വിമോചനത്തിനിടയാക്കുന്ന അടയാളമിടൽ
1 തന്റെ നീതിനിഷ്ഠമായ ന്യായവിധികൾ നടപ്പാക്കുന്നതിനുമുമ്പ്, യഹോവ എല്ലായ്പോഴും മുന്നറിയിപ്പു കൊടുക്കുകയും സൗമ്യർക്ക് ഒരു രക്ഷാമാർഗം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. യെഹസ്കേലിന്റെ നാളുകളിൽ, സംഭവിച്ചുകൊണ്ടിരുന്ന മ്ലേച്ഛകാര്യങ്ങളെ ഓർത്തു നെടുവീർപ്പിടുകയും ഞരങ്ങുകയും ചെയ്യുന്നവർ ഉണ്ടായിരുന്നു. യഹോവ യോഗ്യരായ അത്തരം ആളുകൾക്ക് മോചനത്തിനുളള അടയാളമിടുവിച്ചു. (യെഹെ. 9:4-6) അതേ കാര്യംതന്നെയാണ് ഇന്നു നമ്മുടെ പ്രസംഗവേലയാലും നിർവഹിക്കപ്പെടുന്നത്. നമുക്ക് അതിൽ ഒരു പ്രധാന പങ്കു വഹിക്കാൻ സാധിക്കും.
2 ആത്മാർഥരായ ആളുകളെ കണ്ടെത്തുന്നതു കേവലം ആദ്യ പടിയേ ആകുന്നുളളു. നാം ഒരു മടക്കസന്ദർശനം ക്രമീകരിക്കുന്നു. സമർപ്പിച്ച ഇനവും ചർച്ചചെയ്ത വിഷയവും കുറിച്ചിട്ടുകൊണ്ട് ആദ്യ സന്ദർശനത്തിൽതന്നെ മടക്കസന്ദർശനത്തിനുളള ഒരുക്കം നടത്തുന്നു. മടങ്ങിച്ചെല്ലുന്നയവസരത്തിൽ നാം പറയാനും ചെയ്യാനും ഒരുങ്ങിയിരിക്കുന്ന സംഗതിയിലാണു നമ്മുടെ വിജയം ആശ്രയിച്ചിരിക്കുന്നത്.
3 “വീക്ഷാഗോപുരം” സമർപ്പിച്ചിടത്തു മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾക്ക് അതിന്റെ പ്രധാന വിഷയത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്:
◼“വീക്ഷാഗോപുരത്തിന്റെ കവർപേജിൽ പ്രത്യക്ഷപ്പെടുന്ന ‘യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു’ എന്ന പ്രസ്താവന ശ്രദ്ധിക്കുക. ലോകത്തിന്റെ പ്രശ്നങ്ങൾക്കുളള ഒരേ ഒരു പരിഹാരം എന്നനിലയിൽ ദൈവരാജ്യത്തെ ഉയർത്തിപ്പിടിക്കുന്നു എന്നത് ഈ മാസികയെ അനുപമമാക്കുന്നു. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമ്പോൾ ദൈവരാജ്യം എന്തെല്ലാം നിർവഹിക്കുമെന്ന് അതു വിശദീകരിക്കുന്നു. സകല ഭുമിയിലും പ്രഖ്യാപിക്കപ്പെടുമെന്ന് യേശു പറഞ്ഞ സുവാർത്ത ഇതാണ്.” മത്തായി 24:14 വായിച്ചിട്ട് വീക്ഷാഗോപുരം എങ്ങനെ ക്രമമായി ലഭിക്കാമെന്നും വ്യക്തിപരമായ ബൈബിൾ പഠനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നും വിശദമാക്കുക.
4 കേവലം ബൈബിളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, അതു ക്രമമായി വായിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“അനുദിന ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നതു സംബന്ധിച്ച് എന്തെങ്കിലും പ്രായോഗിക ഉപദേശമുണ്ടെങ്കിൽ അതു നമുക്ക് അറിയാവുന്ന മിക്കവാറുമെല്ലാവരും വിലമതിക്കും, ഇല്ലേ? നമുക്ക് ആശ്രയിക്കാവുന്ന ഉപദേശം എവിടെ കണ്ടെത്താനാവുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] സുഹൃത്തുക്കൾ നൽകിയതോ പണം സ്വീകരിച്ച് വിദഗ്ധർ നൽകിയതോ ആയ ഉപദേശത്തിലാശ്രയിച്ച അനേകർ ഭയങ്കര നിരാശയിലാണ്. നേരേമറിച്ച്, ലക്ഷക്കണക്കിന് ആളുകൾ ബൈബിളിനെ യഥാർഥത്തിൽ ആശ്രയിക്കാവുന്ന ഉപദേശത്തിന്റെ ഏക ഉറവായി കണ്ടെത്തിയിരിക്കുന്നു. നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു പ്രശ്നത്തെയും എങ്ങനെ നേരിടാമെന്നതു സംബന്ധിച്ചു ബൈബിൾ പ്രബോധനം പ്രദാനം ചെയ്യുന്നു. [2 തിമൊഥെയൊസ് 3:16, 17 വായിക്കുക.] ബൈബിൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുളളതായി നിങ്ങൾക്കു തോന്നിയേക്കാമെങ്കിലും, ജ്ഞാനമുളള ബുദ്ധ്യുപദേശങ്ങളുടെ ഒരു കലവറ തുറക്കാൻ അതു നിങ്ങൾക്കെങ്ങനെ ഉപയോഗിക്കാനാവുമെന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരട്ടെ.” പുതിയലോക ഭാഷാന്തരത്തിന്റെ അവസാന ഭാഗത്തുളള “ബൈബിൾ പദസൂചിക” എന്ന ഭാഗത്ത്, “സ്നേഹം” എന്നതിലേക്കു തിരിഞ്ഞുകൊണ്ട് സംഭാഷണം തുടരുകയും മറ്റുളളവരുമായുളള ഭിന്നതകൾ പരിഹരിക്കാൻ സ്നേഹത്തിനു നമ്മെ എങ്ങനെ സഹായിക്കാനാവുമെന്നു പ്രകടമാക്കുന്ന ഏതാനും പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.
5 ഒരു ബൈബിളധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തിൽ “നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും” എന്ന പുസ്തകം ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തേക്കാം, പിൻവരുന്ന മുഖവുരയോടെ:
◼“നാം നമ്മുടെ കുടുംബങ്ങളെ സ്നേഹിക്കുകയും അവർ ഏറ്റവും നല്ല നിലയിലായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതുപോലൊരു ലോകത്തിൽ ജീവിക്കുന്നതിൽനിന്നു നിങ്ങളുടെ കുടുംബം എങ്ങനെ പ്രയോജനം നേടും?” 156-7 പേജുകളിലെ ചിത്രീകരണങ്ങൾ കാണിക്കുക. ആ പേജുകളിൽ ഉദ്ധരിച്ചിരിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുകയും നുണപറയാൻ കഴിയാത്ത യഹോവയാം ദൈവമാണ് ഈ വാഗ്ദാനങ്ങൾ നടത്തിയിരിക്കുന്നത് എന്നു വിശദമാക്കുകയും ചെയ്യുക. 5-6 പേജുകളിലെ അധ്യായങ്ങളുടെ പട്ടിക പരാമർശിച്ച് അതിൽ ഏതു വിഷയത്തിലാണു വീട്ടുകാരന് ഏറ്റവും കൂടുതൽ താത്പര്യമെന്നു ചോദിക്കുക; അദ്ദേഹം തിരഞ്ഞെടുക്കുന്ന അധ്യായം എടുക്കുക. എന്നിട്ട് ഒന്നോ രണ്ടോ ഖണ്ഡികകൾ ചർച്ചചെയ്യുക.
6 വിമോചനത്തിനുവേണ്ടി അടയാളം ഇടപ്പെടേണ്ടതിനു മറ്റൊരു വ്യക്തിയെ സഹായിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? നന്നായി ഒരുങ്ങിക്കൊണ്ടും താത്പര്യം കണ്ടെത്തുന്നിടങ്ങളിൽ സത്വരം മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടും ‘നിങ്ങളുടെ ശുശ്രൂഷ പൂർണമായി നിർവഹിക്കുന്ന’തിലാണു വിജയം കുടികൊളളുന്നത്.—2 തിമൊ. 4:5, NW.