ബൈബിൾ—സകലർക്കും വേണ്ടി ദൈവത്തിൽനിന്നുള്ള വഴികാട്ടി
1 ആഗോള ജനസംഖ്യയിലെ 90 ശതമാനത്തിലധികം ആളുകൾക്ക് ദൈവവചനം ലഭ്യമായിരിക്കത്തക്ക വിധത്തിൽ 2,100-ലധികം ഭാഷകളിലും ഉപഭാഷകളിലുമായി ഏകദേശം 400 കോടി ബൈബിളുകൾ ഇതുവരെ അച്ചടിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ലോകത്തിൽ, “യഹോവയുടെ വചനങ്ങളെ കേൾ”ക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു ദാരിദ്ര്യാവസ്ഥ നിലനിൽക്കുന്നു. (ആമോസ് 8:11) ബൈബിളിന്റെ പ്രതി കൈവശമുള്ള അനേകമാളുകൾ ഒന്നുകിൽ അതു വായിക്കുന്നില്ല, അല്ലെങ്കിൽ അതിലടങ്ങിയിരിക്കുന്നതെന്താണെന്നു മനസ്സിലാക്കുന്നില്ല. അവരുടെ ജീവിതത്തെ നയിക്കാനുള്ള ഒരു പ്രായോഗിക വഴികാട്ടിയായി ബൈബിളിനെ ഉപയോഗിക്കാൻ നമുക്കവരെ എങ്ങനെ പ്രേരിപ്പിക്കാൻ കഴിയും?
2 ഡിസംബറിൽ നാം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, എന്റെ ബൈബിൾ കഥാപുസ്തകം, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നീ പുസ്തകങ്ങളോ അല്ലെങ്കിൽ ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേകനിരക്കിൽ സമർപ്പിക്കാൻ പട്ടികപ്പെടുത്തിയിരുന്ന ഏതെങ്കിലും പുസ്തകമോ ആയിരിക്കും സമർപ്പിക്കുക. താത്പര്യം കണ്ടെത്തുന്നയിടങ്ങളിൽ, കഴിഞ്ഞ 47 വർഷമായി നാം പ്രയോജനം നേടിക്കൊണ്ടിരിക്കുന്ന ബൈബിൾ പരിഭാഷയായ പുതിയലോക ഭാഷാന്തരവും സമർപ്പിക്കാവുന്നതാണ്. അതിന്റെ സുവ്യക്തവും ആധുനികവുമായ ഭാഷയെക്കുറിച്ചു വിശദമാക്കിക്കൊണ്ട് ഇതു ചെയ്യാവുന്നതാണ്. (“എല്ലാ തിരുവെഴുത്തും” [ഇംഗ്ലീഷ്] പുസ്തകത്തിന്റെ 328-ാം പേജ് 6-ാം ഖണ്ഡിക കാണുക.) സകലർക്കും വേണ്ടി ദൈവത്തിൽനിന്നുള്ള വഴികാട്ടിയായി ബൈബിളിനെ സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് യഹോവയിൽ നിന്നുള്ള ഈ സമ്മാനത്തോടുള്ള നമ്മുടെ ആത്മാർഥമായ വിലമതിപ്പ് നാം പ്രകടമാക്കും.
3 “ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം” എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ അവതരണം ആരംഭിക്കാവുന്നതാണ്. നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼ “ലോകജനസംഖ്യയുടെ 90 ശതമാനത്തിലധികം പേർക്കും ബൈബിൾ ലഭ്യമാണെങ്കിലും, ചുരുക്കം ആളുകളേ അതു ക്രമമായി വായിക്കുന്നുള്ളൂ. അതിനു കാരണമെന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” ലഘുലേഖയുടെ ആദ്യത്തെ രണ്ടു ഖണ്ഡികകളും 2 തിമൊഥെയൊസ് 3:16-ഉം വായിക്കുക. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും പുസ്തകത്തിൽനിന്ന് അനുയോജ്യമായ ഒരു ആശയം വിശേഷവത്കരിക്കുക, എന്നിട്ട് പുസ്തകം സമർപ്പിക്കുക. വാഗ്ദാനം നിരസിക്കുന്നുവെങ്കിൽ, വീട്ടുകാരനോട് ലഘുലേഖയുടെ ബാക്കി ഭാഗം വായിക്കാൻ ആവശ്യപ്പെടുക. “ഭാവി മുൻകൂട്ടിപ്പറയൽ” എന്ന അവസാനത്തെ ഉപശീർഷകം വിശേഷവത്കരിക്കുക.
4 “ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം” എന്ന ലഘുലേഖ സ്വീകരിച്ച ആളുകളുടെ അടുക്കൽ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾ ഈ അവതരണം പരീക്ഷിച്ചുനോക്കിയേക്കാം:
◼ ഒരിക്കൽക്കൂടി സ്വയം പരിചയപ്പെടുത്തിയശേഷം, ലഘുലേഖയുടെ അവസാനത്തെ രണ്ടു ഖണ്ഡികകൾ വായിക്കുക. ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു വീട്ടുകാരനോട് ചോദിക്കുക. അദ്ദേഹം മറുപടി പറഞ്ഞ ശേഷം, ഇങ്ങനെ പറയുക: “ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ നിറവേറ്റുന്ന സകലർക്കും വിസ്മയകരമായ ഒരു ഭാവി ലഭിക്കുമെന്നു മുൻകൂട്ടിപ്പറയുന്നവയുൾപ്പെടെ ബൈബിളിലുള്ള എല്ലാ പ്രവചനങ്ങളും നിശ്ചയമായും നിവൃത്തിയേറുമെന്ന് യഹോവയുടെ സാക്ഷികൾക്ക് ഉറപ്പുണ്ട്.” ആവശ്യം ലഘുപത്രികയുടെ 13-ാം പേജിൽ കൊടുത്തിരിക്കുന്ന ചിത്രം കാണിക്കുക. എന്നിട്ട് പാഠം അഞ്ചിലേക്കു പേജുകൾ മറിച്ച് അതിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചർച്ചചെയ്യാമെന്നു പറയുക. അങ്ങനെ ഒരു അധ്യയനമാരംഭിക്കുക.
5 ആളുകൾക്കു മതത്തിൽ താത്പര്യമുള്ള പ്രദേശങ്ങളിൽ, പ്രഥമ സന്ദർശനത്തിൽ നിങ്ങൾ ഈ സമീപനം പരീക്ഷിച്ചേക്കാം:
◼ “ബൈബിളിനോട് ആഴമായ ആദരവുണ്ടായിരിക്കാൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു. അനേകം കുടുംബങ്ങൾക്കും ബൈബിളുണ്ട്, പക്ഷേ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർ ബുദ്ധ്യുപദേശത്തിനുവേണ്ടി അതിലേക്കു നോക്കാറില്ല. ഇതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരുപക്ഷേ, ബൈബിൾ ഒരു പഴഞ്ചൻ പുസ്തകമാണെന്നായിരിക്കാം അവർ വിശ്വസിക്കുന്നത്. ഈ പുസ്തകം (ഈ മാസത്തെ സമർപ്പണങ്ങളിലേതെങ്കിലും), ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണെന്നതിനും ഇന്നത്തെ വലിയ പ്രശ്നങ്ങൾക്ക് അതു പ്രായോഗികമായ പരിഹാരമാർഗങ്ങൾ പ്രദാനം ചെയ്യുന്നുവെന്നതിനും ബോധ്യപ്പെടുത്തുന്ന തെളിവുകൾ നൽകുന്നു.” പുസ്തകത്തിൽനിന്നും ഏതാനും ആശയങ്ങൾ വിശേഷവത്കരിക്കുക, എന്നിട്ട് പുസ്തകം സമർപ്പിക്കുക.
6 സമർപ്പണം നടത്തിയിടത്തു മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼ “ഞാൻ കഴിഞ്ഞ തവണ നിങ്ങളെ സന്ദർശിച്ചപ്പോൾ, ഇന്നത്തെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈബിൾ എപ്രകാരം സഹായിക്കുന്നുവെന്നതു സംബന്ധിച്ചു നമ്മൾ ചർച്ച ചെയ്തിരുന്നു. അതിനെ ദൈവവചനമായി അംഗീകരിച്ചിട്ടുള്ളവരെ കൂടുതൽ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാനും അതു സഹായിച്ചിരിക്കുന്നു. ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകത്തിൽ വിശദീകരിച്ചിട്ടുള്ള പ്രായോഗികമായ ബൈബിൾതത്ത്വങ്ങളിലൊന്നു നിങ്ങളെ കാണിക്കാൻ എനിക്കു താത്പര്യമുണ്ട്.” നിങ്ങൾ സമർപ്പിച്ച പുസ്തകത്തിൽനിന്നുള്ള ഒരു തിരുവെഴുത്തുതത്ത്വം ചർച്ച ചെയ്യുക. താത്പര്യം കാണിക്കുന്നുവെങ്കിൽ പരിജ്ഞാനം പുസ്തകത്തിൽനിന്നോ ആവശ്യം ലഘുപത്രികയിൽനിന്നോ അധ്യയനം വാഗ്ദാനം ചെയ്യുക.
7 പിൻവരുന്ന അവതരണം പ്രായമുള്ളവരുടെ താത്പര്യമുണർത്തിയേക്കാം:
◼ “മിക്ക ഭവനങ്ങളിലും ബൈബിൾ വായിക്കുകയും കുടുംബങ്ങൾ അതിലെ തത്ത്വങ്ങൾക്കനുസരിച്ചു ജീവിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. നിങ്ങളുടെ കുടുംബത്തിൽ അങ്ങനെയായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്ന് അനേകരും, ഒന്നുകിൽ ബൈബിൾ വായിക്കാൻ സമയമില്ലാത്തവണ്ണം വളരെയേറെ ശ്രദ്ധാശൈഥില്യങ്ങൾ നേരിടുന്നവരോ അല്ലെങ്കിൽ അതിന്റെ ധാർമിക തത്ത്വങ്ങൾ പഴഞ്ചനാണെന്നു വിചാരിക്കുന്നവരോ ആണെന്നു തോന്നുന്നു. എന്നിരുന്നാലും, ബൈബിൾ പഠിച്ചതിനു ശേഷം ജീവിതത്തിൽ നല്ല മാറ്റങ്ങൾ അനുഭവിച്ചറിഞ്ഞ ഒട്ടേറെ വ്യക്തികളുണ്ട്. ദൈവവചനത്തിന്റെ ശക്തി അവരെ എപ്രകാരമാണു സഹായിച്ചതെന്നു വായിച്ചറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കു തന്നിട്ടുപോകാൻ എനിക്കു സന്തോഷമുണ്ട്.” ഈ മാസത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്നു സമർപ്പിക്കുക.
8 മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “കഴിഞ്ഞതവണ സംസാരിച്ചപ്പോൾ, ബൈബിളിലെ ധാർമിക തത്ത്വങ്ങളെ ഇന്നത്തെ സമൂഹം അവഗണിക്കുന്നുവെന്നതിനോടു നാമിരുവരും യോജിച്ചു. ആ അവഗണന സംബന്ധിച്ച് നാം ഉത്കണ്ഠാകുലരാകേണ്ടതുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] യേശുക്രിസ്തു, ബൈബിൾ പരിജ്ഞാനം നേടുന്നതിനു വളരെയേറെ മൂല്യം കൽപ്പിച്ചു.” യോഹന്നാൻ 17:3 വായിക്കുക. അതിനുശേഷം പരിജ്ഞാനം പുസ്തകം 1-ാം അധ്യായത്തിന്റെ 5-ാം ഖണ്ഡികയിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുക. നമ്മുടെ സൗജന്യ ബൈബിളധ്യയന പരിപാടിയെക്കുറിച്ചു വിശദീകരിക്കുക, അത് എപ്രകാരമാണ് ചെയ്യുന്നതെന്ന് പ്രകടിപ്പിച്ചു കാണിക്കാമെന്നു പറയുക.
9 സകലർക്കും വേണ്ടി ദൈവത്തിൽനിന്നുള്ള വഴികാട്ടിയായ ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളുടെയുംമേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കുന്നതിനുവേണ്ടി പ്രാർഥിക്കുക.