്ട്. വീട്ടുകാരനോടൊത്ത് ഓരോ ഖണ്ഡിക വീതം വായിക്കുക. ചോദ്യമുള്ള ഭാഗത്ത് എത്തുമ്പോൾ വായന നിർത്തി തന്റെ അഭിപ്രായം പറയാൻ അദ്ദേഹത്തെ ക്ഷണിക്കുക. തിരുവെഴുത്തുകൾ എടുത്തു നോക്കി അവ ബാധകമാകുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുക. തുടർന്ന്, അധ്യയനം നടത്താൻ സാധിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലേക്കു സംഭാഷണം തിരിച്ചുവിടാവുന്നതാണ്.
5 വെല്ലുവിളിയെ വിജയപ്രദമായി നേരിടൽ: “കൂടുതലായ എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ദയവായി ഈ പ്രസിദ്ധീകരണത്തിന്റെ പിൻപേജിലുള്ള വിലാസത്തിൽ എഴുതുക” എന്ന് ചില പ്രസാധകർ വീട്ടുകാരനോട് പറയുന്നതായി സഞ്ചാര മേൽവിചാരകന്മാർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ, മേൽവിവരിച്ച നിർദേശങ്ങൾ മനസ്സിൽ പിടിക്കുന്നതിനാലും നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1997 മാർച്ച് ലക്കത്തിലെ “മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക” എന്ന വിഷയമുള്ള അനുബന്ധം ശ്രദ്ധാപൂർവം പുനരവലോകനം ചെയ്യുന്നതിനാലും മടക്കസന്ദർശനം നടത്തുന്നതിന്റെ വെല്ലുവിളിയെ നമുക്കു വിജയപ്രദമായി നേരിടാനാകും.