നിങ്ങളുടെ സേവനത്തിൽ മുഴുദേഹിയോടെ പ്രവർത്തിക്കുക
1 യേശുവിന്റെ ശിഷ്യൻമാരെപ്പോലെ ദൈവരാജ്യത്തെക്കുറിച്ചുളള സുവാർത്ത പ്രസംഗിക്കാനും യേശുക്രിസ്തുവിന്റെ ശിഷ്യൻമാരെ ഉളവാക്കാനും നാം നിയമിക്കപ്പെട്ടിരിക്കുന്നു. (മത്താ. 24:14; 28:19, 20) അടിയന്തിരതയിലോ പ്രാധാന്യത്തിലോ അതിനോടു തുല്യമായ യാതൊരു വേലയും ഭൂമിയിൽ ഇല്ല. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ ഏററവും നല്ല ശ്രമം അതിന് ആവശ്യമാണ്. പൗലോസിന്റെ ബുദ്ധ്യുപദേശം നല്ലവണ്ണം ബാധകമാകുന്നു: “നിങ്ങൾ ചെയ്യുന്നത് എന്തായിരുന്നാലും യഹോവയ്ക്കെന്നപോലെ മുഴുദേഹിയോടെ അതിൽ പ്രവർത്തിക്കുക.” (കൊലോ. 3:23, NW) “മുഴുദേഹിയോടെ” എന്നതു “തീക്ഷ്ണമായ ഉത്സാഹം എന്നോ ഏകാഗ്രചിത്തത” എന്നോ നിർവചിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ സേവനത്തിൽ മുഴുദേഹിയോടെ പ്രവർത്തിക്കുന്നവനാണോ?
2 മുഴുദേഹിയോടെ പ്രവർത്തിക്കുന്നതു നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? സ്വീകാര്യമായ സേവനത്തെ ഒരു ദശാംശം അഥവാ പത്തിലൊന്നായി യഹോവ പരാമർശിച്ചു. (മലാ. 3:10) പത്തിലൊന്ന് ഒരു നിർദിഷ്ട അളവിനെ അർഥമാക്കുന്നതിനേക്കാൾ യഹോവയോടുളള നമ്മുടെ സ്നേഹത്തിന്റെ ഒരു പ്രകടനമെന്നവണ്ണവും അവിടുത്തോടുളള നമ്മുടെ സമർപ്പണത്തിന്റെ അംഗീകരണമെന്നവണ്ണവും നാം യഹോവയുടെ സേവനത്തിൽ അർപ്പിക്കുന്ന സമയത്തെയും ശ്രമത്തെയും പ്രതിനിധാനം ചെയ്യുന്നു. (w92 12⁄1 പേജ് 15) നമ്മുടെ പ്രവർത്തനം യഹോവയോടുളള നമ്മുടെ ഭക്തിയുടെയും സ്നേഹത്തിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കണം. മുഴുദേഹിയോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തി തന്റെ ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുന്നിടത്തോളം പൂർണമായി യഹോവയെ സേവിക്കാൻ പ്രേരിപ്പിക്കപ്പെടും.
3 പ്രത്യാശയുടെ അടിസ്ഥാനത്തിൽ “കഠിനമായി പ്രവർത്തിക്കുകയും തീവ്രശ്രമം ചെയ്യുകയും” ചെയ്യുന്ന ക്രിസ്ത്യാനികളെക്കുറിച്ചു പൗലോസ് മതിപ്പോടെ സംസാരിച്ചു. (1 തിമൊ. 4:10, NW) യഹോവയുടെ അനുഗ്രഹം അവർക്കു പ്രതിഫലമായി ലഭിക്കുന്നു, അത് ‘അവരെ സമ്പന്നരാക്കുന്നു’. (സദൃ. 10:22) അതിൽനിന്നു വ്യത്യസ്തമായി തങ്ങളുടെ സമയവും ഊർജവും ലോഭമായോ പിറുപിറുപ്പോടെയോ നൽകുന്നവർ, കൊടുക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷം അനുഭവിക്കുന്നില്ല. (പ്രവൃത്തികൾ 20:35) നമ്മുടെ ഏററവും ഉത്തമമായതു കൊടുക്കുന്നതിലെ വിമുഖത കാട്ടൽ യഥാർഥത്തിൽ യഹോവയ്ക്കു കൊടുക്കേണ്ട “ദശാംശ”ത്തിൽനിന്നുളള കവർച്ച ചെയ്യലാണ്.—മലാ. 3:8.
4 നമ്മുടെ ഏററവും ഉത്തമമായതു കൊടുക്കൽ: നാം വയൽസേവനത്തിൽ പങ്കെടുക്കുകയും നമ്മുടെ റിപ്പോർട്ടു കൊടുക്കുകയും ചെയ്യുമ്പോൾ ആ റിപ്പോർട്ട് കൃത്യതയുളളതാണോ? നമ്മുടെ ശുശ്രൂഷ പുസ്തകം പേജ് 108-9 ഇപ്രകാരം പ്രസ്താവിക്കുന്നു: “നിങ്ങളുടെ വയൽസേവന സമയം നിങ്ങൾ സാക്ഷ്യവേല ആരംഭിക്കുമ്പോൾ തുടങ്ങുകയും ഓരോ സാക്ഷീകരണ ഘട്ടത്തിലെയും അവസാന സന്ദർശനം പൂർത്തിയാക്കുമ്പോൾ അവസാനിക്കുകയും വേണം. ഒരു വയൽസേവനഘട്ടത്തിൽ ലഘുഭക്ഷണങ്ങൾക്കോ ഭക്ഷണങ്ങൾക്കോ എടുക്കുന്ന സമയം കണക്കാക്കാവുന്നതല്ല.” നാം വയൽസേവനത്തിൽ ആയിരിക്കുമ്പോൾ പരമാവധി നേടാൻ നല്ല ആസൂത്രണവും ശ്രമവും ആവശ്യമാണ്.
5 നമ്മുടെ ഏററവും ഉത്തമമായതു കൊടുക്കൽ എന്നതിന്റെ അർഥം നാം സേവനത്തിൽ ആയിരിക്കുമ്പോൾ നമുക്കാവുന്നിടത്തോളം ചെയ്യണം എന്നാണ്. മുഴുദേഹിയോടെ പ്രവർത്തിക്കുന്ന ഒരുവൻ വീടു തോറുമുളള വേലയിൽ പങ്കുപററുന്നതിനു പകരം അനൗപചാരിക സാക്ഷീകരണത്തിൽ വല്ലപ്പോഴുമുളള ശ്രമങ്ങളിൽ മാത്രം തന്റെ പ്രസംഗം മനഃപൂർവം പരിമിതപ്പെടുത്തുകയില്ല. മുഴുദേഹിയോടെ പ്രവർത്തിക്കുന്ന, സ്നാപനമേൽക്കാത്ത ഒരു യുവ പ്രസാധകൻ വീടുതോറും പോകുന്നതിലോ പ്രസംഗവിഷയം അവതരിപ്പിക്കുന്നതിൽ പങ്കെടുക്കുന്നതിലോ താത്പര്യം ഇല്ലെന്നു പ്രകടമാക്കിക്കൊണ്ട് തന്റെ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി മാത്രം പ്രസംഗിക്കാൻ പോകുകയില്ല.
6 അലസരായിത്തീരാതിരിക്കേണ്ടതിനു നമ്മുടെ കഠിനശ്രമത്തെ നിലനിർത്താൻ പൗലോസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രാ. 6:11, 12) നാം മുഴുദേഹിയോടെ പ്രവർത്തിച്ചതിനാൽ നമ്മുടെ വ്യക്തിപരമായ സേവനം അവലോകനം ചെയ്തുനോക്കിയിട്ട് ലജ്ജിക്കുന്നതിനു കാരണമില്ലാത്തത് എന്തൊരു സന്തോഷമാണ്! (2 തിമൊ. 2:15) നാം വ്യക്തിഗതമായി സഹായിച്ചിട്ടുളള വ്യക്തികളെ മഹോപദ്രവത്തെ അതിജീവിക്കുന്നവരുടെ ഇടയിൽ കാണുമ്പോൾ നമ്മുടെ ഏററവും വലിയ സന്തോഷം യാഥാർഥ്യമായിത്തീരും. തീർച്ചയായും, യഹോവയെ മുഴുദേഹിയോടെ സേവിക്കുന്നവർക്ക് അവിടുന്നു സമൃദ്ധമായി പ്രതിഫലം നൽകുന്നു.