1990-ലെ “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷന് വരിക
1 “നിർമ്മലഭാഷ” എന്നതായിരിക്കും 1990-ലെ ഡിസ്ട്രിക്ട് കൺവെൻഷന്റെ വിഷയം, ഹാജരാകുന്നതിന് നിങ്ങൾ ക്ഷണിക്കപ്പെടുന്നു. ഇൻഡ്യയിൽ 26 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. അവ സെപ്ററംബർ 27-നാരംഭിച്ച് 1991 ജനുവരി 6 വരെ നീണ്ടുനിൽക്കും. ഭാഷകളും തീയതികളും സഹിതം നഗരങ്ങളുടെ ഒരു ലിസ്ററ് ഞങ്ങളുടെ 1990 മാർച്ച് 1-ലെ സർക്കുലർലേഖനത്തിൽ പ്രദാനം ചെയ്തിരുന്നു.
2 സെഫന്യാവ് 3:9-ൽ യഹോവയുടെ പ്രാവചനികവചനം ഇപ്രകാരം പറയുന്നു: “ജനങ്ങളെല്ലാം യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിനും അവനെ തോളോടുതോൾ ചേർന്നു സേവിക്കേണ്ടതിനും ഞാൻ അവർക്ക് നിർമ്മലഭാഷയിലേക്കുളള ഒരു മാററം കൊടുക്കും.” ഈ വർഷത്തെ കൺവെൻഷൻ “നിർമ്മലഭാഷ” എന്താണെന്ന് തിരിച്ചറിയിക്കുക മാത്രമല്ല, പിന്നെയോ അതു പഠിക്കുകയും ഒഴുക്കോടെ സംസാരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്നും അതുപയോഗിക്കുന്നതിനുളള നമ്മുടെ പ്രാപ്തി ലോകവ്യാപകസഹോദരവർഗ്ഗത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതെങ്ങനെയെന്നും വിലമതിക്കുന്നതിന് നമ്മെ സഹായിക്കുകയും ചെയ്യും.
3 നേരത്തെ എത്തിച്ചേരുക: യഹോവയുടെ സ്ഥാപനം അവന്റെ ആത്മീയമേശയിൽ നിന്ന് ഭക്ഷിക്കുന്നതിന് നമ്മെ ക്ഷണിക്കുന്നു. സമയത്തിന് എത്തിച്ചേരുന്നത് ആദരവിന്റെയും വിലമതിപ്പിന്റെയും ഒരു ലക്ഷണമാണ്. യഥാർത്ഥത്തിൽ ഇതിന്റെ അർത്ഥം നാം ഓരോ ദിവസവും നേരത്തെ എത്തുകയും പരിപാടി തുടങ്ങുന്നതിനുമുമ്പ് ഇരിക്കുകയും ചെയ്യണമെന്നാണ്. ഇത് നമ്മുടെ വാഹനം പാർക്കുചെയ്യുന്നതും നമ്മുടെ കുടുംബത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ കണ്ടുപിടിക്കുന്നതുംപോലെ ശ്രദ്ധയാവശ്യമുളള കാര്യങ്ങൾക്കുവേണ്ടി മതിയായ സമയം അനുവദിക്കുന്നതാവശ്യമാക്കിത്തീർക്കുന്നു.—1 കൊരി. 14:40.
4 കഴിഞ്ഞ വർഷം പോളണ്ടിലെ കൺവെൻഷനുകളിൽ ഹാജരായിരുന്ന പ്രതിനിധികൾ തങ്ങളുടെ സഹോദരങ്ങളുടെ ദൈവികഭക്തിയാലും സ്നേഹത്താലും ഐക്യത്താലും മതിപ്പുളളവരായിത്തീർന്നു. കൺവെൻഷൻ കൈവരുത്തുന്ന ആത്മീയകരുതലുകളോടുളള ആഴമായ വിലമതിപ്പ് വ്യക്തമായിരുന്നു. ഓരോ ദിവസവും രാവിലെ സഹോദരങ്ങൾ കൺവെൻഷൻസ്ഥലത്ത് നേരത്തെ ഹാജരായിരുന്നു, പ്രാരംഭഗീതത്തിനും പ്രാർത്ഥനക്കും തയ്യാറായിരുന്നു. അവർ സമാപനഗീതത്തിനും പ്രാർത്ഥനക്കുംവേണ്ടി നിൽക്കുകയും തങ്ങളുടെ സഹോദരങ്ങളുമായി സഹവസിക്കുന്നതിന് പരിപാടികഴിഞ്ഞ് തങ്ങിനിൽക്കുകയും ചെയ്തിരുന്നു.
5 സഹോദരങ്ങളുടെ ക്രമം മാതൃകാപരമായിരുന്നു. അവർ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നതിനായിരുന്നു വന്നത്. പൊസ്വാനിലെയും കൊർസോവായിലെയും തുറന്ന സ്റേറഡിയങ്ങളിൽ പെയ്ത മഴക്കുപോലും പരിപാടിയിലുളള അവരുടെ ശ്രദ്ധ പതറിക്കാൻ കഴിഞ്ഞില്ല. ഹാജരായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ചെറുപ്പക്കാർ സുശിക്ഷിതരും അച്ചടക്കമുളളവരും പരിപാടിയിൽ സശ്രദ്ധരുമായിരുന്നു. കുടുംബങ്ങൾ ഒരുമിച്ച് ഇരുന്നിരുന്നു. അവർ യഹോവയുടെ മേശയോട് ആഴമായ വിലമതിപ്പ് പ്രകടമാക്കുന്നതിൽ മാതൃകായോഗ്യരായിരുന്നു. നമുക്ക് അവരുടെ ദൃഷ്ടാന്തങ്ങളിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കാം?
6 മററുളളവരുടെ നല്ല ദൃഷ്ടാന്തങ്ങൾ അനുകരിക്കുന്നത് തിരുവെഴുത്തുപരമാണ്. (2 തെസ്സ. 3:7) നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നേക്കാമെങ്കിലും നാമും നമ്മുടെ കൺവെൻഷനുകളിൽനിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നതിന് ആഗ്രഹിക്കുന്നു. സമ്മേളനസ്ഥലത്തേക്ക് താമസിച്ച് യാത്രയാരംഭിക്കുന്നതിനാൽ ഉണ്ടാകുന്ന ഉത്ക്കണ്ഠയും വിഫലതയും ഒഴിവാക്കുന്നതിന് ചില കുടുംബാംഗങ്ങൾ രാത്രിയിൽ കിടക്കാൻ ന്യായമായ ഒരു സമയം നിശ്ചയിക്കുന്നത് പ്രയോജനപ്രദമെന്ന് കണ്ടെത്തുന്നു. ഒരു പട്ടികയോട് കർശനമായി പററിനിൽക്കുന്നതിനാൽ അവർക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും അടുത്തദിവസം നേരത്തെ പുറപ്പെടുന്നതിനും കൂടുതൽ സാധ്യതയുണ്ട്. ഇത് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ വന്നെത്തുന്നതിനെ ഒഴിവാക്കുന്നു. അങ്ങനെ വന്നെത്തുന്നത് നേരത്തെ ഇരിക്കുന്നവരുടെ ശ്രദ്ധ പതറിക്കുകയും ശല്യമായിത്തീരുകയും ചെയ്യുന്നു. ഈ കാര്യത്തിലുളള നമ്മുടെ ചിന്ത യഹോവയോടുളള നമ്മുടെ ബഹുമാനത്തിന്റെയും ആദരവിന്റെയും നമ്മുടെ സഹോദരങ്ങളോടുളള നമ്മുടെ സ്നേഹത്തിന്റെയും പരിഗണനയുടെയും പ്രതിഫലനമാണ്.
7 ഒരു ചതുർദ്ദിന കൺവെൻഷൻ: “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷൻ നാലു ദിവസമുണ്ടായിരിക്കും. അത് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1:30-ന് തുടങ്ങുകയും വ്യാഴാഴ്ചയും വെളളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം ഏതാണ്ട് 5:10-നും ഞായറാഴ്ച വൈകുന്നേരം 4-നും അവസാനിക്കുകയുംചെയ്യും. പരിപാടി വെളളിയാഴ്ച മുതൽ ഞായറാഴ്ചവരെ രാവിലെ 9:30-ന് തുടങ്ങും. ഓരോ ദിവസവും നിർമ്മലഭാഷ സംസാരിക്കുന്നതിനോടുളള ബന്ധത്തിൽ ജീവൽപ്രധാനമായ വിവരങ്ങൾ നിറഞ്ഞതായിരിക്കും. പ്രസംഗങ്ങൾ, പ്രകടനങ്ങൾ, അനുഭവങ്ങൾ, സിംപോസിയങ്ങൾ രണ്ടു ബൈബിൾനാടകങ്ങൾ എന്നിവയുണ്ടായിരിക്കും.
8 ഒരു സെഷൻപോലും നഷ്ടപ്പെടുത്താതിരിക്കുക എന്നത് നിങ്ങളുടെ തീരുമാനമാക്കുക. ഇതിന് വ്യക്തിപരമായ ത്യാഗങ്ങളും നിങ്ങളുടെ പട്ടികയിൽ ക്രമീകരണങ്ങൾ വരുത്തുന്നതും ആവശ്യമായിരുന്നേക്കാം. ചിലർ തങ്ങളുടെ തൊഴിലുടമയുമായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നത് ആവശ്യമെന്ന് കണ്ടേക്കാം. പലരും എല്ലാ സെഷനിലും സംബന്ധിക്കുന്നതിന് പണപരമായ നേട്ടങ്ങൾ ഉപേക്ഷിക്കുകപോലും ചെയ്യുന്നു. എന്നിരുന്നാലും നമ്മുടെ സഹോദരങ്ങളിൽ അനേകർ കഴിഞ്ഞവർഷം പോളണ്ട് കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിന് അനുഭവിച്ച ത്യാഗങ്ങളും തരണംചെയ്യേണ്ടിവന്ന കാര്യങ്ങളും സംബന്ധിച്ച് ചിന്തിക്കുക. ഇത് നിങ്ങളുടെ കൺവെൻഷനിലെ എല്ലാ സെഷനിലും ഹാജരാകുന്നതിന് നിങ്ങളെ പൂർവാധികം ഉത്സാഹിപ്പിക്കുന്നില്ലേ? കാര്യം ആത്മാർത്ഥമായ പ്രാർത്ഥനയുടെ വിഷയമാക്കുകയും ഹാജരാകുന്നതിന് ഹൃദയംഗമമായ പ്രയത്നം ചെയ്യുകയും ചെയ്യുന്നവരെ യഹോവ നിശ്ചയമായും അനുഗ്രഹിക്കും.—എബ്രാ. 10:24, 25.
9 കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിച്ചശേഷം മദ്ധ്യപശ്ചിമരാജ്യത്തുനിന്നുളള ഒരു കുടുംബം പ്രകടമാക്കിയ സന്തോഷം പരിഗണിക്കുക. അവർ ഇപ്രകാരം പറഞ്ഞു: “അത് ഞങ്ങളെല്ലാം ആസ്വദിച്ച ഒരു അത്ഭുതകരമായ പരിപാടിയായിരുന്നു. പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്ത വിധമായിരുന്നു യഥാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ച മുന്തിയ ഒരു പുതിയ സവിശേഷത. എന്റെ ഭാര്യയും ഞാനും അനേക വർഷങ്ങളിൽ സഹവസിച്ചിട്ടുളള ഏതൊരു സമ്മേളനത്തെക്കാളും വളരെയധികമായി ‘യഥാർത്ഥത്തിൽ വിശാലരാകുന്നതിന്’ ഞങ്ങൾ പ്രേരിതരായിത്തീർന്നു. ഞങ്ങൾ ഒററക്കായിരുന്നില്ല. സാധാരണയിൽ കവിഞ്ഞ് ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ച എന്തോ ചിലത് പുതിയ ക്രമീകരണത്തിലുണ്ടായിരുന്നു. തീർച്ചയായും നമ്മിലാർക്കും യഹോവ നമുക്കുവേണ്ടി ചെയ്തതിനും തുടർന്നുചെയ്തുകൊണ്ടിരിക്കുന്നതിനുംവേണ്ടി അവന് വേണ്ടത്ര കൊടുക്കാൻ കഴികയില്ല.”
10 ഏകാഗ്രമായി ശ്രദ്ധിക്കുക: സങ്കീർത്തനം 50:7-ൽ യഹോവ ഇപ്രകാരം പറയുന്നു: “എന്റെ ജനമേ ശ്രദ്ധിപ്പിൻ, ഞാൻ സംസാരിക്കും.” അതുകൊണ്ട്, കൺവെൻഷൻ പരിപാടിയുടെ സമയത്ത് പ്ലാററ്ഫോറത്തിൽനിന്ന് അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളോടു ബന്ധപ്പെടാത്ത കാഴ്ചകളാലും ശബ്ദങ്ങളാലും പതറിക്കപ്പെടരുത്. നിർമ്മലഭാഷ ഒഴുക്കോടെ സംസാരിക്കുന്നതിനുളള നമ്മുടെ ആഗ്രഹം, “എന്നെ ഏകാഗ്രമായി ശ്രദ്ധിക്കുക” എന്നുളള യെശയ്യാവ് 55:2-ലെ യഹോവയുടെ ആഹ്വാനം പൂർണ്ണമായി അനുസരിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും.
11 ഈ കൺവെൻഷനിൽ അവതരിപ്പിക്കപ്പെടാനുളള മുഴു വിവരങ്ങളും നമ്മുടെ ആത്മീയക്ഷേമത്തിനുളളതാണ്. അവ യഹോവാസേവനത്തിൽ ഉറച്ചുനിൽക്കുന്നതിനും നമ്മുടെ സഹോദരൻമാരോട് ഐക്യത്തിലിരിക്കുന്നതിനുമുളള നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തുന്നതിന് സഹായിക്കുകയുംചെയ്യും. ഈ കൺവെൻഷൻ നമ്മെ ഇപ്പോഴത്തെ ആവശ്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും യഹോവയുടെ സ്ഥാപനത്തോട് ഒപ്പത്തിനൊപ്പം പോകുന്നതിന് സഹായിക്കുകയും ചെയ്യും. അശ്രദ്ധ നാം പിന്നിൽ തളളപ്പെടുന്നതിൽ കലാശിക്കും. പരിപാടിയിൽനിന്ന് പൂർണ്ണപ്രയോജനം നേടുന്നതിന് നാം അതിൽ മുഴുകിയിരിക്കണം, പിന്നീട് നാം പഠിക്കുന്നത് പ്രായോഗികമാക്കണം.—യാക്കോ. 1:25.
12 പരിപാടി മെച്ചമായി ശ്രദ്ധിക്കുന്നതിനും അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ ഓർക്കുന്നതിനും നമുക്കുചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഉവ്വ്. പല കൺവെൻഷൻ പ്രതിനിധികളും പരിപാടിക്കിടയിൽ നോട്ടുകുറിക്കുന്ന പ്രയോജനപ്രദമായ ശീലം വളർത്തിയെടുത്തിരിക്കുന്നു. ഒരു കൺവെൻഷനിൽ ഹാജരാകുമ്പോൾ ബൈബിളിനോടും പാട്ടുപുസ്തകത്തോടും കൂടെ നോട്ടുകുറിക്കുന്നതിനുളള ഉചിതമായ ഉപകരണങ്ങളും അടിസ്ഥാന ഉപകരണങ്ങളെന്ന നിലയിൽ ഉൾപ്പെടുത്തണം. നിങ്ങൾ നോട്ടുകുറിക്കലിനെ സംശയത്തോടെ വീക്ഷിച്ചിരുന്നെങ്കിൽ അത് “നിർമ്മലഭാഷാ” കൺവെൻഷനിൽ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? ഇത് നിങ്ങളുടെ ശ്രദ്ധയെ പറയപ്പെടുന്നവയിൽ ഉറപ്പിക്കുന്നതിനുളള നല്ല മാർഗ്ഗമാണെന്നും നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിയുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്നും നിങ്ങൾ കണ്ടെത്തിയേക്കാം.
13 നോട്ടുകൾ വിപുലമോ വിശദമോ ആയിരിക്കേണ്ടയാവശ്യമില്ല. സാധാരണയായി ഒരു പ്രധാന ആശയത്തിന് ഒന്നോ രണ്ടോ പദങ്ങൾ മതിയാകും. മൂപ്പൻമാർ ഭംഗിയായി ക്രമീകരിക്കപ്പെട്ട നോട്ടുകൾ സേവനയോഗത്തിൽ കൺവെൻഷൻ പരിപാടിയുടെ ഒരു അർത്ഥവത്തായ പുനരവലോകനം നടത്തുന്നതിന് പ്രയോജനപ്രദമെന്ന് കണ്ടെത്തുന്നു. കൂടാതെ, കൺവെൻഷനിൽ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളിലനേകവും തങ്ങളുടെ പഠിപ്പിക്കലുകളിലും ഇടയവേലയിലും ഉൾപ്പെടുത്തുന്നതിന് മൂപ്പൻമാർ ആഗ്രഹിച്ചേക്കാം.
14 ഗീതവും പ്രാർത്ഥനയും: നാം യഹോവയുടെ സ്തുതികൾ പാടിക്കൊണ്ട് അവനെ ബഹുമാനിക്കുന്നു. അതു നമ്മുടെ ആരാധനയുടെ ഒരു ഭാഗമാണ്. കൂടാതെ തന്റെ ജനം ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ തന്നെ സമീപിക്കുമ്പോഴും യഹോവ പ്രസാദിക്കുന്നു. (സദൃ. 15:8ബി) ഡിസ്ട്രിക്ട് കൺവെൻഷനുകൾ ഗീതത്താലും പ്രാർത്ഥനയാലും യഹോവയെ സ്തുതിക്കുന്നതിന് ആയിരക്കണക്കിനുളള നമ്മുടെ സഹോദരീസഹോദരൻമാരോടു ചേരുന്നതിന് ഒരു അനുപമമായ അവസരം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും ചിലർ നമ്മുടെ ആരാധനയുടെ ഈ പ്രധാന ഭാഗങ്ങളോട് ആദരവിന്റെ ഒരു അഭാവം പ്രകടമാക്കിയിട്ടുണ്ട്. എപ്രകാരം? കൺവെൻഷനിൽ അനാവശ്യമായി പ്രാരംഭഗീതത്തിനും പ്രാർത്ഥനക്കും ഇടയിലൊ അല്ലെങ്കിൽ അവ കഴിഞ്ഞൊ എത്തിച്ചേർന്നുകൊണ്ടുതന്നെ. അല്ലെങ്കിൽ ചിലർ പരിപാടിയുടെ സമാപനത്തിൽ ഗീതത്തിനിടയിൽ പ്രാർത്ഥനക്കുമുമ്പ് തങ്ങളുടെ ഇരിപ്പിടങ്ങൾ വിട്ടുപോകുന്നു. എന്തുകൊണ്ട്? ചുരുക്കം സന്ദർഭങ്ങളിൽ ഇപ്രകാരം ചെയ്യുന്നതിന് നല്ല കാരണമുണ്ടായിരിക്കാം. എന്നാൽ ചിലർ തങ്ങളുടെ കാറുകളിലോ ബസ്സ്സ്റേറാപ്പിലോ ഭക്ഷണസ്ഥലത്തൊ നേരത്തെ എത്തുന്നതിന് ഗീതം ആലപിക്കുന്നതിന്റെയും പ്രാർത്ഥനയിൽ ചേരുന്നതിന്റെയും പദവി പരിത്യജിക്കുമ്പോൾ യഹോവയുടെ മേശയോട് ഉചിതമായ ആദരവും വിലമതിപ്പും കാണിക്കുന്നുണ്ടോ?—മത്താ. 6:33.
15 വ്യക്തിപരമായ സൗകര്യത്തിനുവേണ്ടിയുളള അനുധാവനത്തിൽ നാം ലോകത്തിന്റെ തൻകാര്യ മനോഭാവം അല്ലെങ്കിൽ അത്യാഗ്രഹവും സ്വാർത്ഥതയും പോലുളള അഭക്തിയുടെ ലക്ഷണങ്ങൾ നമ്മുടെ ആത്മീയ പുരോഗതിയെ വിഘാതപ്പെടുത്താൻ അനുവദിക്കാതിരിക്കുന്നതിൽ ശ്രദ്ധിക്കണം. കഴിഞ്ഞവർഷം പോളണ്ടിലെ കൺവെൻഷനുകളിൽ നമ്മുടെ സഹോദരൻമാർ പ്രകടമാക്കിയതുപോലെ വിശുദ്ധകാര്യങ്ങളോടുളള വിലമതിപ്പിന്റെ അതേ ആത്മാവ് നമുക്കു പ്രകടമാക്കാം, പ്രാർത്ഥനയും യഹോവക്ക് സ്തുതിഗീതം പാടുന്നതുമായ നമ്മുടെ ആരാധനയുടെ മഹത്തായ വശങ്ങൾക്ക് ഉചിതമായ ആദരവ് കൊടുത്തുകൊണ്ട് നമുക്ക് അവരോടൊത്ത് തോളോടുതോൾ ചേർന്ന് നടക്കാം.—സങ്കീ. 69:30.
16 നമ്മുടെ ക്രിസ്തീയശീലങ്ങൾ: കൺവെൻഷനുകളിലെ നമ്മുടെ ക്രിസ്തീയശീലങ്ങളും ആകാരവും യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമുക്ക് ഒരു നല്ല പേര് നേടിത്തന്നിട്ടുണ്ട്. ഇത് നാം നമ്മുടെ യഹോവാരാധനയിൽ കാര്യഗൗരവമുളളവരായിരിക്കുന്നതുകൊണ്ടും കൺവെൻഷനുകളിൽ ഹാജരാകുന്നതിനെ നാം വെറുമൊരു സാമൂഹ്യപര്യടനമായി വീക്ഷിക്കാത്തതുകൊണ്ടുമാണ്. അത്തരം പ്രത്യേക അവസരങ്ങൾക്കായി ഒന്നിച്ചുവരുമ്പോൾ നാം എല്ലായ്പ്പോഴും ശുശ്രൂഷകരെന്ന നിലയിൽ പെരുമാറിക്കൊണ്ട് ക്രിസ്തീയമാന്യതയും ആത്മീയമായ ഒരു മനസ്ഥിതിയും നിലനിർത്തണം.—1 കൊരി. 10:31-33.
17 എന്നാൽ, കൺവെൻഷനുകളിൽ ഹാജരാകുന്ന ചിലർ തങ്ങളുടെ മനോഭാവങ്ങളിലും വസ്ത്രധാരണത്തിലും സംസാരത്തിലും നടത്തയിലും അനുചിതമായി അശ്രദ്ധയുളളവരായിത്തീരുന്നത് കാണുന്നത് ഉത്ക്കണ്ഠയുളവാക്കുന്നതാണ്. സ്ഥലത്തെ സഭയിലൊ ഒരു കൺവെൻഷനിലൊ അത്തരം കാര്യങ്ങൾ പ്രകടമായിത്തീരുമ്പോൾ എന്തുചെയ്യാൻ കഴിയും? ആത്മീയ യോഗ്യതയുളളവർ പുനഃക്രമീകരിക്കുന്നതിനുളള വീക്ഷണത്തിൽ സ്നേഹപൂർവകമായ ബുദ്ധിയുപദേശം കൊടുക്കണം. (ഗലാ. 6:1; എഫേ. 4:11, 12) നിർമ്മലഭാഷയുടെ സംസാരം നമ്മുടെ സൽക്കീർത്തിയും ഉയർന്ന പെരുമാററനിലവാരങ്ങളും ഉയർത്തിപ്പിടിക്കുന്നതിന് നമ്മെ പ്രോൽസാഹിപ്പിക്കണം.
18 സമ്മേളനങ്ങളിലൊന്നിലെ ഒരു സന്ദർശകൻ ഒരു സംഭാവനപ്പെട്ടിയിൽ താഴെക്കൊടുക്കുന്ന ഒരു കുറിപ്പ് എഴുതിയിട്ടിരുന്നു: “ഞാൻ നിങ്ങളുടെ പരിപാടി വളരെയധികം ആസ്വദിച്ചു. ഞാൻ ഇനി സഹോദരൻമാരിൽ ഒരാളുമായി ബൈബിൾ പഠിക്കും. ഇത് നിങ്ങളുടെ ഏതെങ്കിലും സമ്മേളനത്തിലേക്കുളള എന്റെ ആദ്യത്തെ സന്ദർശനമായിരുന്നു. ഞാൻ ശനിയാഴ്ചമാത്രം വരുന്നതിനേ ആസൂത്രണം ചെയ്തിരുന്നുളളു, എന്തുകൊണ്ടെന്നാൽ ഞായറാഴ്ച എന്റെ പളളിദിവസമായിരുന്നു. എന്നാൽ എനിക്ക് വളരെയധികം മതിപ്പുളവായതിനാൽ ഞാൻ ഇന്നും വരികയും എന്റെ മുഴുകുടുംബത്തെയുംകൂടെ കൊണ്ടുവരികയും ചെയ്തു. എന്നാൽ പ്രസംഗകൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മുതിർന്നവർ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നതിനാൽ എനിക്കു നിരാശതോന്നി.”
19 ചില കൺവെൻഷനുകളിൽ ചില കൗമാരപ്രായക്കാർ ആഡിറേറാറിയത്തിന്റെ മുകൾഭാഗങ്ങളിലോ വിദൂര ഭാഗങ്ങളിലോ ഇരിക്കുകയും കുറിപ്പുകൾ കൈമാറുകയും കുശുകുശുക്കുകയും സാധാരണയായി പരിപാടിക്ക് ശ്രദ്ധകൊടുക്കാതിരിക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ തരത്തിലുളള പെരുമാററം സൂചിപ്പിക്കുന്നത് അവർക്ക് ഇപ്പോഴും മാതാപിതാക്കളുടെ മേൽനോട്ടം ആവശ്യമുണ്ടെന്നും കുടുംബത്തോടൊന്നിച്ച് അവർ ഇരിക്കണമെന്നുമാണ്. ഉത്തരവാദിത്വമുളള മാതാപിതാക്കൾ ഈ കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുകയും തങ്ങളുടെ കുട്ടികൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും. (എഫേ. 6:4) പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ അതു ശ്രദ്ധിക്കുന്നതിനുളള സമയമാണ്, സംസാരിക്കുന്നതിനുളളതല്ല എന്ന് സഹോദരൻമാരും സഹോദരിമാരും ചെറുപ്പക്കാരും വിലമതിക്കണം.—ആവ. 31:12.
20 പരിഗണനയും മാന്യതയും പ്രകടമാക്കേണ്ട മറെറാരു മണ്ഡലം നമ്മുടെ താമസസ്ഥലത്തോടുളള ബന്ധത്തിലാണ്. നാം ന്യായമായ നിരക്കിൽ നല്ല ഹോട്ടൽമുറികൾ എടുക്കുന്നു. നാം മാന്യതയുളളവരായിരുന്നുകൊണ്ടും അമിതമായ ആവശ്യങ്ങളുന്നയിക്കാതിരുന്നുകൊണ്ടും വിലമതിപ്പുകാണിക്കുകയും ഹോട്ടൽജോലിക്കാരോട് പരിഗണനയുളളവരായിരിക്കുകയും വേണം. (ഗലാ. 6:10) ഹോട്ടലുകളിലെ ഉചിതമായ പെരുമാററം സംബന്ധിച്ച് നല്ല ബുദ്ധിയുപദേശം നൽകപ്പെട്ടിട്ടുണ്ട്. അനേകരും അനുകൂലമായി പ്രതികരിക്കുകയും ഹോട്ടൽജോലിക്കാരോട് പൂർണ്ണമായി സഹകരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നു.
21 കഴിഞ്ഞവർഷത്തെ ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിച്ചശേഷം ഒരു സഹോദരിക്ക് അവരുടെ ഹോട്ടൽമുറി വൃത്തിയാക്കിയിരുന്ന പരിചാരികയിൽനിന്ന് ഇപ്രകാരം ഒരു കത്തു ലഭിച്ചു: “നിങ്ങൾ ചെറുപുസ്തകവും ടിപ്പും നൽകിയിട്ടുപോയതിന് കേവലം നന്ദിപറയുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. . . . നിങ്ങൾക്കു നന്ദി, എനിക്കിപ്പോൾ ബൈബിളദ്ധ്യയനമുണ്ട്, നമ്മുടെ പിതാവായ യഹോവയെയും അവന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിനെയും വിലമതിക്കാൻ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. . . . നിങ്ങൾ ഞങ്ങളുടെ ഹോട്ടലിലെ താമസം ആസ്വദിച്ചുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു. അടുത്ത കൺവെൻഷന് കാണാമെന്ന് ഞാൻ ആശിക്കുന്നു.” ആ പരിചാരിക തന്റെ കത്തിൽ “ചെറുപുസ്തകം,” “ടിപ്പ്” എന്നീ വാക്കുകൾക്ക് അടിവരയിട്ടിരുന്നു.
22 ബഹുഭൂരിപക്ഷം സഹോദരങ്ങളും ദൈവനാമത്തിനു ബഹുമതി കൈവരുത്തുന്നുവെങ്കിലും കൺവെൻഷനുകളിൽ സംബന്ധിക്കുന്ന ചുരുക്കം ചില കുടുംബാംഗങ്ങൾ പരാതിക്ക് ഇടം കൊടുത്തിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, കുട്ടികൾ ഉൾപ്പെടെ നാലൊ അഞ്ചൊ പേരിൽ കൂടാത്തവർക്കുളള നിരക്കിൽ ഒരു മുറി വാടകക്കെടുത്തശേഷം ചിലർ പത്തോളംപേരെ താമസിപ്പിച്ചു, അത് അവിശ്വസ്തതയാണ്. അവരെ താമസിപ്പിക്കുന്നതിനുവേണ്ടി, മെത്തകൾ എടുത്ത് തറയിൽ വിരിച്ച് അതിൽ കിടന്നുറങ്ങുകയും മററുളളവർ നേരെ ബോക്സ് സ്പ്രിംഗുകളിൽ കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് മാനേജുമെൻറിനോട് കൂടുതൽ വിരികൾ ആവശ്യപ്പെടുകയും ചെയ്തു.
23 യഹോവയുടെ സാക്ഷികൾക്ക് മുറികൾ നൽകുന്നതിന് മടികാണിക്കുന്ന ചില ഹോട്ടലുകൾ ഉണ്ട്, എന്തുകൊണ്ടെന്നാൽ ചിലർ ആഹാരം പാകം ചെയ്യരുതെന്നുളള നിബന്ധനകൾ ലംഘിച്ചിരുന്നു. മറെറാരു പരാതി, സഹോദരങ്ങൾ തങ്ങളുടെ മുറികൾ അലങ്കോലമായി ഇട്ടിട്ട് ഹോട്ടൽ വിട്ടുപോയി എന്നതാണ്. നമ്മുടെ വസ്ത്രധാരണത്തിലും നടത്തയിലും മാത്രം ശുചിത്വവും പരിഗണനയും പ്രകടമാക്കിയാൽ പോരാ, പിന്നെയോ നാം മററുളളവരുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിധത്തിലും അവ പ്രകടമാക്കണം. വാടകക്കെടുത്ത ഒരു മുറി വൃത്തിയും ശുചിത്വവുമുളളതായി ഇട്ടിട്ടുപോകാതിരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? പരിഗണനയില്ലാത്ത പെരുമാററം നമ്മുടെ സൽപേരിനെ കളങ്കപ്പെടുത്തും. അടുത്തുവരുന്ന ഡിസ്ട്രിക്ട് കൺവെൻഷനുകളിൽ നമുക്കെല്ലാം “എല്ലാ കാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്ക”ത്തക്കവണ്ണം നടക്കാൻ കഠിനശ്രമം ചെയ്യാം.—തീത്തോ. 2:10.
24 മാതാപിതാക്കൾക്ക്: “നിർമ്മലഭാഷാ”ഡിസ്ട്രിക്ട് കൺവെൻഷനു ക്ഷണിക്കപ്പെടുന്നവരിൽ കൊച്ചുകുട്ടികളും കൗമാരപ്രായക്കാരും ഉൾപ്പെടുന്നു. അവരും നിർമ്മലഭാഷ ഒഴുക്കോടെ സംസാരിക്കണം. എല്ലാ ക്രിസ്തീയയോഗങ്ങളിലും സൂക്ഷ്മ ശ്രദ്ധനൽകാൻ പഠിച്ചിരിക്കുന്നവരും കൺവെൻഷൻപരിപാടിയിൽ തീവ്രമായ താൽപ്പര്യം ഉളളവരുമായ യുവജനങ്ങളെ കാണുന്നത് എത്ര നല്ലതാണ്! (സങ്കീ. 148:12, 13) എന്നാൽ അധികവും ആശ്രയിച്ചിരിക്കുന്നത് മാതാപിതാക്കളുടെ മാതൃകയിലും മേൽനോട്ടത്തിലുമാണ്. അനേകം ചെറുപ്പക്കാരും നോട്ടുകൾ കുറിക്കുന്നതിന് നന്നായി പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു പിതാവെന്ന നിലയിൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ കുട്ടികളെ നോട്ട് കുറിക്കുന്ന വിധം പഠിപ്പിച്ചിട്ടില്ലെങ്കിൽ അപ്രകാരം ചെയ്യുന്നതിന് നിങ്ങളുടെ കൺവെൻഷനുവേണ്ടി ശേഷിച്ചിരിക്കുന്ന സമയം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? പ്രസംഗകർ പറയുന്ന തിരുവെഴുത്ത് ഉദ്ധരണികളും ബന്ധപ്പെട്ട മുഖ്യവാക്കുകളും എഴുതുന്നതിന് വളരെ ചെറിയ കുട്ടികളെപ്പോലും പ്രോത്സാഹിപ്പിക്കാൻ കഴിയും. ചില മാതാപിതാക്കൾ തങ്ങളുടെ താമസസ്ഥലത്ത് എത്തിക്കഴിഞ്ഞോ അല്ലെങ്കിൽ വീട്ടിലേക്ക് പോകുമ്പോഴോ ആ ദിവസത്തെ പരിപാടിയുടെ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യാൻ ക്രമീകരണം ചെയ്യുന്നു.
25 തീർച്ചയായും മിക്ക മാതാപിതാക്കളും കുട്ടികളുടെ സ്വാഭാവികചായ്വ് കളിക്കാനാണെന്ന് തിരിച്ചറിയുന്നു. അവർക്ക് ജീവിതാനുഭവം കുറവാണ്, പക്വതയില്ലാത്തവരുമാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതെപ്പോഴെന്നും മീററിംഗുകളിൽ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കണം. ഇതിന് അവരുടെ മാതാപിതാക്കളുടെ നല്ല മേൽനോട്ടം ആവശ്യമാണ്. ചില മാതാപിതാക്കൾ ഈ രംഗത്ത് പിന്നിലാണ്. ചിലപ്പോൾ മാതാപിതാക്കൾ പ്രാർത്ഥനാസമയത്ത് യഹോവക്ക് ഉചിതമായ ബഹുമാനം കൊടുക്കുന്നുണ്ടായിരിക്കാമെങ്കിലും തങ്ങളുടെ കുട്ടികൾ കളിക്കുകയും മററുളളവരെ ശല്യപ്പെടുത്തുകയും ചെയ്യുകയായിരിക്കും. പ്രാർത്ഥനാവേളയിൽപോലും തങ്ങളുടെ കുട്ടികൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മാതാപിതാക്കൾ അറിയണം. കൂടാതെ, പരിപാടിക്കിടയിൽ അവർ തങ്ങളുടെ ഇരിപ്പിടങ്ങൾ വിട്ടുപോകുമ്പോൾ എന്താണ് ചെയ്യുന്നത്? കുട്ടികൾ കൺവെൻഷൻ പരിപാടിക്കിടയിലൊ അതിനുശേഷമൊ മേൽനോട്ടമില്ലാതെ വിടപ്പെടുന്നുണ്ടോ?—സദൃ. 29:15.
26 ചില കേസുകളിൽ, മാതാപിതാക്കൾ മുറിയിലായിരിക്കയൊ പുറത്ത് ഭക്ഷണം കഴിക്കയൊ മററ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കയൊ ചെയ്യുമ്പോൾ കുട്ടികൾ ഹോട്ടലിന്റെ ഇടനാഴികളിലോ പരിസരങ്ങളിലോ മേൽനോട്ടമില്ലാതെ വിടപ്പെട്ടിട്ടുണ്ട്. ഇത് ഉചിതമല്ല. ചില കുട്ടികൾ അശിക്ഷിതവും അനിയന്ത്രിതവുമായ വിധത്തിൽ പ്രവർത്തിച്ചിരിക്കുന്നു, അവരെ ദയാപൂർവം തിരുത്താൻ ശ്രമിച്ച പ്രായമുളള സഹോദരൻമാരോടും സഹോദരിമാരോടും അനാദരവുകാട്ടുകപോലും ചെയ്തിരിക്കുന്നു. ക്രിസ്ത്യാനികൾക്കു ചേർച്ചയല്ലാത്ത അത്തരം അനിയന്ത്രിതപ്രവർത്തനവും നടത്തയും മിക്കപ്പോഴും ഭവനത്തിലെ അനുവദനീയതയുടെയും ശിക്ഷണത്തിന്റെ അഭാവത്തിന്റെയും ഫലമാണ്. അതു നിശ്ചയമായും തിരുത്തപ്പെടണം. എല്ലാ ക്രിസ്തീയ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്ക്കരണത്തിലും” വളർത്തുമ്പോൾ അവരുടെമേൽ എല്ലായ്പ്പോഴും അടുത്ത മേൽനോട്ടം ഉണ്ടായിരിക്കണം.—എഫേ. 6:4.
27 നിങ്ങളുടെ പൂർണ്ണ സഹകരണം വിലമതിക്കപ്പെടുന്നു: കൺവെൻഷനിൽ ഹാജരാകുന്ന എല്ലാവർക്കും ആവശ്യമായ ഇരിപ്പിടങ്ങളും സാഹിത്യങ്ങളും ആഹാരവും മററു കരുതലുകളും ലഭ്യമാക്കാൻ ഗണനീയമായ ആസൂത്രണവും വേലയും ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്രമീകരണങ്ങളുടെ ഫലപ്രദത്വത്തിന് ഉറപ്പുവരുത്താൻ ചില സഭകളെ ഒരു പ്രത്യേക കൺവെൻഷനു പോകാൻ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. അമിതകൂട്ടങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ പൂർണ്ണമായ സഹകരണം അത്യാവശ്യമാണ്. തീർച്ചയായും ചുരുക്കം ചിലർക്ക് മറെറാരു പ്രദേശത്തെ കൺവെൻഷനിൽ ഹാജരാകുന്നത് ആവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാം.—1 കൊരി. 13:5; ഫിലി. 2:4.
28 ഇരിപ്പിടങ്ങൾ ഒഴിച്ചിടുന്ന കാര്യത്തിൽ നിങ്ങളുടെ പൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നു. ദയവായി ഇരിപ്പിടങ്ങൾ നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളോടൊത്ത് യാത്രചെയ്തേക്കാവുന്നവർക്കും വേണ്ടി മാത്രമേ ഒഴിച്ചിടാവൂ എന്ന് മനസ്സിൽപിടിക്കുക. മററുളളവർക്കുവേണ്ടി ഇരിപ്പിടങ്ങൾ കരുതിവെക്കരുത്. ചിലപ്പോൾ പ്രത്യേകിച്ച് ആർക്കുംവേണ്ടിയല്ലാതെ ഇരിപ്പിടങ്ങൾ അധികമായി കരുതിവെക്കപ്പെടുന്നു. ഇത് സ്നേഹമില്ലായ്മയാണ്, സേവകൻമാരെയും ലഭ്യമായ ഇരിപ്പിടങ്ങൾക്കുവേണ്ടി അന്വേഷിക്കുന്ന മററുളളവരെയും തെററിദ്ധരിപ്പിക്കുകയുംചെയ്യുന്നു. ബൈബിൾ ബുദ്ധിയുപദേശത്തിനു ചേർച്ചയായി നാം സഹോദരപ്രീതി പ്രകടമാക്കാൻ കഠിനശ്രമംചെയ്യുകയും ഇരിപ്പിടങ്ങൾ കരുതിവെക്കുന്നതിനുളള അംഗീകൃത ക്രമീകരണങ്ങളോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യണം.—2 പത്രോ. 1:5-8.
29 കൺവെൻഷൻ സ്ഥലത്തേക്ക് വ്യക്തിപരമായ വസ്തുക്കൾ കൊണ്ടുവരുന്നതിൽ നല്ല ന്യായബോധം ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. കഴിഞ്ഞകാലങ്ങളിൽ ചിലർ തങ്ങളുടെ ഇരിപ്പിടങ്ങളുടെ അടിയിൽ വെക്കാൻ സാധ്യമല്ലാത്ത വലിയ ശീതീകരണികളൊ മററു ബൃഹത്തായ ഇനങ്ങളൊ കൊണ്ടുവന്നിരുന്നു. ഇവ ഇടനാഴിയിലൊ ഇരിപ്പിടങ്ങളിലൊ വെച്ചിരുന്നു. ഇത് മററുളളവരുടെ ഇരിപ്പിടം കവരുന്നതിനിടയാക്കുകയും ചിലപ്പോൾ തീയുടെയും സുരക്ഷിതത്വത്തിന്റെയും നിയമങ്ങൾ ലംഘിക്കുകയും ചെയ്തിരുന്നു. നാം അത്തരം കാര്യങ്ങളിൽ പരിഗണന കാണിക്കേണ്ടയാവശ്യമുണ്ട്.
30 കൺവെൻഷൻസ്ഥലത്ത് വീഡിയോ ക്യാമറാകളുടെയും ഓഡിയൊ റക്കോഡിംഗ് ഉപകരണങ്ങളുടെയും ഉപയോഗം അനുവദിക്കപ്പെടുന്നു. എന്നിരുന്നാലും അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ മററുളളവരെ ശല്യപ്പെടത്തുന്നതൊ തടസ്സപ്പെടുത്തുന്നതൊ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത്തരം ഉപകരണങ്ങൾ ഇടനാഴികളിലൊ പ്രവേശനകവാടങ്ങളിലൊ ക്രമീകരിച്ചുവെക്കരുത്. അത്തരം ഉപകരണങ്ങളൊന്നും പബ്ലിക്ക് അഡ്രസ്സ് സിസ്ററത്തോടൊ വൈദ്യുതനിർഗ്ഗമനദ്വാരങ്ങളിലൊ കണക്ററ്ചെയ്യരുത്. ഫഡ്ള്ലൈററുകൾ അനുവദിക്കയില്ല. ഒരു തടസ്സം ഉണ്ടാക്കുകയൊ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും മാർഗ്ഗരേഖകൾ അവഗണിക്കുകയൊ ചെയ്യുന്നവർ കാര്യം അവരുടെ ശ്രദ്ധയിൽപെടുത്തുമ്പോൾ അമാന്തംകൂടാതെ തിരുത്തണം. സേവകൻമാരും ചുമതലയുളള മററുളളവരും ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ഏതു ലംഘനങ്ങളെയും തിരുത്തുന്നതിൽ ജാഗ്രതയുളളവരായിരിക്കും, അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിൽനിന്ന് അവർക്ക് പൂർണ്ണമായ സഹകരണം ലഭിക്കേണ്ടതുമാണ്.
31 ഭക്ഷ്യസേവനം: സൊസൈററി ഭക്ഷണക്രമീകരണങ്ങൾ ക്രമീകരിക്കുകയും ലളിതമാക്കുകയും ചെയ്യും. ഇത് എത്ര നല്ല കരുതലാണ്, അത് എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി ജോലി ലഘുവും കൂടുതൽ സത്വരവുമാക്കിത്തീർക്കുന്നു! ദൈവസ്ഥാപനത്തിന്റെ പക്ഷത്തെ അത്തരം ഔദാര്യം കൃതജ്ഞതാപൂർവം നമ്മുടെ വിലമതിപ്പ് പ്രായോഗിക വിധങ്ങളിൽ പ്രകടമാക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുമെന്നതിന് സംശയമില്ല.—സദൃ. 11:25.
32 തീർച്ചയായും യഹോവയുടെ ജനം ഓരോ വർഷവും തയ്യാറാക്കപ്പെടുന്ന ഉല്ലാസകരമായ ആത്മീയ പരിപാടിയിൽനിന്ന് പ്രയോജനമനുഭവിക്കുന്നതിനുവേണ്ടി നല്ല സാഹചര്യങ്ങളിൽ ഒരുമിച്ചുകൂടാൻ കഴിയുന്നതിനെ വിലമതിക്കുന്നു. അത്തരം കൂടിവരവുകളിൽ പ്രദാനംചെയ്യപ്പെടുന്ന അനേകം സേവനങ്ങളെയും സൗകര്യങ്ങളെയും നാം വിലമതിക്കുകയും ചെയ്യുന്നു. വളരെയധികം സൂക്ഷ്മതയോടെയും സൊസൈററിക്ക് ഗണ്യമായ ചെലവോടെയും, കൺവെൻഷനിൽ സംബന്ധിക്കുന്നത് ആസ്വാദ്യകരവും ആത്മീയമായി ഉൻമേഷദായകവും ആക്കിത്തീർക്കുന്ന വിധത്തിൽ വേണ്ടത്ര ഇരിപ്പിടങ്ങൾക്കും ചെലവേറിയ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനും ഫലപ്രദമായ ഒരു ഭക്ഷണക്രമീകരണത്തിനും മററനേകം ക്രമീകരണങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയും ഏർപ്പാടുകൾ ചെയ്യപ്പെടുന്നു.
33 ഈ ചെലവുകൾ സൊസൈററിയുടെ ലോകവ്യാപക വേലക്കുവേണ്ടിയുളള നിങ്ങളുടെ സ്വമേധയാസംഭാവനകളാൽ വഹിക്കപ്പെടുന്നു. നിങ്ങളുടെ സൗകര്യത്തിനുവേണ്ടി കൺവെൻഷൻ സ്ഥലത്ത് എല്ലാഭാഗത്തും വ്യക്തമായി അടയാളപ്പെടുത്തപ്പെട്ട സംഭാവനപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നു. എല്ലാ സംഭാവനകളും വളരെയധികം വിലമതിക്കപ്പെടുന്നു. സൊസൈററി ഈ വിധത്തിൽ രാജ്യതാത്പര്യത്തിനുവേണ്ടിയുളള നിങ്ങളുടെ ഉദാരവും ഏകോപിതവുമായ പിൻതുണക്ക് മുൻകൂട്ടി നന്ദിരേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. തങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം ഇവിടെ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളോടുളള ബന്ധത്തിൽ തങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾസംബന്ധിച്ച് ബോധവാൻമാരാകാൻ എല്ലാവരും പ്രേരിതരാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.—ലൂക്കോ. 6:38.
34 “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനു വരിക: “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരാകുന്നതിനാലും പരിപാടിക്ക് സൂക്ഷ്മ ശ്രദ്ധകൊടുക്കുന്നതിനാലും യഹോവ നമുക്ക് നിർമ്മലഭാഷ നൽകിയിരിക്കുന്നതെന്തുകൊണ്ടെന്നും നമ്മുടെ സഹോദരങ്ങളോട് നാം ഐക്യത്തിലായിരിക്കുന്നതിനെ തടസ്സപ്പെടുത്താൻ കഴിയുന്ന ഏതു സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമെതിരെ എപ്പോഴും ജാഗ്രതയുളളവരായിരിക്കേണ്ടതെന്തുകൊണ്ടെന്നും നിങ്ങൾ കൂടുതൽ പൂർണ്ണമായി വിലമതിക്കും. നിങ്ങൾ പ്രാരംഭഗീതത്തിനും പ്രാർത്ഥനക്കും അവിടെയുണ്ടായിരിക്കുന്നതിനും ഞായറാഴ്ച ഉച്ചതിരിഞ്ഞുളള സമാപനപ്രാർത്ഥനവരെയുളള എല്ലാ സെഷനിലും സംബന്ധിക്കുന്നതിനുംവേണ്ടി ഇപ്പോൾ ആസൂത്രണം ചെയ്യുക.
[6-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ട് കൺവെൻഷൻ ഓർമ്മിപ്പിക്കലുകൾ
താമസ സൗകര്യം: കൺവെൻഷൻ പ്രദാനം ചെയ്യുന്ന താമസസൗകര്യങ്ങൾ ഉപയോഗിക്കുന്നതിലെ നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടും. നിങ്ങളുടെ റിസർവേഷൻ റദ്ദാക്കേണ്ടത് ആവശ്യമായി വരുന്നെങ്കിൽ നിങ്ങൾ നേരിട്ട് ഹോട്ടലിലേക്ക് എഴുതുകയൊ ഫോൺചെയ്യുകയൊ ചെയ്യണം, മുറി മററാർക്കെങ്കിലും ലഭ്യമാക്കാൻ കഴിയത്തക്കവണ്ണം കഴിയുന്നിടത്തോളം മുൻകൂട്ടി അപ്രകാരം ചെയ്യുക.
സ്നാപനം: സ്നാനാർത്ഥികൾ ശനിയാഴ്ച രാവിലെ പരിപാടി തുടങ്ങുന്നതിനുമുമ്പ് നിയോഗിക്കപ്പെട്ടിരിക്കുന്ന ഭാഗത്ത് തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആയിരിക്കുന്നതിന് കഠിനയത്നം ചെയ്യണം. സ്നാപനമേൽക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നവർ ഓരോരുത്തരും മാതൃകാപരമായ സ്നാനവസ്ത്രവും തോർത്തും കൊണ്ടുവരണം. പ്രസംഗകന്റെ സ്നാപനപ്രസംഗവും പ്രാർത്ഥനയും കഴിഞ്ഞ് സെഷൻ ചെയർമാൻ സ്നാനാർത്ഥികൾക്കുളള ഹ്രസ്വമായ നിർദ്ദേശങ്ങൾ നൽകുകയും പിന്നീട് ഗീതം പാടുന്നതിന് ക്ഷണിക്കയും ചെയ്യുന്നു. അവസാനത്തെ ശീല് തുടങ്ങുമ്പോൾ സേവകൻമാർ സ്നാനാർത്ഥികളെ സ്നാനസ്ഥലത്തെക്കോ അവരെ അങ്ങോട്ടുകൊണ്ടുപോകാനുളള വാഹനത്തിങ്കലേക്കോ നയിക്കും, അതേസമയം മററുളളവർ ഗീതം പൂർത്തിയാക്കും. ഒരുവന്റെ സമർപ്പണത്തിന്റെ അടയാളമായ സ്നാപനം ആ വ്യക്തിയും യഹോവയുമായുളള സ്വകാര്യവും വ്യക്തിപരവുമായ ഒരു സംഗതിയാകയാൽ രണ്ടോ അധികമോ സ്നാനാർത്ഥികൾ സ്നാപനപ്പെടുമ്പോൾ കെട്ടിപ്പിടിച്ചുകൊണ്ടൊ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടൊ നടത്തുന്ന പങ്കാളിത്തസ്നാപനങ്ങൾ എന്നു വിളിക്കപ്പെടുന്നതിന് വ്യവസ്ഥയില്ല.
പയനിയർ തിരിച്ചറിയൽ: എല്ലാ നിരന്തര, പ്രത്യേക പയനിയർമാരും സഞ്ചാരമേൽവിചാരകൻമാരും തങ്ങളുടെ വാച്ച്ടവർ തിരിച്ചറിയലും നിയമനവും കാർഡ് (എസ്സ്-202) കൺവെൻഷന് കൊണ്ടുവരണം. പയനിയർമാർ ഹാജരാകുന്ന ഡിസ്ട്രിക്ട് കൺവെൻഷന്റെ സമയത്ത് കുറഞ്ഞത് ആറുമാസമായി ലിസ്ററിലുളളവർക്ക് അവരുടെ വാച്ച്ടവർ തിരിച്ചറിയൽ കാർഡ് കാണിക്കുമ്പോൾ, ഒരു കൺവെൻഷനിൽ മാത്രം 60 രൂപയുടെ കൺവെൻഷൻ ഭക്ഷണടിക്കററുകൾ ലഭിക്കും. അതുകൊണ്ട് പണമെന്നപോലെ കാർഡ് സൂക്ഷിക്കുക. കൺവെൻഷനിൽ അതിനു പകരം വാങ്ങാവുന്നതല്ല. പയനിയർമാർക്ക് തങ്ങളുടെ പയനിയർ തിരിച്ചറിയൽ കാർഡ് കാണിക്കുന്നതിനാൽ മാത്രമേ പുസ്തകശാലയിൽനിന്ന് പയനിയർനിരക്കിൽ സാഹിത്യങ്ങൾ ലഭിക്കയുളളു. ബെഥേൽ സേവനത്തിലുളളവർക്ക് അവരുടെ ബെഥേൽ തിരിച്ചറിയൽ കാർഡ് കാണിക്കുന്നതിനാൽ ഇതേ കരുതലുകൾ ലഭിക്കും.
സ്വമേധയാ സേവനം: ഒരു ഡിസ്ട്രിക്ട് കൺവെൻഷന്റെ നിർവിഘ്നമായ നടത്തിപ്പിന് സ്വമേധയാ സഹായം ആവശ്യമാണ്. നിങ്ങൾക്ക് കൺവെൻഷന്റെ ഒരു ഭാഗത്തിനുവേണ്ടിമാത്രമേ പ്രവർത്തിക്കാൻ കഴിയുകയുളളുവെങ്കിലും നിങ്ങളുടെ സേവനം വിലമതിക്കപ്പെടും. നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ കൺവെൻഷനു എത്തിച്ചേരുമ്പോൾ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിൽ അറിയിക്കുക. 16 വയസ്സിൽ താഴെയുളള കുട്ടികൾക്കും കൺവെൻഷന്റെ വിജയത്തിനു സംഭാവന ചെയ്യാൻ കഴിയും, എന്നാൽ അവർ മാതാപിതാക്കളിലൊരാളുമൊത്തോ അല്ലെങ്കിൽ മററ് ഉത്തരവാദിത്വപ്പെട്ട മുതിർന്നവരുമൊത്തോ പ്രവർത്തിക്കേണ്ടതാണ്.
ലാപ്പൽ കാർഡുകൾ: ദയവായി പ്രത്യേകം തയ്യാർചെയ്ത ലാപ്പൽ കാർഡുകൾ കൺവെൻഷനിലും കൺവെൻഷനിലേക്കും തിരിച്ചും യാത്രചെയ്യുമ്പോഴും ധരിക്കുക. ഇത് മിക്കപ്പോഴും യാത്രാവേളയിൽ ഒരു നല്ല സാക്ഷ്യം കൊടുക്കാൻ നമുക്ക് അവസരമുണ്ടാക്കുന്നു. ലാപ്പൽകാർഡുകൾ നിങ്ങളുടെ സഭയിൽനിന്ന് വാങ്ങണം, എന്തുകൊണ്ടെന്നാൽ അവ കൺവെൻഷൻ സ്ഥലത്ത് ലഭിക്കുകയില്ല. ലാപ്പൽ ബാഡ്ജ് ഹോൾഡറുകൾ സഭമുഖാന്തരം ഓർഡർ ചെയ്യണം, എന്നാൽ സൊസൈററി ലാപ്പൽകാർഡുകൾ സഭകൾക്ക് അയച്ചുകൊടുക്കും. ഹോൾഡറിന് 1രൂപയും കാർഡിന് 20 പൈസയുമാണ് വില.
മുന്നറിയിപ്പിൻ വാക്കുകൾ: നിങ്ങൾ എവിടെ പാർക്കുചെയ്യുന്നുവെങ്കിലും നിങ്ങളുടെ വാഹനങ്ങൾ എല്ലായ്പ്പോഴും പൂട്ടിയിടുക, പുറത്തുകാണത്തക്കവണ്ണം ഒന്നും വാഹനത്തിനുളളിൽ ഒരിക്കലും ഇട്ടേക്കരുത്. സാധ്യമെങ്കിൽ നിങ്ങളുടെ വസ്തുക്കൾ ട്രങ്കിനുളളിൽ പൂട്ടിവെക്കുക. കൂടാതെ, വലിയ കൂട്ടങ്ങളാൽ ആകർഷിക്കപ്പെടുന്ന കളളൻമാരെയും പോക്കററടിക്കാരെയും സൂക്ഷിക്കുക. കൺവെൻഷനുകളിൽ വിലപിടിപ്പുളള വസ്തുക്കൾ ഒന്നും ആളില്ലാതെ ഇരിപ്പിടങ്ങളിൽ ഇട്ടേച്ചുപോകാതിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ദയവായി ജാഗ്രതയുളളവരായിരിക്കുക.
ചില ഹോട്ടലുകൾ അധാർമ്മിക ഉളളടക്കമുളളതൊ അശ്ലീലപ്രകൃതിയുളളതുപോലുമൊ ആയ ടെലിവിഷൻ ചലച്ചിത്രങ്ങൾ എളുപ്പത്തിൽ കാണത്തക്കവണ്ണം പ്രദാനം ചെയ്യുന്നു. കുട്ടികൾ ഈ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ മേൽനോട്ടമില്ലാതെ ടിവി കാണുന്നത് ഒഴിവാക്കുന്നതിന്റെ ആവശ്യത്തെ ഇത് പ്രദീപ്തമാക്കുന്നു.
[6-ാം പേജിലെ ചതുരം]
നിങ്ങൾക്ക് പാടി പരിചയിക്കുന്നതിനുവേണ്ടി കൺവെൻഷൻ ഗീതങ്ങളുടെ നമ്പരുകൾ
രാവിലെ ഉച്ചതിരിഞ്ഞ്
വ്യാഴം 148(74)a
78(104)
217(119)
വെളളി 160(88) 69 (9)
191(18) 164 (73)
211(68) 111 (91)
ശനി 91(31) 33 (13)
144(78) 200 (108)
202(82) 79 (59)
ഞായർ 155(23) 42 (85)
61(90) 161 (87)
31(11) 45 (110)
a *ബ്രാക്കററുകളിൽ കൊടുത്തിരിക്കുന്ന ഗീതങ്ങൾ 1966-ലെ പാട്ടുപുസ്തകം ഉപയോഗിക്കുന്ന കേരളത്തിനുവേണ്ടി മാത്രം. ശേഷിച്ച ഗീതങ്ങൾ 1984-ലെ പാട്ടുപുസ്തകത്തിൽനിന്നുളളതാണ്.